Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപ്പുണ്ണി ഗൾഫിലേക്ക് കടന്നു? എംഎൽഎ സുഹൃത്ത് സിംകാർഡ് നശിപ്പിച്ചതും വിദേശത്ത്; ദിലീപിനേയും മാനേജരേയും ഒന്നിച്ചു ചോദ്യം ചെയ്യാനാവാതെ ഇരുട്ടിൽ തപ്പി പൊലീസ്; മഞ്ജു വാര്യർ സാക്ഷിപറയാനെത്തിയാലും ഗൂഢാലോചനാ വാദം നിലനിൽക്കില്ലെന്ന് തിരിച്ചറിവ്; ദിലീപിന് ജാമ്യം ഉറപ്പിക്കാൻ തന്ത്രങ്ങളൊരുക്കി രാംകുമാറും

അപ്പുണ്ണി ഗൾഫിലേക്ക് കടന്നു? എംഎൽഎ സുഹൃത്ത് സിംകാർഡ് നശിപ്പിച്ചതും വിദേശത്ത്; ദിലീപിനേയും മാനേജരേയും ഒന്നിച്ചു ചോദ്യം ചെയ്യാനാവാതെ ഇരുട്ടിൽ തപ്പി പൊലീസ്; മഞ്ജു വാര്യർ സാക്ഷിപറയാനെത്തിയാലും ഗൂഢാലോചനാ വാദം നിലനിൽക്കില്ലെന്ന് തിരിച്ചറിവ്; ദിലീപിന് ജാമ്യം ഉറപ്പിക്കാൻ തന്ത്രങ്ങളൊരുക്കി രാംകുമാറും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ നാദിർഷയെ വീണ്ടും പൊലീസ് ചോദ്യം ചെയ്യും. നേരത്തെ ദിലീപിനൊപ്പം പതിമൂന്ന് മണിക്കൂറുകളോളം നാദിർഷയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഒരു വിദേശ പര്യടനത്തിനിടെ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ തർക്കമുണ്ടായിരുന്നതായും ഇതിന്റെ തുടർച്ചയായാണ് നടിക്കെതിരെ ആക്രമണം നടന്നത് എന്നുമുള്ള സൂചനയെ തുടർന്നാണ് ദിലീപിന്റെ അടുത്ത സുഹൃത്തുകൂടിയായ നാദിർഷയെ വീണ്ടും ചോദ്യം ചെയ്യുന്നത്.

ജയിലിൽ പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന വിപിൻലാലിനെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. ജയിലിൽ വച്ച് സുനിക്കുവേണ്ടി ദിലീപിന് കത്തെഴുതിയത് വിപിൻലാലാണ്. നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയാണ് വിപിൻലാൽ. അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ ഒറിജിനൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന് വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്. മൊഴിയെടുത്ത രണ്ട് എംഎ‍ൽഎമാരിൽ ഒരാൾ സ്ഥിരമായി ഉപയോഗിച്ചിരുന്ന സിം കാർഡ് വിദേശത്തുവച്ചു നശിപ്പിച്ചത് സംശയങ്ങൾക്ക് ഇടനൽകുന്നു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഈ എംഎ‍ൽഎ. അടുത്തിടെ നടത്തിയ വിദേശയാത്രകളെക്കുറിച്ച് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

വർഷങ്ങളായി ഉപയോഗിച്ചിരുന്ന വൊഡാഫോൺ സിം കാർഡാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം നശിപ്പിച്ചത്. ഈ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. കേരളത്തിൽ നിന്നെടുത്ത സിം കാർഡ് ഇവിടെ മാറാൻ സാധിക്കുമെന്നിരിക്കെ വിദേശത്തു പോയി മാറ്റുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു മുമ്പും ശേഷവും ദിലീപുമായി ഈ എംഎ‍ൽഎ. മൊെബെലിൽ സംസാരിച്ചിട്ടുണ്ട്. വിദേശത്തുവച്ച് ഫോൺ നഷ്ടപ്പെട്ടതിനാലാണ് അവിടെവച്ച് ഡ്യൂപ്ലിക്കേറ്റ് സിം എടുത്തതെന്നാണ് എംഎ‍ൽഎയുടെ വിശദീകരണം. ദിലീപുമായി അടുത്ത സൗഹൃദമുണ്ടെന്നും പതിവായി മൊെബെലിൽ സംസാരിച്ചിരുന്നെന്നും ഈ എംഎ‍ൽഎ. അന്വേഷണ ഉദ്യോഗസ്ഥർക്കു മൊഴി നൽകി.

ഗൂഢാലോചനയിൽ ഉൾപ്പെട്ടതായി പൊലീസ് കരുതുന്ന ദിലീപിന്റെ മാനേജർ അപ്പുണ്ണി എവിടെയെന്ന കാര്യം പൊലീസിന ഇതുവരെ ഉറപ്പിക്കാനായിട്ടില്ല. ദിലീപ് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നപ്പോൾ മുതൽ അപ്പുണ്ണിക്കായി അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ദിവസങ്ങൾ പിന്നിട്ടിട്ടും കണ്ടെത്താൻ സാധിച്ചിട്ടില്ല. അപ്പുണ്ണിയുടെ വീട്ടുകാർക്കും ഇയാൾ എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് വിവരം. ഇയാൾ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. ദിലീപിന്റെ ഡ്രൈവറായി തുടങ്ങി മാനേജർ വരെ ഉയർന്ന വിശ്വസ്തനാണ് അപ്പുണ്ണി. ഇയാൾ അറിയാതെ ദിലീപ് ഗൂഢാലോചന നടത്തില്ലെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

ദിലീപ് കസ്റ്റഡിയിലുണ്ടായിരുന്നപ്പോൾ അപ്പുണ്ണിയെ ഒപ്പമിരുത്തി ചോദ്യം ചെയ്തിരുന്നെങ്കിൽ ഗൂഢാലോചന സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിനു ലഭിക്കുമായിരുന്നു. ഇതിനിടെയാണ് അപ്പുണ്ണി വിദേശത്തേക്ക് കടന്നുവെന്ന സൂചന ലഭിച്ചത്. അപ്പുണ്ണിക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നില്ല. ഈ പഴുതുപയോഹിച്ചായിരുന്നു മുങ്ങൽ. വീട്ടിലടക്കം പരിശോധന നടത്തിയെങ്കിലും അപ്പുണ്ണിയെ കണ്ടെത്താനായിട്ടില്ല. സുനിയുടെ സഹതടവുകാരനായ വിഷ്ണവും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചിരുന്നു. ഏലൂരിൽ വച്ചാണ് ഇവർ തമ്മിൽ കണ്ടത്. അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെയാണ് അപ്പുണ്ണി ഒളിവിൽ പോയത്. പൾസർ സുനിയുടെ മുൻ അഭിഭാഷകനായ പ്രതീഷ് ചാക്കോയെയും പൊലീസ് തെരയുകയാണ്. ഈ അഭിഭാഷകൻ എന്നാൽ നാടു വിട്ടിട്ടില്ല. നേരത്തെ ദിലീപ് ദുബായിലേക്ക് പോകുമെന്ന സൂചന കിട്ടിയപ്പോഴായിരുന്നു താരത്തെ അറസ്റ്റ് ചെയ്തത്.

കേസിൽ സാക്ഷിപറയാൻ മഞ്ജുവാര്യർ സമ്മതിച്ചത് മാത്രമാണ് പൊലീസിന് ഏക ആശ്വാസം. ആക്രമിക്കപ്പെട്ട നടിയും ദിലീപുമായുള്ള ഭിന്നത ഇതിലൂടെ വ്യക്തമാകും. എന്നാൽ ഈ വൈരാഗ്യമാണ് ഇപ്പോൾ ആക്രമണത്തിന് കാരണമെന്ന് വ്യക്തമാക്കാൻ കഴിയില്ല. ക്രിമിനലായ പൾസർ സുനി സ്ഥിരം കുറ്റവാളിയാണ്. പലരേയും തട്ടിക്കൊണ്ട് പോയതായി പരാതിയുണ്ട്. ഇവരൊന്നും ദിലീപുമായി ബന്ധപ്പെട്ടവരുമല്ല. സ്ത്രീകളോട് അമിത താൽപ്പര്യമുള്ള പൾസറിന്റെ കുറ്റവാസന ദിലീപിന്റെ തലയിൽ കെട്ടിവയ്ക്കുകയാണെന്ന വാദമാകും നാളെ ജാമ്യ ഹർജിയിൽ അഡ്വക്കേറ്റ് രാംകുമാർ ഉയർത്തുക. ഇത് പ്രോസിക്യൂഷന് തലവേദനയാകും. തെളിവ് നശിപ്പിക്കുമെന്നതിനാൽ ജാമ്യം അനുവദിക്കരുതെന്ന പതിവ് പല്ലവി മാത്രമേ പ്രോസിക്യൂഷൻ നാളെയും ഉയർത്താൻ ഇടയുള്ളൂ.

സംശയത്തിന്റെ പേരിലെ അറസ്റ്റാണ് ഉണ്ടായതെന്ന വാദത്തെ പ്രതിരോധിക്കാൻ ശക്തമായ നടപടികൾ പ്രോസിക്യൂഷൻ നടത്തുന്നുണ്ട്. ഇത് ഫലം കണ്ടാൽ നാളെയും ദിലീപിന്റെ ജാമ്യ ഹർജി തള്ളനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP