Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ കുറ്റപത്രമായി; മെൻസ്‌റിയ ഉറപ്പുവരുത്താൻ മഞ്ജു വാര്യർ തന്നെ പ്രധാന സാക്ഷിയാകും; അൻപതോളം സിനിമാക്കാർ സാക്ഷിപ്പട്ടികയിൽ; സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനും ദിലീപിനെതിരെ കേസെടുക്കും; ആകെയുള്ള 14 പ്രതികളിൽ എട്ടാം പ്രതിയായി ജനപ്രിയ നടൻ; രണ്ട് മാപ്പുസാക്ഷികളും; റിമി ടോമിയുടേത് അടക്കം 12 രഹസ്യമൊഴികളും; ദിലീപിനെതിരെ ഉച്ചയോടെ അങ്കമാലി കോടതിയിൽ കുറ്റപത്രം ഉച്ചയോടെ സമർപ്പിച്ചേക്കും

ഒടുവിൽ കുറ്റപത്രമായി; മെൻസ്‌റിയ ഉറപ്പുവരുത്താൻ മഞ്ജു വാര്യർ തന്നെ പ്രധാന സാക്ഷിയാകും; അൻപതോളം സിനിമാക്കാർ സാക്ഷിപ്പട്ടികയിൽ; സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനും ദിലീപിനെതിരെ കേസെടുക്കും; ആകെയുള്ള 14 പ്രതികളിൽ എട്ടാം പ്രതിയായി ജനപ്രിയ നടൻ; രണ്ട് മാപ്പുസാക്ഷികളും; റിമി ടോമിയുടേത് അടക്കം 12 രഹസ്യമൊഴികളും; ദിലീപിനെതിരെ ഉച്ചയോടെ അങ്കമാലി കോടതിയിൽ കുറ്റപത്രം ഉച്ചയോടെ സമർപ്പിച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റത്തിൽ നടൻ ദിലീപിനെതിരെ കുറ്റപത്രമായി. രണ്ടുപേരെ മാപ്പുസാക്ഷിയാക്കിയും ദിലീപിനെ എട്ടാം പ്രതിയാക്കിയുമുള്ള കുറ്റപത്രം ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കുമെന്നാണ് അറിയുന്നത്.അനീഷ്, വിപിൻലാൽ എന്നിവരെയാണ് മാപ്പുസാക്ഷിയാക്കുന്നത്. പൾസർ സുനിക്ക് അകമ്പടിപോയ പൊലീസുകാരനാണ് അനീഷ്. സുനി ദിലീപിനെ വിളിച്ചത് അനീഷിന്റെ ഫോണിൽനിന്നാണ്. സുനിക്കുവേണ്ടി ജയിലിൽനിന്ന് കത്തെഴുതിയത് വിപിൻലാലാണ്. മഞ്ജുവാരിയർ പ്രധാന സാക്ഷികളിലൊരാളാകും. കേസിലാകെ 12 പ്രതികളുണ്ട്. 385 സാക്ഷികളും 12 രഹസ്യമൊഴികളും ഉൾപ്പെട്ടതാണ് അനുബന്ധ കുറ്റപത്രം. അതേ സമയം ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചതിനെ തുടർന്നാണ് നടപടി. ഇതിന് മറ്റൊരു കേസും പൊലീസ് എടുത്തേക്കും.

നടിയെ ആക്രമിച്ച കേസിൽ കൂടുതൽ പ്രതികളെ ഉൾപ്പെടുത്തി പുതിയ കുറ്റപത്രമാണ് പൊലീസ് സമർപ്പിക്കുന്നത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്ക് പുറമേ ഇതിന് ക്വട്ടേഷൻ, നൽകിയ ദിലീപ് , ദൃശ്യങ്ങൾ പകർത്തിയ ഫോൺ നശിപ്പിച്ച അഭിഭാഷകർ , പൾസർ സുനിക്ക് ജയിലിൽ സഹായം നൽകിയവർ എന്നിവരുടെ പേര് പട്ടികയിലുണ്ടാവും. ദിലീപ് എട്ടാം പ്രതിയാകും. കേസിൽ പ്രധാനമായും ഗൂഢാലോചന നടത്തിയത് ദിലീപാണെന്നാണ് പൊലീസ് കണ്ടെത്തൽ. ദിലീപും പൾസർ സുനിയും ഒന്നിലേറെത്തവണ, നേരിൽ കണ്ട് ഗൂഢാലോചന നടത്തിയാണ് നടിയെ ആക്രമിക്കാൻ പദ്ധതി തയാറാക്കിയത്. ദിലീപിനെ ഒന്നാം പ്രതിയാക്കാൻ വരെ ഒരു ഘട്ടത്തിൽ ആലോചിച്ചിരുന്നതുമാണ്. എന്നാൽ പൾസർ സുനിയെ ഒളിവിൽ കഴിയാൻ സഹായിച്ച പ്രതി ചാർളി മാപ്പുസാക്ഷിയാകാനില്ലെന്ന് അറിയിച്ചതോടെയാണ് പൊലീസ് ദിലീപിനെ എട്ടാം പ്രതിയാക്കിയത്.

ദിലീപിനെതിരെ തെളിവില്ലെന്ന പ്രചരണങ്ങൾക്കിടയിലും കേസിൽ ദിലീപിനെ കുടുക്കാൻ പാകത്തിൽ തെളിവുകൾ കൈവശമുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് അന്വേഷക സംഘം. നടി ആക്രമിക്കപ്പെട്ട ശേഷം കേസിലെ മുഖ്യപ്രതി പൾസർ സുനി നടി കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ എത്തിയതായി അന്വേഷക സംഘം കണ്ടെത്തിയിരുന്നു. ഇവിടുത്തെ ജീവനക്കാരിൽ ഒരാളെ ഈ സംഭവത്തിൽ സാക്ഷിപ്പട്ടികയിൽപ്പെടുത്തുകും ചെയ്തിരുന്നു.എന്നാൽ ഇയാൾ പിന്നീട് നിലപാട് മാറ്റിയതായി വിവരങ്ങൾ പുറത്ത് വന്നിരുന്നു. ഇതേത്തുടർന്ന് സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനെ സാക്ഷിപ്പട്ടികയിൽപ്പെടുത്തിയെന്നും പൾസർ സുനി സ്ഥാപനത്തിലെത്തുന്നതിന്റെ കൂടുതൽ വ്യക്തതയുള്ള സി സീ ടി വി ദൃശ്യങ്ങൾ കൂടി കണ്ടെടുത്തിട്ടുണ്ടെന്നും ഇതും കുറ്റപത്രത്തിനൊപ്പം അന്വേഷക സംഘം കോടതിയിൽ എത്തിക്കുമെന്നുമാണ് അറിയുന്നത്.

ദിലീപിനെ കുടുക്കുന്ന എട്ട് തെളിവുകൾ ഉണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ഒരു കുറ്റകൃത്യം തെളിയിക്കാൻ പ്രോസിക്യൂഷൻ ആദ്യം ചെയ്യേണ്ടത് നിയമത്തിന്റെ ഭാഷയിൽ മെൻസ്‌റിയ തെളിയിക്കണം. മെൻസ്‌റിയ എന്നാൽ കുറ്റകരമായ ഉദ്ദേശം ഉണ്ടാവുക എന്നതാണ്. മഞ്ജു വാര്യരുടെ അടുത്ത സുഹൃത്ത് എന്നതും അമേരിക്കയിലെ ഷോയ്ക്കിടെ നടന്ന ചില കാര്യങ്ങൾ മഞ്ജുവിനെ അറിയിച്ചതാണ് വൈരാഗ്യത്തിന് കാരണം എന്നും ഉള്ളതാണ് ഈ വിഷയത്തിലെ പ്രധാന മെൻസ്‌റിയ. അത് തെളിയിക്കാൻ മഞ്ജു വാര്യരയുടെ മൊഴി അത്യാവശ്യം ആണ്. ഇത് ഉറപ്പാക്കാൻ കഴിഞ്ഞതോടെ തന്നെ ദിലീപ് കേസിൽ കുടുങ്ങുമെന്ന് ഉറപ്പായതായി പൊലീസ് പറയുന്നു. കേസിലെ യഥാർത്ഥ പ്രതി രക്ഷപ്പെടാതിരിക്കാനാണ് ലേഡി സൂപ്പർസ്റ്റാർ മൊഴി പറയാൻ തയ്യാറായതെന്നാണ് സൂചന.

അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ സി.ഐ ബൈജു പൗലോസാണ് കുറ്റപത്രം സമർപ്പിക്കുക. ഏഴു പേരെ പ്രതികളാക്കി ആക്രമണക്കേസിലെ കുറ്റപത്രം നേരത്തെ സമർപ്പിച്ചതിനാൽ അനുബന്ധ കുറ്റപത്രമായാണ് അടുത്തത് നൽകുന്നത്.അക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഒന്നു മുതൽ ഏഴു വരെയുള്ള പ്രതികൾ. പൾസർ സുനിക്ക് ജയിലിൽ ഫോൺ എത്തിച്ച് നൽകിയ മേസ്തിരി സുനിൽ (9 ാം പ്രതി) സുനിയുടെ കത്ത് ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് എത്തിച്ച് നൽകിയ വിഷ്ണു (10ാം പ്രതി). തെളിവ് നശിപ്പിക്കാൻ ശ്രമിച്ച അഡ്വ. പ്രതീഷ് ചാക്കോ 11 ാം പ്രതി, അഡ്വ രാജു ജോസഫ് (12 ാം പ്രതി) എന്നിവരാണ് രണ്ടാം കുറ്റപത്രത്തിലെ മറ്റ് പ്രതികൾ. രണ്ട് പ്രതികളെ മാപ്പുസാക്ഷി പട്ടികയിലേക്ക് മാറ്റിയതോടെയാണ് എണ്ണം പന്ത്രണ്ടായത്.

ദിലീപിനെ ഒന്നാം പ്രതിയാക്കുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ദിലീപിനെ ഒന്നാം പ്രതിയാക്കണമെങ്കിൽ ആദ്യഘട്ടത്തിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വലിയ അഴിച്ചു പണി നടത്തേണ്ടി വരും. ഇത് കുറ്റപത്രം സമർപ്പിക്കുന്നത് വൈകിപ്പിക്കും. ഇക്കാരണങ്ങൾ കൊണ്ടാണ് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കുന്നത്. എത്രാമത്തെ പ്രതിയാണെങ്കിലും ചുമത്തിയ കുറ്റങ്ങളാണ് ശിക്ഷയെ നിർണ്ണയിക്കുന്നതെന്ന് നിയമ വിദഗ്ദർ പറയുന്നു. കുറ്റപത്രത്തിൽ 355 സാക്ഷികളുണ്ട്. 450 ൽ അധികം രേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഫോൺ രേഖകൾ ഉൾപ്പെടെയുള്ളവയാണിത്. കുറ്റപത്രം സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.പി. ലോക്നാഥ് ബെഹ്റ നിയമ വിദഗ്ദ്ധരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.അന്തിമ വിശകലനങ്ങൾക്കു വേണ്ടിയായിരുന്നു കൂടിക്കാഴ്ച.

നടിയെ ആക്രമിക്കാൻ വാടകഗുണ്ടകളുടെ സഹായം തേടിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കേസുകൾ അതീവഗൗരവത്തോടെ കാണണമെന്നാണ് സുപ്രീം കോടതിയുടെ മാർഗനിർദ്ദേശം. ഇക്കഴിഞ്ഞ ജൂലൈ പത്തിനാണ് നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനാക്കുറ്റം ചുമത്തി ദിലീപിനെ അറസ്റ്റ് ചെയ്തത്. ദിലീപിനെതിരെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഗൂഡാലോനകേസ് നിലനിൽക്കുമെന്നും നിലവിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ കേസിൽ ശിക്ഷ ഉറപ്പാണെന്നുമാണ് അന്വേഷക സംഘത്തിന്റെ അനുമാനം.മുഖ്യ പ്രതി പൾസർ സുനിയാണ് ഈ കേസിൽ ദിലീപിന്റെ കൂട്ടുപ്രതി. ഇവർ ഇരുവരും കൂടിയാലോചിച്ച് തുക ഉറപ്പിച്ച് കൃത്യം നടത്തിയെന്നാണ് പൊലീസ് വാദം.

പൾസർ സുനിയുടെ മൊഴിയും ഇത് സ്ഥിരീകരിക്കുന്നതിന് പര്യാപ്തമെന്ന് കരുതപ്പെടുന്ന സാഹചര്യത്തെളിവുകളുമാണ് ഈ കേസിൽ അന്വേഷക സംഘത്തിന്റെ കൈവശമുള്ള കച്ചിത്തുരുമ്പ്. ഇത് കോടതി എത്രത്തോളം വിശ്വാസത്തിലെടുക്കുമെന്നാണ് പ്രതീക്ഷ. അതിനിടെ സ്ഥിരം കുറ്റവാളിയായി മുദ്രകുത്തപ്പെട്ട പൾസർ സുനിയുടെ മൊഴി കോടതി വിശ്വാസത്തിലെടുക്കുമോ എന്ന ചർച്ച നിയമവൃത്തങ്ങളിൽ സജീവമാണ്.ഈ ഒരു സാഹചര്യത്തെ പ്രൊസിക്യൂഷൻ എങ്ങിനെ അഭിമൂഖികരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും കേസിന്റെ തുടർഭാവിയെന്നും ഇക്കൂട്ടർ വിലയിരുത്തുന്നു. കേസിൽ പൊസിക്യൂഷൻ പരാജയപ്പെടുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെട്ടാൽ അത് സർക്കാരിന് കനത്ത പ്രഹരമായിരിക്കുമൈന്നുറപ്പാണ്.

ലിംഗം മുറിച്ച സംഭവത്തിൽ സ്വാമി ഗംഗേശാനന്ദയെ പീഡനക്കേസിൽ കുടുക്കി നാണം കെട്ട പൊലീസ് മേധാവി ബി സന്ധ്യ ജനശ്രദ്ധ തിരിക്കാനാണ് ദിലീപിനെ അറസ്റ്റ്് ചെയ്തതെന്ന പ്രചാരണം ശക്തിപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ ഈ കേസ് സംമ്പന്ധിച്ച കോടതി നടപടികൾ പൊതുസമൂഹത്തിൽ ഏറെ ചർച്ചയാവാനിടയുണ്ടെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP