Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാത്രിയാകുമ്പോൾ മീറ്ററിലേക്ക് പോകുന്ന വയറിൽ നിന്നും നേരിട്ട് കണക്ഷൻ എടുക്കും; പകൽ കണക്ഷൻ ഊരി മാറ്റും; സംശയം തോന്നി മിന്നൽ പരിശോധന നടത്തിയപ്പോഴും ഒന്നും കണ്ടെത്താനായില്ല; ഫ്രിഡ്ജും എ.സിയുമുള്ള വീട്ടിൽ 600 രൂപ മാത്രം ബിൽ വരുന്നത് പതിവായതോടെ വീണ്ടും മിന്നൽ സ്‌ക്വാഡ് എത്തിയതോടെ തട്ടിപ്പ് കൈയോടെ പിടികൂടി; ശാസ്താംകോട്ട സ്റ്റേഷനിലെ പൊലീസുകാരന്റെ തഴവയിലെ വീട്ടിലെ വൈദ്യുതിമോഷണം പൊക്കിയതിങ്ങനെ

രാത്രിയാകുമ്പോൾ മീറ്ററിലേക്ക് പോകുന്ന വയറിൽ നിന്നും നേരിട്ട് കണക്ഷൻ എടുക്കും; പകൽ കണക്ഷൻ ഊരി മാറ്റും; സംശയം തോന്നി മിന്നൽ പരിശോധന നടത്തിയപ്പോഴും ഒന്നും കണ്ടെത്താനായില്ല; ഫ്രിഡ്ജും എ.സിയുമുള്ള വീട്ടിൽ 600 രൂപ മാത്രം ബിൽ വരുന്നത് പതിവായതോടെ വീണ്ടും മിന്നൽ സ്‌ക്വാഡ് എത്തിയതോടെ തട്ടിപ്പ് കൈയോടെ പിടികൂടി; ശാസ്താംകോട്ട സ്റ്റേഷനിലെ പൊലീസുകാരന്റെ തഴവയിലെ വീട്ടിലെ വൈദ്യുതിമോഷണം പൊക്കിയതിങ്ങനെ

പീയൂഷ് ആർ

കരുനാഗപ്പള്ളി: പൊലീസുകാരന്റെ വീട്ടിലെ വൈദ്യുതി മോഷണം കൈയോടെ പൊക്കിയത് കെ.എസ്.ഇ.ബിയുടെ കൊല്ലം ആന്റി തെഫ്റ്റ് സംഘത്തിന്റെ തന്ത്രപരമായ നീക്കം. വൈദ്യുതി മോഷണം നടത്തുന്നുവെന്ന സംശയത്തിൽ രണ്ട് വട്ടം പരിശോദന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. പിന്നീട് രാത്രിയിൽ നടത്തിയ പരിശോധനയിലാണ് മോഷണം കൈയോടെ പൊക്കിയത്. കഴിഞ്ഞ ദിവസമാണ് വൈദ്യുതി മോഷണത്തിന് തഴവാ മുല്ലശ്ശേരിജംഗ്ഷന് സമീപം താമസിക്കുന്ന ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ സോമനെ ആന്റിതെഫ്റ്റ് സംഘം പിടികൂടിയത്. ഏറെ ശ്രമ ഫലമായിട്ടാണ് ഇയാളെ സംഘത്തിന് പിടികൂടാൻ കഴിഞ്ഞത്.

പുതിയ വീട് വച്ച് താമസം തുടങ്ങിയിട്ട് കുറച്ചു മാസങ്ങളേ ആയിട്ടുള്ളു ഇയാൾ. പുതിയ വീട്ടിൽ ഫ്രിഡ്ജും എ.സിയും ഇൻവർട്ടറും മറ്റും ഉണ്ട്. എന്നാൽ പ്രതിമാസം 600 രൂപയിൽ കൂടുതൽ ബിൽ വരാറില്ലായിരുന്നു. റീഡിങ് എടുക്കുന്ന ജീവനക്കാരൻ കെ.എസ്.ഇ.ബി മണപ്പള്ളി സെക്ഷനിൽ വിവരം അറിയിച്ചു. തുടർന്ന് ജീവനക്കാരെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വീണ്ടും ബിൽ 600 ൽ കൂടാതായതോടെ വിവരം കൊല്ലം ആന്റി തെഫ്റ്റ് സ്‌ക്ക്വാഡിനെ അറിയിക്കുകയായിരുന്നു.

സ്‌ക്ക്വാഡുകാർ രണ്ട് വട്ടം പരിശോധന നടത്തിയിട്ടും സംശയിത്തക്കതായി ഒന്നും കണ്ടെത്തിയില്ല. പിന്നീട് കഴിഞ്ഞ ദിവസം പുലർച്ചെയെത്തുകയായിരുന്നു. സമയം 3 മണി ഉദ്യോഗസ്ഥർ പതുങ്ങി വീടിന് സമീപം എത്തി. നല്ല മഴ പെയ്യുന്ന സമയം കൂടിയായിരുന്നു. വീട്ടിലെ രണ്ട് എ.സികൾ ഈ സമയം പ്രവർത്തിക്കുന്നുണ്ടായിരുന്നു. മീറ്ററിനടുത്തെത്തി പരിശോദിച്ചപ്പോൾ സ്‌ക്കവാഡുകാർ ഞെട്ടി. പോസ്റ്റിൽ നിന്നും മീറ്ററിലേക്ക് വരുന്ന വയറിൽ നിന്നും മറ്റൊരു കണക്ഷൻ വീടിനുള്ളിലേക്ക് പോകുന്നു. ഉദ്യോഗസ്ഥർ ഇവയെല്ലാം ക്യാമറയിൽ പകർത്തി. പിന്നീട് ഉറങ്ങുകയായിരുന്ന വീട്ടുകാരെ വിളിച്ചുണർത്തി.

കെ.എസ്.ഇ.ബിയിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ ഇവരോട് ആദ്യം തട്ടിക്കയറി. പാതിരാത്രിയിലാണോടാ നിന്റെ പരിശോദന എന്ന് ചോദിച്ചായിരുന്നു ആക്രോശം. എന്നാൽ വിജിലൻസിൽ നിന്നാണെന്ന പറയുകയും മോഷണം കണ്ടെത്തി എന്ന് പറയുകയുമായിരുന്നു. ആദ്യം ഇത് സമ്മതിക്കാതിരുന്ന ഇയാളെ മീറ്ററിനടുത്തു കൊണ്ടുപോയി കാണിച്ചു കൊടുത്തു. ഉദ്യോഗസ്ഥർ തന്നെ വയർ വിച്ഛേദിച്ചപ്പോൾ എ.സിയുടെ പ്രവർത്തനം നിലച്ചു. ഇതോടെ ഇക്കാര്യം പുറത്തറിയിക്കരുതെന്നും തനിക്ക് തലയുയർത്തി നടക്കാനാവില്ലെന്നും എത്ര രൂപ വേണമെങ്കിലും തരാമെന്നുമൊക്കെ പറഞ്ഞു നോക്കി. ഉദ്യോഗസ്ഥർ ഈ പ്രലോഭനങ്ങളിൽ ഒന്നും വീഴാതെ കേസെടുക്കുകയായിരുന്നു.

കൈയോടെ പിടിക്കപ്പെട്ടതിനാൽ സ്‌ക്വാഡ് ചുമത്തിയ 1,32,000 രൂപ അടച്ച് പൊലീസുകാരൻ തടിയൂരി. വൈദ്യുതി കണക്ഷൻ അച്ഛന്റെ പേരിലായതിനാൽ വകുപ്പ്തല നടപടി ഉണ്ടാകില്ല. എ.ആർ ക്യാമ്പിൽ നിന്ന് ഡ്യൂട്ടി ക്രമീകരണത്തിൽ ശാസ്താംകോട്ട സ്റ്റേഷനിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് സോമൻ. രാത്രിയിലായിരുന്നു സോമന്റെ വൈദ്യുതി മോഷണം. മീറ്ററിലേക്കുള്ള വയറിൽ നിന്നും കണക്ഷൻ എടുത്ത് ഉപയോഗിക്കും. രാവിലെ ആകുമ്പോൾ പൂർവ്വ സ്ഥിതിയിലാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP