Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫോട്ടോ എടുക്കാനല്ല ക്വട്ടേഷൻ നൽകിയത് മാനഭംഗത്തിന് തന്നെ; കാവ്യയുടേയും നാദിർഷായുടേയും അറസ്റ്റ് വൈകിയാൽ കാര്യങ്ങൾ പ്രതികൂലമാകുമെന്നും അന്വേഷണ സംഘം; ദിലീപിന്റെ ഭാര്യയേയും സുഹൃത്തിനേയും കസ്റ്റഡിയിൽ എടുക്കാതെ പഴുതകൾ അടച്ചുള്ള കുറ്റപത്രം തയ്യാറാക്കുക അസാധ്യമെന്നും തിരിച്ചറിവ്; ദിലീപിന് മൂന്നാഴ്ച കഴിയുമ്പോൾ ജാമ്യം കിട്ടുമോ? നാദിർഷായുടെ നിസ്സഹകരണം ബോധപൂർവ്വമെന്ന് സംശയിച്ച് പൊലീസ്

ഫോട്ടോ എടുക്കാനല്ല ക്വട്ടേഷൻ നൽകിയത് മാനഭംഗത്തിന് തന്നെ; കാവ്യയുടേയും നാദിർഷായുടേയും അറസ്റ്റ് വൈകിയാൽ കാര്യങ്ങൾ പ്രതികൂലമാകുമെന്നും അന്വേഷണ സംഘം; ദിലീപിന്റെ ഭാര്യയേയും സുഹൃത്തിനേയും കസ്റ്റഡിയിൽ എടുക്കാതെ പഴുതകൾ അടച്ചുള്ള കുറ്റപത്രം തയ്യാറാക്കുക അസാധ്യമെന്നും തിരിച്ചറിവ്; ദിലീപിന് മൂന്നാഴ്ച കഴിയുമ്പോൾ ജാമ്യം കിട്ടുമോ? നാദിർഷായുടെ നിസ്സഹകരണം ബോധപൂർവ്വമെന്ന് സംശയിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ 20 ദിവസം കൊണ്ട് പഴുതുകൾ അടച്ച കുറ്റപത്രം നൽകാനാകുമോ എന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് സംശയം. നാദിർഷായുടേയും കാവ്യാ മാധവന്റേയും മുൻകൂർ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ചയേ പരിഗണിക്കൂ. ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ട്.

അതുകൊണ്ട് തന്നെ ഈ നടപടിക്രമം പൂർത്തിയാക്കേണ്ടതുണ്ട്. ഹൈക്കോടതിയുടെ മുമ്പിൽ ജാമ്യഹർജിയുള്ളതു കൊണ്ട് നാദിർഷായേയും കാവ്യയേയും ചോദ്യം ചെയ്യാൻ പോലും പറ്റുന്നില്ല. ഈ സാഹചര്യത്തിൽ കുറ്റപത്രം ഒക്ടോബർ പത്തിന് മുമ്പ് കൊടുക്കാനാകുമോ എന്നതാണ് ആശങ്ക. ഇക്കാര്യം പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയേയും അറിയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലുമായി നാദിർഷാ സഹകരിച്ചിരുന്നില്ല. അന്വേഷണം നീട്ടിക്കൊണ്ട് പോകാനുള്ള തന്ത്രമാണ് ഇതെന്ന് പൊലീസ് വിലയിരുത്തുന്നു.

റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനു അങ്കമാലി മജിസ്ട്രേറ്റ് കോടതി വീണ്ടും ജാമ്യം നിഷേധിച്ചിരുന്നു. ദിലീപിനു സ്വാഭാവിക ജാമ്യത്തിനു അർഹതയില്ലെന്നു ചൂണ്ടിക്കാട്ടിയാണു ദിലീപിന്റെ ഹർജി തള്ളിയത്. കൂട്ടബലാത്സംഗക്കുറ്റവും ദിലീപിനെത0ിരേ ചുമത്തിയിട്ടുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. എന്നാൽ 90 ദിവസം കഴിഞ്ഞാൽ ജാമ്യത്തിന് അർഹത വരും. ജൂലൈ 10നാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 10ന് മൂന്ന് മാസം തികയും. നാദിർഷായുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണം തീരുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ കാവ്യയുടേയും നാദിർഷായുടേയും ഹർജികളിലെ തീരുമാനം വൈകുന്നത് ഈ പ്രതീക്ഷകൾക്കെല്ലാം തിരിച്ചടിയാണ്. അങ്ങനെ വന്നാൽ ദിലീപിന് മൂന്നാഴ്ചയ്ക്കുള്ളിൽ പുറത്തിറങ്ങാനുമാകും.

നടിയെ ആക്രമിച്ച കേസിലെ പങ്കിനെക്കുറിച്ചുള്ള ചില ചോദ്യങ്ങൾക്ക് നാദിർഷാ നൽകിയ മറുപടി തൃപ്തികരമല്ലെന്നു പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യം തേടി നടനും സംവിധായകനുമായ നാദിർഷാ നൽകിയ ഹർജിയിലാണ് പൊലീസ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്. നാദിർഷായ്ക്ക് കേസിലുള്ള പങ്ക് എന്താണെന്നും അദ്ദേഹത്തെ ഇനി ചോദ്യം ചെയ്യേണ്ടതുണ്ടോയെന്നുമുള്ള വിവരങ്ങൾ വ്യക്തമാക്കി മുദ്രവെച്ച കവറിൽ റിപ്പോർട്ട് നൽകാൻ കോടതി പൊലീസിന് നിർദ്ദേശം നൽകുകയും ചെയ്തു. ഈ കേസ് അടുത്ത തിങ്കളാഴ്ചയേ പരിഗണിക്കൂ. നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യാൻ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയതിനെ തുടർന്നാണ് നാദിർഷാ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഈ ഹർജിയിൽ ഹൈക്കോടതി നൽകിയ നിർദ്ദേശമനുസരിച്ച് നാദിർഷാ സെപ്റ്റംബർ 15 ന് ഹാജരായെങ്കിലും ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല. പിന്നീട് സെപ്റ്റംബർ 17 ന് രാവിലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി. വൈദ്യപരിശോധനയ്ക്കു ശേഷമാണ് ചോദ്യം ചെയ്തതെന്നും നടപടിക്രമങ്ങൾ വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

അറിയാവുന്ന പല കാര്യങ്ങളും നാദിർഷാ മറച്ചു വെക്കുകയാണെന്നും പൊലീസ് പറയുന്നു. നാദിർഷായ്ക്കു മേൽ കുറ്റം ആരോപിക്കാവുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുതകളടക്കമുള്ള നിർണായക കാര്യങ്ങളാണ് ചോദിച്ചത്. അനാരോഗ്യം നിമിത്തം നാദിർഷാ അസ്വസ്ഥത പ്രകടിപ്പിച്ചതിനാൽ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യുന്നതിനും പരിമിതികൾ ഉണ്ടായിരുന്നു. ചോദ്യങ്ങൾക്ക് പലതിനും നൽകിയ ഉത്തരം തൃപ്തികരമല്ല. പല വസ്തുതകളും മറച്ചു വെക്കുന്നുവെന്ന് ഉത്തരങ്ങൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമാണ്. മറ്റു വഴികളിലൂടെ സ്ഥിരീകരിച്ച വസ്തുതകളാണ് ഇവയിൽ പലതും. നാദിർഷായുടെ മൊഴിയിൽ പരിശോധന തുടരുകയാണ്. ഇതുവരെ പ്രതിയാക്കിയിട്ടില്ലെന്നും ഇപ്പോൾ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നും പൊലീസ് സ്റ്റേറ്റ്മെന്റിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ സർക്കിൾ ഇൻസ്പെക്ടർ ബൈജു പൗലോസാണ് ഇക്കാര്യം വ്യക്തമാക്കി സ്റ്റേറ്റ്മെന്റ് നൽകിയത്. അതുകൊണ്ട് തന്നെ നാദിർഷായെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് നിലപാട്. എന്നാൽ ജാമ്യഹർജിയിൽ തീരുമാനം വൈകാൻ സാധ്യതയുണ്ട്. ഇതിലൂടെ 90 ദിവസത്തെ സമയപരിധി കടന്നു പോവുകയും ദിലീപീന് പുറത്തുവരാനുള്ള സാധ്യത തുറക്കുകയും ചെയ്യുമെന്നാണ് പൊലീസ് വിലയിരുത്തുന്നത്.

ദിലീപിനെതിരേ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെങ്കിൽ മാത്രം ജാമ്യം അനുവദിക്കാമെന്ന് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിനെതിരേ ഗുരുതര കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ചുമത്തിയിരിക്കുന്നത്. 20 വർഷമോ ജീവപര്യന്തമോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അതുകൊണ്ട് സോപാധിക ജാമ്യം അനുവദിക്കാനാവില്ലെന്നും 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെങ്കിൽ വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാമെന്നും വിധിപകർപ്പിൽ പറയുന്നു. അതുകൊണ്ട് തന്നെ അടുത്ത ജാമ്യഹർജിയിൽ കോടതി അനുകൂല തീരുമാനമെടുക്കുമെന്ന് പൊലീസിന് അറിയാം.

നടിയെ ആക്രമിക്കാൻ മുഖ്യപ്രതി പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയ ദിലീപ് മാനഭംഗം നടത്താനുള്ള നിർദ്ദേശം നൽകിയെന്നും സുനിലിനെതിരേ ചുമത്തിയ ബലാത്സംഗക്കുറ്റം ദിലീപിനെതിരേയും ചാർത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ദിലീപിനെതിരേ ഉള്ളതായി പ്രോസിക്യൂഷൻ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ നടന് നേരിട്ട് പങ്കില്ലെന്നും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ മാത്രമാണ് നടൻ കേസിലെ ഒന്നാം പ്രതി പൾസർ സുനിയോട് ആവശ്യപ്പെട്ടെന്നാണു പൊലീസ് ചുമത്തിയ കുറ്റമെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്.

ദിലീപ് മാനഭംഗം നടത്തിയതിനോ പ്രേരിപ്പിച്ചതിനോ തെളിവുകളില്ലെന്നും ദിലീപ് ജയിലിലായിട്ട് രണ്ടുമാസം പിന്നിട്ടുകഴിഞ്ഞുവെന്നും ജാമ്യം ലഭിക്കാൻ ഇക്കാരണങ്ങൾ മതിയെന്നും പ്രതിഭാഗം വാദിച്ചു. ഈ വാദം ശക്തമായി എതിർത്ത പ്രോസിക്യൂഷൻ ദിലീപ് പുറത്തിറങ്ങിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നു ചൂണ്ടിക്കാട്ടി. ജയിലിൽ ദിലീപിനെ സന്ദർശിച്ചശേഷം ഗണേശ് കുമാർ എംഎ‍ൽഎയുടെ ദിലീപ് അനുകൂല പ്രസ്താവനകളും താരത്തിന്റെ സ്വാധീനശക്തിയുടെ തെളിവാണെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി 12.30 വരെ ദിലീപിന്റെ ഫോണിൽനിന്നു നിരവധി കോളുകൾ വിളിച്ചതായും ഇതിനു കേസുമായി ബന്ധമുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

കൊച്ചിയിൽ താമസിക്കുന്ന രമ്യാനമ്പീശന്റെ വീട്ടിലെ ലാൻഡ്ഫോണിലേക്കും വിളിച്ചതും കേസിൽ നിർണായകമാണെന്നു പ്രോസിക്യൂഷൻ ബോധിപ്പിച്ചു. എന്നാൽ ഫോണിൽ വിളിച്ചത് സംഭവത്തെക്കുറിച്ച് നടത്തുന്ന സ്വാഭാവിക അന്വേഷണം മാത്രമായിട്ട് കാണണമെന്നും അതിൽ അസ്വാഭാവികതയൊന്നുമില്ലെന്നും പ്രതിഭാഗം വാദിച്ചു. ഇതും കോടതിക്ക് ബോധ്യപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് ദിലീപിന് ജാമ്യം നിഷേധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP