Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പന്ത്രണ്ടര മണിക്കൂർ ചോദ്യം ചെയ്ത ശേഷം ദിലീപിനേയും നാദിർഷായേയും വിട്ടയച്ചു; തന്റെ പരാതിയിൽ മൊഴിയും മറ്റേ കേസിലെ കാര്യങ്ങളും സംസാരിച്ചെന്ന് സൂപ്പർ താരം; ഞാൻ കോൺഫിണ്ടന്റെന്ന് ആവർത്തിച്ചും നടൻ; ജനപ്രിയ നായകനും കൂട്ടുകാരൻ സംവിധായകനും ക്ലീൻ ചിറ്റില്ലെന്ന് പൊലീസും; നടിയെ ആക്രമിച്ച കേസിൽ ക്ലൈമാക്‌സ് കാത്ത് കേരളം

പന്ത്രണ്ടര മണിക്കൂർ ചോദ്യം ചെയ്ത ശേഷം ദിലീപിനേയും നാദിർഷായേയും വിട്ടയച്ചു; തന്റെ പരാതിയിൽ മൊഴിയും മറ്റേ കേസിലെ കാര്യങ്ങളും സംസാരിച്ചെന്ന് സൂപ്പർ താരം; ഞാൻ കോൺഫിണ്ടന്റെന്ന് ആവർത്തിച്ചും നടൻ; ജനപ്രിയ നായകനും കൂട്ടുകാരൻ സംവിധായകനും ക്ലീൻ ചിറ്റില്ലെന്ന് പൊലീസും; നടിയെ ആക്രമിച്ച കേസിൽ ക്ലൈമാക്‌സ് കാത്ത് കേരളം

കൊച്ചി: നടൻ ദിലീപിനേയും നാദിർഷായേയും പന്ത്രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പൊലീസ് വിട്ടയച്ചു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനേയും നാദിർഷായേയും ദിലീപിന്റെ മാനേജരേയും ആലുവ പൊലീസ് ക്ളബ്ബിൽ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്ത് പൊലീസ് കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിർണായക മൊഴിയെടുത്തത്. പകൽ പന്ത്രണ്ടരയോടെ തുടങ്ങിയ ചോദ്യംചെയ്യൽ പാതിരാത്രി ഒരു മണിയോടെയാണ് അവസാനിച്ചത്.

ആലുവ പൊലീസ് ക്ളബ്ബിൽ നടന്ന വിശദമായ ചോദ്യംചെയ്യലിൽ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചതായാണ് അറിയുന്നത്. പൊലീസ് ക്ളബ്ബിലേക്ക് പുറപ്പെടുംമുമ്പ്, താൻ നൽകിയ പരാതിയിൽ മൊഴിയെടുക്കാനാണ് പൊലീസ് വിളിച്ചതെന്നാണ് ദിലീപ് വ്യക്തമാക്കിയത്. എന്നാൽ എല്ലാം വിശദമായി സംസാരിച്ചുവെന്ന് ദിലീപ് പ്രതികരിച്ചു. തന്റെ പരാതിയിൽ മൊഴിയെടുത്തുവെന്നും അറിയിച്ചു. ഇവർക്ക് ക്ലീൻ ചിറ്റ് കൊടുത്തിട്ടില്ലെന്നും പരിശോധന തുടരുമെന്നും ആലുവ റൂറൽ എസ് പി എ വി ജോർജ്ജ് അറിയിച്ചു. പൊലീസ് നടപടികൾ തുടരും.

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ദിലീപും നാദിർഷയും ആലുവയിലെ പൊലീസ് ക്ലബ്ബിന് പുറത്തേക്ക് വന്നത് പാതിരാത്രി ഒരു മണിക്ക് ശേഷമായിരുന്നു. നടനും നാദിർഷായും ക്ഷീണിതരായിരുന്നു. വിശദമായ മൊഴിയെടുത്തു എന്നും സത്യം പുറത്തുവരാൻ ആഗ്രഹിക്കുന്നുവെന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യലല്ല നടന്നത്. തന്റെ പരാതിയിൽ വിശദാമായ മൊഴിയെടുപ്പാണ് നടന്നത്. പൊലീസിനോട് പൂർണ്ണമായും സഹകരിച്ചു. ആവശ്യപ്പെട്ടാൽ വരും ദിവസങ്ങളിലും സഹകരിക്കും. തനിക്ക് പൂർണ ആത്മവിശ്വാസമുണ്ട്. സത്യം പുറത്ത് വരണമെന്ന് മറ്റാരേക്കാളും ഞാൻ ആഗ്രഹിക്കുന്നു. എല്ലാകാര്യങ്ങളും ഞാൻ വിശദമായി പറഞ്ഞിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. നാദീർഷാ പ്രതികരണത്തിന് തയ്യാറായില്ല. ദിലീപിനേയും നാദിർഷായേയും കാത്ത് നടൻ സിദ്ദിഖ് പൊലീസ് ക്ലബ്ബിന് പുറത്തുണ്ടായിരുന്നു. സിദ്ദിഖിനൊപ്പമായിരുന്നു ദിലീപിന്റെ മടക്കം.

ആലുവ പൊലീസ് ക്ലബ്ബിലേക്ക് എത്തിച്ചേർന്ന നാദിർഷയുടെ സഹോദരൻ സമദിന് പൊലീസ് അകത്തേക്ക് പ്രവേശനം അനുവദിച്ചു. അതേസമയം സിദ്ദിഖിന് പ്രവേശനം ലഭിച്ചില്ല. സമദ് അകത്ത് കയറി പത്ത് നിമിഷത്തിനകം ദിലീപും നാദിർഷായും പുറത്തേക്ക് എത്തി. നടൻ സിദ്ദിഖും സമദും പതിനൊന്നരയോടെ് പൊലീസ് ക്ലബ്ബിൽ എത്തിച്ചേർന്നെങ്കിലും പൊലീസ് അകത്തേക്ക് പ്രവേശിക്കാൻ അനുവാദം നൽകിയില്ല. രക്തബന്ധമെന്ന ആനുകൂല്യത്തിൽ പിന്നീട് സമദിന് പ്രവേശനം അനുവദിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12.40ഓടെ ആരംഭിച്ച മൊഴിയെടുക്കലാണ് അർധരാത്രിയിലേക്കു നീണ്ടത്.

ആലുവ പൊലീസ് ക്ലബിൽ വിളിച്ചവരുത്തിയശേഷമാണു മൂവരുടെയും മൊഴി രേഖപ്പെടുത്തിയത്. എഡിജിപി ബി. സന്ധ്യ, ആലുവ റൂറൽ എസ്‌പി എ.വി. ജോർജ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ പെരുന്പാവൂർ സിഐ ബിജു പൗലോസാണു മൊഴിയെടുത്തത്. മൂന്നു പേരെയും വെവ്വേറെ മുറികളിൽ ഇരുത്തി ഒറ്റയ്ക്കും പിന്നീട് ഒരുമിച്ചിരുത്തിയും മൊഴി രേഖപ്പെടുത്തി. നടിയെ ആക്രമിച്ച കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ തട്ടാൻ ശ്രമിച്ചുവെന്ന തന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ പോകുന്നുവെന്നാണു പൊലീസ് ക്ലബിലേക്ക് പുറപ്പെടും മുൻപു നടൻ ദിലീപ് മാധ്യമങ്ങളോടു പറഞ്ഞത്. ഇത് ശരിയല്ലെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് നടന്നതെല്ലാം.

ഭീഷണിപ്പെടുത്തിയ സംഭവത്തിനു പുറമെ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടുയർന്ന ഗൂഢാലോചന സംബന്ധിച്ചും മൂവരിൽനിന്നും വിശദമായി വിവരങ്ങൾ ചോദിച്ചറിഞ്ഞെന്നാണു സൂചന. മൊഴിയടുക്കലിനുശേഷം ദിലീപിന്റെ പരാതിയിലും വേണ്ടിവന്നാൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ടും കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. നടിയെ ആക്രമിച്ച സംഭവത്തിൽ പിടിയിലായ പൾസർ സുനിയുടെ അടുത്ത ദിവസങ്ങളിലെ വെളിപ്പെടുത്തലുകളും കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന നിരവധി വിവരങ്ങളും ഉൾപ്പെടെ സമഗ്രമായി തയ്യാറാക്കിയ ചോദ്യാവലിയാണ് ദിലീപിനെ കാത്തിരുന്നത്. മാത്രമല്ല, കേസിൽ പൾസർ സുനിയെ അറസ്റ്റുചെയ്ത് പൊലീസ് കളബ്ബിൽ ചോദ്യംചെയ്ത സംഘത്തിൽ ഉണ്ടായിരുന്ന ക്രൈംബ്രാഞ്ച് എസ്‌പി സുദർശൻ ഉൾപ്പെടെ ഉള്ളവർ ദിലീപിനെയും ചോദ്യംചെയ്യാൻ എത്തിയിരുന്നു.

നടിയെ ആക്രമിച്ച കേസിൽ പിടിയിലായ പൾസർ സുനി തന്നെ ബ്ളാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് നടൻ ദിലീപ് നൽകിയ പരാതിയിൽ മൊഴിയെടുക്കാനാണ് പൊലീസ് വിളിച്ചതെന്ന നിലയിലാണ് ആദ്യം കാര്യങ്ങൾ പുറത്തുവന്നത്. നടനും പൊലീസ് ക്ളബ്ബിലേക്ക് പോകും മുമ്പ് പ്രതികരിച്ചത് ഇങ്ങനെയാണ്. എന്നാൽ ആദ്യഘട്ടം കഴിഞ്ഞതോടെ ചോദ്യംചെയ്യൽ കൂടുതൽ വിശദമാകുകയും ഗൂഢാലോചന സംബന്ധിച്ചും മറ്റുമുള്ള സംശയ നിവാരണത്തിലേക്ക് പൊലീസ് നീങ്ങുകയുമായിരുന്നു. ഇതോടെ ശക്തമായ ചോദ്യംചെയ്യൽ തന്നെയാണ് ആലുവ പൊലീസ് ക്ളബ്ബിൽ നടന്നത്. വെറുമൊരു മൊഴിയെടുക്കൽ എന്നതിലുപരി മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യൽ നടന്നതോടെ കേസിൽ നിർണായകമായ വിവരങ്ങൾ പൊലീസ് ശേഖരിച്ചതായാണ് വിവരം. നടൻ പറഞ്ഞ കാര്യങ്ങളിലെ സത്യാവസ്ഥ വരും ദിവസങ്ങളിൽ പൊലീസ് അന്വേഷിക്കും. ഇതിനു ശേഷമാകും കേസിലെ തുടർനടപടികൾ.

നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രതി പൾസർ സുനി നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിച്ചത്. ഇതോടൊപ്പം ദിലീപും നാദിർഷയും നൽകിയ പരാതികളിലെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇരുവരെയും രണ്ടു മുറികളിൽ ഇരുത്തി പ്രത്യേക സംഘങ്ങളാണ് ചോദ്യം ചെയ്യുകയായിരുന്നു. ദിലീപിന്റെ മാനേജർ അപ്പുണ്ണിയേയും ചോദ്യംചെയ്ത് വിവരങ്ങൾ ശേഖരിച്ചു. ഇവരുടെയെല്ലാം മൊഴിയിലെ വൈരുദ്ധ്യങ്ങൾ പരിശോധിച്ചാകും പൊലീസിന്റെ തുടർ നടപടികൾ. ചോദ്യംചെയ്യലുമായി ദിലീപും നാദിർഷായും അപ്പുണ്ണിയും പൂർണമായും സഹകരിക്കുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ഇന്നത്തെ ചോദ്യം ചെയ്യൽ പ്രാഥമിക ഘട്ടം മാത്രമാണെന്നും ഇരുവരുടേയും മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്ന് കണ്ടാൽ വീണ്ടും വിശദമായ ചോദ്യം ചെയ്യൽ ഉണ്ടായേക്കുമെന്നും വ്യക്തമായിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കാൻ ഉദ്ദേശിച്ച് ഭീഷണിപ്പെടുത്താനാണ് പൾസർ സുനി ശ്രമിച്ചതെന്ന പരാതിയാണ് ദിലീപ് നൽകിയത്. രണ്ടുമാസം മുമ്പ് നൽകിയ പരാതിയിൽ പറഞ്ഞ കാര്യങ്ങളിലെ മൊഴിയെടുക്കലിനൊപ്പം കഴിഞ്ഞദിവസം പൾസർ സുനി പൊലീസിനോട് നടത്തിയ വെളിപ്പെടുത്തലുകളിലെ കാര്യങ്ങളും ചോദ്യംചെയ്യലിൽ ഉൾപ്പെടുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.

ആദ്യം ദിലീപ് നൽകിയ പരാതിയിൽ മൊഴിയെടുത്ത ശേഷം 3.45ന് ശേഷം മൊഴിയെടുക്കലിന്റെ ആദ്യഘട്ടം പിന്നിട്ടു. പിന്നീട് ഉച്ചഭക്ഷണത്തിന് ശേഷമാണ് പൊലീസ് തങ്ങളുടെ സംശയങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലുള്ള ചോദ്യംചെയ്യലിലേക്ക് കടന്നത്. തന്റെ കരിയർ തകർക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായ വിവരാണ് ദിലീപ് പറഞ്ഞതെന്നാണ് സൂചനകൾ. തന്നെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ടു മാസം മുമ്പാണ് ദിലീപ് പരാതി നൽകിയിരുന്നത്. എന്നാൽ ഇതുവരെ ദിലീപിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തയാറായിരുന്നില്ല. അന്ന് ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹ്റയ്ക്ക് നേരിട്ടാണ് ദിലീപ് പരാതി നൽകിയിരുന്നത്. പക്ഷേ, ദിലീപിന് നൽകാനെന്ന പേരിൽ പൾസർ സുനി തയ്യാറാക്കിയതെന്ന് പറയുന്ന കത്ത് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ വിവരങ്ങൾ ഉൾപ്പെടെ പരിഗണിച്ച് പൊലീസ് വിശദീകരണങ്ങൾക്കായി ദിലീപിനേയും നാദിർഷായേയും വിളിപ്പിച്ചത്. ഇതോടൊപ്പം നടിയെ ആക്രമിച്ച പ്രതി പൾസർ സുനി കഴിഞ്ഞദിവസങ്ങളിൽ നടത്തിയ വെളിപ്പെടുത്തലുകൾ ഉൾപ്പെടെ ചർച്ചാ വിഷയമായി.

ദിലീപിനെ ഭീഷണിപ്പെടുത്താൻ വിഷ്ണുവിനു പൾസർ സുനി രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായ വെളിപ്പെടുത്തലും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്. ഭീഷണിക്കത്ത് കൈമാറുന്നതിനും ഫോൺ വിളിക്കുന്നതിനുമാണു പണം വാഗ്ദാനം ചെയ്തത്. എന്നാൽ പിടിക്കപ്പെടുമെന്നായപ്പോൾ കത്ത് വിഷ്ണു പൊലീസിനു കൈമാറുകയായിരുന്നു. സുനി, ദിലീപിന് എഴുതിയെന്നു കരുതുന്ന കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തനിക്കു തരാമെന്നേറ്റ പണം നൽകണമെന്നും ദിലീപിന്റെ പേരു പറയാൻ പുറത്തുനിന്നും പല സമ്മർദവുമുണ്ടെന്നുമായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. ഇത്തരത്തിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൻ വെളിപ്പെടുത്തലുകളും ട്വിസ്റ്റുകളുമാണ് ഉണ്ടാകുന്നത്. സിനിമാ ലോകത്തെ പലരും പ്രതികരണങ്ങളുമായി എത്തുകകൂടി ചെയ്തതോടെ വിഷയം കൂടുതൽ ചർച്ചയായി മാറുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP