Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെറായിയിൽ ആന ചരിഞ്ഞത് ആന്ത്രാക്‌സ് ബാധിച്ചാണെന്ന റിപ്പോർട്ട് കെട്ടിച്ചമച്ചതോ? ആനക്കൊമ്പു തട്ടാൻ വേണ്ടി ഉദരരോഗത്തെ മാരക രോഗമാക്കി; അന്വേഷണവുമായി വനം വകുപ്പ് വിജിലൻസ്

ചെറായിയിൽ ആന ചരിഞ്ഞത് ആന്ത്രാക്‌സ് ബാധിച്ചാണെന്ന റിപ്പോർട്ട് കെട്ടിച്ചമച്ചതോ? ആനക്കൊമ്പു തട്ടാൻ വേണ്ടി ഉദരരോഗത്തെ മാരക രോഗമാക്കി; അന്വേഷണവുമായി വനം വകുപ്പ് വിജിലൻസ്

പ്രകാശ് ചന്ദ്രശേഖർ

ചെറായി: ആന്ത്രാക്‌സ് ബാധിച്ച് ആന ചെരിഞ്ഞെന്നും കൊമ്പോടുകൂടി ദഹിപ്പിച്ചെന്നുമുള്ള റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്ന് സംശയം. സംഭവം സംബന്ധിച്ച് ഫോറസ്റ്റ് വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു.

ഏറെ വിവാദമായ ഇടമലയാർ ആനവേട്ടക്കേസ്സിന്റെ അന്വേഷണം ഊർജ്ജിതമായിരുന്ന അവസരത്തിൽ പൊന്തിവന്ന സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനാണ് ബന്ധപ്പെട്ട അധികൃതരുടെ നീക്കം. നാലുവർഷം മുമ്പ് ചെറായി സ്വദേശിയുടെ കൈവശമുണ്ടായിരുന്ന ആന ചരിഞ്ഞതുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. വ്യാജരേഖകൾ ചമച്ച് ആനയുടെ കൊമ്പ് ഉടമക്ക് നൽകിയെന്നും പ്രത്യുപകാരമായി ബന്ധപ്പെട്ട അധികൃതർ ഇയാളിൽ നിന്നും വൻതുക കൈപ്പറ്റിയെന്നുമാണ് ആക്ഷേപം.

ചെറായിയിലെ ആന ചരിഞ്ഞത് ഉദരരോഗത്തെത്തുടർന്നാണെന്നാണ് നാട്ടിൽ പ്രചരിച്ച വിവരം. എന്നാൽ സാമ്പത്തീക നേട്ടം ലക്ഷ്യമിട്ട് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ ആനക്ക് ആന്ത്രാക്‌സ് പിടിപെട്ടിരുന്നതായി റിപ്പോർട്ട് തയ്യാറാക്കുകയായിരുന്നെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. ആന്ത്രാക്‌സ് പോലെ വേഗത്തിൽ പടർന്നുപിടിക്കുന്ന രോഗങ്ങൾ ബാധിച്ചുചാകുന്ന മൃഗങ്ങളെ ദഹിപ്പിക്കുകയാണ് പതിവ്. ഇതിന്റെ മറവിലായിരുന്നു വൻതുക കൈക്കലാക്കി ഉദ്യോഗസ്ഥരുടെ കള്ളക്കളികൾ അരങ്ങേറിയത്. 2012 ൽ നടന്ന സംഭവം ഉദ്യോഗസ്ഥർക്കിടയിലെ അസ്വാരസ്യങ്ങൾ മൂലം അടുത്തിടെ പുറത്തായിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ വിജിലൻസ് അന്വേഷം ആരംഭിച്ചിട്ടുള്ളതെന്നാണ് ലഭ്യമായ വിവരം.

ഈ റിപ്പോർട്ട് മൂലം ആന ഉടമക്ക് ലഭിച്ചത് ലക്ഷങ്ങളുടെ നേട്ടമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആനകൾ ചരിഞ്ഞാൽ ഉടമ ബന്ധപ്പെട്ട വനംവകുപ്പ് ഓഫീസിൽ വിവരമറിയിക്കുകയും ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രത്തോടെ കൊമ്പുകൾ സൂക്ഷിക്കാമെന്നുമാണ് ചട്ടം. ചെറായിലെ സംഭവത്തിൽ കൊമ്പോടുകൂടി ആനയെ ദഹിപ്പിച്ചെന്ന് റിപ്പോർട്ടുള്ളതിനാൽ ഈ നൂലാമാലയിൽ നിന്നും ഉടമ തടിയൂരിയെന്നും കൊമ്പ് സ്വന്തം ഇഷ്ടത്തിന് വിൽപ്പന നടത്തി ഇയാൾ ലക്ഷങ്ങൾ സ്വന്തമാക്കിയെന്നുമാണ് പ്രചരിക്കപ്പെടുന്ന വിവരം. ലക്ഷണമൊത്ത ആനക്കൊമ്പിന് കിലോക്ക് അൻപതിനായിരം രൂപവരെ വില ലഭിക്കും.കൊത്തുപണികൾ പൂർത്തിയാവുമ്പോൾ ഇത് ലക്ഷങ്ങളായി ഉയരും.പൂർണ്ണ വളർച്ചയെത്തിയ നാട്ടാനകളുടെ കൊമ്പുകൾക്ക് 20 മുതൽ 25 കിലോവരെ തൂക്കം വരും.

നാട്ടാനകളുടെ എണ്ണം സംബന്ധിച്ച് വനംവകുപ്പിന്റെ കൈവശം കൃത്യമായ വിവരങ്ങളില്ലെന്നും ഇതുമൂലം ആന ഉടമകൾ നടത്തുന്ന തട്ടിപ്പുകൾ പുറത്തറിയാറില്ലന്നും ആക്ഷേപമുയരുന്നുണ്ട്്.ആനകളെ സംബന്ധിക്കുന്ന ഡേറ്റാബുക്ക് നിലവിലുണ്ടെങ്കിലും ചരിയുന്ന ആനകളെക്കുറിച്ചുള്ള വിവരങ്ങൾ മിക്കപ്പോഴും ഇതിൽ രേഖപ്പെടുത്താറില്ലന്നൊണ് സൂചന.ഇതുമൂലം ആന്ധ്രയിൽ നിന്നോ കർണ്ണാടകയിൽ നിന്നോ ഇറക്കുമതി ചെയ്യുന്ന ആനകളെ നിലവിലുള്ള രേഖകളുടെ പിൻബലത്തിൽ ഉടമകൾക്ക് തുടർന്നും കൈവശം വയ്ക്കാൻ കഴിയും. ആനബ്രോക്കർമാർ വഴിയാണ് ഇത്തരം ഇടപാടുകളിലേറെയും നടക്കുന്നതെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP