Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രളയജലം ഇറങ്ങിപ്പോയപ്പോൾ കല്ലറ തുറന്ന് പുറത്തു വന്നത് 14 മൃതദേഹങ്ങൾ; കുത്തൊഴുക്കിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ സെമിത്തേരി തകർന്നിട്ടും ആരുംഅറിയാതിരിക്കാൻ ടാർപ്പാളിൻ കെട്ടി മൂടി: നാട്ടുകാർ അറിഞ്ഞപ്പോൾ സംഘർഷാവസ്ഥ; കല്ലറയ്ക്ക് അനുമതിയില്ലെന്ന് നാട്ടുകാരും ഉണ്ടെന്ന് സഭാ അധികൃതരും: പത്തനംതിട്ട റിങ് റോഡിൽ ദുർഗന്ധം; പ്രതിഷേധിച്ചവരെ വിരട്ടി ഓടിച്ച് പൊലീസ്

പ്രളയജലം ഇറങ്ങിപ്പോയപ്പോൾ കല്ലറ തുറന്ന് പുറത്തു വന്നത് 14 മൃതദേഹങ്ങൾ; കുത്തൊഴുക്കിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ സെമിത്തേരി തകർന്നിട്ടും ആരുംഅറിയാതിരിക്കാൻ ടാർപ്പാളിൻ കെട്ടി മൂടി: നാട്ടുകാർ അറിഞ്ഞപ്പോൾ സംഘർഷാവസ്ഥ; കല്ലറയ്ക്ക് അനുമതിയില്ലെന്ന് നാട്ടുകാരും ഉണ്ടെന്ന് സഭാ അധികൃതരും: പത്തനംതിട്ട റിങ് റോഡിൽ ദുർഗന്ധം; പ്രതിഷേധിച്ചവരെ വിരട്ടി ഓടിച്ച് പൊലീസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പ്രളയജലം നാട്ടുകാരെ മരണത്തിലേക്ക് തള്ളിവിടുക മാത്രമല്ല ചെയ്തത്; മരിച്ചവരെ തിരിച്ചു കൊണ്ടുവരിക കൂടിയാണ്. ഇരമ്പിയാർത്തു വന്ന പ്രളയജലം ഇറങ്ങിപ്പോയപ്പോൾ കല്ലറ തുറന്ന് പുറത്തു വന്നത് 14 മൃതദേഹങ്ങൾ. നാട്ടുകാർ കണ്ടാൽ കുഴപ്പമാകുമെന്ന് കണ്ട് സഭ അധികൃതർ ടാർപ്പാളിൻ കെട്ടി മൂടി. പ്രതിഷേധിച്ച നാട്ടുകാരെ പൊലീസ് വിരട്ടി ഓടിച്ചു. രണ്ടു കവർ ബ്ലീച്ചിങ് പൗഡർ കല്ലറയ്ക്കു ചുറ്റും വിതറിയതോടെ നഗരസഭയുടെ സാമൂഹിക പ്രതിബദ്ധതയും അവസാനിച്ചു. പ്രളയജലം ഇറങ്ങിപ്പോയ വഴികളിൽ നീളെ മാരക പകർച്ച വ്യാധിക്ക് ഇടയാക്കുന്ന ഈ പ്രവൃത്തിക്കെതിരേ ജില്ലാ ഭരണകൂടം അനങ്ങുന്നില്ല.

ടൗണിൽ റിങ് റോഡിൽ കോ-ഓപ്പറേറ്റീവ് കോളജിന് പിന്നിലായുള്ള ചർച്ച് ഓഫ് ഗോഡിന്റെ കല്ലറയാണ് പ്രളയത്തിൽ തകർന്നത്. 14 മൃതദേഹങ്ങളാണ് ഇവിടെ അടക്കം ചെയ്തിരുന്നത്. ശവപ്പെട്ടിയും കല്ലറയും തകർന്ന് പുറത്തേക്ക് വന്നു. വിവരമറിഞ്ഞ് നാട്ടുകാർ സംഘടിച്ചതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധിച്ചവരെ പൊലീസ് വിരട്ടിയോടിച്ചു. അനുവാദമില്ലാതെയാണ് ഇവിടെ കല്ലറ നിർമ്മിച്ചതെന്നും രഹസ്യമായിട്ടാണ് സംസ്‌കാരം നടത്തിയിരുന്നതെന്നും നാട്ടുകാർ ആരോപിച്ചു. എന്നാൽ, 2011 മുതൽ തങ്ങൾക്ക് ഇവിടെ സംസ്‌കാരം നടത്താനുള്ള അനുമതിയുണ്ടെന്നാണ് സഭയുടെ ഭാരവാഹികൾ പറയുന്നത്. ഒരു സ്‌കൂൾ, കോളജ്, ജനവാസ കേന്ദ്രം, നീരൊഴുക്ക് പ്രദേശം എന്നിവ തൊട്ടടുത്തുണ്ടായിരിക്കേ ആരാണ് ഇവിടെ ശവസംസ്‌കാരത്തിന് അനുമതി നൽകിയതെന്ന് ചോദ്യത്തിന് ഇവർക്ക് മറുപടിയില്ല.

വ്യാഴാഴ്ചയാണ് ഈ ഭാഗത്ത് പ്രളയജലം മൂടിയത്. ശനിയാഴ്ച വൈകിട്ടാണ് ജലം ഇറങ്ങിപ്പോയത്. ഇതോടെയാണ് കല്ലറ തുറന്ന് മൃതദേഹം പുറത്ത് വന്ന വിവരം സഭ അധികൃതർ അറിഞ്ഞത്. ഇവർ ക്രെയിൻ കൊണ്ടുവന്ന് വലിയ ടാർപ്പാളിൻ ഉപയോഗിച്ച് കല്ലറയുടെ മുഖപ്പ് മൂടുകയായിരുന്നു. ഇതിനിടയിലൂടെ മൃതദേഹങ്ങൾ നാട്ടുകാർ കണ്ടതോടെയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രശ്നമുണ്ടായത്. സിപിഎം ടൗൺ ലോക്കൽ സെക്രട്ടറി കെ അനിൽകുമാറിന്റെ നേതൃത്വത്തിലാണ് നാട്ടുകാർ സംഘടിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് നാട്ടുകാരെ വിരട്ടിയോടിക്കുകയാണ് ചെയ്തത്. കല്ലറ സഭാ അധികൃതർ തന്നെ ശരിയാക്കാമെന്നാണ് ഉറപ്പു നൽകിയിരിക്കുന്നത്.

നഗരസഭ ആരോഗ്യവിഭാഗം പ്രദേശത്ത് ബ്ലീച്ചിങ് പൗഡർ തളിച്ചു. രൂക്ഷമായ ദുർഗന്ധമാണ് പ്രദേശത്തുള്ളത്. കോ-ഓപ്പറേറ്റീവ് കോളജിന്റെ ഭാഗത്താണ് പത്തനംതിട്ടയിൽ ഏറ്റവും ആദ്യം വെള്ളം കയറുന്നത്. ഒരു ചെറിയ മഴയ്ക്ക് പോലും കോളജും അതിനോട് ചേർന്ന ചർച്ച് ഓഫ് ഗോഡിന്റെ ആരാധനാ കേന്ദ്രവും മുങ്ങും. ഇങ്ങനെയുള്ള സ്ഥലത്ത് കല്ലറ നിർമ്മിക്കാൻ സഭയ്ക്ക് ആരാണ് അനുമതി നൽകിയത് എന്ന കാര്യം വ്യക്തമല്ല. എപ്പോഴാണ് ഇവിടെ സംസ്‌കാരം തുടങ്ങിയത് എന്ന് പരിസരവാസികൾക്കും അറിയില്ല. ഇതിനെതിരേ നാളെ മുതൽ പ്രക്ഷോഭം ശക്തമാക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP