Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പുലിമുരുകൻ' പിടികൂടിയത് 'പ്രേമം' പൊളിക്കാൻ നോക്കിയവരെ; റിലീസിങ് ദിവസം തിയേറ്ററിലെത്തി ക്യാമറയിൽ സിനിമ പകർത്തും; അടുത്ത ഷോയ്ക്ക് മുമ്പേ സൈറ്റിലും എത്തിക്കും; തമിഴ് റോക്കേഴ്‌സിനെ പിടിച്ച് പൈറസി വേട്ടയിലെ കേരളാ പൊലീസ് മെഗാ സ്റ്റാറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുലിമുരുകനിലൂടെ മോഹൻലാൽ തെന്നിന്ത്യൻ സൂപ്പർതാരമായി. കേരളാ പൊലീസ് ഇന്ത്യൻ സിനിമയുടെ തന്നെ രക്ഷകരും. പുലി മുരുകന്റെ വ്യാജ പതിപ്പിലെ അന്വേഷണം എത്തിച്ചത് വന്മാഫിയയിലാണ്. കബാലി ഉൾപ്പെടെയുള്ള സിനിമകളുടെ വ്യാജൻ പ്രചരിപ്പിച്ച സംഘത്തെ കേരളാ പൊലീസ് സമർത്ഥമായി കുടുക്കി. തെന്നിന്ത്യൻ സിനിമയേയും ബോളിവുഡിനേയും നഷ്ടക്കണക്കുകളിലേക്ക് തള്ളിവിട്ട് വിരുതന്മാരെയാണ് കേരളാ പൊലീസ് പൊക്കിയത്. ഇതോടെ വർഷങ്ങളായി തുടർന്നുവന്ന വ്യാജ പതിപ്പുകളുടെ പ്രചാരണത്തിന് അറുതിയാകുമെന്നാണ് സിനിമാ ലോകത്തിന്റെ പ്രതീക്ഷ. അങ്ങനെ നൂറ് കോടി ക്ലബ്ബിലെത്തി മലയാള സിനിമയ്ക്ക് പുതു ജീവൻ നൽകിയ പുലി മുരുകൻ ഇന്ത്യൻ സിനിമയ്ക്കാകെ അതിജീവനത്തിന് കരുത്താവുകായണ്.

പുലിമുരുകന്റെ വ്യാജ പതിപ്പിറക്കിയതുമായി ബന്ധപ്പെട്ട് ആന്റി പൈറസി വിഭാഗത്തിന്റെ പിടിയിലായത് കരുതലോടെ പ്രവർത്തിച്ച വ്യാജ വിഡിയോ മാഫിയയാണ്. കോടികളുടെ മുടക്കും താരമൂല്യവുമുള്ള ചിത്രങ്ങളുടെ വ്യാജ പതിപ്പ് റിലീസിങ് ദിവസംതന്നെ സൈറ്റുകളിൽ അപ് ലോഡ് ചെയ്ത് കോടികളുണ്ടാക്കിയവർ. ഇതിനിടെയിൽ പെട്ടുപോയത് പാവപ്പെട്ട നിർമ്മാതാക്കളാണ്. രാമനാഥപുരം പരമക്കുടി സിരഹിക്കോട്ട കീല സ്ട്രീറ്റിൽ ഹൗസ് നമ്പർ 3/82ൽ ശ്രീനിവാസന്റെ മകൻ സതീഷ് (25), കോയമ്പത്തൂർ പീലമേട് മുരുകനഗറിൽ സി. 68 ഹൗസിൽ ഭുവനേഷ് ( 40) എന്നിവരാണ് പിടിയിലായത്. ഇതോടെ തമിഴ് റോക്കേഴ്‌സിന്റെ പ്രവർത്തനം നിലയ്ക്കുമെന്നാണ് പ്രതീക്ഷ.

താരപ്പൊലിമയും കോടികളുടെ മുടക്കുമുള്ള സിനിമകൾ ഏത് ഭാഷയിലായാലും സതീഷും ഭുവനേഷും റിലീസിങ് ദിവസം തന്നെ തിയേറ്ററുകളിലെത്തും. തങ്ങളുടെ കൈവശമുള്ള മുന്തിയ ഇനം കാമറയിൽ സിനിമ പകർത്തി അടുത്ത ഷോയ്ക്ക് മുന്നേ സൈറ്റുകളിൽ അപ് ലോഡ് ചെയ്യും. ഈ വിവരം വ്യാജ മെയിൽ, ഫേസ് ബുക്ക് അക്കൗണ്ടുകൾ വഴി ഇവർ തന്നെ പ്രചരിപ്പിക്കും. അതോടെ വിദ്യാർത്ഥികളും ടീനേജുകാരുമുൾപ്പെടെ സൈറ്റുകളിൽ നിന്ന് ഇവ കോപ്പി ചെയ്യും. തിരുവനന്തപുരത്ത് സെൻസറിംഗിനെത്തിയ പതിപ്പിൽ നിന്ന് ജീവനക്കാരൻ പെൻഡ്രൈവിൽ പകർത്തിയ പ്രേമം സിനിമ തമിഴ് റോക്കേഴ്‌സിന്റെ കൈവശമെത്തിയതുകൊല്ലത്തുനിന്നുള്ള ഒരു കോളേജ് വിദ്യാർത്ഥി വഴിയായിരുന്നു. പ്രമേത്തിന് പിറകെ പുലിമുരുകനും തമിഴ് റോക്കേഴ്‌സിനെ തകർക്കാനെത്തി.

തമിഴ് റോക്കേഴ്‌സ് സൈറ്റിന്റെ അഡ്‌മിനിസ്‌ട്രേറ്റർമാരാണ് പിടിയിലായവർ. ഐ.ടി.ഐയും കമ്പ്യൂട്ടർ പരിശീലനവും നേടിയിട്ടുള്ള സതീഷും ബിരുദാനന്തര ബിരുദധാരിയായ ഭുവനേഷും ഏതാനും വർഷം മുമ്പാണ് തമിഴ് റോക്കേഴ്‌സ് എന്ന സൈറ്റുണ്ടാക്കി സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കാൻ തുടങ്ങിയത്. കോയമ്പത്തൂരും ചെന്നൈയും കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. തമിഴ്, മലയാളം, ഹിന്ദി, ഉറുദു, തെലുങ്ക് തുടങ്ങിയ ഭാഷകളിലേയും വിദേശ ചിത്രങ്ങളുമടക്കം ആയിരക്കണക്കിന് സിനിമകളാണ് ഏതാനും വർഷങ്ങൾക്കകം ഇവർ കോപ്പി ചെയ്ത് പ്രചരിപ്പിച്ചത്. രാജ്യാന്തര ബന്ധമുള്ള വൻ ശൃംഖല ഇവർക്ക് പിന്നിലുണ്ടെന്നാണ് പൊലീസ് നിഗമനം.

ലക്ഷക്കണക്കിനുപേർ വർഷങ്ങളായി ഇവരുടെ ടോറന്റ് സൈറ്രുകളിൽ നിന്ന് സിനിമകൾ ഡൗൺലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ് റോക്കേഴ്‌സിനു പുറമേ റോക്കേഴ്‌സ് ഇൻ, റോക്കേഴ്‌സ് ലാ, തിരുട്ട് വിസിഡ് തുടങ്ങിയ സൈറ്റുകൾ വഴിയും സിനിമകൾ പ്രചരിപ്പിച്ചിരുന്നു. രണ്ട് വർഷം മുമ്പ് പ്രേമമെന്ന മലയാളം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതു മുതൽ തുടങ്ങിയ അന്വേഷണമാണ് പുലിമുരുകനിലൂടെ അറസ്റ്റിലേക്ക് എത്തുന്നത്. രജനികാന്തിന്റെ കബാലിയുൾപ്പെടെ പുതിയ തമിഴ് ചിത്രങ്ങളും ഇവർ പ്രചരിപ്പിച്ചിരുന്നെങ്കിലും പൈറസികേസുകളുടെ അന്വേഷണത്തിൽ തമിഴ്‌നാട് പൊലീസ് ശക്തമായ ഇടപെടൽ നടത്താതിരുന്നത് ഇവർക്ക് തുണയായി.

കോയമ്പത്തൂർ ടൗണിലെയും ചെന്നൈ നഗരത്തിലെയും തമിഴ് റോക്കേഴ്‌സിന്റെ ഓഫീസുകൾ അന്വേഷിച്ച് കേരളാ പൊലീസിലെ ആന്റി പൈറസി വിഭാഗം അവിടെയെത്തിയത് ജയലളിത മരണപ്പെട്ട ദിവസമായിരുന്നു. അതുകൊണ്ട് തന്നെ ഒരു സംശയവും തോന്നാതെ ഓപ്പറേഷന് കഴിഞ്ഞു. പുലിമുരുകൻ അപ് ലോഡ് ചെയ്ത തമിഴ് റോക്കേഴ്‌സെന്ന സൈറ്റിന്റെ ഐ.പി അഡ്രസ് കണ്ടെത്തിയതായിരുന്നു നിർണ്ണായകമായത്. വ്യാജ വിലാസത്തിൽ തരപ്പെടുത്തിയ ഇന്റർനെറ്റ് കണക്ഷന്റെ ഉടമയെ കണ്ടെത്താൻ സൈബർ പൊലീസ് സഹായത്തോടെ നടത്തിയ നിരീക്ഷണമാണ് വഴിത്തിരിവായത്. ഇത് ചെന്നെത്തിയത് നെറ്റ് വർക്കിങ് ആൻഡ് വെബ് സൈറ്റ് ഡിസൈനിംഗെന്ന ബോർഡുവച്ച സ്ഥാപനത്തിൽ.

കമ്പ്യൂട്ടർ പരിശീലന കേന്ദ്രത്തിന്റെ ശൈലിയിൽ ഫർണിഷ് ചെയ്ത സ്ഥാപനത്തിൽ വെബ് ഡിസൈനർമാരെന്ന പേരിൽ ഏതാനും പേർ. ഡയറക്ടറുടെ മുറികളിലൊന്നിൽ ഭുവനേഷ്. മഫ്ടിയിലെത്തി, പൊലീസാണെന്ന് പറയാതെയായിരുന്നു വിവരങ്ങൾ തേടിയത്. ഭുവനേഷിന്റെ ഓഫീസിലെ കമ്പ്യൂട്ടറുകൾ സൈബർ വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് വെബ് ഡിസൈനർമാരെന്ന പേരിൽ അവിടെയുണ്ടായിരുന്ന പലരുടെയും പേരിൽ ഭുവനേഷും സതീഷും ചേർന്ന് വ്യാജ മെയിൽ ഐ.ഡി നിർമ്മിച്ച് പുതിയ സിനിമകൾ സൈറ്റുകളിൽ അപ് ലോഡ് ചെയ്തതായി കണ്ടെത്തിയത്. വെബ് ഡിസൈനർമാർക്ക് സിനിമകളുടെ വ്യാജപ്പതിപ്പ് പ്രചരിപ്പിച്ചിരുന്നതായി അറിയില്ലായിരുന്നു

മോഷ്ടിച്ച സിനിമകൾ പ്രചരിപ്പിക്കുന്ന സൈറ്റുകളിൽ നൽകുന്ന പരസ്യങ്ങൾ ഡിസൈൻ ചെയ്യുന്ന ജോലികൾക്കാണ് ഇവരെ നിയോഗിച്ചിരുന്നത്. പരസ്യങ്ങൾക്കൊപ്പം സിനിമകൾ ഡൗൺ ലോഡ് ചെയ്യുമ്പോൾ ലഭിക്കുന്ന വരുമാനത്തിൽ നിന്നായിരുന്നു ജീവനക്കാർക്ക് ശമ്പളം നൽകിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP