Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നേര്യമംഗലത്തെ ആനവേട്ട സംഘത്തിലെ പ്രമുഖൻ പിടിയിൽ; പ്രതി പിടിയിലായത് അഞ്ചടിയോളം നീളം വരുന്ന 12 എംഎം ബാരൽ തോക്കുമായി

നേര്യമംഗലത്തെ ആനവേട്ട സംഘത്തിലെ പ്രമുഖൻ പിടിയിൽ; പ്രതി പിടിയിലായത് അഞ്ചടിയോളം നീളം വരുന്ന 12 എംഎം ബാരൽ തോക്കുമായി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: അഞ്ചടിയോളം നീളം വരുന്ന 12 എംഎം ബാരൽ തോക്കുമായി നേര്യമംഗലം പഴമ്പിള്ളിച്ചാൽ വനമേഖലയിൽ ആനവേട്ടക്കിറങ്ങിയ സംഘത്തിലെ പ്രമുഖൻ വനം വകുപ്പധികൃതരുടെ പിടിയിൽ. നേര്യമംഗലം കൊട്ടാരത്തിൽ വീട്ടിൽ ഷാജുവിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് നേര്യമംഗലം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ എം മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം പഴമ്പിള്ളിച്ചാൽ വനത്തിൽ നിന്നും പിടികൂടിയത്.

ഇയാളും സംഘവുമെത്തിയ ഫോഡ് ഐക്കൺ കാറും അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ കൃഷിപ്പണികൾ ചെയ്തുവന്നിരുന്ന പഴമ്പിള്ളിച്ചാൽ സ്വദേശിയായ അപ്പച്ചനാണ് കൂടെയുണ്ടായിരുന്നവരിൽ ഒരാൾ. ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.

മൃഗവേട്ട നടത്തിയ കേസിൽ അപ്പച്ചനെ മുമ്പ് വനംവകുപ്പ് അധികൃതർ പിടികൂടിയിരുന്നു. ഈ കേസിൽ ഇയാൾ ജാമ്യത്തിലിറങ്ങിയിട്ട് അധികനാളായില്ല. അപ്പച്ചൻ പിടിയിലായതോടെ ബംഗ്ലുരിലേക്ക് കടന്ന ഷാജു അടുത്തകാലാത്താണ് നാട്ടിലെത്തിയത്.

ക്രിസ്മസ് ആഘോഷിക്കാൻ ജീവനക്കാർ ലീവിൽപ്പോകുന്ന അവസരത്തിൽ വനമേഖലയിലെ നിരീക്ഷണം ദുർബലമാകുമെന്ന കരുതലിൽ ഈയവസരം പ്രയോജനപ്പെടുത്തി വേട്ട നടത്താമെന്ന് ലക്ഷ്യമിട്ടാണ് സംഘം കാട്ടിൽ കയറിയതെന്നാണ് അനുമാനം.

പഴമ്പിള്ളിച്ചാലിൽ റിസർവ്വ് വനത്തിനുള്ളിലെ കൈവശഭൂമിയിൽ വർഷങ്ങളായി ഇയാൾ കൃഷി നടത്തിവന്നിരുന്നു. ഈ കൃഷിയിടത്തിലേക്കെന്ന വ്യാജേന എത്തിയ ഷാജു വനപാലകരെ കബളിപ്പിച്ച് വനത്തിൽപ്രവേശിക്കുകയും വേട്ടക്കുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയായിരുന്നെന്നുമാണ് വനപാലകർ നൽകുന്ന വിവരം. ഷാജുവിന്റെ കൈയിൽ നിന്നും കണ്ടെടുത്ത തോക്ക് ഇതുവരെ ആനവേട്ട സംഘങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുള്ളതിനേക്കാൾ വലിപ്പവും പ്രഹരശേഷിയുമുള്ളതാണെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

ഇടമലയാർ ആനവേട്ടക്കേസിലെ പ്രതി സജി കുര്യനിൽ നിന്നും 15,000 രൂപ നൽകി തോക്ക് തരപ്പെടുത്തുകയായിരുന്നെന്നാണ് ഷാജു വനംവകുപ്പധികൃതർക്കു നൽകിട്ടുള്ള മൊഴി. വിപണിയിൽ നിന്നും വാങ്ങാൻകിട്ടുന്ന മുന്തിയതരം തോട്ടക്കുള്ളിൽ 5 മുതൽ 8 സെന്റിമീറ്റർ നീളം വരുന്ന 8 എം എം ഇരുമ്പുകമ്പിക്കഷണങ്ങൾകൂടി ഉൾക്കൊള്ളിച്ചാണ് ആനവേട്ട സംഘങ്ങൾ ഇത്തരം തോക്കുകൾ ഉപയോഗിക്കുന്നത്. ഈ തോക്ക് ഉപയോഗിച്ച് ഇയാൾ മുൻപ് വേട്ട നടത്തിയിരിക്കാൻ വഴിയുണ്ടെന്നും ഇതേക്കുറിച്ച് വിദമായി അന്വേഷിച്ചുവരികയാണെന്നും റെയിഞ്ചോഫീസർ പറഞ്ഞു.

ഇടമലയാർ ആനവേട്ടക്കേസുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതികളിൽ നിന്നും 30-ൽപ്പരം വ്യാജതോക്കുകൾ ആന്വേഷകസംഘം കണ്ടെത്തിയിരുന്നു. നാലടിയോളമാണ് ഇവയിൽ മിക്കതിന്റെയും നീളം. ആനവേട്ട ലക്ഷ്യമിട്ടാണ് ഷാജുവിൽ നിന്നും പിടിച്ചെടുത്ത തരത്തിലുള്ള തോക്ക് പ്രധാനമായും നിർമ്മിക്കപ്പെടുന്നതെന്നും ഇത് നിർമ്മിച്ച് വിൽപ്പന നടത്തുന്നവരെ കണ്ടെത്താൻ തിരച്ചിൽ നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP