Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിലെ പട്ടിയെ കുളിപ്പിക്കാനും പൊലീസുകാർ; ഡോഗ് സ്‌ക്വാഡ് അംഗങ്ങളെ വീട്ടിൽ വരുത്തി പട്ടിയെ കുളിപ്പിച്ചത് എഡിജിപി നിതിൻ അഗർവാൾ; ദൃശ്യങ്ങൾ പുറത്ത്; എഡിജിപി സുധേഷ് കുമാറിനെതിരെ ആരോപണങ്ങളുമായി കൂടുതൽ ക്യാമ്പ് ഫോളോവർമാർ; സുധേഷ് കുമാറിന്റെ ഭാര്യയും മകളും പീഡിപ്പിച്ചെന്ന് വനിത ക്യാമ്പ് ഫോളോവറുടെ പരാതി

ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിലെ പട്ടിയെ കുളിപ്പിക്കാനും പൊലീസുകാർ; ഡോഗ് സ്‌ക്വാഡ് അംഗങ്ങളെ വീട്ടിൽ വരുത്തി പട്ടിയെ കുളിപ്പിച്ചത് എഡിജിപി നിതിൻ അഗർവാൾ; ദൃശ്യങ്ങൾ പുറത്ത്; എഡിജിപി സുധേഷ് കുമാറിനെതിരെ ആരോപണങ്ങളുമായി കൂടുതൽ ക്യാമ്പ് ഫോളോവർമാർ; സുധേഷ് കുമാറിന്റെ ഭാര്യയും മകളും പീഡിപ്പിച്ചെന്ന് വനിത ക്യാമ്പ് ഫോളോവറുടെ പരാതി

മറുനാടൻ മലയാളി ബ്യൂറോ


തിരുവനന്തപുരം: എഡിഡിജി സുധേഷ് കുമാർ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതും, മകൾ പൊലീസുകാരനെ മർദ്ദിച്ചതും വിവാദമായിരിക്കെ എഡിജിപി നിതിൻ അഗർവാളിനെതിരെയും സമാനസ്വാഭവമുള്ള ആരോപണങ്ങൾ ഉയർന്നു. നിതിൻ അഗർവാളിന്റെ വീട്ടിലെ പട്ടെയെ കുളിപ്പിക്കുന്നത് കീഴ്ജീവനക്കാരാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ബറ്റാലിയൻ എഡിജിപിയായിരിക്കെയാണ് നിതിൻ അഗർവാൾ് ഡോഗ് സ്‌ക്വാഡ് അംഗങ്ങളെ വീട്ടിൽ വിളിച്ചുവരുത്തി പട്ടിയെ കുളിപ്പിച്ചത്. നാലുമാസം മുമ്പുള്ള ദൃശ്യങ്ങളാണ് ചാനലുകൾ പുറത്തുവിട്ടത്.

എഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്‌നിഗ്ധ തന്നെ മർദിച്ചെന്ന് പൊലീസ് ഡ്രൈവറായ ഗവാസ്‌കർ പരാതിപ്പെട്ടതോടെയാണ് പഴയ ദൃശ്യങ്ങൾ പുറത്തുവന്നത്. എഡിജിപിക്കെതിരെ ആരോപണങ്ങളുമായി കൂടുതൽ ക്യാമ്പ് ഫോളോവേഴ്‌സ് രംഗത്തെത്തിയിട്ടുണ്ട്. എഡിജിപിയുടെ ഭാര്യയും മകളും പീഡിപ്പിച്ചെന്ന് വനിത ക്യാമ്പ് ഫോളോവർ ആരോപിച്ചു. സംഭവം വിവാദമായതോടെ എഡിജിപി സുധേഷ് കുമാറിനെ ആംഡ് പൊലീസ് ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്നു മാറ്റി. പുതിയ നിയമനം സുധേഷ് കുമാറിന് നൽകിയിട്ടില്ല.

എസ്എപി ഡെപ്യൂട്ടി കമൻഡാന്റിന്റെ വീട്ടിലെ പണിക്ക് ദിവസവതനക്കാരായ ക്യാന്പ് ഫോളോവേഴ്‌സിനെ നിയോഗിച്ചതായും ആരോപണം ഉയർന്നിരുന്നു. പേരൂർക്കട എസ്എപി ഡെപ്യൂട്ടി കമൻഡാന്റ് പി.വി രാജുവിന്റെ വീട്ടിൽ ടൈൽസ് പതിപ്പിക്കാൻ ദിവസവതനക്കാരായ പൊലീസുകാരെ നിയോഗിച്ചെന്നായിരുന്നു ആരോപണം.

സംഭവം വിവാദമായതോടെ വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിൽ ജോലി ചെയ്യുന്നവരുടെ പട്ടിക നൽകണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വാഹനങ്ങളുടെ കണക്കും ആവശ്യപ്പെട്ടിരുന്നു

പൊലീസ് ഡ്രൈവർ ഗവാസ്‌കർക്ക് മർദ്ദനമേറ്റത് അടക്കമുള്ള പരാതികളിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമെ അദ്ദേഹത്തിനെതിരെ നടപടി ഉണ്ടാകൂവെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അതിനു മുമ്പുതന്നെ സർക്കാർ നടപടി സ്വീകരിച്ചു. ഇത് ഐപിഎസ് അസോസിയേഷനേയും ഞെട്ടിച്ചു. പൊലീസ് അസോസിയേഷന് ഭരണത്തിലുള്ള സ്വാധീനമാണ് ഇതിന് കാരണമെന്നും അസോസിയേഷൻ തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ കരുതലോടെ നീങ്ങാനാണ് അസോസിയേഷന്റെ തീരുമാനം.

സംഭവത്തിൽ കർശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസംതന്നെ വ്യക്തമാക്കിയിരുന്നു. തെക്കൻ മേഖലാ എഡിജിപിയെ വിളിച്ചുവരുത്തി അദ്ദേഹം സംഭവത്തിന്റെ വിശദാംശങ്ങൾ ആരായുകയും ചെയ്തിരുന്നു. മർദ്ദനമേറ്റ പൊലീസ് ഡ്രൈവർ ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതി നൽകിയതിന് പിന്നാലെയാണ് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയത്. പൊലീസ് അസോസിയേഷനും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പിന്നാലെ എഡിജിപിയുടെ കുടുംബത്തിനു നേരെ കൂടുതൽ ഗുരുതര ആരോപണങ്ങൾ ഉയർന്നു. എഡിജിപിയുടെ ഭാര്യയും മകളും പീഡിപ്പിച്ചെന്ന് വനിതാ ക്യാമ്പ് ഫോളോവറുടെ വെളിപ്പെടുത്തലും ചർച്ചയായി. വീട്ടുജോലിക്കെത്താൻ വൈകിയതിന് മർദ്ദിച്ചു. തന്നെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കണമെന്ന് എഡിജിപി ആവശ്യപ്പെട്ടെന്നും തന്റെ കുടുംബത്തെയടക്കം അപമാനിച്ചെന്നും ഇവർ വെളിപ്പെടുത്തി.

എഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവർ ഗവാസ്‌കറിനെ മർദ്ദിച്ചെന്ന് പരാതി നൽകിയതോടെയാണ് പൊലീസ് ഉന്നതരുടെ കീഴിലെ ദാസ്യപ്പണി മറനീക്കി പുറത്തുവന്നത്. എഡിജിപിയുടെ മകൾ ഫോൺ ഉപയോഗിച്ച് കഴുത്തിലും മുതുകിലും ഇടിച്ചുവെന്നായിരുന്നു ഗവാസ്‌കറുടെ പരാതി. കഴുത്തിന് ഇടിയേറ്റ് കശേരുക്കൾക്ക് ചതവേറ്റതായാണ് പരിശോധനയിൽ വ്യക്തമായിട്ടുള്ളത്. വേദനയും നീർക്കെട്ടും മാറാൻ ആറാഴ്ചയോളം സമയമെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് വകവെയ്ക്കാതെയാണ് പൊലീസ് ഡ്രൈവർക്കെതിരെ കേസെടുത്തത്. അതേസമയം വിഷയം ചർച്ച ചെയ്യാൻ ഡിജിപി പൊലീസ് സംഘടനകളുടെ യോഗം വിളിച്ചു ചേർത്തു. രാവിലെ പത്തരയോടെ പൊലീസ് ആസ്ഥാനത്താണ് യോഗം. ഇതിൽ കാര്യമായ തീരുമാനം ഒന്നും ഉണ്ടായിട്ടില്ല. സേനയുടെ അച്ചടക്കം എല്ലാവരും പാലിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടിട്ടുണ്ട്.

എഡിജിപി സുധേഷ്‌കുമാർ ക്രമക്കേടിന്റെയും മാടമ്പിത്തരത്തിന്റെയും ഉത്തമ ഉദാഹരണമായ പൊലീസ് ഉദ്യോഗസ്ഥനാണെന്ന പരാതിയാണ് ഉയരുന്നത്. ഒദ്യോഗികവാഹനത്തിന് പുറമേ അനധികൃതമായി അദ്ദേഹം ഉപയോഗിക്കുന്നത് നാലോളം സർക്കാർ വാഹനങ്ങളാണെന്നും റിപ്പോർട്ട് പുറത്തുവന്നിരുന്നു. സുധേഷ്‌കുമാറിന്റെ പട്ടിക്ക് യാത്ര ചെയ്യാനും പൊലീസ് വാഹനം. മകളെ ശാരീരിക പരീശിലിപ്പിക്കുന്നത് വനിത പൊലീസ് ഉദ്യോഗസ്ഥ. വീട്ടിൽ ജോലിക്ക് നിയോഗിച്ചരിക്കുന്നത് 15 ലേറെ ക്യാമ്പ് ഫോളേവറന്മാരെ-ഇങ്ങനെ ഏറെ പരാതികൾ സർക്കാരിന് കിട്ടിയിരുന്നു. കേരളത്തിലെ ഒൻപത് പ്രധാന ബറ്റാലിയനുകളുടെ ചുമതലയുള്ള എഡിജിപിയായിരുന്ന അദ്ദേഹം നാലോളം വാഹനങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നുണ്ടെന്നും വ്യക്തമായി. ഔദ്യോഗകമായി സർക്കാർ നൽകിയ വാഹനത്തിന് പുറകെയാണ് ഈ വാഹനങ്ങൾ ഉപയോഗിക്കുന്നത്. വിവിധ ബറ്റാലിയനുകളിലേക്ക് ആഭ്യന്തരവകുപ്പ് നൽകിയ വാഹനങ്ങൾ ആണ് സ്വന്തം വീട്ടാവശ്യത്തനായി ഇദ്ദേഹം കസ്റ്റഡിയിൽ വെച്ചിരിക്കുന്നത്. ഇതിൽ ഒരു വാഹനത്തിൽ യാത്ര ചെയ്യുന്നത് അദ്ദേഹത്തിന്റെ പട്ടിയാണെന്നത് കൗതുകം ഉയർത്തുന്നു.

മകളുടെ ശരീരസംരക്ഷണത്തനും വ്യായമത്തിനുമായി ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പ്രത്യേകമായി നിയമിച്ചിട്ടുണ്ട്. മകളോടെപ്പം പ്രഭാത സവാരിക്ക് കൂടെ പോകുക വ്യായമത്തിന് ആവശ്യമായ ഉപദേശങ്ങൾ നൽകുകയാണ് ഇവരുടെ ജോലി. വാഹനങ്ങൾ ഒടിക്കുന്നതിനായി മൂന്ന് ഡ്രൈവറന്മാരെയും വീട്ടിലേയും ഓഫീസിലേയും സുരക്ഷക്കായി 11 പുരുഷ പൊലീസുകാരെയും നിയോഗിച്ചുണ്ട്. വിവിധ ബറ്റാലിയനുകളിലെ ക്യാന്റീൻ ജോലീക്കായി കൊടുത്തിരിക്കുന്ന കുക്ക് , സ്വീപ്പർ , കാർപെന്റർ , എന്നീ തസ്തികയിൽ ജോലി ചെയ്യുന്ന നിരവധി പേരെ വീട്ടുജോലിക്കായി നിയോഗിച്ചിട്ടുണ്ട്. കൂടെ ജോലി ചെയ്യുന്ന കീഴുദ്ദേഗസ്ഥരോട് വളരെ മോശമായിട്ടാണ് സുധേഷ്‌കുമാറും കുടുംബവും പെരുമാരുന്നതെന്ന ആക്ഷേപം പൊലീസുകാർ ഉന്നയിക്കുന്നു. മാനസിക പീഡനത്തിൽ മനം നൊന്ത് അടുത്തിടെയാണ് ഒരു ഡ്രൈവർ നീണ്ട അവധിയിൽ പ്രവേശിച്ചത്. മുൻ മന്ത്രിയും നിലവിൽ എംപിയുമായ ഒരു മുതിർന്ന മുസ്ലിം ലീഗ് നേതാവ് തിരുവനന്തപുരം താമസിക്കുന്ന വാടക വീട് തനിക്ക് ഇടനില നിന്ന് വാങ്ങി നൽകാത്തതിന് ഒരു മുതിർന്ന കമാൻഡിനെ പരസ്യമായി ശകാരിച്ചതും സേനയിൽ അങ്ങാടി പാട്ടാണ്.

ഇതടക്കം നിരവധി ആരോപണങ്ങളാണ് അദ്ദേഹത്തിനും കുടുംബത്തിനും എതിരെ ഉയരുന്നത് . കരാട്ടെ ബ്ളാക്ക് ബെൽറ്റ് ജേതാവായ മകൾ സ്വന്തം ഡ്രൈവറുടെ പുറത്ത് കൈതരിപ്പ് തീർത്തിട്ടും സുധേഷ്‌കുമാർ മൗനം തുടരുകയാണ്. അതിനിടെയാണ് അദ്ദേഹത്തെ ബറ്റാലിയൻ എഡിജിപി പദവിയിൽ നിന്ന് മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP