Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാളും ആയുധങ്ങളുമായെത്തി വീടുകൾ അടിച്ചു തകർത്തു; അരുതെന്നു കേണപേക്ഷിച്ച വീട്ടമ്മയുടെ മുന്നിൽ വച്ചു മാരകായുധം കൊണ്ടു ബൈക്കു തകർത്തു; ഉണ്ണിയാലിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വാളും ആയുധങ്ങളുമായെത്തി വീടുകൾ അടിച്ചു തകർത്തു; അരുതെന്നു കേണപേക്ഷിച്ച വീട്ടമ്മയുടെ മുന്നിൽ വച്ചു മാരകായുധം കൊണ്ടു ബൈക്കു തകർത്തു; ഉണ്ണിയാലിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

എം പി റാഫി

മലപ്പുറം: ഉണ്ണിയാലിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്. ഞായറാഴ്ച വൈകുന്നേരം പൊലീസുകാരെ മുസ്ലിം ലീഗ് പ്രവർത്തകർ

സംഘം ചേർന്ന് മർദിച്ചതിനു പിന്നാലെ സിപിഎമ്മുകാർ സംഘടിതമായെത്തി രാഷ്ട്രീയ എതിരാളികളുടെ വീട് തകർക്കുന്ന ദൃശ്യമാണ് പുറത്തായിട്ടുള്ളത്.

വാളും ആയുധങ്ങളുമായി വീടുകൾ അടിച്ചു തകർക്കുകയും വീട്ടു മുറ്റത്ത് നിർത്തിയിട്ട ബൈക്ക് നശിപ്പിക്കുന്ന രംഗങ്ങളുമാണ് കാമറയിൽ പതിഞ്ഞിട്ടുള്ളത്. വാളുമായി പാഞ്ഞടുക്കുന്ന സിപിഐ(എം) അക്രമി സംഘത്തെ കണ്ട് ഭയന്ന് വീട്ടമ്മമാരടക്കം ഓടി പോകുന്നതും ദൃശ്യത്തിൽ കാണാം. സ്ത്രീകൾ തനിച്ചുള്ള സമയത്തായിരുന്നു അക്രമം നടന്നത്.

അക്രമിക്കപ്പെട്ട വീട്ടിൽ നിന്നും വീട്ടമ്മ ഓടിയെത്തി അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും അക്രമിക്കരുതെന്നന് കേണപേക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അക്രമി സംഘം വീട്ടമ്മയുടെ മുന്നിലിട്ടു ബൈക്കും വീടും ആയുധം കൊണ്ട് നശിപ്പിക്കുകയായിരുന്നു.

1.25 മിനുട്ട് ദൈർഘ്യമുള്ള സിസി ടിവി കാമറയിൽ പത്തോളം പ്രതികളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. വീട്ടുപകരണങ്ങളും പൈപ്പുകളും നശിപ്പിക്കുന്നതും ദൃശ്യത്തിലുണ്ട്. പട്ടാപ്പകലായിരുന്നു ഈ അക്രമ സംഭവങ്ങളെല്ലാം അരങ്ങേറിയത്. അക്രമത്തിൽ 22 മുസ്ലിംലീഗ് പ്രവർത്തകരുടെ വീടുകൾ തകർക്കുകയും വീട്ടിലുള്ള സാധനങ്ങളെല്ലാം നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്. ഇതേ ദിവസം ലീഗ് പ്രവർത്തകർ നടത്തിയ കല്ലേറിൽ 12 സിപിഐ(എം) വീടുകൾക്ക് നിസാര പരിക്കുണ്ട്. എന്നാൽ മൃഗീയമായ ആക്രമണങ്ങൾക്കായിരുന്നു ലീഗ് വീടുകളെല്ലാം ഇരയാക്കപ്പെട്ടത്.

ഇതുവരെയും വീടുതകർത്ത പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല. കലാപത്തിന്റെ ഞെട്ടലിൽ നിന്നും ഇപ്പോഴും ഇവിടത്തെ ജനങ്ങൾ മോചിതരായിട്ടില്ല. സംഭവ സ്ഥലത്ത് പൊലീസ് ശക്തമായി നിലയുറപ്പിച്ചിട്ടുണ്ട്. എന്നാൽ വീട് തകർത്ത അക്രമികളെ പിടികൂടാൻ ഇതുവരെയും പൊലീസിനു സാധിച്ചിട്ടില്ല. മുസ്ലിംലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എംപി, സി മമ്മൂട്ടി എംഎ‍ൽഎ, അബ്ദുറഹിമാൻ രണ്ടത്താണി, കെ.എൻ.എ ഖാദർ തുടങ്ങിയ നേതാക്കളെല്ലാം ഇന്ന് സംഭവ സ്ഥലം സന്ദർശിച്ചു. പൊലീസിന്റെ നിഷ്‌ക്രിയത്വം വിഷയം വഷളാക്കിയതായും പൊലീസ് പ്രതികൾക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ലീഗ് ആരോപിച്ചു. പ്രതികളെ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭപരിപാടികളുമായി രംഗത്തു വരുമെന്നും ലീഗ് നേതാക്കൾ പറഞ്ഞു.

അതേസമയം ലീഗ് നേതാക്കളെ പ്രതിരോധിച്ച് രംഗത്തെത്തിയ സിപിഐ(എം) താനൂർ ഏരിയാ സെക്രട്ടറിയുടെ പ്രസ്താവന വിവാദമായി. ലീഗ് പ്രകോപിപ്പിച്ചാൽ ഞങ്ങൾ തിരിച്ചടിക്കുമെന്നും ലീഗ് പിന്മാറുന്നതാണ് അവർക്ക് നല്ലതെന്നും സിപിഐ(എം) ഏരിയാ സെക്രട്ടറി ഇ ജയൻ പറഞ്ഞു. ഏരിയാ സെക്രട്ടറിയുടെ പ്രസ്താവന പാർട്ടിക്കുള്ളിലും അഭിപ്രായ വ്യത്യാസമുണ്ടാക്കി. സിപിഐ(എം) നേതാവിന്റെ ഈ പ്രസ്ഥാവനയുടെ വീഡിയോ ക്ലിപ്പിങ്ങും സിപിഐ(എം) പ്രവർത്തകർ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ദൃശ്യത്തിൽ പതിഞ്ഞ അക്രമികൾ പരിസരവാസികളാണെന്നും അറിയാവുന്നവരാണെന്നും വീട്ടുകാർ പറഞ്ഞു. ഇർഷാദ്, അനസ്, അഫ്സൽ, ഫർഷാദ്, ഷൗക്കത്തലി, സഹീർ, ഫൈസൽ, നദീർ, അർഷാദ് എന്നിവരടങ്ങുന്ന സംഘമാണ് അക്രമിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. വീട്ടിനു മുന്നിൽ നിർത്തിയിട്ട ബൈക്ക് അക്രമി സംഘം കലിതീരാതെ വീണ്ടും വീണ്ടും ആയുധം കൊണ്ട് നശിപ്പിക്കുന്നത് ദൃശ്യത്തിൽ കാണാം. ഓഗസ്റ്റ് 21ന് ഞായറാഴ്ച വൈകിട്ട് 6.30ന് നടന്ന അക്രമത്തിന്റെ ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. അക്രമി സംഘം സിസി ടിവി ക്യാമറ നശിപ്പിച്ചതായും ഇതിനു ശേഷെ ബൈക്ക് തീയിട്ട് നശിപ്പിച്ചതായും വീട്ടുകാർ പറഞ്ഞു. കത്തിക്കരിഞ്ഞ ബൈക്കിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. സിസി ടിവി ദൃശ്യം പൊലീസിനു ലഭിച്ചതായും പരിശോധിച്ചു വരികയാണെന്നും താനൂർ സിഐ സി അലവി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP