Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോഗ്യവകുപ്പിൽ വീണ്ടും നിയമന വിവാദം: പത്തനംതിട്ട സ്റ്റാഫ് ഗ്രേഡ് നിയമനത്തിൽ വൻ ക്രമക്കേട്: സി.പി.എം യൂണിയനിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ: പുലിവാലാകും മുൻപേ കുറ്റക്കാർക്കെതിരേ നടപടിയെടുത്ത് ആരോഗ്യമന്ത്രി തലയൂരി

ആരോഗ്യവകുപ്പിൽ വീണ്ടും നിയമന വിവാദം: പത്തനംതിട്ട സ്റ്റാഫ് ഗ്രേഡ് നിയമനത്തിൽ വൻ ക്രമക്കേട്: സി.പി.എം യൂണിയനിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ: പുലിവാലാകും മുൻപേ കുറ്റക്കാർക്കെതിരേ നടപടിയെടുത്ത് ആരോഗ്യമന്ത്രി തലയൂരി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശിശുക്ഷേമ സമിതിയിലെ നിയമനം വിവാദമായതിന് പിന്നാലെ ആരോഗ്യവകുപ്പിൽ വീണ്ടും നിയമന വിവാദം. ജില്ലയിൽ 31 പേരുടെ സീനിയോറിട്ടി മറികടന്ന് സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 തസ്തികയിൽ 32 -ാം റാങ്കുകാരിയെ നിയമിച്ചു. മറ്റ് ഉദ്യോഗാർഥികളുടെ പരാതി പൂഴ്‌ത്തി. ഒടുവിൽ, ജില്ലാ മെഡിക്കൽ ഓഫീസിൽ മിന്നൽ പരിശോധന നടത്തിയ, സെക്രട്ടറിയേറ്റ് പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര അഡ്‌മിനിസ്ട്രേറ്റീവ് വിജിലൻസ് സെൽ ആണ് ക്രമക്കേട് കണ്ടു പിടിച്ച് റിപ്പോർട്ട് ചെയ്തത്.

സി.പി.എം അനുകൂല സംഘടനയിൽപ്പെട്ട രണ്ട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് തലവലിച്ചിരിക്കുയാണ് ആരോഗ്യവകുപ്പ്. ഡിഎംഓഫീസിലെ സീനിയർ സൂപ്രണ്ട് (ജനറൽ) ബിജി സി. മാത്യു, സീനിയർ ക്ലാർക്ക് സലീലാമ്മ എന്നിവരെയാണ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. ശ്രീനിവാസ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ബിജി കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെയും സലീലാമ്മ എൻജിഓ യൂണിയന്റെയും ഭാരവാഹികളാണ്. ഇവർക്ക് വേണ്ടി ഇടതുപക്ഷ യൂണിയൻ നേതാക്കൾ അണിയറയിൽ ശക്തമായ ചരടുവലി നടത്തിയെങ്കിലും നടപടി വൈകിപ്പിക്കാൻ മാത്രമാണ് കഴിഞ്ഞത്. ക്രമക്കേട് ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസ് കർശന നടപടി സ്വീകരിക്കാൻ ഉത്തരവ് നൽകിയതിനെ തുടർന്നാണ് സസ്പെൻഷൻ. ശിശുക്ഷേമ സമിതിയിലെ നിയമനത്തിന്റെ പേരിൽ കോടതി പരാമർശം നേരിടേണ്ടി വന്ന ആരോഗ്യമന്ത്രി കൂടി കൈവിട്ടതോടെയാണ് ഉദ്യോഗസ്ഥർക്ക് പണി കിട്ടിയത്.

സംഭവം നടക്കുന്ന സമയത്ത് ഡിഎംഓ ആയിരുന്ന ഡോ. സഫിയ ബാനു, അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തുളസീഭായി എന്നിവർക്കും സംഭവത്തിൽ പങ്കുണ്ട്. ഇവർ വിരമിച്ചതിനാൽ എന്തു നടപടി എടുക്കണമെന്നതിനെക്കുറിച്ച് ആലോചിച്ചു വരികയാണ്. പിഎസ്‌സി നൽകിയ ശിപാർശയും സീനിയോറിട്ടിയും മറികടന്ന് നിയമനം നടത്തിയതിനാണ് ഉദ്യോഗസ്ഥർക്കെതിരേ നടപടി ഉണ്ടായത്. ഇതു സംബന്ധിച്ച് ഉദ്യോഗാർഥികൾ പിഎസ്‌സിക്കും ആരോഗ്യവകുപ്പിനും പരാതി നൽകിയിരുന്നു. ഇത് പൂഴ്‌ത്തി വച്ച് കുറ്റക്കാരായ ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമമാണ് നടന്നത്. ഇതിനിടെ കഴിഞ്ഞ ജൂലൈ 18 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ മിന്നൽ പരിശോധന നടത്തിയ, സെക്രട്ടറിയേറ്റ് പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര അഡ്‌മിനിസ്ട്രേറ്റീവ് വിജിലൻസ് സെൽ ആണ് ക്രമക്കേട് കണ്ടു പിടിച്ച് റിപ്പോർട്ട് ചെയ്തത്.

സ്റ്റാഫ് നഴ്സുമാരുടെ 31 ഒഴിവുകൾ നിലവിലുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചതിൻ പ്രകാരം ജില്ലാ പിഎസ്‌സി ഓഫീസിൽ നിന്ന് അത്രയും പേർക്ക് കഴിഞ്ഞ ജനുവരി മൂന്നിന് നിയമന ശിപാർശ നൽകി. എന്നാൽ, ഇവർക്ക് ജില്ലാ മെഡിക്കൽ ഓഫീസർ യഥാസമയം നിയമന ഉത്തരവ് നൽകിയില്ല. ഇതിനിടയിൽ പിഎസ്‌സി 2016 ജനുവരി 20 ൽ ചെയ്ത ശിപാർശ ലഭിച്ചിട്ടും ജോലിക്ക് ഹാജരാകാതിരുന്ന ജിൻസി സാമുവലിന്റെ എൻജെഡി(നോൺ-ജോയിനിങ് ഡ്യൂട്ടി) ഒഴിവിലേക്ക് കഴിഞ്ഞ ഫെബ്രുവരി 22 ന് ശിപാർശ ചെയ്ത ജി. സീമ എന്ന ഉദ്യോഗാർഥിക്ക് സീനിയോറിട്ടി മറി കടന്ന് നിയമനം നൽകുകയും ചെയ്തു.

സീനിയോറിട്ടി മറികടന്നതിനെതിരേ 31 പേരും ആരോഗ്യവകുപ്പ് ഡയറക്ടർക്കും ഡിഎംഓയ്ക്കും പരാതി നൽകിയിരുന്നു. ഈ പരാതികളാണ് നടപടിയില്ലാതെ മുക്കിയത്. ഇതിനിടെയാണ് ഭരണപരിഷ്‌കാര അഡ്‌മിനിസ്ട്രേറ്റീവ് വിജിലൻസ് സെല്ലിന്റെ പിടിവീണത്. ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലേക്ക് പോയെങ്കിലും അവിടെയും പൂഴ്‌ത്തി വയ്ക്കുകയായിരുന്നു. വിവരം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് നടപടി എടുത്തത്. ഇനിയൊരു വിവാദത്തിൽ കുടുങ്ങാൻ താൽപര്യമില്ലാത്ത ആരോഗ്യമന്ത്രിയും ഇതിന് സമ്മതം മൂളുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP