Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്താംക്ലാസിൽ പഠിത്തം നിർത്തിയപ്പോൾ തന്നെ ഇബി തട്ടിപ്പിനിറങ്ങി; തട്ടമിട്ട് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി ചമഞ്ഞ് പണം പിരിച്ചത് നിരവധി പേരിൽ നിന്ന്; കെ എസ് യു നേതാവിനെ വലിയിൽ വീഴ്‌ത്തിയതും എംബിബിഎസു കാരിയെന്ന് പറഞ്ഞ്: ഒന്നേകാൽ കോടി നഷ്ടമായ ആളുടെ ഉറച്ച നിലപാട് മൂലം അറസ്റ്റിലായ യുവതിയുടെ കഥ

പത്താംക്ലാസിൽ പഠിത്തം നിർത്തിയപ്പോൾ തന്നെ ഇബി തട്ടിപ്പിനിറങ്ങി; തട്ടമിട്ട് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി ചമഞ്ഞ് പണം പിരിച്ചത് നിരവധി പേരിൽ നിന്ന്; കെ എസ് യു നേതാവിനെ വലിയിൽ വീഴ്‌ത്തിയതും എംബിബിഎസു കാരിയെന്ന് പറഞ്ഞ്: ഒന്നേകാൽ കോടി നഷ്ടമായ ആളുടെ ഉറച്ച നിലപാട് മൂലം അറസ്റ്റിലായ യുവതിയുടെ കഥ

അരുൺ ജയകുമാർ

തിരുവനന്തപുരം: ഇബി ഇബ്രാഹിം എന്ന കൊല്ലം സ്വദേശിനി തട്ടിപ്പ് തുടങ്ങിയത് പത്താംക്ലാസിൽ പഠിത്തം നിർത്തിയപ്പോഴാണ്. പാവപ്പെട്ട കുടുംബത്തിലെ എംബിബിഎസ് വിദ്യാർത്ഥിനി ചമഞ്ഞ് തട്ടിപ്പ് തുടങ്ങി. ആദ്യം പിരിവ് പിന്നെ പറഞ്ഞു പറ്റിക്കൽ. അങ്ങനെ കോടികളുണ്ടാക്കിയ തട്ടിപ്പുകാരിയായി ഇബി ഇബ്രാഹിം മാറി. തിരുവനന്തപുരം സ്വദേശിയിൽ നിന്നും 1.25 കോടി രൂപ തട്ടിച്ച ഇബിയെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് നെയ്യാറ്റിൻകരയിൽ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയത്. ഇതോടെയാണ് കള്ളക്കളികൾ പുറത്തായത്.

ആരോഗ്യ മേഖലയുമായി യാതൊരു ബന്ധവോ പരിചയമോ ഇല്ല. എന്നാൽ പുതിയതായി തുടങ്ങാൻ പോകുന്ന ആശുപത്രിയിൽ ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് കൊല്ലം കൊട്ടിയം സ്വദേശി ഇബി ഇബ്രാഹിം പലരിൽ നിന്നും പണം തട്ടിച്ചിരുന്നതായി മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്‌പെക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞു. കൊല്ലം ജില്ലയിലെ ചില പ്രാദേശിക കോൺഗ്രസ് നേതാക്കളുമായി ഇവർക്ക് ബന്ധമുണ്ടെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. മെഡിക്കൽ കോളേജ് സർക്കിൽ ഇൻസ്‌പെക്ടർ ബിനുകുമാർ സബ് ഇൻസ്‌പെക്ടർ ബിജോയ് എന്നിവരുടെ നേതൃത്വത്തിലാണ് ഇബിയെ പൊലീസ് പിടികൂടിയത്. തുടർന്ന് ഇവരെ മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കുകയും ഐപിസി സെക്ഷൻ 420 വകുപ്പ് ചുമത്തുകയും ചെയ്ത ശേഷം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇബിയെ കുറിച്ച് അന്വേഷിച്ച് പൊലീസ് ഇവരെ കുടുക്കിയത്. എന്നാൽ പരാതിക്കാരനെ നേരിട്ട് കണ്ട് എങ്ങനെയാണ് കുടുക്കിൽ പെട്ടത് എന്ന വിവരം അന്വേഷിച്ചെങ്കിലും തട്ടിപ്പിനിരയായതിന്റെ വിവരങ്ങൾ പങ്കുവെയ്ക്കാനോ അതിന്റെ രീതിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുവാനോ തയ്യാറായില്ല.

തട്ടിപ്പിന് ഇരയായതിനാൽ ഇവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുക എന്നത് മാത്രമാണ് പരാതിക്കാരൻ ഉദ്ദേശിച്ചതെന്നാണ് വിവരം. സമാനമായ രീതിയിൽ ഇബിയുടെ പേരിൽ നിരവധികേസുകൾ നിലനിൽക്കുന്നുണ്ട്. ഉടൻ തുടങ്ങുന്ന ആശുപത്രിയിൽ പങ്കാളിയാക്കാമെന്നു പറഞ്ഞാണ് ഇവർ തിരുവനന്തപുരം സ്വദേശിയിൽ നിന്ന് രൂപ കൈക്കലാക്കിയത്. കൊല്ലം മെഡിസിറ്റിയിലെ ഡോക്ടറാണെന്നാണ് യുവതി വിശ്വസിപ്പിച്ചത്. മുൻപ് ഇവർക്ക് ചില കോൺഗ്രസ് ബന്ധങ്ങളുണ്ടായിരുന്നതായാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. കൊല്ലം ആദിച്ചനല്ലൂർ തഴുത്തല ഇബി മൻസിലിൽ നിയ എന്ന ഇബി ഇബ്രാഹിമിന് നിമിഷങ്ങൾ മതി ഒരാളെ വീഴ്‌ത്താൻ. സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന സാധുകുടുംബത്തിലെ അംഗമാണെന്ന് കൂടി പറയുന്നതോടെ സഹതാപം കണ്ണുനിറയ്ക്കും. ഇടത്തരം കുടുംബത്തിലെ അംഗമായ ഇബി തട്ടിപ്പുകാരിയായി മാറിയിട്ട് നാളേറെയായി. ഉമ്മയും വാപ്പയും സഹോദരിയുമടങ്ങുന്ന കുടുംബത്തിലെ അംഗം. ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ആദ്യ താമസം.

പത്താം കഌസിൽ പഠനം മതിയാക്കി. പിന്നീട് ചെറിയ ചെറിയ തട്ടിപ്പുകൾ. ബന്ധുക്കളെയും അയൽവാസികളെയും പലപ്പോഴായി കബളിപ്പിച്ച് സ്വർണവും പണവും തട്ടിയെടുത്തു. പരാതികൾക്കിടയാകാത്ത വിധത്തിൽ സംഭവങ്ങൾ ഒത്തുതീർപ്പാക്കി. പിന്നീട് മെഡിക്കൽ വിദ്യാർത്ഥിനിയായി അഭിനയിച്ച് തട്ടിപ്പിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. തലയിൽ തട്ടമിട്ട്, ബുർഖ ധരിച്ച് പല പേരുകളിലായിരുന്നു രംഗപ്രവേശം.മെഡിക്കൽ വിദ്യാർത്ഥിനിയായി വേഷമിട്ട് പഠന സഹായത്തിനും പരീക്ഷാഫീസിന്റെ പേരിലും പലരെയും കബളിപ്പിച്ചു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ്, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ വിദ്യാർത്ഥിനിയാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഇബി ഇബ്രാഹിം, ഇനിയ, നിയ തുടങ്ങിയ പേരുകൾ മാറ്റിമാറ്റി പറഞ്ഞു. സ്വന്തം സമുദായത്തിലെ പലരും സാധുകുടുംബത്തിൽ നിന്നുള്ള കുട്ടിയെന്ന നിലയിൽ എം.ബി.ബി.എസ് സെലക്ഷൻ നേടിയതിനുള്ള അംഗീകാരമായി കൈയയച്ച് സംഭാവനകൾ ചെയ്തു.

2012ൽ കൊല്ലത്തെ ഒരു കെഎസ്‌യു നേതാവുമായി ഇവർ പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ഇവരെ വിവാഹ വാഗ്ദാനം നല്കിയെങ്കിലും പിന്നീട് പിന്മാറാൻ ശ്രമിച്ചതിനെതുടർന്ന് ഇബിയുടെ അച്ഛൻ ചില പരാതികൾ നൽകിയതും വാർത്തയായി. കൊല്ലം കരുനാഗപ്പള്ളിയിലെ കെഎസയു നേതാവായ ഫൈസൽ കുളപ്പാടയ്‌ക്കെതിരെയാണ് അന്ന് പരാതി നൽകിയത്. യുവതിളോട് താൻ എംബിബിഎസ് പാസ്സായിട്ടുണ്ടെന്നും സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് കയറാനായി തുക കെട്ടിവയ്ക്കണമെന്നും പറയും. ജോലിക്ക് കയറിയാൽ തിരിച്ചു നൽകാമെന്ന് പറഞ്ഞ് ഇവരുടെ കയ്യിൽ നിന്ന് പണം വാങ്ങി മുങ്ങുന്നതായിരുന്നു ഇബിയുടെ രീതി. ഇത്തരത്തിൽ പലരിൽ നിന്നായി ഇവർ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ട്. നഗരത്തിലെ ഒരു പ്രശസ്ത ക്ഷേത്രത്തിന്റെ പൂജാരിയിൽ നിന്ന് ഒരു ലക്ഷം രൂപയും 13 പവനും യുവതി തട്ടിയെടുത്തതിനും നേരത്തെ കേസുണ്ടായിരുന്നു.

പൂജാരി പരാതി നൽകിയതിനെ തുടർന്ന് പൊലീസ് യുവതിയെ അന്വേഷിച്ച് പിടികൂടുകയായിരുന്നു. കൊല്ലം മാടൻനടയിലുള്ള വീട്ടിൽ യുവതിയുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അവിടെയെത്തി യുവതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പൊലീസിനെ കണ്ടയുടൻ യുവതി മതിൽചാടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. സ്വർണ്ണവും പണവും തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് ഇബിയുടെ പേരിൽ നാലു കേസുകൾ അന്ന് നിലവിലുണ്ടായിരുന്നു. ഇവർക്കെതിരെ കോട്ടയം ഗാന്ധിനഗർ, കൊല്ലം ഈസ്റ്റ്, ചാത്തന്നൂർ, വഞ്ചിയൂർ പൊലീസ് സ്റ്റേഷനുകളിൽ തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. തട്ടിപ്പുകൾ നടത്താനായി ഇവർക്ക് പുരുഷ സുഹൃത്തുക്കളുമുണ്ടായിരുന്നു. ഇവരിൽ 4 പേരെ അറസ്റ്റ് ചെയ്തിരുന്നു. സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള മൊബൈൽ ഫോണുകളും നിരവധി സിം കാർഡുകളും പൊലീസ് ഇബിയിൽ നിന്നും പിടിച്ചെടുത്തു. തട്ടിപ്പിലൂടെ നേടുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയായിരുന്നു ഇവരുടെ രീതി.

പൂജാരിയെ മൂന്നര വർഷം മുമ്പ് സമർത്ഥമായി കബളിപ്പിച്ചാണ് തട്ടിപ്പിന് പുതിയ തലം നൽകിയത്. പ്രശ്‌നവിധികളും ജ്യോതിഷ പ്രവചനവും നടത്തിയിരുന്ന പൂജാരിയെ കള്ളം പറഞ്ഞ് തന്നെയാണ് പറ്റിച്ചത്. മെഡിക്കൽ വിദ്യാർത്ഥിനിയെന്നാണ് പൂജാരിയോട് പറഞ്ഞത്. സാധുകുടുംബത്തിൽ അംഗമായ തനിക്ക് പരീക്ഷാഫീസ് കെട്ടിവയ്ക്കാൻ പണമില്ലെന്ന് പറഞ്ഞാണ് ഇബി ആദ്യം പണം തട്ടിയത്. അവസാന വർഷ എം.ബി.ബി.എസ് പരീക്ഷയ്ക്കുള്ള ഫീസെന്ന പേരിൽ പൂജാരിയിൽ നിന്ന് അരലക്ഷത്തോളം രൂപ തട്ടിയെടുത്തു. കായംകുളത്തെ ഒരു പ്രമുഖ ജുവലറിയിൽ നിന്ന് 1000 ഗ്രാമം സ്വർണം കവർന്ന കേസിലും പ്രതിയായി. ജാമ്യമെടുക്കാനെത്തിയ കൊല്ലം സ്വദേശിയായ ഒരു അഭിഭാഷകനും വഞ്ചിക്കപ്പെട്ടു. പൂജാരിയെ കബളിപ്പിച്ച കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച അഭിഭാഷകൻ അതിൽ നിന്ന് പണം തട്ടിയെടുക്കുമെന്ന് സംശയിച്ച ഇബി അയാളെയും പീഡനക്കേസിൽ കുരുക്കി. അഭിഭാഷകൻ, തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു ആരോപണം.

വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു നേതാവിന്റെ വീട്ടിലും അതിക്രമിച്ചെത്തിയതും ഈ സമയത്തായിരുന്നു. വിവാഹം ചെയ്തില്ലെങ്കിൽ പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. നേതാവ് വഴങ്ങിയില്ല. അയാളോടും പ്രതികാരം തീർത്തത് പീഡനമാരോപിച്ച്. കോട്ടയം ഏറ്റുമാനൂരിൽ പേയിങ് ഗസ്റ്റായി താമസിച്ച വീട്ടിൽ നിന്നും ആഭരണങ്ങൾ കവർച്ച ചെയ്തു. കൊല്ലത്ത് നിരവധി തട്ടിപ്പുകൾക്കുശേഷം തിരുവനന്തപുരത്തേക്ക് താവളം മാറ്റി. ഇബി പൂന്തുറയിലുള്ള ഒരു യുവതിയുടെ എ.ടി.എം കാർഡ് അപഹരിച്ച് പണം കവർന്നു. ഒരു മൊബൈൽ കമ്പനിയുടെ ഓഫീസിൽ വച്ച് യാദൃച്ഛികമായി പരിചയപ്പെട്ട യുവ ബിസിനസുകാരനെയാണ് ഡോക്ടറാണെന്ന വ്യാജേന ആശുപത്രി പ്രോജക്ടിൽ കുടുക്കി ഒന്നേകാൽ കോടി രൂപ തട്ടിയത്. അരക്കോടിയോളം രൂപ ബാങ്ക് വഴിയും ബാക്കിപ്പണം മാതാവ് സജി ഇബ്രാഹിമിനും സഹോദരങ്ങൾക്കും ഭർത്താവ് മോനിഷിനുമൊപ്പമാണ് കൈക്കലാക്കിയത്. ബിസിനസുകാരനായ യുവാവിന് തെല്ലും സംശയമില്ലാത്ത വിധത്തിലായിരുന്നു ഇബിയുടെ പെരുമാറ്റം.

തലസ്ഥാനത്ത് ആശുപത്രി തുടങ്ങാനുദ്ദേശിക്കുന്ന സ്ഥലമെന്ന പേരിൽ നഗരമദ്ധ്യത്തിലുള്ള ആളൊഴിഞ്ഞ സ്ഥലം കാട്ടിയ ഇബി സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്നും പറഞ്ഞു. ഈ പണത്തിന് കൊല്ലം ജില്ലയിലെ തഴുത്തലയിൽ പതിനാറര സെന്റ് സ്ഥലം വാങ്ങി 2000 സ്‌ക്വയർഫീറ്റോളം വരുന്ന ആഡംബര വീട് പണിത ഇബി തട്ടിപ്പ് പുറത്തായതോടെ ഒളിവിൽ പോയി. മൊബൈൽ ഫോൺ പിന്തുടർന്ന പൊലീസ് നെയ്യാറ്റിൻകരിയിൽ നിന്ന് ഇബിയെ കുടുക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP