Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിണറായിയെ കുടുക്കിയ ലാവലിൻ കേസിൽ പേരുകേട്ട ദിലീപ് രാഹുലനു ദുബായിൽ തടവുശിക്ഷ; ഇനി കണ്ടുപിടിക്കേണ്ടത് ദിലീപ് രാഹുലൻ എവിടെയെന്ന്; ഓസ്‌ട്രേലിയയിൽ തുടങ്ങി ദുബായിൽ വികസിപ്പിച്ച ബിസിനസ് വിട്ട് മുങ്ങിയത് നിരവധി പേരെയും ബാങ്കുകളെയും കബളിപ്പിച്ച ലക്ഷങ്ങളുമായി

പിണറായിയെ കുടുക്കിയ ലാവലിൻ കേസിൽ പേരുകേട്ട ദിലീപ് രാഹുലനു ദുബായിൽ തടവുശിക്ഷ; ഇനി കണ്ടുപിടിക്കേണ്ടത് ദിലീപ് രാഹുലൻ എവിടെയെന്ന്; ഓസ്‌ട്രേലിയയിൽ തുടങ്ങി ദുബായിൽ വികസിപ്പിച്ച ബിസിനസ് വിട്ട് മുങ്ങിയത് നിരവധി പേരെയും ബാങ്കുകളെയും കബളിപ്പിച്ച ലക്ഷങ്ങളുമായി

ദുബായ്: ലാവലിൻ കേസിൽ സിബിഐ ചോദ്യം ചെയ്ത മലയാളി പ്രവാസി വ്യവസായി ദിലീപ് രാഹുലനു ചെക്കുകേസിൽ ദുബായ് പ്രാഥമിക കോടതി തടവുശിക്ഷ വിധിച്ചു. ചെക്കുകേസിലാണ് മൂന്നുവർഷം തടവുശിക്ഷ. ഇന്ത്യക്കാരനായ എസ് ടി വിനോദ് ചന്ദ്രയുടെ പരാതിയിലാണ് ദിലീപ് രാഹുലനെതിരായ വിധി. വിനോദ് ചന്ദ്രയ്ക്കു നൽകിയ 38 കോടിയുടെ ചെക്ക് അക്കൗണ്ടിൽ പണമില്ലാത്തതിനെത്തുടർന്നു മടങ്ങുകയായിരുന്നു. ദുബായിൽ നിരവധി കബളിപ്പിക്കൽ കേസുകളിൽ കുടുങ്ങിയതിനെത്തുടർന്നു നിയമനടപടി നേരിടുന്ന ദിലീപ് വളരെ നേരത്തെ ദുബായിൽനിന്നു മുങ്ങിയിരുന്നു.

ദുബൈ ജബൽ അലി ആസ്ഥാനമായുള്ള പസഫിക് കൺട്രോൾ എന്ന ആടി സ്ഥാപനത്തിന്റെ ഉടമയായിരുന്നു കൊച്ചി സ്വദേശി ദിലീപ് രാഹുലൻ. എന്നാൽ ഈ കേസുമായി കമ്പനിക്കു ബന്ധമില്ലെന്നു കമ്പനിവൃത്തങ്ങൾ കോടതിയിൽ അറിയിച്ചതായാണു സൂചന. ദിലീപ് രാഹുലൻ നൽകിയ ചെക്ക് വ്യക്തിപരമായിരുന്നെന്നും ഉത്തരവാദിത്തം ഏറ്റെടുക്കാൻ കമ്പനിക്കാവില്ലെന്നുമാണ് നിലപാട്. ദിലീപ് രാഹുലൻ വിധി കേൾക്കാൻ എത്തിയിരുന്നില്ല. അസാന്നിധ്യത്തിൽ തടവിനു ശിക്ഷിച്ചുകൊണ്ടുള്ള വിധി കോടതി പ്രഖ്യാപിക്കുകയായിരുന്നു.

ദിലീപ് രാഹുലനായി ദുബായ് പൊലീസ് ഇന്റർപോൾ മുഖാന്തിരം രാജ്യാന്തര അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. മുമ്പ് കാനഡ ആസ്ഥാനമായുള്ള എസ്എൻസി ലാവലിൻ കമ്പനിയിൽ ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസറായിരുന്നു ദിലീപ് രാഹുലൻ. അക്കാലത്താണ് പിണറായി വിജയനെ ഇന്നോളം പിന്തുടരുന്ന തെൡയക്കപ്പെടാത്ത കളങ്കമായ ലാവലിൻ ഇടപാടു നടക്കുന്നത്. ഇടപാടിലെ വിവരങ്ങൾ അറിയാനായി ദിലീപ് രാഹുലനെ സിബിഐ നേരത്തേ ചോദ്യം ചെയ്തിരുന്നു.

ലാവലിൻ വിട്ടശേഷമാണ് ഓസ്‌ട്രേലിയ ആസ്ഥാനമായി പസഫിക് കൺട്രോൾ എന്ന കമ്പനി ദിലീപ് തുടങ്ങിയത്. പിന്നീട് കമ്പനി ദുബായിലേക്കു മാറി. വിവിധ ബാങ്കുകളിൽനിന്നു വായ്പയെടുത്തും മറ്റുമാണു കമ്പനി മുന്നോട്ടു പോയിരുന്നത്. തിരിച്ചടവു മുടങ്ങിയതോടെ ബാങ്കുകൾ നിയമനടപടി തുടങ്ങി. ഇതിൽ കുടുങ്ങാതിരിക്കാൻ ദിലീപ് രാഹുലൻ ദുബായ് വിട്ടെന്നു റിപ്പോർട്ടുണ്ടായിരുന്നു. ഇപ്പോൾ വീണ്ടും ദിലീപ് രാഹുലനായുള്ള അന്വേഷണം ശക്തമാവുകയാണ്. ഇതു കൂടാതെ ഇനി നിരവധി കേസുകളിലും ദിലീപ് രാഹുലനെതിരേ വിധിവരാനുണ്ട്. നിലവിലെ വിലാസം അമേരിക്കയിലെ ന്യൂജഴ്‌സിയിലേതാണ്. ഓസ്‌ട്രേലിയൻ പാസ്‌പോർട്ടുമുണ്ട്.

ലാവലിൻ ഇടപാടിൽ പിണറായി വിജയനെതിരായ മൊഴിയാണ് ദിലീപ് നൽകിയിരുന്നത്. പിണറായിയുടെ പേരെടുത്തു പറഞ്ഞില്ലെങ്കിലും അന്നത്തെ വൈദ്യുതി മന്ത്രി കൂടി ഉൾപ്പെട്ട യോഗത്തിലാണ് എസ്എൻസി ലാവലിൻ ഇടപാടിൽ കൺസൾട്ടന്റായി ടെക്‌നിക്കാലിയയുടെ പേരു നിർദ്ദേശിച്ചതെന്നായിരുന്നു ദിലീപ് രാഹുലന്റെ മൊഴി. ലാവലിൻ കരാറിൽ കമ്പനി ഡയറക്ടറുടെ സ്ഥാനത്ത് ഒപ്പിട്ടിരുന്നത് ദിലീപായിരുന്നു. ടെക്‌നിക്കാലിയയുമായി നടത്തിയ ഇടപാടുകൾ നിയമവിരുദ്ധമാണെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP