Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎം നേതാക്കൾക്ക് ജോലി തട്ടിപ്പ് മാത്രമല്ല വിസ തട്ടിപ്പും; കൂട്ടാളി 40 കേസുകളിൽ പ്രതിയായ ചാത്തന്നൂർക്കാരൻ ഡിവൈഎഫ്ഐ സഖാവ് ദീപു; ജയസൂര്യയുടെയും പ്രശാന്തിന്റെയും പിന്നിൽ മറ്റൊരു ബുദ്ധികേന്ദ്രം കൂടി; പത്തനംതിട്ട ജില്ലയിൽ പ്രതികളുടെ തെളിവെടുപ്പ് അട്ടിമറിച്ചു സഹായിക്കാനും ശ്രമം

സിപിഎം നേതാക്കൾക്ക് ജോലി തട്ടിപ്പ് മാത്രമല്ല വിസ തട്ടിപ്പും; കൂട്ടാളി 40 കേസുകളിൽ പ്രതിയായ ചാത്തന്നൂർക്കാരൻ ഡിവൈഎഫ്ഐ സഖാവ് ദീപു; ജയസൂര്യയുടെയും പ്രശാന്തിന്റെയും പിന്നിൽ മറ്റൊരു ബുദ്ധികേന്ദ്രം കൂടി; പത്തനംതിട്ട ജില്ലയിൽ പ്രതികളുടെ തെളിവെടുപ്പ് അട്ടിമറിച്ചു സഹായിക്കാനും ശ്രമം

ആർ കനകൻ

പത്തനംതിട്ട: ജോലി തട്ടിപ്പു കേസിൽ അറസ്റ്റിലായ സിപിഎം നേതാക്കളായ ജയസൂര്യയും പ്രശാന്തും പൊലീസ് സംഘത്തോട് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. തങ്ങൾക്ക് മുകളിൽ തട്ടിപ്പിന് ചുക്കാൻ പിടിച്ച് ഒരു ബുദ്ധികേന്ദ്രമുണ്ട്. ഭരണ പക്ഷത്തോട് ചേർന്നു നിൽക്കുന്ന ഇയാളെ തൊടാൻ സർക്കാരിനും പൊലീസിനും കഴിയില്ല. രണ്ടാമതായി തങ്ങൾക്ക് വിസാ തട്ടിപ്പുമുണ്ട്. ഇതിന് നേതൃത്വം വഹിക്കുന്നത് ചാത്തന്നൂർക്കാരൻ ഡിവൈഎഫ്ഐ നേതാവ് ദീപുവാണ്. ഇയാൾ ഇപ്പോൾ വിദേശത്താണ്.

മൂന്നാമതായി പത്തനംതിട്ട ജില്ലയിലെ സിപിഎം നേതാക്കളുടെ പേരും പദവിയും തട്ടിപ്പിനായി ഉപയോഗിച്ചു. അവരുമായുള്ള അടുപ്പം എല്ലാ കാര്യങ്ങൾക്കും തുണയായി. അടൂരിൽ നടത്തിയ തട്ടിപ്പു കേസിൽ തെളിവെടുപ്പ് പൊലീസ് അട്ടിമറിച്ചു. കൊല്ലം ഈസ്റ്റ് പൊലീസിൽ വന്ന അടൂരിലെ പരാതികളെല്ലാം അടൂർ സ്റ്റേഷനിലേക്ക് കൈമാറിയുള്ള നാടകമായിരുന്നു നടത്തിയത്. ഇതു കാരണം തട്ടിപ്പുകാരെ തെളിവെടുപ്പിനായി അടൂർ പൊലീസ് ഇനി പ്രത്യേകം കസ്റ്റഡിയിൽ വാങ്ങും.

കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലാണ് എല്ലാ കുറ്റങ്ങളും പ്രതികൾ വിശദമാക്കിയത്. സർക്കാരിന്റെയും സിപിഎം നേതാക്കളുടെയും തണലിലാണ് തട്ടിപ്പിന് ഇറങ്ങിയത്. കെടിഡിസി, നോർക്ക, വൈലോപ്പള്ളി സംസ്‌കൃതി ഭവൻ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നിയമന ഉത്തരവ് വ്യാജമായി നിർമ്മിച്ചു നൽകിയായിരുന്നു തട്ടിപ്പ്. 1.60 കോടിയാണ് ഈ ഇനത്തിൽ നടത്തിയ തട്ടിപ്പെന്ന് ഇതുവരെ പുറത്തു വന്ന കണക്കുകൾ സൂചിപ്പിക്കുന്നു. വിസ തട്ടിപ്പിലും ഇവർ കോടികൾ സമ്പാദിച്ചു.

ചാത്തന്നൂർക്കാരൻ ദീപുവാണ് വിസ തട്ടിപ്പിന് ഇവർക്കൊപ്പം ചുക്കാൻ പിടിച്ചത്. ഡിവൈഎഫ്ഐ നേതാവാണ് ദീപുവെന്നും പാർട്ടി മുഖേനെയുള്ള അടുപ്പമാണ് ഇയാളുമായെന്നും പ്രതികൾ സമ്മതിച്ചിട്ടുണ്ട്. പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ 40 വിസ തട്ടിപ്പു കേസുകളിൽ പ്രതിയായ ഇയാൾ ഇപ്പോൾ വിദേശത്താണെന്നതാണ് ഏറെ രസകരം. റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച് ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.

ജയസൂര്യ, പ്രശാന്ത്, ദീപു എന്നിവർക്ക് പുറമേ ഒരു 'ബഡാഭായി'യും തട്ടിപ്പു സംഘത്തിലുണ്ട്. ഇയാൾ ആരാണെന്നും പ്രതികൾ വെളിപ്പെടുത്തി. എന്നാൽ, പൊലീസിന് കൈയെത്തിപ്പിടിക്കാവുന്നതിലും ഉയരെയാണ് ഇയാൾ. സർക്കാരിലും പാർട്ടിയിലും ഉന്നത ബന്ധവുമുണ്ട്. ഇയാളെ കേസിൽ നിന്നൊഴിവാക്കണമെന്ന നിർദേശവും പൊലീസിന് ലഭിച്ചിട്ടുള്ളതായി അറിയുന്നു.

പത്തനംതിട്ട ജില്ലയിലെ സിപിഎം നേതാക്കളുമായുള്ള ബന്ധവും പ്രതികൾ സമ്മതിച്ചിട്ടുണ്ട്. അടൂരിൽ തെളിവെടുപ്പിന് പ്രതികളെ കൊണ്ടു വരുന്നത് ഒഴിവാക്കാൻ സിപിഎം നേതാക്കൾ ഇടപെട്ടിരുന്നു. അത് ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിരുന്നു. ഇതിനായി അടൂരിൽ നിന്ന് കൊല്ലം സ്റ്റേഷനിലേക്ക് വന്ന പരാതികൾ അടൂർ സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ഇതിനിടെ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിച്ച് തിരികെ റിമാൻഡ് ചെയ്യുകയും ചെയ്തു. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നതിനായി അടൂർ പൊലീസ് അപേക്ഷ നൽകും.

കേരളം പ്രളയത്തിൽ മുങ്ങിയതിനൊപ്പം, സർക്കാരും സിപിഎമ്മും പ്രതിക്കൂട്ടിലാകുന്ന ഒരു വമ്പൻ തട്ടിപ്പു കേസു കൂടിയാണ് മുങ്ങിപ്പോകുന്നത്. മറുനാടൻ അല്ലാതെ മറ്റൊരു മാധ്യമവും ഈ വാർത്തകൾ ഏറ്റു പിടിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. തട്ടിപ്പിന്റെ വ്യാപ്തി അന്വേഷണസംഘം മാധ്യമങ്ങൾക്ക് മുന്നിൽ കുറച്ചു കാണിക്കുകയാണ് ചെയ്യുന്നത്. സോളാറിനേക്കാൾ വലിയ തട്ടിപ്പാണ് ഇവിടെ നടന്നിരിക്കുന്നത്. അതു മാത്രം പുറത്തു വന്നിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP