Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൾഫിലെ കള്ളപ്പണ ലോബിയുമായി ദിലീപിനുള്ള ബന്ധം അന്വേഷണ പരിധിയിൽ; സിനിമാ ലോകത്തെ കള്ളപ്പണ ഇടപാടുകൾ എല്ലാം പരിശോധനയിൽ; ഇനി കസ്റ്റഡിയിൽ എടുക്കുന്നത് കാവ്യ മാധവനെയും അമ്മയെയും എന്ന സൂചന നൽകി പൊലീസ്; അൻവർ സാദത്ത് എംഎൽഎക്കും മുകേഷിനും എളുപ്പത്തിൽ കൈയൊഴിയാൻ പറ്റില്ല

ഗൾഫിലെ കള്ളപ്പണ ലോബിയുമായി ദിലീപിനുള്ള ബന്ധം അന്വേഷണ പരിധിയിൽ; സിനിമാ ലോകത്തെ കള്ളപ്പണ ഇടപാടുകൾ എല്ലാം പരിശോധനയിൽ; ഇനി കസ്റ്റഡിയിൽ എടുക്കുന്നത് കാവ്യ മാധവനെയും അമ്മയെയും എന്ന സൂചന നൽകി പൊലീസ്; അൻവർ സാദത്ത് എംഎൽഎക്കും മുകേഷിനും എളുപ്പത്തിൽ കൈയൊഴിയാൻ പറ്റില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതോട സിനിമാ രംഗത്തെ റിയൽ എസ്‌റ്റേറ്റ് -കള്ളപ്പണ ലോബിയും വെട്ടിലാകുന്നു. ഗൾഫിലെ കള്ളപ്പണ ലോബിയുമായും ദിലീപിന് ബന്ധമുണ്ടെന്ന സൂചന പുറത്തുവന്നതോടെ മലയാളം സിനിമയെ പിടിമുറിക്കിയ കള്ളപ്പണ ലോബിയിലേക്കുള്ള വഴിയാണ് പുറത്തുവരുന്നത്. സിനിമാ രംഗത്തെ വമ്പന്മാർക്ക് അടക്കം ഈ ലോബിയുമായി ബന്ധമുണ്ടെന്നാണ് അറിയുന്നത്. സാമ്പത്തികമായി വിജയിക്കില്ലെന്ന് ഉറപ്പുള്ള സിനിമകൾ പോലും മലയാളത്തിൽ ഇറക്കുന്നത് പതിവ് സംഭവമാണ്. ഇതിന്റെ ലക്ഷ്യം കള്ളപ്പണം വെളുപ്പിക്കലാണെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഈ മാഫിയയുടെ കണ്ണിയാണ് ദിലീപന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം അടുത്തതായി കാവ്യ മാധവനെയും അമ്മ ശ്യാമളയെയും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

നടിയെ ഉപദ്രവിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിനിടയിലാണു ദിലീപിന്റെ കണക്കിൽപെടാത്ത സ്വത്തു സംബന്ധിച്ച വിവരങ്ങൾ പൊലീസിനു ലഭിച്ചത്. ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കള്ളപ്പണ റാക്കറ്റുമായി ദിലീപ് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തുന്നത്.

കഴിഞ്ഞ പത്തു വർഷത്തിനിടെ ദിലീപ് നേതൃത്വം നൽകിയ വിദേശ സ്റ്റേജ് ഷോകൾ, വൻകിട റിയൽ എസ്റ്റേറ്റ് ഇടപാടുകൾ, കേസിലെ മുഖ്യപ്രതി സുനിൽകുമാർ പങ്കാളിയാണെന്നു കരുതുന്ന ദുബായ് മനുഷ്യക്കടത്ത് എന്നിവയിലും അന്വേഷണം നടക്കും. എന്നാൽ, കേരള പൊലീസ് ഇപ്പോൾ നേരിട്ട് അന്വേഷിക്കുന്നതു നടിയെ ഉപദ്രവിച്ച കേസ് മാത്രമാണെന്നും സാമ്പത്തിക ഇടപാടു സംബന്ധിച്ചു ലഭ്യമാവുന്ന മറ്റു വിവരങ്ങൾ ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്കു കൈമാറുമെന്നും പ്രത്യേക അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

കേസിന്റെ ഗൂഢാലോചന സംബന്ധിച്ച ചോദ്യംചെയ്യലിൽ പൊലീസ് കണ്ടെത്തിയ നിർണായക വിവരങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. ദിലീപ് നിർമ്മിച്ച സിനിമകൾ, റിയൽ എസ്റ്റേറ്റ്, മറ്റു ബിസിനസ് സംരംഭങ്ങൾ എന്നിവയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തും. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും. മലയാള സിനിമാ നിർമ്മാണ രംഗത്തെ ബെനാമി കള്ളപ്പണ ഇടപാടുകളിൽ ദിലീപിന്റെ പങ്കു വ്യക്തമായ സാഹചര്യത്തിലാണു സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളുടെ ഇടപെടൽ.

ക്വട്ടേഷൻ പദ്ധതി വിജയിച്ചാൽ ദിലീപിന് 62 കോടി ലാഭമെന്ന സുനിലിന്റെ മൊഴിയിൽ അന്വേഷണം

ഗൂഢാലോചനക്കേസിൽ അന്വേഷണം പൂർത്തിയാക്കിയശേഷം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ദിലീപിനെ ചോദ്യംചെയ്യും. രണ്ടു വർഷം മുൻപ് ആദായ നികുതി ഇന്റലിജൻസ് വിഭാഗവും മലയാള സിനിമാ നിർമ്മാണ രംഗത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് കേന്ദ്രസർക്കാരിനു സമർപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദിലീപ് അടക്കമുള്ള മുൻനിര നടന്മാരുടെ സ്വത്തുവിവര കണക്കുകൾ പരിശോധിച്ചിരുന്നെങ്കിലും അന്വേഷണം ഇടയ്ക്കു മരവിച്ചു.

ഉപദ്രവിക്കപ്പെട്ട നടിയോടുള്ള വ്യക്തിവിരോധം മാത്രമാണു കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചതെന്ന ദിലീപിന്റെ നിലപാടു പൊലീസ് പൂർണമായി വിശ്വസിക്കുന്നില്ല. അതിനായി ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ ദിലീപ് നൽകുമെന്നു പൊലീസ് വിശ്വസിക്കുന്നില്ല. സുനി കുറ്റസമ്മതം നടത്തിയപ്പോൾ പൊലീസ് ഇക്കാര്യം ചോദിച്ചിരുന്നു. ക്വട്ടേഷൻ പദ്ധതി വിജയിച്ചാൽ ദിലീപിന് 62 കോടി രൂപയുടെ ലാഭമുണ്ടാവുമെന്നാണു സുനി മൊഴി നൽകിയത്. എന്താണു സാമ്പത്തിക ഇടപാടെന്നു വ്യക്തമാക്കാൻ സുനിക്കു കഴിഞ്ഞില്ല.

എന്നാൽ, നടി ഇതു സംബന്ധിച്ച വിലപ്പെട്ട വിവരങ്ങൾ പൊലീസിനു കൈമാറിയിട്ടുണ്ടെന്നാണു വിവരം. കുറ്റം സമ്മതിക്കേണ്ടിവന്ന ഘട്ടത്തിൽ സാമ്പത്തിക സ്രോതസ്സുകളിലേക്ക് അന്വേഷണം നീങ്ങാതിരിക്കാനാണു വ്യക്തിവിരോധത്തിൽ ഊന്നിയ മറുപടികൾ ദിലീപ് നൽകിയതെന്ന് അന്വേഷണ സംഘം കരുതുന്നു. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യുന്നതോടെ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണു പ്രതീക്ഷ.

കൊച്ചിയിൽ മാത്രം ദിലീപ് നടത്തിയത് 35 ഭൂമി ഇടപാടുകൾ

ദിലീപ് കൊച്ചിയിൽ മാത്രം നടത്തിയത് 35 ഭൂമി ഇടപാടുകളാണെന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്. ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ സംബന്ധിച്ച രേഖകൾ അന്വേഷണ സംഘത്തിനു കൈമാറാൻ റജിസ്‌ട്രേഷൻ വകുപ്പിനു നിർദ്ദേശം. എറണാകുളം,തൃശൂർ,കോട്ടയം, ആലപ്പുഴ, ഇടുക്കി,കൊല്ലം ജില്ലകളിൽ ദിലീപ് വൻതോതിൽ ഭൂമി ഇടപാടു നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു നീക്കം. സബ് രജിസ്റ്റ്രാർ ഓഫിസുകളിൽ നിന്നുള്ള രേഖകൾ അന്വേഷണ സംഘത്തിനു ലഭിച്ചു തുടങ്ങി.

ദിലീപും ആക്രമിക്കപ്പെട്ട നടിയും സംയുക്ത ഇടപാടുകൾ നടത്തിയോ എന്നും പൊലീസ് പരിശോധിക്കുന്നു.എറണാകുളം ജില്ലയിൽ മാത്രം 2006 മുതൽ ഇതുവരെ 35 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് ദിലീപ് നടത്തിയത്. എറണാകുളത്തും തൃശൂരിലുമാണ് ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്നത്. കൂടാതെ വിവിധ ട്രസ്റ്റുകൾ, ഹോട്ടലുകൾ എന്നിവടങ്ങളിലും ദിലീപിന് വൻ നിക്ഷേപമുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

കാവ്യ മാധവനെയും അമ്മയെയും കസ്റ്റഡിയിൽ എടുത്തേക്കും

അതേസമയം ദിലീപിന് പിന്നാലെ കാവ്യ മാധവനെയും അമ്മ ശ്യാമളയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തേക്കുമെന്നു സൂചനയുണ്ട്. പൾസർ സുനി പറഞ്ഞ മാഡം കാവ്യയോ അമ്മയോ ആണോ എന്നതാണ് അറിയേണ്ടത്. രണ്ടു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ട ദിലീപിനെ ഗൂഢാലോചന നടന്നതായി സംശയമുള്ള ഇടങ്ങളിലെത്തിച്ച് തെളിവെടുത്തു. ഇതിനിടെ സംസ്ഥാനത്തെ രണ്ട് എംഎൽഎമാരെ പൊലീസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതായി സൂചനയുണ്ട്. ആവശ്യം വന്നാൽ ഇവരെ ചോദ്യം ചെയ്യേണ്ടിവരുമെന്നു പ്രത്യേക അന്വേഷണ സംഘം സംസ്ഥാന പൊലീസ് മേധാവിയെ അറിയിച്ചു. മുകേഷിനെയും അൻവർ സാദത്തിനെയുമാണ് ചോദ്യം ചെയ്യുക. ഇരുവർക്കും ദിലീപുമായി വളരെ അടുപ്പമുണ്ടായിരുന്നു.

കുറ്റകൃത്യത്തിൽ നേരിട്ടു പങ്കില്ലെങ്കിലും, നടിയെ ഉപദ്രവിക്കാൻ ദിലീപ് ക്വട്ടേഷൻ നൽകിയ വിവരം എംഎൽഎമാർ അറിഞ്ഞതിന്റെ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണു പൊലീസ് നീക്കം. എന്നാൽ മുഖ്യമന്ത്രിയുടെ അനുവാദം ലഭിച്ചാൽ മാത്രമേ ജനപ്രതിനിധികളെ ചോദ്യം ചെയ്യൂ. മുഖ്യപ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) മുൻ അഭിഭാഷകനോട് അന്വേഷണത്തോടു സഹകരിക്കാൻ ഹൈക്കോടതി നിർദേശിച്ചു. അഡ്വ. പ്രതീഷ് ചാക്കോ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചപ്പോഴാണു നിർദ്ദേശം. ചോദ്യംചെയ്യലിനു ഹാജരാവാൻ പ്രതീഷ് ചാക്കോയ്ക്കു നോട്ടിസ് നൽകിയിരുന്നു. നടിയെ ഉപദ്രവിച്ച ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പ്രതീഷ് ചാക്കോയെ ഏൽപിച്ചതായി സുനി മൊഴി നൽകിയിരുന്നു.

കുറ്റകൃത്യത്തിനു ശേഷം ഒളിവിൽ പോയ സുനി ഫെബ്രുവരി 23നാണ് അഭിഭാഷകന്റെ ഓഫിസിലെത്തി മൊബൈൽ നൽകിതെന്നാണു സൂചന. എന്നാൽ വക്കീൽ ഓഫിസിൽ പൊലീസ് പരിശോധന നടത്തിയപ്പോൾ അഭിഭാഷകൻ ഇക്കാര്യം നിഷേധിച്ചു. കോടതി അനുവദിച്ച ദിലീപിന്റെ പൊലീസ് കസ്റ്റഡി നാളെ രാവിലെ 11ന് അവസാനിക്കും. എറണാകുളത്തും തൊടുപുഴയിലുമായിരുന്നു ഇന്നലെ തെളിവെടുപ്പ്.
ഇന്ന് തൃശൂരിൽ തെളിവെടുപ്പിനായി കൊണ്ടുപോകും. അങ്കമാലി കോടതി വളപ്പിലും തെളിവെടുപ്പു പൂർത്തിയാക്കിയ സ്ഥലങ്ങളിലും ജനങ്ങൾ കൂക്കുവിളികളോടെയാണു ദിലീപിനെ സ്വീകരിച്ചത്.

ദിലീപിന്റെ ഭാര്യ കാവ്യാമാധവൻ, അമ്മ ശ്യാമള, പൾസർ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോ അടക്കമുള്ളവരാണ് പൊലീസ് കസ്റ്റഡിയിൽ എടുക്കാനുള്ളവരുടെ പട്ടികയിലുള്ളത്. ദിലീപുമായുള്ള തെളിവെടുപ്പ് അവസാനിച്ചാലുടൻ കൂട്ട ചോദ്യംചെയ്യൽ തുടങ്ങും. പൾസർ സുനിയുടെ ദൂതനുമായി നേരിട്ട് ഇടപാടുകൾ നടത്തിയ ദിലീപിന്റെ മാനേജർ അപ്പുണ്ണി പ്രതിയാവുമെന്ന് ഉറപ്പായിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ മുകേഷിനെയും അൻവർ സാദത്ത് എംഎ‍ൽഎയും ദിലീപ് പലവട്ടം വിളിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സ്വകാര്യ ആവശ്യത്തിനായി ദിലീപ് ഉപയോഗിക്കുന്ന രഹസ്യ നമ്പരിൽ നിന്നായിരുന്നു വിളികളെത്തിയത്. അന്വേഷണത്തിന്റെ ഒരുഘട്ടം കഴിഞ്ഞപ്പോൾ കിട്ടിയ ഈ രഹസ്യ നമ്പരിൽ നിന്നുള്ള വിളികൾ പൊലീസ് ചോർത്തിയപ്പോഴാണ് ദിലീപിനെ രക്ഷിച്ചെടുക്കാനുള്ള ഉന്നത ഇടപെടലുകൾ വ്യക്തമായത്. ആക്രമണത്തിനു പിന്നാലെ ദിലീപ് ദീർഘനേരം വിളിച്ചതെന്തിനാണെന്ന് എംഎ‍ൽഎമാർ വിശദീകരിക്കേണ്ടിവരും. ഉത്തരം തൃപ്തികരമല്ലെങ്കിൽ പ്രതിചേർക്കപ്പെടുന്ന സാഹചര്യമുണ്ടാവും.

കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതിയും ദിലീപിന്റെ മൊഴിപ്രകാരമുള്ള തുടരന്വേഷണവും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇന്ന് നേരിട്ട് വിലയിരുത്തും. പൊലീസ് ആസ്ഥാനത്ത് ഇന്ന് ചേരുന്ന ക്രൈം റിവ്യൂ യോഗത്തിനു ശേഷമാവും അന്വേഷണ ഉദ്യോഗസ്ഥരുമായി ഡി.ജി.പിയും മുതിർന്ന പൊലീസുദ്യോഗസ്ഥരും കൂടിക്കാഴ്‌ച്ച നടത്തുക. ശിക്ഷയിൽ നിന്നൊഴിവാക്കപ്പെടുമെന്നതിനാൽ പ്രതികളിലൊരാൾ മാപ്പുസാക്ഷിയാവാൻ സന്നദ്ധനായിട്ടുണ്ട്.

പ്രതിയെ മാപ്പുസാക്ഷിയാക്കുന്നതിനെ ഐ.ജി ദിനേശ് കശ്യപ് തുടക്കത്തിൽ അനുകൂലിച്ചിരുന്നില്ല. പക്ഷേ, തീവ്രവാദകേസുകളിൽ പോലും മാപ്പുസാക്ഷികളുണ്ടാകാറുണ്ടെന്ന്, കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസിൽ എട്ടാം പ്രതി ഷമ്മി ഫിറോസിനെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) മാപ്പുസാക്ഷിയാക്കിയത് ചൂണ്ടിക്കാട്ടി ബെഹ്‌റ വിശദീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP