Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായിക്കാരൻ അമൃതം അജയൻ നിർമ്മിച്ചത് 17 സർവകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകൾ; ജാമ്യത്തിലിറങ്ങിയപ്പോഴും തട്ടിപ്പുകൾ തുടർന്നതായി സൂചന; വ്യാജ സർട്ടിഫിക്കറ്റുകൾ വഴി ഏഴ് കോടിയുടെ ഇടപാടുകൾ തലശ്ശേരിയിലെ ബാങ്കുവഴി നടത്തിയതായും വിവരം

പിണറായിക്കാരൻ അമൃതം അജയൻ നിർമ്മിച്ചത് 17 സർവകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകൾ; ജാമ്യത്തിലിറങ്ങിയപ്പോഴും തട്ടിപ്പുകൾ തുടർന്നതായി സൂചന; വ്യാജ സർട്ടിഫിക്കറ്റുകൾ വഴി ഏഴ് കോടിയുടെ ഇടപാടുകൾ തലശ്ശേരിയിലെ ബാങ്കുവഴി നടത്തിയതായും വിവരം

രഞ്ജിത് ബാബു

കണ്ണൂർ: വിവിധ സർവ്വകലാശാലകളുടെ വ്യാജസർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകിയ വിരുതൻ ജാമ്യത്തിലിറങ്ങിയപ്പോഴും തട്ടിപ്പുകൾ തുടർന്നതായി സൂചന. തലശ്ശേരി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഉടമ പിണറായി പാറപ്രത്തെ അമൃതം വീട്ടിൽ അജയനാണ് രാജ്യത്തിനകത്തും പുറത്തും 17 സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന വൻ തട്ടിപ്പ് കേന്ദ്രത്തിന്റെ ഉടമ. കേസിൽ നേരത്തെ അറസ്റ്റിലായ അജയൻ ജാമ്യത്തിലിറങ്ങിയ ശേഷം പരസ്യങ്ങൾ നൽകി സർട്ടിഫിക്കറ്റ് വ്യാപാരം സജീവമാക്കിയിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ ഉന്നത ഇടപെടലുകൾ നടന്നതിനാൽ അജയന് ജാമ്യം ലഭിക്കുകയും കേസ് അന്വേഷണം നിർജ്ജീവമാകുകയും ചെയ്തിരുന്നു. ഒടുവിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനിടെ വീണ്ടും അജയൻ അറസ്റ്റിലാവുകയായിരുന്നു. കഴിഞ്ഞ നാല് ദിവസമായി പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

പതിനേഴ് സർവ്വകലാശാകളുടെ പേരിലും സ്വന്തമായി നാമകരണം ചെയ്ത രണ്ട് സർവ്വകലാശാലകളുടെ പേരിലും അജയൻ സർട്ടിഫിക്കറ്റുകൾ നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റുകൾ വഴി ഏഴ് കോടിയുടെ ഇടപാടുകൾ തലശ്ശേരിയിലെ ബാങ്കുവഴി നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. എസ്.എസ്. എൽ. സി. മുതൽ പി.എച്ച്.ഡി. വരെ അജയൻ സ്വന്തം സ്ഥാപനം വഴി വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. ഓൺലൈൻ വഴിയാണ് അപേക്ഷ സ്വീകരിക്കാറ്. അതോടൊപ്പം മുൻകൂർ അഡ്വാൻസും നൽകണം. നേരിട്ടെത്തി സർട്ടിഫിക്കറ്റുകൾ ശേഖരിക്കാനും ഓൺലൈനായി നൽകാനും സംവിധാനമുണ്ട്. ബോപ്പാലിലെ ശ്രീറാം യൂണിവേഴ്സിറ്റി , ഭുവനേശ്വ്റിലെ കാർലോസ് യുണിവേഴ്സിറ്റി, ഉത്തര പ്രദേശിലെ ശാബിത് യൂണിവേഴ്സിറ്റി, മേഘാലയത്തിലെ സി.എം. ജെ. യൂണിവേഴ്സിറ്റി, നാഗാലാന്റിലെ ഗ്ലോബൽ ഓപ്പൺ യൂണിവേഴ്സിറ്റി, ഛത്തീസ്‌ഗറിലെ രണ്ട് സർവ്വകലാശാലകൾ, എന്നിവയുടെ സർട്ടിഫിക്കറ്റുകളാണ് തലശ്ശേരിയിൽ നിന്നും അണിയിച്ചൊരുക്കി നൽകുന്നത്.

2001 മുതൽ ആയിരക്കണക്കിന് പേർക്ക് അജയന്റെ സ്ഥാപനം വഴി വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ അക്കാലത്ത് എല്ലാ കക്ഷികളിലും ഉദ്യോഗസ്ഥരിലും സ്വാധീനിക്കാൻ കൂട്ടാളിയായ ഒരു മാധ്യമ പ്രവർത്തകൻ ഇയാൾക്കൊപ്പമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അജയനെ ഒരിക്കലും പിടികൂടാനായില്ല. സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ അജയൻ നൽകുന്ന സർട്ടിഫിക്കറ്റുകളുമായി തൊഴിൽ തേടിയവർ ഏറെയാണ്. 2012 ൽ അമൃത ഇൻസ്റ്റിട്യൂട്ടിൽ പരിശോധന നടത്തിയ ബിജു ജോൺ ലാസർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ എല്ലാ രേഖകളും പിടിച്ചെടുത്തിരുന്നു. എന്നാൽ അന്നത്തെ ആഭ്യന്തരവകുപ്പിന്റെ സമ്മർദ്ദം കാരണം പിടിച്ചെടുത്ത രേഖകളും വസ്തുവകകളും ആ പൊലീസുകാരൻ തിരിച്ചു കൊണ്ടുക്കേണ്ടി വന്നു. അയാളിപ്പോൾ ദേശീയ അന്വേഷണ ഏജൻസിയിലാണ്. അന്ന് ഈ ക്രമക്കേട് കണ്ണടച്ചതിന്റെ പേരിലാണ് ഇന്ന് കോടികൾ ആസ്തിയുള്ള ഈ വ്യാജരേഖാ സ്ഥാപനം വിദ്യാഭ്യാസ തട്ടിപ്പ് തുടർന്നത്.

വിദേശങ്ങളിലും പ്രത്യേകിച്ച് ഗൾഫ് നാടുകളിലും ജോലി തരപ്പെടുത്താൻ ഇവിടത്തെ സർട്ടിഫിക്കറ്റുകൾ വ്യാപകമായി ഉപയോഗിച്ചതായി അറിവായിട്ടുണ്ട്. സെൻട്രൽ ബോർ ഓഫ് സെക്കന്ററി എജുക്കേഷൻ എന്ന പേരിലും എസ്. എസ്. എൽ.സി, പ്ലസ് ടു എന്ന പേരിലും വ്യാജ യോഗ്യത സർട്ടിഫിക്കറ്റുകൾ ഇയാൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ സഹകരണ മേഖലയിൽ ഒട്ടേറെ വ്യാജന്മാർ ഇവിടുത്തെ സർട്ടിഫിക്കറ്റുകളുമായി ജോലി നേടിയിട്ടുണ്ട്. കാസർഗോഡ് മൂന്ന് കേസുകൾ രജിസ്ട്രർ ചെയ്തു കഴിഞ്ഞു. അന്യ സംസ്ഥാനങ്ങളിൽ ജോലി തേടിയവരെക്കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചിരിക്കയാണ്.

കഴിഞ്ഞ വർഷം സെപ്റ്റംബർ 27 നാണ് തലശ്ശേരി അമർ കോപ്ലക്സിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ പൊലീസ് പരിശോധന നടന്നത്. സർട്ടിഫിക്കറ്റുകൾ രൂപപ്പെടുത്താനുള്ള ആധുനിക പ്രിന്ററുകളും അനുബന്ധ കംപ്യൂട്ടറുകളും മറ്റും പിടിച്ചെടുത്തിരുന്നു. അന്ന് അറസ്റ്റിലായ അജയൻ ജാമ്യത്തിലിറങ്ങിയ ശേഷവും പഴയ തട്ടിപ്പ് തുടർന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലിരിക്കവേയാണ് വീണ്ടും പരസ്യം നൽകി തട്ടിപ്പ് തുടർന്നത്. അതോടെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്ത് അജയനെ ചോദ്യം ചെയ്തു. അജയന് പുറമേ തിരുവനന്തപുരം സ്വദേശി ടിന്റു ബി. ഷാജിയും കേസിൽ അറസ്റ്റിലായിരുന്നു. എന്നാൽ ഇരുവർക്കും അന്ന് ജാമ്യം ലഭിച്ചു. ഇത്തവണ ജാമ്യം റദ്ദു ചെയ്യാൻ പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകിയിരിക്കയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP