Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരക്കഥ എഴുതി നായകനെ തേടി ലത്തീഫ് നടന്നത് നാല് മാസം; പ്രധാന കള്ളനെ തെരഞ്ഞെടുത്തത് അഭിമുഖത്തിന് ശേഷം; പ്രചോദനമായത് സാമ്രാജ്യത്തിലെ മമ്മൂട്ടി

തിരക്കഥ എഴുതി നായകനെ തേടി ലത്തീഫ് നടന്നത് നാല് മാസം; പ്രധാന കള്ളനെ തെരഞ്ഞെടുത്തത് അഭിമുഖത്തിന് ശേഷം; പ്രചോദനമായത് സാമ്രാജ്യത്തിലെ മമ്മൂട്ടി

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: ദൃശ്യം സിനിമയിലെ ജോർജ് കുട്ടിയെ അനുകരിച്ച് കൊലപാതകം നടത്തുന്നവർ അടിക്കടി കൂടി വരുന്ന നാടാണ് കേരളം. സിനിമകൾ ക്രിമിനലുകളെ സ്വാധീനിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജിത്തു ജോസഫിന്റെ ദൃശ്യം. ഇവിടെ പഴയകാല സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു കള്ളൻ. അതും അതിവിദഗ്ധമായി നടത്തിയ ചെറുവത്തൂർ ബാങ്ക് കവർച്ചയിലെ മുഖ്യപ്രതി. പൊലീസിനോട് നടത്തിയ കുറ്റസമ്മതത്തിലാണ് തന്നെ സ്വാധീനിച്ച നടനേയും സിനിമയേയും പറ്റി വ്യക്തമാക്കുന്നത്.

സാമ്രാജ്യം സിനിമയിലെ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രമാകാൻ മോഹിച്ച ലത്തീഫ് തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കാൻ തെരഞ്ഞെടുത്ത വഴി കവർച്ചയുടേതായിരുന്നു. ഏഴാം ക്ലാസ് വരെ മാത്രമേ വിദ്യാഭ്യാസമുള്ളുവെങ്കിലും ജീവിതാനുഭവം കൊണ്ടും ബുദ്ധി കൊണ്ടും ഇതിനുള്ള സാധ്യതകൾ തേടി. ഓട്ടോറിക്ഷ ഡ്രൈവറായി തുടങ്ങിയ ലത്തീഫ്, ചെറുപ്പത്തിൽ തന്നെ മോഷണവഴിയിലേക്കു തിരിഞ്ഞു. പണമുണ്ടാക്കണമെന്ന സ്വപ്നവുമായി ഗൾഫിലും ഒരിക്കൽ പയറ്റിയതാണ്. ആടിനെ മെയ്‌ക്കുന്ന ജോലി വരെ ഇവിടെ ചെയ്തു. അവിടെ വച്ചു നൗഷാദ് എന്നയാളെ പരിചയപ്പെട്ടതോടെയാണ് രാജധാനി ജൂവലറി കവർച്ചയ്ക്കു പദ്ധതിയൊരുങ്ങുന്നത്. രണ്ടു വർഷത്തെ ആസൂത്രണത്തിനൊപ്പം നാട്ടിലെത്തി, ഏറെ തയ്യാറെടുപ്പുകൾ നടത്തിയായിരുന്നു കവർച്ച. കേസിൽ കുടങ്ങിയെങ്കിലും വൈകാതെ ജാമ്യത്തിലിറങ്ങി. പിന്നീട്, ഭാര്യാപിതാവു നൽകിയ കേസിൽ വീണ്ടും ജയിലിലായി. അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷമായിരുന്നു ചെറുവത്തൂർ കവർച്ച ആസൂത്രണം ചെയ്തത്.

എഴുതി തയ്യാറാക്കിയ തിരക്കഥയും തയ്യാറാക്കി. നാലു മാസം കൊണ്ടു തന്ത്രങ്ങളെല്ലാം ഒരുക്കി. കൂട്ടാളികളേയും കണ്ടത്തി. എല്ലാം സിനിമാ സ്റ്റൈലിൽ. ചെറുവത്തൂർ വിജയ ബാങ്കിൽ നിന്ന് 4.95 കോടിയുടെ സ്വർണവും രണ്ടേ മുക്കാൽ ലക്ഷം രൂപയും കൊള്ളയടിച്ചത് ഏഴുപേർ ചേർന്നായിരുന്നു. മുഖ്യപ്രതികൾ ഉൾപ്പെടെ നാലു പേരെ അറസ്റ്റുചെയ്ത അന്വേഷണസംഘം നഷ്ടപ്പെട്ട മുഴുവൻ സ്വർണവും കണ്ടെടുത്തു. ചെർക്കള ബേർക്കയിലെ പൊട്ടക്കിണറ്റിൽ നിന്നും കാസർകോട് ചേരൂർ കടവത്തെ വീട്ടിൽ നിന്നുമായാണ് സ്വർണം കണ്ടെടുത്തതെന്ന് ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ് അറിയിച്ചു. ചെർക്കള തൈവളപ്പിലെ അബ്ദുൾലത്തീഫ് (35), കുടക് കുശാൽനഗറിലെ സുലൈമാൻ (43), ഇടുക്കി എണ്ണക്കുളത്തെ രാജേഷ് മുരളി (40), കാഞ്ഞങ്ങാട് ആവയിലെ മുബഷീർ(21), ചെർക്കളയിലെ മനാഫ്(30), കുടകിലെ അബ്ദുൾഖാദർ, അബ്ദുൾഅഷറഫ് എന്നിവരാണ് പ്രതികൾ.

കാഞ്ഞങ്ങാട് രാജധാനി ജൂവലറിയിൽ നിന്ന് അഞ്ച് വർഷം മുമ്പ് മൂന്നു കോടിയുടെ സ്വർണം കവർന്ന കേസിലെ മുഖ്യപ്രതിയാണ് അബ്ദുൾ ലത്തീഫ്. ഈ കേസിൽ പിടിക്കപ്പെട്ടെങ്കിലും ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും തുടരന്വേഷണം വഴിമുട്ടിയതിനാൽ ശിക്ഷിക്കപ്പെട്ടില്ല. ബാങ്ക് കൊള്ളയടിക്കാനായി താഴെത്തെ മുറി വാടകയ്‌ക്കെടുക്കുകയും ഇസ്മയിൽ എന്ന പേരിൽ നാട്ടിൽ സുപരിചിതനാകുകയും ചെയ്ത ആളാണ് സുലൈമാൻ. ട്രില്ലർ മെഷിൻ ഉപയോഗിച്ച് കോൺക്രീറ്റ് മേൽക്കൂര തുരന്നത് രാജേഷ് മുരളിയാണ്. ഇവരാണ് കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികൾ. കാഞ്ഞങ്ങാട്ടെ ഓട്ടോറിക്ഷാ ഡ്രൈവറാണ് മുബഷീർ. ഇയാളുടെ ഓട്ടോറിക്ഷയിലാണ് പ്രതികൾ ചെറുവത്തൂരിലേക്ക് വന്നും പോയ്‌ക്കൊണ്ടുമിരുന്നത്. ഇയാൾ നാലാം പ്രതിയും അഷറഫും മനാഫും അബ്ദുൾഖാദറും അഞ്ചും ആറും ഏഴും പ്രതികളുമാണ്.

നാലുമാസത്തെ പരിശ്രമമാണ് ഇവർ കവർച്ചയ്ക്കായി നടത്തിയത്. ബാങ്കിന് അവധിയുള്ള ദിവസങ്ങളിലെല്ലാം ഇവർ ചെറുവത്തൂരിലെ വാടകമുറിയിൽ ഒത്തുകൂടും. ഇക്കഴിഞ്ഞ 26നും 27നും ബാങ്ക് അവധിയായതിനാൽ ഈ ദിവസങ്ങൾ ഓപ്പറേഷൻ നടത്താമെന്ന തീരുമാനമെടുക്കുകയായിരുന്നു. ശനിയാഴ്ച കവർച്ച നടത്താൻ ശ്രമിച്ചപ്പോൾ ബാങ്കിന്റെ അലാറം അടിച്ചു. പക്ഷേ, പ്രശ്‌നമൊന്നുമുണ്ടായില്ല. പിന്നീട് അലാറം സ്പീക്കർ അടർത്തിമാറ്റി. സ്‌ട്രോങ് മുറിയിലെത്തി താക്കോൽ കിട്ടിയെങ്കിലും അതുകൊണ്ട് തുറക്കാനായില്ല. താക്കോൽ കൈക്കലാക്കി തിരിച്ചിറങ്ങി. ഞായറാഴ്ച വീണ്ടും കയറി തുറന്ന് സ്വർണം കൈക്കലാക്കുകയായിരുന്നു. എഴുതി തയാറാക്കിയ തിരക്കഥയുമായി സിനിമയെടുക്കാൻ നടക്കുന്നവരെ പോലെയായിരുന്നു ലത്തീഫ് മുകളിലത്തെ സംഭവങ്ങളെല്ലാം ആസൂത്രണം ചെയ്തത്.

ഏറെക്കാലം അയൽക്കാരനായി താമസിച്ചിരുന്ന അബ്ദുൽ ഖാദർ വഴിയാണ് തന്റെ കവർച്ചാ കഥയിലെ നായകനായി സുലൈമാനെ ലത്തീഫ് തെരഞ്ഞെടുക്കുന്നത്. അഭിമുഖം പോലും ഇതിനായി നടത്തി. ചെറുവത്തൂരിലേക്ക് ഒറ്റയ്ക്കു വന്ന്, ചുരുങ്ങിയകാലം കൊണ്ട് പരിചയക്കാരുടെ സ്വന്തം ഇസ്മായിലിച്ചയായി മാറിയ സുലൈമാൻ മറ്റൊരാളെയും കൂടി ലത്തീഫിന് പരിചയപ്പെടുത്തി. കുടക് സ്വദേശി അഷ്‌റഫിനെ. ലത്തീഫിനും കൂട്ടാളികൾക്കും തീരുമാനിച്ചുറപ്പിച്ചതു പോലെ എല്ലാ സൗകര്യവും ഒരുക്കി കൊടുത്ത്, കവർച്ചയ്ക്കു ശേഷം കുടകിലേക്കു മടങ്ങിയ സുലൈമാനെ അവിടെ എത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്‌ട്രോങ് മുറിയുടെ അടിത്തറ തുരന്നു കൊണ്ട് കഥയിൽ നിർണായക ഇടപെടൽ നടത്തിയ ഇടുക്കി സ്വദേശി രാജേഷ് മുരളി 2013 മുതൽ അവസരം തേടി ലത്തീഫിനു പിന്നാലെയുണ്ട്. 2013 ഓഗസ്റ്റിൽ ജയിലിൽ വച്ചായിരുന്നു ഇരുവരും കരാർ ഒപ്പിട്ടത്. ഭാര്യാപിതാവിന്റെ പരാതിയിൽ റിമാൻഡിലായിരുന്നു ലത്തീഫെങ്കിൽ, കഞ്ചാവ് കേസിൽ പെട്ടാണ് മുരളി ജയിലിലെത്തുന്നത്. ഇവിടെ നിന്നു പുറത്തിറങ്ങിയ ശേഷവും തുടങ്ങിയ സൗഹൃദമാണ് ഇരുവരെയും വീണ്ടും ജയിലിലെത്തിച്ചത്.

കവർച്ച ചെയ്ത സ്വർണം ഒളിപ്പിക്കാൻ ലത്തീഫിനെ സഹായിച്ച മനാഫിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്ത പൊലീസിന്റെ അപ്രതീക്ഷിത ഇടപെടലാണ് മുഴുവൻ സ്വർണവും കിട്ടാൻ വഴിയൊരുക്കിയത്. ഇന്നലെ കോടതിയിൽ ഹാജരാക്കുമെന്നിരിക്കെ, തലേന്നു വരെയും 8.75 കിലോ സ്വർണമാണ് പൊലീസിനു ലഭിച്ചത്. പല തവണ ചോദ്യം ചെയ്തിട്ടും കവർച്ചയിലെ പങ്ക് വെളിപ്പെടുത്താൻ കൂട്ടാക്കാതിരുന്ന ലത്തീഫിന് സ്വർണം ബേർക്കയിലുണ്ടെന്നു മൊഴി നൽകേണ്ടി വന്നു. ഇവിടെ ആറിടങ്ങളിൽ പൊലീസ് കുഴിച്ചു നോക്കിയെങ്കിലും കിട്ടിയില്ല. പിന്നീട്, പൊട്ടക്കിണറ്റിൽ ഉണ്ടെന്നു സമ്മതിച്ചു. ചാക്കിൽ കെട്ടിയ നിലയിലായിരുന്നു സ്വർണാഭരണങ്ങൾ. 8.75 മാത്രമേയുള്ളുവെന്ന് മനസിലാക്കി ശേഷിക്കുന്ന സ്വർണത്തിനായി ലത്തീഫിനെ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.

പിന്നീടാണ്, ലത്തീഫിനൊപ്പം കാഞ്ഞങ്ങാട്ട് കാർ ആക്‌സസറി കട നടത്തുന്ന ബേർക്കയിലെ മനാഫിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. ഇതോടെ, ചേരൂർ കടവത്തെ ഒരു വീട്ടിലെ തട്ടിൻപുറത്തു സൂക്ഷിച്ചിരുന്ന സ്വർണത്തെക്കുറിച്ചു വിവരം ലഭിച്ചു. അങ്ങനെ മുഴുവൻ സ്വർണ്ണവും പൊലീസ് വീണ്ടെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP