Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പതിനെട്ട് ദിവസമായി ലിൻസൺ കസ്റ്റഡിയിൽ; മലയാളി നഴ്‌സിന്റെ കൊലപാതകത്തിൽ തുമ്പുണ്ടാക്കാൻ ഒമാൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടുമില്ല; നയതന്ത്രനീക്കവും ചിക്കുവിന്റെ ഭർത്താവിന് തുണയാകുന്നില്ല

പതിനെട്ട് ദിവസമായി ലിൻസൺ കസ്റ്റഡിയിൽ; മലയാളി നഴ്‌സിന്റെ കൊലപാതകത്തിൽ തുമ്പുണ്ടാക്കാൻ ഒമാൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടുമില്ല; നയതന്ത്രനീക്കവും ചിക്കുവിന്റെ ഭർത്താവിന് തുണയാകുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

മസ്‌ക്കറ്റ്: സലാലയിലെ ഫ്‌ലാറ്റിൽ മലയാളിയായ ചിക്കു കൊല്ലപ്പെട്ട കേസിലെ കുറ്റവാളിയെ ഇനിയും ഒമാൻ പൊലീസിന് കണ്ടെത്താനായിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് ഒമാൻ റോയൽ പൊലീസ് പലരേയും ചോദ്യം ചെയ്‌തെങ്കിലും ഇതുവരെ യഥാർഥ കുറ്റവാളിയാരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കസ്റ്റഡിയിൽ എടുത്ത പലരേയും ഒമാൻ പൊലീസ് വിട്ടയച്ചെങ്കിലും ചിക്കുവിന്റെ ഭർത്താവ് ലിൻസൺ ഇപ്പോഴും കസ്റ്റഡിയിലാണ്. പതിനെട്ട് ദിവസമായി ലിൻസണിനെ കസ്റ്റഡിയിൽ വച്ചിരിക്കുന്നതിന്റെ കാരണം ആർക്കും വ്യക്തമാല്ല.

ലിൻസൻ സലാലയിൽ തന്നെ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണെന്ന് സലാലയിലെ ഇന്ത്യൻ എംബസി കൗൺസിലർ മൻപ്രീത് സിങ് പറഞ്ഞു. ചിക്കു റോബർട്ടിന്റെ മൃതേദഹം കൊണ്ടു പോകുന്നതിനോടൊപ്പം നാട്ടിലേക്ക് പോകാൻ ലിൻസൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും പൊലീസ് അനുമതി ലഭിക്കാത്തതിനാൽ ലിൻസന് പോകാൻ സാധിച്ചിരുന്നില്ല. തെളിവെടുപ്പ് പൂർത്തിയാകാത്തതാണ് ലിൻസന് നാട്ടിൽ പോകുന്നതിന് തടസ്സമായത്. ഈ മാസം ഒന്നിനാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും അടിവയറ്റിലും കുത്തേറ്റ നിലയിലായിരുന്നു ചിക്കുവിന്റെ മൃതദേഹം കണ്ടെത്തിയത്. അതിനാൽ മോഷണത്തിന് അപ്പുറമുള്ള കൊലപാതകമായി ഇതിനെ ഒമാൻ പൊലീസ് വിലയിരുത്തുന്നു. ഇതാണ് ലിൻസണെ വിട്ടയയ്ക്കാത്തതിന് കാരണം.

ഭാര്യയെ രക്ഷിക്കാനുള്ള വെപ്രാളത്തിൽ ചെയ്ത കാര്യങ്ങളാണ് ലിൻസണെ സംശയ നിഴലിൽ ആക്കിയത്. രക്ഷാപ്രവർത്തനത്തിനിടെ വിരലടയാളങ്ങൾ കൊലപാതകം നടന്ന മുറിയിൽ പതിഞ്ഞിരുന്നു. ഇതുകൊണ്ട് കൂടിയാണ് ലിൻസണെ ഒമാൻ പൊലീസ് വിട്ടയയ്ക്കാത്തത്. റായൽ ഒമാൻ പൊലീസ് ഇന്ത്യൻ എംബസിയുമായി മാത്രമേ കൂടുതൽ അന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കുകുന്നുള്ളൂ. അതിൽ ലിൻസണെ കുറ്റവിമുക്തനാക്കാനുള്ള സമയമായിട്ടില്ലെന്നാണ് സൂചന. ഇതേ കേസിൽ കസ്റ്റഡിയിലായിരുന്ന പാക്കിസ്ഥാനിയെ ഒമാൻ പൊലീസ് വിട്ടയച്ചിരുന്നു. എന്നാൽ ലിൻസണിന്റെ കാര്യത്തിൽ മാത്രം കടുംപിടിത്തം തുടരുകയാണ്. ഇത് ബന്ധുക്കളേയും ആശങ്കയിലാക്കുകയാണ്. പതിനെട്ട് ദിവസമായി ഒമാൻ പൊലീസിന്റെ കസ്റ്റഡിയിലാണ് ലിൻസൺ. ഇത് ഒമാനിലെ പ്രവാസികളിൽ ആശങ്ക സജീവമാക്കിയിട്ടുണ്ട്. നയതന്ത്രനീക്കവും ഫലം കാണാത്തതാണ് ഇതിന് കാരണം.

കാര്യങ്ങൾ ഒമാൻ പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ഒരേ ആശുപത്രിയിലെ ജീവനക്കാരായ ചിക്കുവും ഭർത്താവ് ചങ്ങനാശേരി മാടപ്പിള്ളി വെങ്കോട്ട ആഞ്ഞിലിപ്പറമ്പിൽ ലിൻസനും താമസിക്കുന്ന ഫ്‌ലാറ്റ് ആശുപത്രിയുടെ എതിർവശത്താണ്. മൂന്നു നിലയുള്ള ഫ്‌ലാറ്റിലെ ഒന്നാം നിലയിലാണ് ഇവരുടെ താമസം. രാത്രി 10 മണിക്ക് ഡ്യൂട്ടിക്ക് കയറേണ്ട ചിക്കു ആശുപത്രിയിൽ എത്താതിരുന്നതിനെത്തുടർന്ന് ആശുപത്രിയിൽനിന്നുഃ ലിൻസൺ ഫ്‌ലാറ്റിൽ അന്വേഷിച്ചു ചെന്നു. സാധാരണ 9.55ന് ആശുപത്രിയിലെത്തി പഞ്ച് ചെയ്യേണ്ടതുണ്ട്. ഫ്‌ലാറ്റിന്റെ വാതിൽ പൂട്ടിയിരിക്കുകയായിരുന്നു. ചിക്കുവിന്റെയും ലിൻസന്റെയും കയ്യിൽ ഓരോ താക്കോൽ വീതം സൂക്ഷിച്ചിട്ടുണ്ട്. ലിൻസൺ താക്കോലിട്ട് വാതിൽ തുറന്നു. ബെഡ്‌റൂമിന്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. കട്ടിലിൽ പുതപ്പിട്ട് മൂടിയ നിലയിലായിരുന്നു ചിക്കു.

ഉറങ്ങുകയാണെന്നു കരുതി തട്ടിവിളിച്ചെങ്കിലും എഴുന്നേറ്റില്ല. പുതപ്പുമാറ്റി നോക്കിയപ്പോൾ രക്തം കണ്ടു. ഇതോടെ വെപ്രാളത്തിലായി ലിൻസൺ. ഭാര്യയെ രക്ഷിക്കുക എന്നതിനാൽ ആദ്യ പരിഗണന നല്കിയ ലിൻസൻ ഉടൻ തന്നെ ആശുപത്രിയിൽ വിളിച്ച് ആംബുലൻ വിളിച്ചുവരുത്തി. ഗർഭിണി ആയതിനാൽ അത്തരത്തിലുള്ള അപകടസാധ്യതകൾ ഉണ്ടായിരിക്കാമെന്ന കണക്കുകൂട്ടലിൽ ആശുപത്രിയിൽ നിന്നു ജീവൻരക്ഷാ സംവിധാനങ്ങളുമായി ഡോക്ടർമാരും നഴ്‌സുമാരും എത്തി. ഡോക്ടറുടെ പരിശോധനയിൽ പൾസ് നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടർന്ന് ആംബുലൻസിൽ സലാലയിലെ സുൽത്താൻ കാബൂസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയി. അവിടെയെത്തിയപ്പോൾ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ചിക്കുവിന്റെ ദേഹത്തുണ്ടായിരുന്ന 12 പവനിലേറെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. കാതുകൾ അറുത്തെടുത്ത നിലയിലാണ് കാണപ്പെട്ടത്. ദേഹമാസകലം കുത്തേറ്റിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. കൊലയാളിയുടെ കുത്ത് തടുത്തതുപോലെയുള്ള പാടുകൾ ഇരുകൈകളിലുമുണ്ട്. കിടപ്പുമുറിയുടെ ജനൽ തുറന്നുകിടക്കുകയായിരുന്നു. മുറിക്കുള്ളിൽ കടക്കാവുന്ന വിധത്തിൽ വിസ്താരമുള്ള ജനലുകളാണ്. പരിശോധനയ്‌ക്കെത്തിയ നായ ജനലിന് ഉള്ളിലൂടെ പുറത്തേക്കു ചാടി സമീപത്തെ മതിൽ വരെ ഓടി. ചിക്കു ഉപയോഗിച്ചിരുന്ന താക്കോൽ കിടപ്പുമുറിയിൽ നിന്നു പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കൊലപാതകത്തിനു ശേഷം അക്രമി ചിക്കു കിടന്ന മുറിയുടെ വാതിലും വീടും പുറത്തുനിന്നും പൂട്ടിയിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. ഭർത്താവ് ലിൻസൺ വന്നപോൾ അടച്ചു പൂട്ടിയ മുറിയാണ് കണ്ടത്. കഴിഞ്ഞ 20 നാണ് കറുകുറ്റി തെക്കേൽ അയിരൂക്കാരൻ റോബർട്ടിന്റെ മകൾ ചിക്കു (27) നെ താമസസ്ഥലത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടതായാണ് വിവരം. ദിവസങ്ങൾക്ക് മുമ്പ് ഒമാൻ എയർവേയ്‌സ് വിമാനത്തിലാണ് മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചത്. സംസ്‌കാരവും നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP