Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തോക്കെടുത്ത് അച്ഛൻ സമ്പാദിച്ച് കൂട്ടുന്നത് കണ്ട മകന് മനംമടുത്തു; മതപ്രബോധകനായി ആഡംബര വസതി വിട്ട് ചെറിയ വീട്ടിൽ ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം താമസം; ആധോലോകം ഭരിക്കേണ്ട ഏക മകൻ ആത്മീയ പാതയിലെത്തിയത് തളർത്തിയത് ദാവൂദ് ഇബ്രാഹിമിനെ; മുംബൈ ഭീകരാക്രമണ ആസുത്രകൻ വിഷാദത്തിലെന്ന് മുംബൈ പൊലീസ്

തോക്കെടുത്ത് അച്ഛൻ സമ്പാദിച്ച് കൂട്ടുന്നത് കണ്ട മകന് മനംമടുത്തു; മതപ്രബോധകനായി ആഡംബര വസതി വിട്ട് ചെറിയ വീട്ടിൽ ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം താമസം; ആധോലോകം ഭരിക്കേണ്ട ഏക മകൻ ആത്മീയ പാതയിലെത്തിയത് തളർത്തിയത് ദാവൂദ് ഇബ്രാഹിമിനെ; മുംബൈ ഭീകരാക്രമണ ആസുത്രകൻ വിഷാദത്തിലെന്ന് മുംബൈ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

താനെ: അച്ഛന്റെ പ്രവർത്തകൾ കണ്ട മകൻ ഒന്നു തീരുമാനിച്ചു. ഞാൻ തോക്കെടുക്കില്ല. ഇത് അറിഞ്ഞ് പൊട്ടിക്കരഞ്ഞ് അച്ഛനും. സാധാരണ മനുഷ്യനാകാനുള്ള മകന്റെ തീരുമാനം കേട്ട് ഇന്ത്യയെ വിറപ്പിച്ച അധോലോകനായകൻ ദാവൂദ് ഇബ്രാഹിം കടുത്ത വിഷാദത്തിലാണെന്നാണ് റിപ്പോർട്ടുകൾ. മക്കളിൽ മൂന്നാമത്തെയാളും ഒരേയൊരു ആൺതരിയുമായ മോയിൻ നവാസ് ഡി. കസ്‌കർ (31) പിതാവിന്റെ പാത കൈവെടിഞ്ഞ് സമ്പൂർണ പൗരോഹിത്യ മാർഗത്തിലാണ് ജീവിക്കുന്നത്.

ആദ്യകാലത്ത് ദാവൂദിന്റെ ബിസിനസിൽ നവാസ് സഹായിച്ചിരുന്നുവെങ്കിലും പിന്നീട് ആത്മീയതയുടെ പാതയിലേക്ക് തിരിയുകയായിരുന്നു. നിയമവിരുദ്ധ പ്രവൃത്തികളിലൂടെയും ക്രിമിനൽ പ്രവർത്തനങ്ങളിലൂടെയും കുപ്രസിദ്ധി നേടിയ ദാവൂദ് കുടുംബത്തിലെ പലരും പിടികിട്ടാപ്പുള്ളികളാണ്. എന്നാൽ മൊയിൻ നവാസിന് പിതാവിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളോട് കടുത്ത എതിർപ്പായിരുന്നുവെന്ന് താനെയിലെ അന്വേഷണ സംഘത്തലവൻ പ്രദീപ് ശർമ പറഞ്ഞു. മൂന്ന് കവർച്ചക്കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദാവൂദിന്റെ ഇളയ സഹോദരൻ ഇഖ്ബാൽ ഇബ്രാഹിം കസ്‌കറിനെ ചോദ്യം ചെയ്തപ്പോഴാണ് ദാവൂദ് കുടുംബത്തിലെ ആഭ്യന്തരപ്രശ്നങ്ങളെക്കുറിച്ച് വിവരം ലഭിച്ചത്.

തന്റെ വ്യവസായസാമ്രാജ്യം നോക്കിനടത്തേണ്ട മൊയിൻ നവാസ് മറ്റൊരു വഴിക്ക് പോകുന്നതാണ് ദാവൂദിനെ തളർത്തുന്നത്. ബിസിനസിന്റെയോ സമ്പത്തിന്റെയോ പ്രലോഭനങ്ങളിൽ ഒരു താത്പര്യവുമില്ലാതെ മതപ്രബോധകൻ (മൗലാന)ആയി മാറിയിരിക്കുകയാണ് കടുത്ത മതവിശ്വാസിയായ മൊയിൻ നവാസ്. ദാവൂദ് കുടുംബത്തിൽ നിന്ന് അകന്നുകഴിയുന്ന മൊയിൻ നവാസ് കുടുംബവ്യവസായങ്ങളിൽ നിന്നും ഏറെക്കാലമായി മാറിനിൽക്കുകയായിരുന്നു. ഖുർആനിലെ 6,236 സൂക്തങ്ങളും മനഃപാഠമാക്കിയ നവാസ് കറാച്ചിയിലെ ആഡംബര വസതി ത്യജിച്ചു. കറാച്ചിയിലെ ഒരു പള്ളിയോട് ചേർന്ന ചെറിയ വീട്ടിലാണ് കഴിയുന്നത്. എങ്കിലും ഭാര്യയും മൂന്ന് മക്കളും നവാസിനെ ഉപേക്ഷിക്കാൻ തയ്യാറായിട്ടില്ല. ഇവരും പള്ളിയോട് ചേർന്നുള്ള വീട്ടിലാണ് താമസം.

ബിസിനസ് മാനേജ്മെന്റിൽ ബിരുദം നേടിയ നവാസ് 2011-ൽ കറാച്ചിയിലെ സമ്പന്നനായ വ്യവസായിയുടെ മകൾ സാനിയ ഷെയ്ഖിനെ വിവാഹം ചെയ്തു. ഇവർക്ക് മൂന്നുമക്കളുമുണ്ട്. താൻ പടുത്തുയർത്തിയ അധോലോക സാമ്രാജ്യം ഭാവിയിൽ ആര് നോക്കി നടത്തുമെന്നതിനെക്കുറിച്ച് ദാവൂദിന് കടുത്ത ആശങ്കയുണ്ടെന്നാണ് ദാവൂദിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ദാവൂദിന്റെ വിശ്വസ്തനായ മറ്റൊരു സഹോദരൻ അനീസ് ഇബ്രാഹിം കസ്‌കർ അനാരോഗ്യത്തിലാണെന്നതും ദാവൂദിനെ വലയ്ക്കുന്നു. അധോലോക സാമ്രാജ്യത്തിന്റെ ഭാവി ഭദ്രമാക്കാൻ വിശ്വസ്തരായ അടുത്ത ബന്ധുക്കളും ഇപ്പോൾ ദാവൂദിനില്ല. ഇതും വിഷാദത്തിന് കാരണമായത്രേ.

ഇന്ത്യയിലെ മുംബൈ കേന്ദ്രീകരിച്ച് സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്ന സിൻഡിക്കേറ്റ് ഡി-കമ്പനിയുടെ സ്ഥാപകനും നേതാവുമാണ് ദാവൂദ് ഇബ്രാഹിം . ഇപ്പോൾ പാക്കിസ്ഥാനിലെ കറാച്ചി കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നു. നിരവധി ആളുകൾ കൊല്ലപ്പെട്ട മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനാണ് ഇയാൾ. ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടും ഈയിടെ പുറത്തുവന്നിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ദാവൂദിന്റെ ആരോഗ്യസ്ഥിതി മോശമായെന്ന് രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു. കറാച്ചിയിലെ ആശുപത്രിയിൽ ചികിൽസയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, ദാവൂദിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട റിപ്പോർട്ട് അദ്ദേഹത്തിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീൽ തള്ളി. പാക്കിസ്ഥാനിലെ കറാച്ചിയിൽ തന്നെ കഴിയുന്നുവെന്ന് കരുതുന്ന ഛോട്ടാ ഷക്കീൽ, ദാവൂദ് പൂർണ ആരോഗ്യവാനാണെന്നും മറ്റുവാർത്തകൾ അടിസ്ഥാന രഹിതമാണെന്നും പ്രതികരിച്ചു. 61കാരനായ ദാവൂദിന് ഗുരുതരമായ ഗാൻഗ്രീൻ രോഗമാണെന്നും നടക്കാനാവുന്നില്ലെന്നും കഴിഞ്ഞ വർഷം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 1993 ൽ മുംബൈയിൽ ഉണ്ടായ വൻ ബോംബ് സ്‌ഫോടനങ്ങളുടെ പിന്നിൽ പ്രവർത്തിച്ചത് ദാവൂദ് ആണെന്നു കണ്ടെത്തിയിരുന്നു. 257 പേരാണ് ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇതുൾപ്പെടെ നിരവധി കേസുകളെ തുടർന്ന് ദാവൂദ് പാക്കിസ്ഥാനിലേക്ക് കടക്കുകയായിരുന്നു. ദാവൂദിനെ കൈമാറണമെന്നു ഇന്ത്യ പാക്കിസ്ഥാനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.

ദാവൂദ് പാക്കിസ്ഥാനിൽ കഴിയുന്നുണ്ടെന്നാണ് ഇന്ത്യയുടെ അവകാശവാദം. ഇതിനുള്ള തെളിവുകളും നിരവധി തവണ ഇന്ത്യ കൈമാറിയിരുന്നു. എന്നാൽ, ഇന്ത്യയുടെ ആരോപണങ്ങൾ പാക്കിസ്ഥാൻ എല്ലാകാലത്തും നിഷേധിക്കുകയായിരുന്നു. അതിനാൽ ദാവൂദിന് വല്ലതും സംഭവിച്ചാൽ ഇക്കാര്യം പാക്കിസ്ഥാൻ വെളിപ്പെടുത്തില്ലെന്നാണ് ഇന്ത്യ കരുതുന്നത്. പാക്ക് ചാരസംഘടന ഐഎസ്‌ഐയുടെ തണലിലാണ് ദാവൂദ് കഴിയുന്നത്. ദാവൂദിന് പാക്കിസ്ഥാനിലുള്ള വീടുകളുടെ വിവരങ്ങളും പുറത്തു വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP