Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിടിയിലായ ആനക്കൊമ്പ് വ്യാപാരി ഈഗിൾ രാജന് രാജ്യന്തര ബന്ധമുണ്ടെന്ന് സൂചന; വിജയ് മല്യ അടക്കമുള്ള വമ്പൻ കോർപ്പറേറ്റുകൾക്ക് ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളും വിറ്റെന്ന് പ്രതിയുടെ കുറ്റസമ്മതം

പിടിയിലായ ആനക്കൊമ്പ് വ്യാപാരി ഈഗിൾ രാജന് രാജ്യന്തര ബന്ധമുണ്ടെന്ന് സൂചന; വിജയ് മല്യ അടക്കമുള്ള വമ്പൻ കോർപ്പറേറ്റുകൾക്ക് ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളും വിറ്റെന്ന് പ്രതിയുടെ കുറ്റസമ്മതം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഇടമലയാർ ആനവേട്ടകേസിൽ പിടിയിലായ ആനക്കൊമ്പ് വ്യാപാരി തിരുവനന്തപുരം സ്വദേശി ഈഗിൾ രാജന് രാജ്യന്തരബന്ധമുണ്ടെന്ന് സൂചന. ഇതുസംമ്പന്ധിച്ച് അന്വേഷക സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആനവേട്ട കേസിൽ അന്വേഷണം മുറുകിയതോടെ ഷാർജയിലേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് പിടികൂടിയത്. ഇന്നലെ രാത്രി 10 മണിയോടെ കോതമംഗലം തുണ്ടത്തിൽ റേഞ്ച് ഓഫീസിൽ എത്തിച്ച് ഈഗിൾ രാജന്റെ അറസ്റ്റ് രേഖപ്പെടുത്തി.

വിജയ് മല്യ,ഡാബർ, ആർ പി ജി യുൾപ്പെടെ ഏഴ് വമ്പൻ കോർപ്പറേറ്റുകൾക്ക് ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളും മറ്റും വിറ്റിട്ടുെന്നന്ന് ചോദ്യം ചെയ്യലിൽ രാജൻ വെളിപ്പെടുത്തിയതായി തുണ്ടത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. 30 വർഷത്തോളമായി കൊൽക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന രാജൻ തങ്കച്ചി എന്നറിയപ്പെടുന്ന സിന്ധുവുമായിട്ടായിരുന്നു ആദ്യകാലത്ത് വ്യാപാരം നടത്തി വന്നിരുന്നത്. ഇടക്കാലത്ത് ഇവരുമായി തെറ്റിയ ഇയാൾ ഉമേഷും സംഘവുമായി ചേർന്ന് വിപണിയിൽ ആധിപത്യം ഉറപ്പിക്കുകയായിരുന്നെന്നാണ് അന്വേഷക സംഘത്തിന് ലഭിച്ച വിവരം.

നേരത്തെ ന്യൂഡൽഹിയിൽ നിന്നും പിടിയിലായ ഉമേഷ് അഗർവാളി (53)ന് ഈഗിൾ രാജനുമായി ബന്ധമുണ്ടെന്നും മലേഷ്യ സിങ്കപ്പൂർ ജപ്പാൻ എന്നീ രാജ്യങ്ങളിലെ ആനക്കൊമ്പ് വിഗ്രഹ നിർമ്മാണ ലോബിയുമായും ആന്ധ്ര, കർണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ആനക്കൊമ്പ് കടത്തിൽ സംഘങ്ങളുമായും ഇവരുൾപ്പെട്ട സംഘം ഇടപാടുകൾ നടത്തിവന്നിരുന്നതായും അന്വേഷക സംഘം കണ്ടെത്തിയിട്ടുള്ളതായും അറിയുന്നു.

കേസിൽ ഇനി 6പേരെ കൂടി പിടികൂടാനുണ്ടെന്നാണ്് അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വ്യാഴാഴ്ച പിടിയിലായ തിരുവനന്തപുരം സ്വദേശി പ്രകാശ് ബാബു (42)നെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു. പ്രകാശ്ബാബു ആനവേട്ടകാരിൽനിന്നും കൊമ്പ് വാങ്ങിയ ആളാണ് ന്യൂഡൽഹിയിലെ കരകൗശല വ്യാപാരിയായ ഉമേഷ് അഗർവാൾ ഇടമലയാർ ആനവേട്ടകേസിലെ പ്രധാന പ്രതികളിൽ നിന്നും ആനക്കൊമ്പ് വാങ്ങിയിരുന്നു. രാജ്യത്തിന്റെ അകത്തും പുറത്തും കരകൗശല ഉൽപ്പന്നങ്ങൾ വിൽപ്പനനടത്തുന്ന പ്രധാന വ്യാപാരിയാണ് ഇയാളെന്ന് വനപാലകർ പറഞ്ഞു.

കേസിൽ തിരുവനന്തപുരം സ്വദേശികളും പ്രമുഖ വ്യവസായികളുമായ വഞ്ചിയൂർ സുധാകരൻ മുംബൈ സ്വദേശി ബോംബൈ പൈ, കൽക്കൊത്ത തങ്കച്ചി എന്ന സിന്ധു, ഭർത്താവ് സുധി, മകൻ അജേഷ് എന്നിവരെ ഇനിയും പിടികൂടാൻ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വെളിപെടുത്തൽ. കോടതി റിമാൻഡ് ചെയ്തിട്ടുള്ള ഉമേഷ് അഗർവാളിനെയും ഇന്ന് കോടതിയിൽ ഹാജരാക്കുന്ന ഈഗിൾ രാജനെയും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്തു മറ്റുപ്രതികളിലേക്ക് എത്താനുള്ള ശ്രമമാണ് വരും ദിവസങ്ങളിൽ അന്വേഷണസംഘം നടത്തുക.

കഴിഞ്ഞ ദിവസം പിടിയിലായ ഉമേഷ് അഗർവാളിനെ ചോദ്യം ചെയ്തതിൽ നിന്നും കേസിന്റെ രാജ്യന്തരബന്ധം അന്വേഷണസംഘം സ്ഥിതീകരിച്ചിരുന്നു.മഹാരാഷട്ര, പശ്ചിമ ബംഗ്ലാൾ, കർണ്ണാടക, ഡൽഹി,എന്നിവടങ്ങളിൽ വ്യാപിച്ച് കിടക്കുന്നതാണ് ആനവേട്ടസംഘത്തിന്റെയും ആനക്കൊമ്പ് കച്ചവടക്കാരുടെയും വേരുകൾ.കേസിലെ പ്രധാനപ്രതികളും ആനക്കൊമ്പുവ്യാപരികളുമായ അജി ബ്രൈറ്റ് ,പ്രസ്റ്റൻ സിൽവ ,ഈഗിൾ രാജൻ വഞ്ചൂർ സുധാകരൻ എന്നിവർക്ക് ന്യൂഡൽഹി,കൽകത്ത എന്നിവിടങ്ങളിലെ ആനക്കൊമ്പിൽ ശിൽപങ്ങൾ തീർത്ത് നൽകുന്ന കരകൗശല വസ്തുക്കളുടെ വ്യാപാരികളുമായി അടുത്തബന്ധമാണുള്ളത്. ഈവ്യാപാരികൾ കൽകത്തയിൽനിന്നും നേപ്പാൾ ഇടത്താവളമാക്കി മലേഷ്യ,സിങ്കപൂർ,ജപ്പാൻ എന്നിവടങ്ങളിലേക്ക് ആനക്കൊമ്പിൽ തീർത്ത ശിൽപങ്ങൾ കയറ്റി അയക്കുന്നവരാണ്. ഈ ഇടപാടിൽ കേരളത്തിലേക്ക് കോടികൾ ഒഴികിയിരുന്നുവെന്നും വനം വകുപ്പിന് കേസിന്റെ തുടക്കത്തിൽ വിവരം ലഭിച്ചിരുന്നു.

തിരുവനന്തപുരം സ്വദേശികളായ ചിലരെ കേസിന്റെ തുടക്കത്തിൽ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്തപ്പോൾ ആനക്കൊമ്പ് വ്യാപാരത്തിന്റെ രാജ്യന്തരബന്ധത്തെകുറിച്ച് അന്വേഷണ സംഘത്തിന് സൂചനകൾ ലഭിച്ചിരുന്നു. കരകൗശല ശിൽപങ്ങൾക്ക് പുറമെ നക്ഷത്ര ആമ, ഇരുതല മൂരി, വെള്ളിമൂങ്ങ എന്നിവ മറ്റു രാജ്യങ്ങളിലേക്ക് കടത്തുന്നത് മലേഷ്യൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാഫിയ സംഘങ്ങളാണ്.ഈ സംഘങ്ങളുടെ ഏജന്റുമാരായി പ്രവർത്തിക്കുന്നവരും ആനക്കൊമ്പ് ശിൽപങ്ങൾവിദേശങ്ങളിലേക്ക് കടത്തുന്നതിന് സഹായികളായി പ്രവർത്തിച്ചതായാണ് ആനവേട്ടകേസിലെ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ള വിവരം.

പുതുതായി ലഭിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷണം പൂർത്തിയാക്കാൻ സംസ്ഥാന വനം വകുപ്പിന് കഴിയില്ലെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം ഉടൻ ആരംഭിക്കണമെന്നും കാലതാമസം മൂലം കേസിലെ ഉന്നത ബന്ധമുള്ള പ്രതികൾ രക്ഷപെടുന്നതിനുള്ള സാഹചര്യം ഒഴിവാക്കാൻ ഗവൺമെന്റ് ഉണർന്ന് പ്രവർത്തിക്കണമെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP