Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫ്രാങ്കോ മുളയ്ക്കന് എതിരായ പരാതി പിൻവലിച്ചാൽ എന്തുവേണമെങ്കിലും ചെയ്തുതരാമെന്ന് കന്യാസ്ത്രീക്ക് വാഗ്ദാനവുമായി വൈദികൻ; പത്തേക്കർ സ്ഥലവും മഠവും വാഗ്ദാനം നൽകി ബിഷപ്പിനെ രക്ഷിക്കാൻ ലത്തീൻ സഭയുടെ വിലപേശൽ നീക്കം; വിവാദ ജലന്ധർ ബിഷപ്പിനുവേണ്ടി മധ്യസ്ഥനായി എത്തിയത് ഫാദർ ജയിംസ് എർത്തയിൽ; കുറുവിലങ്ങാട്ടെ മഠത്തിൽ എത്തി ഈ മാസം മൂന്നുതവണ സന്ധിസംഭാഷണം നടത്തി; ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് പോലും വൈകിക്കുന്നത് സഭയ്ക്ക് ഒത്തുതീർപ്പിന് കൂടുതൽ സമയമൊരുക്കാനോ?

ഫ്രാങ്കോ മുളയ്ക്കന് എതിരായ പരാതി പിൻവലിച്ചാൽ എന്തുവേണമെങ്കിലും ചെയ്തുതരാമെന്ന് കന്യാസ്ത്രീക്ക് വാഗ്ദാനവുമായി വൈദികൻ; പത്തേക്കർ സ്ഥലവും മഠവും വാഗ്ദാനം നൽകി ബിഷപ്പിനെ രക്ഷിക്കാൻ ലത്തീൻ സഭയുടെ വിലപേശൽ നീക്കം; വിവാദ ജലന്ധർ ബിഷപ്പിനുവേണ്ടി മധ്യസ്ഥനായി എത്തിയത് ഫാദർ ജയിംസ് എർത്തയിൽ; കുറുവിലങ്ങാട്ടെ മഠത്തിൽ എത്തി ഈ മാസം മൂന്നുതവണ സന്ധിസംഭാഷണം നടത്തി; ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് പോലും വൈകിക്കുന്നത് സഭയ്ക്ക് ഒത്തുതീർപ്പിന് കൂടുതൽ സമയമൊരുക്കാനോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയിൽ ജലന്ധർ ബിഷപ്പിനെ ചോദ്യം ചെയ്യുന്നതും അറസ്റ്റുചെയ്യുന്നതും നീണ്ടുപോകുന്നത് ബിഷപ്പിനെ രക്ഷിക്കാനുള്ള കരുനീക്കങ്ങളുടെ ഭാഗമാണെന്ന ആക്ഷേപം ബലപ്പെടുത്തിക്കൊണ്ട് സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ഒത്തുതീർപ്പ് നീക്കങ്ങളുടെ വിവരങ്ങൾ പുറത്ത്. ഫ്രാങ്കോ മുളയ്ക്കന് എതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയുടെ കൂടെയുള്ള മറ്റൊരു കന്യാസ്ത്രീയുമായി ഒത്തുതീർപ്പ ചർച്ചയ്ക്ക് എത്തുന്നത് സഭയിലെ ഒരു വൈദികൻ തന്നെയാണ്. പത്തേക്കർ സ്ഥലവും മഠവും വാഗ്ദാനം ചെയ്ത് കേസിൽ നിന്ന് പിന്മാറണമെന്ന ആവശ്യമുയർത്തിയാണ് വൈദികൻ കന്യാസ്ത്രീയുമായി സംഭാഷണം നടത്തുന്നത്. സഭയുടെ ആവശ്യപ്രകാരമാണ് താൻ സംസാരിക്കുന്നതെന്നും വൈദികൻ പറയുന്നുണ്ട്.

ജലന്ധർ ബിഷപ്പിന് വേണ്ടി മധ്യസ്ഥനായി എത്തി മോനിപ്പള്ളി ആശ്രമത്തിലെ ഫാദർ ജെയിംസ് എർത്തയിലാണ് സംഭാഷണം നടത്തുന്നത്. ലത്തീൻ കത്തോലിക്കാ സഭയുടെ ജലന്ധർ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന് എതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീക്ക് ഒപ്പമുള്ള സിസ്റ്റർ അനുപമയുമായി ഫാദർ ജെയിംസ് നടത്തുന്ന സന്ധിസംഭാഷണത്തിന്റെ ഓഡിയോയാണ് പുറത്തുവന്നത്. വൈദികൻ മൂന്നുതവണ ഇക്കാര്യങ്ങൾ പറഞ്ഞ് കേസിൽ നിന്ന് പിന്മാറാൻ വാഗ്ദാനങ്ങളുമായി മൂന്നുതവണ കുറുവിലങ്ങാട് മഠത്തിലുമെത്തിയെന്നും വ്യക്തമായിട്ടുണ്ട്. ജൂലായ് അഞ്ച്, 11, 28 തീയതികളിലാണ് ഇത്തരത്തിൽ വൈദികൻ സന്ധിസംഭാഷണത്തിനായി എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. രൂപത എന്തുവേണമെങ്കിലും ചെയ്തുതരുമെന്നാണ് വാഗ്ദാനം നൽകുന്നത്.

ഫ്രാങ്കോ മുളയ്ക്കനെതിരെ നടപടികൾ കേരളാ പൊലീസ് വൈകിക്കുന്നത് ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് കൂടുതൽ സമയം കിട്ടുന്നതിന് വേണ്ടിയാണെന്ന ആക്ഷേപം ഇതോടെ ശക്തമാകുകയാണ്. കത്തോലിക്ക സഭയെ ഞെട്ടിച്ച ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്റെ പീഡനക്കേസിൽ കന്യാസ്ത്രീയുടെ പരാതിയിൽ നിരവധി മൊഴികൾ ലഭിച്ചിട്ടും മെത്രാനെ അറസ്റ്റുചെയ്യാൻ കേരള പൊലീസ് മടിച്ചുനിൽക്കുന്നതിനിടെ ജലന്ധർ മെത്രാസനത്തിന് മുന്നിലേക്ക് കഴിഞ്ഞ ദിവസം പ്രതിഷേധ മാർച്ചും നടന്നിരുന്നു. പഞ്ചാബിൽ ചെന്ന് ബിഷപ്പിനെ കസ്റ്റഡിയിലെടുക്കുന്നതിലും ചോദ്യം ചെയ്യുന്നതിലുമൊക്കെ നാട്ടുകാരുടെ ഉപരോധം പ്രശ്നമാണെന്ന മട്ടിൽ പ്രതികരിച്ച കേരള സർക്കാരിന്റേയും പൊലീസിന്റേയും നിലപാട് ഇപ്പോൾ ഒത്തുതീർപ്പ് ശ്രമങ്ങളുടെ വിവരങ്ങൾ കൂടി പുറത്തുവന്നതോടെ വീണ്ടും പൊളിയുകയാണ.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന സംഭവത്തിൽ കേരളത്തിലും പൊലീസ് അന്വേഷണം മെല്ലെപ്പൊക്കിൽ ആയതിൽ വലിയ വിമർശനം ഉയരുന്നതിനിടെയാണ് പഞ്ചാബിലും പ്രതിഷേധം ഉയർന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ജലന്ധറിലേക്ക് നടത്താനിരുന്ന യാത്ര അനിശ്ചിതത്വത്തിലായിയെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ജലന്ധറിലേക്ക് പോകാൻ അന്വേഷണ സംഘത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അനുമതി നൽകിയില്ലെന്ന ആക്ഷേപം ഉയർന്നു.

വ്യക്തമായ പീഡന പരാതി ഉയർന്നിട്ടും നിരവധി കന്യാസ്ത്രീകളുടെ തിരുവസ്ത്രം ഊരിക്കാൻ കാരണമായി ബിഷപ്പ് ഫ്രാങ്കോയുടെ ഭാഗത്തുനിന്ന് ലൈംഗിക പീഡനവും അതിക്രമങ്ങളും ഉണ്ടായെന്ന ആക്ഷേപവും വന്നിട്ടും കേരള പൊലീസ് ഉദാസീന നയം കാണിക്കുന്നത് ഇപ്പോൾ കൂടുതൽ ചർച്ചയാവുകയാണ്.

ലത്തീൻ സഭയുടെ ബിഷപ്പായ ഫ്രാങ്കോയ്ക്ക് എതിരെ ഉയർന്ന ആരോപണത്തിൽ സീറോ മലബാർ സഭ പരമാധ്യക്ഷനായ കർദിനാൾ മാർ ആലഞ്ചേരിക്ക് എതിരെ വരെ ആരോപണം ഉയർത്തി ഒരു വിഭാഗം നുണപ്രചരണവും നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സഭാ പരമാധ്യക്ഷനായ ആലഞ്ചേരിയുടെ മൊഴിയെടുക്കുകവരെ ചെയ്തിട്ടും കേരള പൊലീസ് പ്രതിയായ മെത്രാനെതിരെ ചെറുവിരൽ അനക്കാത്തത് എന്തെന്ന് കേരളത്തിൽ വിശ്വാസികൾ ഉൾപ്പെടെ ചോദിച്ചുതുടങ്ങിയിട്ടും ഇക്കാര്യത്തിൽ അന്വേഷണ സംഘത്തിനും സർക്കാരിനും മറുപടിയില്ല.

കന്യാസ്ത്രീ നൽകിയ പരാതിയിലും മൊഴിയിലും ഏതു കൊമ്പനെ ആയാലും അറസ്റ്റുചെയ്യാനുള്ള വകുപ്പുണ്ട്. പരാതിയെ തുടർന്ന് കേസെടുത്ത ശേഷം ബംഗളൂരുവിലും മൊഴിയിൽ പറഞ്ഞതും അല്ലാത്തതുമായി ബന്ധപ്പെട്ട മഠങ്ങളിലും ഉൾപ്പെടെ നിരവധി കന്യാസ്ത്രീകളുടേയും വിശ്വാസികളുടേയും എല്ലാം മൊഴിയെടുത്തു അന്വേഷണ സംഘം. എന്നിട്ടും ഫ്രാങ്കോ മുളയ്ക്കന്റെ അടുത്തെത്താൻ ഇപ്പോഴും ദൂരമേറെയെന്ന നിലയിൽ ആണ് അന്വേഷണ സംഘം. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്താലേ അന്വേഷണം മുന്നോട്ടുപോകൂ. കേരളത്തിലെ തെളിവെടുപ്പ് അവസാനഘട്ടത്തിലാണ്. ലഭിച്ച മൊഴികളിൽ മിക്കതും ബിഷപ്പിനെതിരാണെന്ന സൂചനകളും പുറത്തുവന്നിരുന്നു. എന്നിട്ടും നടപടി വൈകുകയാണ്. ഇതിനിടെയാണ് ഇപ്പോൾ ഒത്തുതീർപ്പ് ഫോൺ സംഭാഷണവും വന്നതും കേസ് ഒതുക്കാൻ സഭയുടെ ഇടപെടലോടെ ശക്തമായ നീക്കം അണിയറയിൽ നടക്കുന്നുവെന്ന വിവരം വന്നതും.

പുതിയ മൊഴികൾ തേടുന്നു എന്ന മട്ടിൽ നീക്കങ്ങൾ വൈകുന്നു

കഴിഞ്ഞ വെള്ളിയാഴ്‌ച്ചയും അന്വേഷണ സംഘം കുറവിലങ്ങാട്ടുള്ള മഠത്തിലെത്തിയിരുന്നു. കന്യാസ്ത്രീയിൽ നിന്ന് മൊഴിയെടുത്ത ശേഷമാണ് ഇവർ മടങ്ങിയത്. ബിഷപ്പിനെ അറസ്റ്റുചെയ്യാൻ വേണ്ട തെളിവുകൾ ലഭിച്ചു എന്നുള്ള നിഗമനത്തിലാണ് പൊലീസ്. കന്യാസ്ത്രീക്കെതിരേ ആരോപണം ഉന്നയിച്ച ഡൽഹിയിലുള്ള ബന്ധുവായ സ്ത്രീയോട് മൊഴിനൽകാൻ എത്തണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.

സഭാവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീകളുടെ മൊഴികൾ പലതും ബിഷപ്പിനെതിരാണ്. ഇത് പുറത്തുവന്നാൽ ബിഷപ്പ് ഇവരെ സ്വാധീനിച്ചേക്കുമെന്നാണ് പൊലീസ് കരുതുന്നത്. സഭാവസ്ത്രം ഉപേക്ഷിച്ച ഏതാനും സ്ത്രീകളുടെ മൊഴികൾ രേഖപ്പെടുത്തുക മാത്രമാണ് കേരളത്തിലെ അന്വേഷണത്തിൽ അവശേഷിക്കുന്നത്. അതിനിടെയാണ് ബിഷപ്പിനെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണമുയരുന്നത്. ബിഷപ്പ് ബലാത്സംഗം ചെയ്‌തെന്ന പരാതി പറഞ്ഞ കന്യസ്ത്രീയുടെ സഹോദരൻ ഇത്തരത്തിൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ആരോപണ വിധേയനായ ബിഷപ്പിന് കേരളത്തിലും കേന്ദ്രത്തിലും ഉന്നതമായ ബന്ധങ്ങളുണ്ട്.

ഇതുമൂലം കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന് വലിയ സമ്മർദ്ദമാണ് നേരിടേണ്ടിവരുന്നത് എന്നാണ് ഇയാൾ വെളിപ്പെടുത്തിയത്. പരാതിക്കാരിക്ക് നീതി കിട്ടുന്നില്ല. പരമാവധി വൈകിപ്പിച്ച് ഇരയെ ബലിയാടാക്കുവാൻ ശ്രമം നടക്കുന്നുണ്ട്. ബിഷപ്പിനെ സംരക്ഷിച്ച് കത്തോലിക്ക സഭ അതിന്റെ വിശ്വസ്തത ഇല്ലാതാക്കിയെന്നും ആരോപണമുണ്ട്. അതേ സമയം ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് തടസം നിൽക്കുന്നത് ആഭ്യന്തര വകുപ്പാണ് എന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ട്. പരാതി ശരിവയ്ക്കുന്ന നിരവധി തെളിവുകൾ ശേഖരിച്ച അന്വേഷണസംഘത്തെ, കന്യാസ്ത്രീക്കെതിരേ ബിഷപ് നിരത്തിയ ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ ശേഖരിക്കാൻ ഉന്നത തലത്തിൽ നിന്നും നിർദ്ദേശിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു.

അറസ്റ്റിനു തയ്യാറെടുത്ത അന്വേഷണ സംഘവുമായി ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥൻ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഈ വഴിത്തിരിവ് എന്ന് ചില മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നു.ബലാത്സംഗം ചെയ്യപ്പെട്ടെന്ന പരാതിയിൽ മറ്റാരായാലും അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യത്തിലും ബിഷപ്പിന്റെ കാര്യത്തിൽ അന്വേഷണസംഘം ആഭ്യന്തരവകുപ്പിന്റെ അനുമതിക്കായി കാത്തുനിൽക്കുകയാണ്. ശാസ്ത്രീയ തെളിവുകളും മഠത്തിലെ രേഖകളും അവിടെയുണ്ടായിരുന്ന മറ്റു കന്യാസ്ത്രീകളുടെ മൊഴികളും ബിഷപ്പിന് എതിരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP