Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പഠിക്കാതെയും പരീക്ഷ എഴുതാതെയും ഡിഗ്രി സർട്ടിഫിക്കറ്റെന്ന വാഗ്ദാനം വിശ്വസിച്ചവർക്ക് പണി കിട്ടി; എതിർത്തു നിന്ന ഒന്നോ രണ്ടോ പേർക്ക് പണം മടക്കി നൽകി തലയൂരി; പണം നഷ്ടമായ ഇരുപതോളം പേർ ഒന്നിച്ചു വന്നപ്പോൾ സന്ധി സംഭാഷണം കൊണ്ട് ഫലമില്ലാതായി; ഓമല്ലൂരിലും എറണാകുളത്തും ടാലന്റ് ബി സ്‌കൂളുമായി തട്ടിപ്പു നടത്തിയ നിവി കൃഷ്ണൻ പിടിയിൽ

പഠിക്കാതെയും പരീക്ഷ എഴുതാതെയും ഡിഗ്രി സർട്ടിഫിക്കറ്റെന്ന വാഗ്ദാനം വിശ്വസിച്ചവർക്ക് പണി കിട്ടി; എതിർത്തു നിന്ന ഒന്നോ രണ്ടോ പേർക്ക് പണം മടക്കി നൽകി തലയൂരി; പണം നഷ്ടമായ ഇരുപതോളം പേർ ഒന്നിച്ചു വന്നപ്പോൾ സന്ധി സംഭാഷണം കൊണ്ട് ഫലമില്ലാതായി; ഓമല്ലൂരിലും എറണാകുളത്തും ടാലന്റ് ബി സ്‌കൂളുമായി തട്ടിപ്പു നടത്തിയ നിവി കൃഷ്ണൻ പിടിയിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പഠിക്കാതെയും പരീക്ഷ എഴുതാതെയും ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കും. അതും മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ. നിങ്ങൾ ചെയ്യേണ്ടത് കുറച്ചു പണം മുടക്കുക. എന്നിട്ട് പേരിന് ഒരു പരീക്ഷയ്ക്ക് അറ്റൻഡ് ചെയ്യുക. സർട്ടിഫിക്കറ്റ് നിങ്ങളുടെ കൈയിലെത്തും. ഇതായിരുന്നു ഓമല്ലൂരിലും എറണാകുളത്തും ടാലന്റ് ബി എന്ന പേരിൽ സമാന്തര വിദ്യാഭ്യാസം നടത്തി വന്ന ഓമല്ലൂർ കൊട്ടക്കാട്ട് വടക്കതിൽ നിവി കൃഷ്ണ (35)യാണ് പിടിയിലായത്. ഇയാളുടെ സ്ഥാപനത്തിൽ ബഹളവുമായി വന്ന വിദ്യാർത്ഥികളും എസ്എഫ്ഐ നേതാക്കളുമാണ് പിടികൂടി പൊലീസിന് കൈമാറിയത്. തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിലായ ഇയാളെ ഇന്നലെ റിമാൻഡ് ചെയ്തു.

വൻതുക മുടക്കി ഫർണിഷ് ചെയ്ത ഓഫീസും പരിസരവുമായിരുന്നു ഇയാളുടേത്. ഇത് കണ്ടാൽ ആർക്കും ആകർഷകമായി തോന്നും.  മറ്റു സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളുമായി ചേർന്നാണ് ടാലന്റ് ബി സ്‌കൂൾ നടത്തുന്നതെന്ന് പറഞ്ഞാണ് വിദ്യാർത്ഥികളിൽ നിന്നും പണം വാങ്ങിയത്. മറ്റു കോളജുകളിൽ അഡ്‌മിഷൻ ലഭിക്കാത്തവരും എളുപ്പ വഴിയിൽ ഡിഗ്രി നേടാൻ ആഗ്രഹിക്കുന്നവരുമാണ് ഇവിടെ പ്രവേശനം തേടിയെത്തിയിരുന്നത്. ഇവർക്കായി പ്രഹസന പരീക്ഷയും നടത്തിയിരുന്നു. മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് നൽകാമെന്നായിരുന്നു വാഗ്ദാനം.

പരീക്ഷ കഴിഞ്ഞ് ഇത് കിട്ടാതെ വരുമ്പോൾ സാങ്കേതിക തടസമാണെന്നാണ് വിദ്യാർത്ഥികളോട് പറഞ്ഞിരുന്നത്. ചിലർ ഇതു കേട്ട് മടങ്ങിപ്പോകും. എതിർത്തു നിൽക്കുന്നവർക്ക് അവർ നൽകിയ പണം മടക്കി കൊടുത്ത് തലയൂരും. പണം നഷ്ടമായവർ പരാതിയുമായി മുന്നോട്ടു പോകാറുമില്ല. ഇത്തവണ പണം നഷ്ടമായ വിദ്യാർത്ഥികൾ കൂട്ടത്തോടെ രംഗത്തിറങ്ങിയതാണ് നിവിയുടെ അറസ്റ്റിലേക്ക് നയിച്ചത്. എസ്എഫ്ഐ വിഷയം ഏറ്റെടുത്തുവെങ്കിലും പരാതി നൽകാൻ ആരും തയാറായില്ല. പരാതി നൽകില്ല, പണം തിരിച്ചു കിട്ടിയാൽ മതി എന്ന നിലപാടിലായിരുന്നു കുട്ടികൾ. തിങ്കളാഴ്ച രാവിലെ ഓമല്ലൂരിലെ സ്ഥാപനത്തിൽ കുട്ടികൾ എത്തി ബഹളമുണ്ടാക്കി.

ഒപ്പം എസ്എഫ്.ഐ നേതാക്കളുമുണ്ടായിരുന്നു. പ്രശ്നം രൂക്ഷമാകുമെന്ന് വന്നപ്പോൾ പൊലീസ് നിവിയെ കരുതൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പരാതി നൽകാതെ ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതോടെ ഒരു വിദ്യാർത്ഥി രേഖാമൂലം പരാതി നൽകി. ഈ പരാതിയിൽ കേസെടുത്ത പൊലീസ് നിവിയെ റിമാൻഡ് ചെയ്തു. എറണാകുളത്തും സമാന രീതിയിൽ ഇയാൾ തട്ടിപ്പു നടത്തിയതായി പരാതിയുണ്ട്. നിവി അറസ്റ്റിലായത് അറിഞ്ഞ് അവിടെ ഇന്നലെ കൂടുതൽ പേർ പരാതി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP