Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പണംവാങ്ങി ഏറെയായിട്ടും ഫ്ളാറ്റ് നൽകുന്നില്ല; പണി ഉടൻ പൂർത്തിയാക്കാം എന്ന് പറഞ്ഞ് കൈമാറിയെങ്കിലും പിന്നെ തിരിഞ്ഞു നോക്കുന്നേയില്ല; മാലിന്യം പൊതുസ്ഥലത്ത് ഒഴുക്കുന്നതായും ആക്ഷേപം; സൗപർണിക ബിൽഡേഴ്സിന് എതിരെ പരാതി നൽകി നിക്ഷേപകരും നാട്ടുകാരും; സമ്പാദ്യം മുഴുവൻ ഫ്ളാറ്റിൽ നിക്ഷേപിക്കുന്നവരും വാഗ്ദാനങ്ങളിൽ മയങ്ങി പണം നൽകുന്നവരും കൺതുറന്ന് കാണാൻ ഒരു ഫ്ളാറ്റ് തട്ടിപ്പുകൂടി;പരാതികൾ ഒറ്റപ്പെട്ടതെന്ന് ഫ്‌ളാറ്റ് നിർമ്മാതാക്കൾ

പണംവാങ്ങി ഏറെയായിട്ടും ഫ്ളാറ്റ് നൽകുന്നില്ല; പണി ഉടൻ പൂർത്തിയാക്കാം എന്ന് പറഞ്ഞ് കൈമാറിയെങ്കിലും പിന്നെ തിരിഞ്ഞു നോക്കുന്നേയില്ല; മാലിന്യം പൊതുസ്ഥലത്ത് ഒഴുക്കുന്നതായും ആക്ഷേപം; സൗപർണിക ബിൽഡേഴ്സിന് എതിരെ പരാതി നൽകി നിക്ഷേപകരും നാട്ടുകാരും; സമ്പാദ്യം മുഴുവൻ ഫ്ളാറ്റിൽ നിക്ഷേപിക്കുന്നവരും വാഗ്ദാനങ്ങളിൽ മയങ്ങി പണം നൽകുന്നവരും കൺതുറന്ന് കാണാൻ ഒരു ഫ്ളാറ്റ് തട്ടിപ്പുകൂടി;പരാതികൾ ഒറ്റപ്പെട്ടതെന്ന് ഫ്‌ളാറ്റ് നിർമ്മാതാക്കൾ

അരുൺ ജയകുമാർ

തിരുവനന്തപുരം: ജീവിതസമ്പാദ്യം മുഴുവൻ ഫ്‌ളാറ്റുകളിൽ നിക്ഷേപിക്കുന്നവരും തലചായ്ക്കാൻ സ്വന്തമായി ഒരിടം എന്ന സ്വപ്‌നത്തിൽ ഫ്‌ളാറ്റുകൾ വാങ്ങുന്നവരും വായിച്ചറിയാൻ തട്ടിപ്പിന്റെ ഒരു കഥകൂടി. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗപർണിക ബിൽഡേഴ്സിന്റെ തിരുവനന്തപുരം നഗരത്തിലെ ഫ്ളാറ്റിനെതിരെ വ്യാപക ആക്ഷേപം ഉയരുകയാണിപ്പോൾ.

ഫ്‌ളാറ്റിനായി പണം നൽകിയവർ പരാതിയുമായി പൊലീസിനേയും അധികാരികളേയും സമീപിച്ചുകഴിഞ്ഞു. ലക്ഷങ്ങൾ കൈപ്പറ്റിയ ശേഷം ഫ്ളാറ്റ് നൽകിയില്ലെന്ന് മാത്രമല്ല നഗരസഭയുടെ അനുവാദമില്ലാതെ അനധികൃതമായി നിലകൾ കെട്ടിപൊക്കിയതായും ആക്ഷേപമുണ്ട്. പ്രവാസികൾ ഉൾപ്പടെ നിരവധിപേരാണ് ഇവിടെ ഫ്‌ളാറ്റിനായി ലക്ഷങ്ങൾ നൽകിയ ശേഷം കാത്തിരിക്കുന്നത്.

സ്വന്തമായി ഒരു കിടപ്പാടം എന്ന മോഹവുമായി എത്തി ബിൽഡർമാരുടെ മോഹന വാഗ്ദാനങ്ങളിൽ വിശ്വസിച്ച് ഒരു ആയുസ്സിന്റെ മൊത്തം സമ്പാദ്യം കൈവിട്ട് പോകുന്നത് ആദ്യത്തെ സംഭവമല്ല. തലസ്ഥാന നഗരത്തിൽ തന്നെ പല പ്രമുഖ ഫ്ളാറ്റ് നിർമ്മാതാക്കൾ നടത്തുന്ന സമാനമായ തട്ടിപ്പ് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.

തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂളിന് എതിർവശം സ്ഥിതി ചെയ്യുന്ന സൗപർണ്ണിക ഫ്ളാറ്റിനെതിരെ പരാതി നൽകിയിരിക്കുകയാണ് ഫ്ളാറ്റിലെ താമസക്കാരനായ മനോജ് സാമുവൽ എന്ന എഞ്ചിനീയർ. പറഞ്ഞ സമയം പല തവണ കഴിഞ്ഞിട്ടും കെട്ടിടം പണി പൂർത്തിയാക്കി ഫ്ളാറ്റ് നൽകാതെ വന്നതോടെയാണ് മനോജിന് പരാതിയുമായി അധികൃതരെ സമീപിക്കേണ്ടി വന്നത്.

മൂന്ന് വർഷത്തിന് മുൻപ് 53 ലക്ഷത്തിൽ പരം രൂപ നൽകിയപ്പോൾ ഒരു വർഷത്തെ സമയമാണ് ഫ്ളാറ്റ് നിർമ്മാണം പൂർത്തിയാക്കി നൽകുന്നതിന് സൗപർണിക ബിൽഡേഴ്സിന്റെ ഉടമകൾ ആവശ്യപ്പെട്ടിരുന്നത്. സൗപർണിക ഷിർദി എന്ന ഫ്ളാറ്റിന്റെ രണ്ടാം ഫേസിലേക്കാണ് മനോജ് പണം നൽകിയത്. വാടകയ്ക്ക് താമസിച്ചിരുന്ന സമയത്താണ് ലോൺ എടുത്തും സമ്പാദ്യം മുഴുവൻ സ്വരൂപിച്ചും നൽകിയ പണമാണ് ഇവർക്ക് ഇപ്പോൾ നഷ്ടമായത്. ഫ്ളാറ്റിന്റെ നാലാം നിലയിലെ 4എം എന്ന ഫ്ളാറ്റിനാണ് പണം നൽകിയത്. ഓരോ തവണ നിർമ്മാണ പുരോഗതിയെ സംബന്ധിച്ച് വിവരം അന്വേഷിക്കുമ്പോഴും മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് ഒഴിവാക്കുകയാണ് പതിവെന്നും മനോജ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ഒടുവിൽ 2017 മെയ് മാസത്തോടെ തൽക്കാലം താമസയോഗ്യമാക്കി നൽകാമെന്നും ഉടനെ തന്നെ ബാക്കി പണികൾ മുഴുവനായും തീർത്ത് നൽകുകയും ചെയ്യാം എന്നുമാണ് പറഞ്ഞത്. പക്ഷേ, താമസമാരംഭിച്ചിട്ടും പറഞ്ഞ സൗകര്യങ്ങൾ ലഭ്യമാക്കുന്ന ഒരു ഇടപെടലുകളും ഉണ്ടായില്ല. ലിഫ്റ്റ് സൗകര്യമോ ഡ്രൈനേജ് സൗകര്യങ്ങളോ കുടിവെള്ളമോ പോലും മര്യാദയ്ക്ക് ലഭിക്കുന്ന രീതിയിൽ ഒരു സജ്ജീകരണങ്ങളും ഇവിടെ ഇല്ലെന്നും മനോജ് പരാതിയിൽ പറയുന്നു. ലക്ഷങ്ങൾ നൽകിയ ശേഷവും തങ്ങൾക്ക് ലഭിക്കേണ്ട സൗകര്യങ്ങൾ ലഭിക്കാത്തതിനെ തുടർന്നുണ്ടായ. മാനസിക പീഡനത്തിന് നഷ്ടപരിഹാരവും മനോജ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

2009ൽ ഇതേ ഫ്ളാറ്റിന്റെ ഫേസ് വൺ താമസക്കാർക്ക് നൽകിയിരുന്നു. ഇവിടെയും അസൗകര്യങ്ങൾ ഏറെയാണെന്ന് പരാതികളുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവരുടേതുൾപ്പടെ പണം കൈപ്പറ്റിയ ശേഷമാണ് ഫ്ളാറ്റ് നിർമ്മാതാക്കളുടെ കള്ളക്കളിയെന്നാണ് ആക്ഷേപം. ഫ്ളാറ്റ് നിർമ്മിച്ച് നൽകാത്തതിലെ പരാതി നേരിട്ട് സൗപർണിക ബിൽഡേഴ്സ് ഉടമയ്ക്ക് നൽകമെന്ന് കരുതി ഉടമയായ രാംജി സുബ്രഹ്മണ്യത്തെ നേരിട്ട് കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും മനോജ് പറയുന്നു. ഫ്ളാറ്റ് നിർമ്മാതാക്കളായ സാംസൺ, ശ്രീധന്യ, ക്രിസ്റ്റൽ എന്നീ ഗ്രൂപ്പുകളുടെ തട്ടിപ്പുകളെക്കുറിച്ച് നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.

മുക്കോല സെന്റെ തോമസ് സ്‌കൂളിന് മുന്നിൽ സ്ഥിതി ചെയ്യുന്ന സൗപർണ്ണിക ഷിർദി ഫ്ളാറ്റ് ഫേസ് 1ന് എതിരെ നാട്ടുകാർക്കും വ്യാപകമായ പരാതിയുണ്ട്. ഇവിടെ നിന്നുള്ള മലിന ജലം ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുക്കി വിട്ടതിനെതിരെ നിരവധി തവണ നാട്ടുകാർ പരാതിപ്പെട്ടുകഴിഞ്ഞു. എന്നാൽ ഫലമുണ്ടായില്ല. കേടുപാടുകൾ പരിഹരിക്കാനും പ്രശ്നത്തിൽ ഇടപെടാനും ഫ്ളാറ്റ് നിർമ്മാതാക്കൾ തയ്യാറായില്ല. ഇതിനെതുടർന്ന് ബിജെപിയുടെ നേതൃത്വത്തിൽ ജനകീയ സമരവും നടക്കുകയാണ് ഇവിടെ.

അതേ സമയം ഫ്‌ളാറ്റിലെ മറ്റ് നിരവധി താമസക്കാർക്ക് ഇത്തരത്തിൽ പരാതികളില്ലെന്നും നഗരസഭയുടെ പെർമിറ്റില്ലാതെയാണ് കെട്ടിടത്തിന്റെ നിർമ്മാണമെന്നത് ശരിയല്ലെന്നും, ഫ്‌ളാറ്റ് തട്ടിപ്പ് നടന്നിട്ടില്ലെന്നും സൗപർണിക ബിൽഡേഴ്‌സ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഡ്രയ്‌നേജ് സംബന്ധമായ പരാതികളുള്ളത് മുൻപ് കൈമാറിയ ഫെയ്‌സ് ഒന്നിലെതാണെന്നും അവർ കൂട്ടിച്ചേർത്തു. ഫ്‌ളാറ്റ് നിർ്മ്മാണ പ്രവർത്തനത്തിൽ ബാക്കിയുള്ള താമസക്കാർക്ക് പൂർണ തൃപ്തിയുണ്ടെന്നും പണം നൽകിയ പല നിക്ഷേപകരോടും ഇക്കാര്യം വ്യക്തമാക്കിയതാണന്നും അവർ പറഞ്ഞു. ഇപ്പോൾ പരാതി ഉന്നയിക്കുന്നയാൾ പോലും ഫ്‌ളാറ്റിൽ തന്നെയാണ് താമസമെന്നും ബാ്കകി പണികൾ നിസ്സാരമായതാണെന്നും എത്രയും വേഗം അത് പൂർത്തിയാകുമെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP