Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൊലീസ് 'തൊട്ടുതലോടി' സിബിഐക്ക് കേസ് കൈമാറുമ്പോഴേക്കും വലിയ മീനുകൾ രക്ഷപ്പെടുന്ന സ്ഥിതി മാറുന്നോ? ഷുഹൈബ് വധത്തിൽ ചോരയുണങ്ങും മുമ്പേ കോടതിയിൽ ഹർജി എത്തിയത് ഗുണംചെയ്തു; ഇനി രാഷ്ട്രീയ കൊല ഉണ്ടാകരുതെന്ന് നിരീക്ഷിച്ച് ഹൈക്കോടതി കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറിയത് നിർണായകം; ഇന്നുതന്നെ കേസ് കൈമാറാനും തിരുവനന്തപുരം യൂണിറ്റ് ഏറ്റെടുക്കാനും നിർദ്ദേശിച്ചത് ഉന്നതബന്ധങ്ങൾ വെളിപ്പെടാൻ തന്നെ; അപ്രതീക്ഷിത വിധിയുടെ ആഘാതത്തിൽ സിപിഎം

പൊലീസ് 'തൊട്ടുതലോടി' സിബിഐക്ക് കേസ് കൈമാറുമ്പോഴേക്കും വലിയ മീനുകൾ രക്ഷപ്പെടുന്ന സ്ഥിതി മാറുന്നോ? ഷുഹൈബ് വധത്തിൽ ചോരയുണങ്ങും മുമ്പേ കോടതിയിൽ ഹർജി എത്തിയത് ഗുണംചെയ്തു; ഇനി രാഷ്ട്രീയ കൊല ഉണ്ടാകരുതെന്ന് നിരീക്ഷിച്ച് ഹൈക്കോടതി കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറിയത് നിർണായകം; ഇന്നുതന്നെ കേസ് കൈമാറാനും തിരുവനന്തപുരം യൂണിറ്റ് ഏറ്റെടുക്കാനും നിർദ്ദേശിച്ചത് ഉന്നതബന്ധങ്ങൾ വെളിപ്പെടാൻ തന്നെ; അപ്രതീക്ഷിത വിധിയുടെ ആഘാതത്തിൽ സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് വ്യക്തമാക്കി മണിക്കൂറുകൾ പിന്നിടുംമുമ്പ് കേസ് അന്വേഷണ ചുമതല കേന്ദ്ര ഏജൻസിക്ക് കൈമാറിക്കൊണ്ട് കോടതി വിധി വന്നതിന്റെ ഞെട്ടലിലാണ് സിപിഎം. മുൻകാലത്ത് സിബിഐക്ക് സിപിഎം പ്രതിസ്ഥാനത്തുള്ള കൊലപാതക കേസുകൾ സിബിഐക്ക് കൈമാറപ്പെട്ടിരുന്നു എങ്കിലും അതെല്ലാം സംസ്ഥാന പൊലീസ് അന്വേഷിച്ച് ഏറെക്കാലത്തിന് ശേഷമായിരുന്നു.

സിപിഎമ്മിലെ മുതിർന്ന നേതാക്കൾക്ക് എതിരെ ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ട അരിയിൽ ഷുക്കൂർ വധം, ഫൈസൽവധം, കതിരൂർ മനോജ് വധം എന്നിവ കണ്ണൂരിലും കോഴിക്കോട്ടെ പരിധിയിലുള്ള ടിപി വധക്കേസിലുമെല്ലാം സംസ്ഥാന പൊലീസും ക്രൈംബ്രാഞ്ചും പ്രത്യേക സംഘവുമെല്ലാം അന്വേഷണം നടത്തിയതിന് ശേഷമാണ് കേസുകൾ സിബിഐയിലേക്ക് പോയത്്. സംസ്ഥാന പൊലീസ് കുറ്റപത്രം നൽകിയ ശേഷമാണ് സിബിഐ അന്വേഷണത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്.

അതിനാൽ തന്നെ സിപിഎം ഉന്നതർക്കെതിരെ ഉയർന്ന ഗൂഢാലോചനാ ആരോപണങ്ങൾക്ക് ശക്തമായി നിലകൊള്ളാൻ പാർട്ടിക്ക് കഴിഞ്ഞുവെന്നും പല തെളിവുകളും ഇല്ലാതായെന്നും ഉള്ള വാദം ഉയർന്നിരുന്നു. എന്നാൽ ഷുഹൈബ് വധത്തിൽ ഹൈക്കോടതി സ്വീകരിച്ച ശക്തമായ നിലപാട് പാർട്ടിയെ ശരിക്കും വെട്ടിലാക്കുന്നതാണെന്ന വിലയിരുത്തലാണ് വരുന്നത്. എന്നാൽ ഇപ്പോൾ ഷുഹൈബിനെ വെട്ടിനുറുക്കി അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണത്തിനുള്ള പരാതി ഉയർന്നതിന് തൊട്ടു പിന്നാലെ തന്നെ ഷുഹൈബിന്റെ പിതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ എത്തി.

കോൺഗ്രസ് നേതാവ് സുധാകരൻ ഉൾപ്പെടെ ആദ്യംതന്നെ ഈ ആവശ്യമുന്നയിച്ച് സമരവും ശക്തമാക്കി. കോടതി കേസ് പരിഗണിച്ചവേളയിൽ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്താൻ പോലും അന്വേഷകർക്ക് കഴിഞ്ഞിരുന്നില്ല. കോടതി ഇക്കാര്യംപോലും ഹർജിയിലെ വിചാരണ വേളയിൽ ഉന്നയിച്ചിരുന്നു. എന്തുകൊണ്ടാണ് ആയുധം കണ്ടെടുക്കാനാവാത്തതെന്നാണ് കോടതി ചോദിച്ചത്.

ഗൂഢാലോചന ഇല്ലെന്ന വാദം ഉന്നയിച്ചതോടെ മുഖ്യമന്ത്രിക്കും സിപിഎം നേതാക്കൾക്കും ഒപ്പം പ്രതി ആകാശ് തില്ലങ്കേരി സെൽഫിയെടുത്ത ദൃശ്യം ഉയർത്തിക്കാട്ടി കോടതി പരാമർശവും ഉണ്ടായി. ഒരു കുട്ടിക്കൊപ്പം സെൽഫിയെടുക്കാൻ തയ്യാറാവാത്ത മുഖ്യമന്ത്രിയാണോ ഇത്തരത്തിൽ ഒരു പ്രതിക്കൊപ്പം സെൽഫിക്ക് നിന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇത്തരത്തിൽ തുടക്കംമുതലേ സിബിഐ അന്വേഷണം വേണ്ടെന്ന വാദം ഖണ്ഡിക്കപ്പെട്ടു. ഇതിന്റെ തുടർച്ചയായി അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് കോടതിയിൽ സിബിഐ അഭിഭാഷകൻ ഇന്ന് വ്യക്തമാക്കുകയും ചെയ്തതോടെയാണ് കോടതിയുടെ വിധി ഉണ്ടായത്. കണ്ണൂരിൽ ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിച്ചേ തീരൂ എന്ന് കോടതി നിരീക്ഷിച്ചതും ശ്രദ്ധേയമായി.

ഇത്രയും പെട്ടെന്ന് സിബിഐ അ്‌ന്വേഷണത്തിലേക്ക് കാര്യങ്ങൾ പോയതോടെ സിപിഎം ശരിക്കും വെട്ടിലാവുമെന്ന് നിയമവിദഗ്ധരും പറയുന്നു. ഇത്തരം കേസുകളിൽ പ്രതികളെ രക്ഷിക്കാൻ എല്ലാ തരത്തിലും പാർട്ടി ശ്രമിച്ച സംഭവങ്ങൾ മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഇതിനുവേണ്ട സാവകാശവും പാർട്ടിക്ക് പലപ്പോഴും കിട്ടാറുണ്ട്. എന്നാൽ ഇത്തവണ അതിന് ഒട്ടും അവസരം കിട്ടാത്ത രീതിയിലാണ് ഇപ്പോൾ കോടതി അതിവേഗം കേസ് സിബിഐക്ക് കൈമാറാൻ തീരുമാനമെടുത്തത്.

കേസ് സിബിഐക്ക് വിടുന്നു എന്ന് മാത്രം പറയാതെ ഇന്നുതന്നെ കേസ് കൈമാറാനും കേസ് തിരുവനന്തപുരം യൂണിറ്റ് ഏറ്റെടുക്കാനും ആണ് ഹർജി പരിഗണിച്ച ജസ്റ്റിസ് കമാൽപാഷയുടെ ബെഞ്ച് വിധിച്ചത്. ഇതോടെ മുൻകാലങ്ങളിൽ ഏറെ വൈകി, മുതിർന്ന നേതാക്കൾക്ക് എതിരെ ഉള്ള തെളിവുകൾപോലും ഇല്ലാത്ത വിധത്തിൽ കാര്യങ്ങൾ നീങ്ങിയിരുന്നെങ്കിൽ അതിനുള്ള സാഹചര്യം ഷുഹൈബ് വധത്തിൽ ഇല്ലാത്ത വിധത്തിൽ സിബിഐക്ക് ഇടപെടാനാകുമെന്ന് കോൺഗ്രസ് നേതാക്കളും പറയുന്നു. അതിനാൽ ഈ കേസിൽ നീതികിട്ടുമെന്ന പ്രതീക്ഷ സുധാകരനും മറ്റ് മുതിർന്ന നേതാക്കളും ഷുഹൈബിന്റെ കുടുംബവും വ്യക്തമാക്കിക്കഴിഞ്ഞു.

സിപിഎമ്മിന്റെ മട്ടന്നൂർ ഏരിയാ കമ്മിറ്റി ആസൂത്രണം ചെയ്യുകയും പേരാവൂർ ഏരിയാ കമ്മിറ്റിയുടെ സഹായത്തോടെ നടപ്പാക്കുകയും ചെയ്താണ് ഷുഹൈബ് എന്ന കോൺഗ്രസിന്റെ യുവനേതാവിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് കോൺഗ്രസ് നേതാവ് സുധാകരൻ ആരോപിച്ചത്. രണ്ട് ഏരിയാ കമ്മിറ്റികൾക്ക് പങ്കുള്ളതിനാൽ തന്നെ ജില്ലാ നേതൃത്വം അറിയാതെ ഇത് നടക്കില്ലെന്നും മുതിർന്ന നേതാക്കൾക്കും ഈ യുവാവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ് ഉറച്ചുനിന്നതും.

സിബിഐ ഉൾപ്പെടെ ഏത് ഏജൻസിക്ക് വേണമെങ്കിലും അന്വേഷണം കൈമാറാമെന്ന് കണ്ണൂരിലെ സമാധാന യോഗത്തിൽ മന്ത്രി എകെ ബാലന്റെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ സുധാകരന്റെ നിരാഹാര സമരം ശക്തമാകുകയും പുതിയ തലത്തിലേക്ക് അത് വ്യാപിക്കുകയും ചെയ്തു. കണ്ണൂരിൽ വൻ ജനമുന്നേറ്റം ഉണ്ടായതിന് പിന്നാലെ എകെ ബാലൻ പറഞ്ഞ നിലപാടിൽ നിന്ന് മാറി സിബിഐ അന്വേഷണം വേണ്ടെന്ന് സഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയതും ദുരൂഹമാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ പക്ഷം. കാര്യങ്ങൾ നീതിപൂർവം നടക്കുന്നുണ്ടെങ്കിൽ പിന്നെ ആദ്യം സിബിഐ അന്വേഷണം ആവാമെന്ന് പറഞ്ഞ സർക്കാർ പിന്നീട് നിലപാട് മാറ്റിയത് എന്തിനെന്ന ചോദ്യവും ഉയരുന്നു. പാർട്ടിയിലെ ഉന്നതരിലേക്ക് സിബിഐ അന്വേഷണം എത്തുമെന്ന ഭയംതന്നെയാണ് ആദ്യത്തെ നിലപാടിൽ നിന്ന് സിപിഎം പിന്നോട്ടുപോയതിന് കാരണമെന്ന് അവർ ആരോപിക്കുന്നു.

ഏതായാലും സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സഭയിൽ മുഖ്യമന്ത്രി ആവർത്തിച്ച് പ്രസ്താവിച്ച് മണിക്കൂറുകൾക്കകം സിബിഐക്ക് കേസ് കൈമാറാൻ കോടതി നിർദ്ദേശം വന്നതും ശ്രദ്ധേയമാണ്. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നു മുഖ്യമന്ത്രി സഭയെ അറിയിച്ചപ്പോൾ, അന്വേഷണത്തിലെ വീഴ്ചകൾ അക്കമിട്ടു നിരത്തി ഹൈക്കോടതി വിമർശിച്ചു. ഇടതു സർക്കാരിനും ആഭ്യന്തര വകുപ്പിനും കേരള പൊലീസിന്റെ അന്വേഷണ മികവിനുമേറ്റ പ്രഹരമാണു ഹൈക്കോടതി ഉത്തരവ്. അതേസമയം അതിനേക്കാൾ ഞെട്ടലിലാണ് കേസിൽ പ്രതിസ്ഥാനത്തുള്ള സിപിഎമ്മും.

കഴിഞ്ഞ മാസം ഫെബ്രുവരി 12നാണു കണ്ണൂർ മട്ടന്നൂരിനു സമീപം ഷുഹൈബ് വെട്ടേറ്റു മരിച്ചത്. കേസിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്ത 11 പേർ റിമാൻഡിലാണ്. പിടിയിലായവരെല്ലാം സിപിഎമ്മുകാരാണ്. ഷുഹൈബിന്റെ മാതാപിതാക്കളുടെ ഹർജി ഇന്നു പരിഗണിച്ചപ്പോഴും കേസിലെ പ്രതികളെയെല്ലാം പിടികൂടിയെന്നും മറ്റൊരു അന്വേഷണം ആവശ്യമില്ലെന്നുമാണു സ്റ്റേറ്റ് അറ്റോർണി കെ.വി. സോഹൻ നിലപാടെടുത്തത്.

അതേസമയം, കേസ് അന്വേഷണത്തിലെ പാളിച്ചകൾ അക്കമിട്ടു നിരത്തിയാണു കോടതി സർക്കാർ വാദത്തെ എതിർത്തത്. ഇതുവരെ പിടികൂടിയ പ്രതികളെ ഉപയോഗിച്ച് എന്തുകൊണ്ടു കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെടുക്കുന്നില്ലെന്നും കോടതി ചോദിച്ചു. പ്രതികളുടെ സാന്നിധ്യത്തിലല്ലാതെ ആയുധം കണ്ടെടുത്തതിൽ കള്ളക്കളിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ കേസിൽ സിബിഐ അന്വേഷണത്തെ എതിർക്കുന്ന സർക്കാർ നിലപാട് ദുരൂഹമാണെന്നും കൂടി വീക്ഷിച്ചാണ് കോടതി കേസ് സിബിഐക്ക് വിട്ടതെന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP