Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

അറസ്റ്റ് ഒഴിവാക്കാൻ ആശുപത്രിയിൽ അഡ്‌മിറ്റായ നാദിർഷായെ പൊലീസ് സംഘം ഇന്നലെ കസ്റ്റഡിയിൽ എടുത്തോ? പോളക്കുളം ആശുപത്രിയിൽ നിന്നും ഇന്നലെ നാദിർഷാ പോയത് എങ്ങോട്ട്? അറസ്റ്റ് തടയാൻ വിസമ്മതിച്ചതോടെ നടൻ പിടിയിലായെന്ന്‌ സൂചനകൾ; അറസ്റ്റ് സ്ഥിരീകരിക്കാതെ പൊലീസ്: കാവ്യാ മാധവനും അറസ്റ്റ് ഭീഷണിയിൽ

അറസ്റ്റ് ഒഴിവാക്കാൻ ആശുപത്രിയിൽ അഡ്‌മിറ്റായ നാദിർഷായെ പൊലീസ് സംഘം ഇന്നലെ കസ്റ്റഡിയിൽ എടുത്തോ? പോളക്കുളം ആശുപത്രിയിൽ നിന്നും ഇന്നലെ നാദിർഷാ പോയത് എങ്ങോട്ട്? അറസ്റ്റ് തടയാൻ വിസമ്മതിച്ചതോടെ നടൻ പിടിയിലായെന്ന്‌ സൂചനകൾ; അറസ്റ്റ് സ്ഥിരീകരിക്കാതെ പൊലീസ്: കാവ്യാ മാധവനും അറസ്റ്റ് ഭീഷണിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകനും നടനുമായ നാദിർഷായെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്ന അഭ്യൂഹം വ്യാപകം. സ്വകാര്യആശുപത്രിയിൽനിന്നു പൊലീസ് ഇടപെട്ട് രാത്രി വൈകി ഡിസ്ചാർജ് ചെയ്യിച്ചെന്നു സൂചന. ആശുപത്രിയിൽ നിന്നിറങ്ങിയ നാദിർഷായെ കുറിച്ച് ആർക്കും വിവരമില്ല. ഇതോടെയാണ് പൊലീസ് നാദിർഷായെ കസ്റ്റഡിയിൽ എടുത്തുവെന്ന സംശയം ബലപ്പെട്ടത്. എന്നാൽ നാദിർഷായെ കസ്റ്റഡിയിൽ എടുത്തതായി സ്ഥിരീകരിക്കാൻ പ്രത്യേക അന്വേഷണസംഘം തയാറായില്ല. അതിനിടെ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ അറസ്റ്റിലും പൊലീസ് ഉടൻ തീരുമാനം എടുക്കുമെന്നാണ് സൂചന.

കേസിൽ അറസ്റ്റിലായ പ്രതി ദിലീപിനെയും നാദിർഷായെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരായ തെളിവെടുപ്പ് പൂർത്തിയാകുന്നതോടെ നാദിർഷായെയും അറസ്റ്റുചെയ്യുമെന്ന് സൂചനയുണ്ടായതിനെത്തുടർന്ന് നാദിർഷാ സമർപ്പിച്ച മൂൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് നാദിർഷാ ആശുപത്രിയിൽ അഡ്‌മിറ്റായത്. ഗൗരവമില്ലാത്ത പ്രശ്‌നങ്ങളാണ് ആശുപത്രി വാസത്തിന് ഉയർത്തിയത്. അറസ്റ്റ് ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് നാദിർഷാ പോളക്കുളം ഗ്രൂപ്പിന്റെ ആശുപത്രിയിൽ അഡ്‌മിറ്റായത്. ഇതു തിരിച്ചറിഞ്ഞ് പൊലീസ് സമ്മർദ്ദം ശക്തമാക്കി. ഇതോടെ നാദിർഷായ്ക്ക് ആശുപത്രി വിടേണ്ടി വരികയായിരുന്നു.

കേസിൽ അറസ്റ്റ് തടയണമെന്ന നാദിർഷായുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. നാദിർഷായെ കസ്റ്റഡിയിൽ എടുത്താൽ ത്തന്നെ വിശദമായ ചോദ്യം ചെയ്യലിനുശേഷമേ അറസ്റ്റിനു സാധ്യതയുള്ളൂവെന്നാണ് പൊലീസ് നൽകിയിരുന്ന സൂചന. നാദിർഷാ ഒരു വാഹനത്തിൽ പുറത്തേക്കുപോയതായാണു ദൃക്‌സാക്ഷികൾ നൽകുന്ന സൂചന. നാദിർഷായുടെ കാർ ആശുപത്രിവളപ്പിൽത്തന്നെയുണ്ട്. ഇതാണ് അഭ്യൂഹം ശക്തമാക്കുന്നത്. നാദിർഷായെ പൊലീസ് ചോദ്യം ചെയ്യലിന് കൊണ്ടു പോയതായിരിക്കാമെന്നാണ് വിലയിരുത്തൽ. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് നാദിർഷ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങി പോയത്.

നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനയെ പറ്റിയുള്ള കേസിൽ സംവിധായകനും നടൻ ദിലീപിന്റെ സുഹൃത്തുമായ നാദിർഷ തെറ്റായ വിവരങ്ങൾ നൽകി വഴിതെറ്റിക്കാൻ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് വിശദമായ ചോദ്യം ചെയ്യലിന് കഴിഞ്ഞ ബുധനാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയത്.എന്നാൽ പൊലീസ് വിളിച്ചതിന് പിന്നാലെ നാദിർഷ രാത്രിതന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. താരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ 13ന് പരിഗണിക്കാനിരിക്കെയാണ് നാദിർഷ ആശുപത്രി വിട്ടത്. നേരത്തെ ആശുപത്രി വിട്ടാലുടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് നിർദ്ദേശം നൽകിയിരുന്നു.അതുകൊണ്ട് കൂടിയാണ് സംശയങ്ങൾ ബലപ്പെടുന്നത്. എന്നാൽ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുൻകൂർ ജാമ്യഹർജിയിൽ അടക്കം പ്രതികൂലമാകുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ താരം സ്വയം ഡിസ്ചാർജ് വാങ്ങി പോയതാണെന്നും സൂചനയുണ്ട്.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് പൊലീസ് കസ്റ്റഡിയിൽവച്ച് ശബ്ദ സന്ദേശമയക്കാൻ സഹായിച്ച കളമശ്ശേരി എ.ആർ. ക്യാംപിലെ സി.പി.ഒ. അനീഷീനെ അറസ്റ്റ് ചെയ്തത് കുറ്റം ചെയ്യുകയാണെന്ന അറിവോടെ പ്രതിയെ സഹായിക്കുകയെന്ന നിർവ്വചനത്തിൽപ്പെടുന്ന ഐ പി സി-201,203 വകുപ്പുകൾ പ്രാകരമുള്ള കുറ്റകൃത്യത്തിനായിരുന്നു. നാദിർഷയെയും ഇതേ വകുപ്പിൽപ്പെടുത്തി അറസ്റ്റുരേഖപ്പെടുത്തി വിടുന്നതിനും സാദ്ധ്യത. കാവ്യമാധവനെ അറസ്റ്റ് ചെയ്താലും ഇതേ വകുപ്പ് മാത്രമേ ചേർക്കൂവെന്നാണ് സൂചന. എന്നാൽ നാദിർഷായുടെ ചോദ്യം ചെയ്യൽ നിർണ്ണായകമാണ്. ഇതിൽ പൊലീസിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ നാദിർഷാ കുഴങ്ങിയാൽ ഗൂഢാലോചനക്കുറ്റവും ചുമത്താൻ സാധ്യതയുണ്ട്. എങ്കിൽ നാദിർഷായെ ജാമ്യത്തിൽ വിട്ടയയ്ക്കാതെ റിമാൻഡ് ചെയ്യും.

സുനിയെ ഫോൺവിളിക്കാൻ സഹായിച്ച എ ആർ ക്യാംപിലെ പൊലീസുകാരൻ അനീഷിനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. പൾസർ സുനി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുമ്പോൾ സംവിധായകൻ നാദിർഷയടക്കമുള്ളവരെ ഫോണിൽ ബന്ധപ്പെടാൻ അനീഷ് അവസരം ഒരുക്കിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അനീഷിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. അനീഷിന്റെ മൊബൈൽ ഫോണിൽ നിന്ന് ദിലീപിന് സന്ദേശമയക്കാൻ ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അനീഷിനെ സസ്പെന്റ് ചെയ്യുമെന്നാണ് സൂചന. ഇല്ലാത്ത പക്ഷം പൊലീസ് നടത്തിയ നാടകമാണ് അനീഷിന്റെ വെളിപ്പെടുത്തലെന്ന വാദം സജീവമാകും. ദിലീപിന്റെ ജാമ്യ ഹർജിക്കിടെ ഇത് വാദമായി ഉയർത്താനും സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് പൊലീസ് അനീഷിനെതിരെ വകുപ്പ് തല നടപടി എടുക്കുന്നത്.

സംഭവം നടന്ന ശേഷമുള്ള കുറ്റകൃത്യമായതിനാൽ ഗൂഢാലോചന വകുപ്പ് അനീഷിനെതിരായ കേസിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതാണ് അനീഷിന് ജാമ്യം ലഭിക്കാൻ തുണയായത്. നാദിർഷയുടെ കാര്യത്തിലും ഗൂഢാലോചന കേസ് ചുമത്തുന്നതിനാവിശ്യമായ തെളിവ് അന്വേഷക സംഘത്തിന് ലഭിച്ചിട്ടില്ലന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള അറസ്റ്റാണ് നാദിർഷയുടെ കാര്യത്തിലും പൊലീസ് ലക്ഷ്യമിട്ടിട്ടുള്ളതെന്നാണ് വ്യാപകമായിട്ടുള്ള അഭ്യൂഹം. അനീഷിന് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് നേരത്തെ അന്വേഷക സംഘത്തിന് വിവരം ലഭിച്ചിരുന്നെന്നും ഇക്കാര്യം ഉന്നത തലങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ധരിപ്പിച്ചിരുന്നെന്നുമാണ് പരക്കെ പ്രചരിക്കുന്ന വിവരം. കുറ്റവാളിയെ സഹായിച്ചുവെന്ന് ബോദ്ധ്യപ്പെട്ടിട്ടും അനീഷിനെതിരെ വകുപ്പുതല നടപടിയുണ്ടാ വാതിരുന്നത് ഉന്നതങ്ങളിൽ നിന്നും അനുമതി ലഭിക്കാതിരുന്നതാണെന്ന് വ്യക്തമായിട്ടുണ്ട്. 'ദിലീപേട്ടാ കുടുങ്ങി' എന്നായിരുന്നു അനീഷിന്റെ ഫോൺവഴി സുനി കൈമാറിയ സന്ദേശമെന്നാണ് പൊലീസ് കണ്ടെത്തൽ.

പൾസർ സുനിക്കുവേണ്ടി പുറത്തുള്ള പ്രമുഖരുമായി ബന്ധപ്പെടുന്നതിനായി അനീഷ് ശ്രമിച്ചിരുന്നുവെന്ന് അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്വന്തം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. കാവ്യാ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലേക്കും ഇയാൾ മൂന്നുതവണ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കേസിലെ പതിനാലാം പ്രതിയാണ് അനീഷ്. മാർച്ച് ആറിനാണ് സംഭവം നടന്നത്. ആലുവ പൊലീസ് ക്ലബ്ബിൽ പൾസർ സുനിക്ക് കാവൽ നിന്നപ്പോഴാണ് നടിക്കെതിരെയുള്ള അക്രമണത്തിന് പിന്നിൽ ദിലീപാണെന്ന് സുനി അനീഷിനോട് വെളിപ്പെടുത്തിയത്. തുടർന്നു തന്റെ മൊബൈൽ ഫോണിൽനിന്ന് ദിലീപിന് രഹസ്യസന്ദേശം അയയ്ക്കാൻ സുനിയെ അനീഷ് സഹായിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP