Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാട്ടിലെ ഒളിവ് ജീവിതം നടക്കില്ലെന്നായപ്പോൾ വിമാനം കയറി ഗൾഫിലെത്തി; പ്രവാസികൾക്ക് സംശയം തുടങ്ങിയപ്പോൾ മംഗലാപുരത്ത് പറന്നിറങ്ങി; മൊബൈൽ ഉപക്ഷിച്ചിട്ടും സൈബർ സെല്ലിന്റെ വലയിൽ വീണു; മതംമാറിയതിന് ഫൈസലിനെ വെട്ടിക്കൊന്ന ബിപിൻ ദാസിനെ പൊലീസ് കുടുക്കിയത് ഇങ്ങനെ

നാട്ടിലെ ഒളിവ് ജീവിതം നടക്കില്ലെന്നായപ്പോൾ വിമാനം കയറി ഗൾഫിലെത്തി; പ്രവാസികൾക്ക് സംശയം തുടങ്ങിയപ്പോൾ മംഗലാപുരത്ത് പറന്നിറങ്ങി; മൊബൈൽ ഉപക്ഷിച്ചിട്ടും സൈബർ സെല്ലിന്റെ വലയിൽ വീണു; മതംമാറിയതിന് ഫൈസലിനെ വെട്ടിക്കൊന്ന ബിപിൻ ദാസിനെ പൊലീസ് കുടുക്കിയത് ഇങ്ങനെ

എം പി റാഫി

മലപ്പുറം: മതം മാറിയതിന്റെ പേരിൽ തിരൂരങ്ങാടി കൊടിഞ്ഞി പുല്ലാണിയിൽ ഫൈസലി(32)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൃത്യം നടത്തിയ മുഖ്യ പ്രതിയും ഒളിവിൽ കഴിയാൻ സഹായിച്ചയാളും അറസ്റ്റിൽ. കൊലപാതകത്തിൽ പങ്കെടുത്ത നാലാമനായ തിരൂർ തൃപ്രങ്ങോട് കുട്ടിച്ചാത്തൻപടിയിലെ ബിപിൻദാസ്(24), ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച തൃപ്രങ്ങോട് പൊയിലിശേരി എടപ്പാപ്പറമ്പിൽ വീട്ടിൽ രതീഷ് (26) എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. ഇരുവരും ആർഎസ്എസ് പ്രവർത്തകരാണ്. കൊലപാതകം നടത്തിയ ശേഷം നിരവധി ആർഎസ്എസ് കേന്ദ്രങ്ങളിൽ പ്രതി ഒളിവിൽ കഴിഞ്ഞതായും അന്വേഷണ സംഘം കണ്ടെത്തി.

ഏറെ കോളിളക്കം സൃഷ്ടിച്ച കൊടിഞ്ഞി ഫൈസൽ വധക്കേസിൽ നേരിട്ടു പങ്കെടുത്ത മുഴുവൻ പേരെയും ഇതോടെ അറസ്റ്റു ചെയ്തു. ഗൂഢാലോചനയിൽ മുഖ്യ പങ്കു വഹിച്ച ആർഎസ്എസ് നേതാവ് തിരൂർ തൃക്കണ്ടിയൂർ സ്വദേശി മഠത്തിൽ നാരായണൻ, പ്രതികളെ സംരക്ഷിക്കുന്നതിന് സഹായിച്ചവർ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഫൈസലിന്റെ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത നാലു പേരിൽ ഒരാളായ ബിപിൻദാസ് ജോലി തേടിയെന്ന വ്യാജേന ഗൾഫിലേക്കു കടക്കുകയും പിന്നീട് തോട്ടം തൊഴിലാളിയായി മൈസൂരിലെത്തി ഒളിവിൽ കഴിയുകയുമായിരുന്നു. തികഞ്ഞ ആസൂത്രണത്തിലൊടുവിലായിരുന്നു ഒളിവിൽ കഴിഞ്ഞ പ്രതിയെ അന്വേഷണ സംഘം വലയിലാക്കിയത്.

ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മൊബൈൽഫോൺ ഉപയോഗിച്ചിരുന്നില്ല. ഇത് അന്വേഷണത്തിന് തിരിച്ചടിയായി. എന്നാൽ പ്രതിയുമായി ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് ബിപിൻദാസിനെ കുറിച്ചുള്ള സൂചന ലഭിക്കുന്നത്. തുടർന്ന് ക്രൈംബ്രാഞ്ച് സംഘം ഏറെ ശ്രമകരമായി നടത്തിയ അന്വേഷണത്തിലൊടുവിലയിരുന്നു ഇന്നലെ പ്രതിയെ മൈസൂരിനടുത്ത സരഗുരുവിൽ വച്ച് പിടികൂടാൻ സാധിച്ചത്. കഴിഞ്ഞ നവംബർ 19ന് പുലർച്ചെയാണ് ഫൈസൽ കൊടിഞ്ഞി ഫാറൂഖ് നഗറിൽ വച്ച് കൊല്ലപ്പെടുന്നത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം ആർഎസ്എസ്, ബിജെപിയെ പ്രതിരോധത്തിലാക്കുകയും പ്രദേശത്ത് ഏറെ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു. ഫൈസലിന്റെ ഘാതകരെയും ആസൂത്രണത്തിൽ പങ്കാളികളായവരെയും പിടികൂടണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരങ്ങളും കാമ്പയിനുകളും നടന്നു വരികയാണിപ്പോഴും. ഈ സാഹചര്യത്തിൽ ഇന്നലെയുണ്ടായ രണ്ട് അറസ്റ്റ് പൊലീസിന് ആശ്വാസമായിരിക്കുകയാണ്.

ഫൈസലിനെ വധിച്ച ശേഷം രണ്ട് ദിവസം നാട്ടിൽ കറങ്ങി നടന്ന ബിപിൻദാസ് ആദ്യം രതീഷുമൊത്ത് ബൈക്കിൽ പാലക്കാട് ഷൊർണ്ണൂരിലേക്കു പോയി. അവിടെ താമസിച്ച ശേഷം വയനാട്, തൃശൂർ എന്നിവിടങ്ങളിലെ ആർഎസ്എസ് കേന്ദ്രങ്ങളിൽ ഒളിവിൽ താമസിച്ചു. നാട്ടിൽ നിന്നാൽ പിടിവീഴുമെന്നായതോടെ ബിജെപി-ആർഎസ്എസ് പ്രവർത്തകർ തരപ്പെടുത്തി നൽകിയ വിസിറ്റിംങ് വിസയിൽ രണ്ടു പേരും കൂടി ഗൾഫിലേക്കു കടന്നു. ഡിസംബർ ആറിന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുമാണ് ദുബൈയിലേക്ക് വിമാനം കയറിയത്. ദുബൈ എയർപോർട്ടിൽ ഇവരുടെ സുഹൃത്തുക്കളുടെ സഹായത്തോടെ ദുബൈയിലെ ദേരയിൽ ഇരുവരും താമസിച്ചു. പിന്നീട് ബർദുബായ്, ജബൽ അലി, അൽഐൻ, അബൂദാബി, അജ്മാൻ എന്നിവിടങ്ങളിലും സുഹൃത്തുക്കളോടൊപ്പം കഴിഞ്ഞു.

നാട്ടിൽ നിന്നും ജോലി അന്വേഷിച്ചു വന്നതാണെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇവർ പലയിടത്തും തങ്ങിയത്. തിരൂർ, തിരൂരങ്ങാടി പ്രദേശത്തുള്ളവരുമായി ദുബായിൽ വച്ച് സൗഹൃദം സ്ഥാപിച്ചിരുന്നു. ഈ സമയം കേസിലെ പ്രതികൾ വിദേശത്തേക്കു കടന്നുവെന്ന പത്രവാർത്തകൾ പുറത്തു വന്നു. ഇതോടെ ദുബായിൽ തുടരൽ പന്തിയല്ലെന്നു മനസിലാക്കി ഡിസംബർ 27ന് മംഗലാപുരത്തേക്ക് വിമാനം കയറി.. മംഗലാപുരത്ത് കുറച്ചു ദിവസം തങ്ങിയ ഇവർ നേരെ ബിപിന്റെ ജേഷ്ഠ സഹോദരൻ മിഥുന്റെ ഭാര്യ വീട് ഉൾപ്പെട്ട പ്രദേശമായ വയനാട്ടിലേക്കു പോയി. ഒരു മാസത്തോളം ഇവിടെ ഒളിവിൽ താമസിച്ചു. പൊലീസ് അന്വേഷിക്കുന്നുണ്ടെന്നു മനസിലാക്കി ഇവിടെ നിന്നും കുടകിലേക്ക് കടന്നു. ജനുവരി ആദ്യത്തിലാണ് കർണാടകയിലെ കാരഗൂരിലെത്തുന്നത്. ഇതിനു മുമ്പ് കർണാടകയിലെ പല ആർഎസ്എസ് കേന്ദ്രങ്ങളിലും ഇവർ താമസിച്ചിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

ഇവരുടെ അടുപ്പക്കാരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ നിന്നും ചില സൂചനകൾ ലഭിച്ചു. ബിപിന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വരുന്ന ഫോൺകോളുകൾ സൈബർസെല്ലിന്റെ സഹായത്തോടെ നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്തു. ഈ അന്വേഷണത്തിൽ പ്രതികൾ താമസിച്ചിരുന്ന ഒളിസങ്കേതം കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ കർണാടകയിലെ കറഗൂർ പ്രദേശത്തെ ഇഞ്ചി ഫാമിൽ നിന്നുമാണ് അന്വേഷണസംഘം പിടികൂടിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സികെ ബാബുവിന്റേയും പെരിന്തൽമണ്ണ ഡിവൈഎസ്‌പി എംപി മോഹനചന്ദ്രന്റേയും നിർദ്ദേശപ്രകാരം മഞ്ചേരി സി.ഐ പികെ ബൈജുവും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

ഇതോടെ ഫൈസൽ വധക്കേൽ 14 ആർഎസ്എസ് പ്രവർത്തകർ ഇതുവരെ അറസ്റ്റിലായി. ഗുഢാലോചനയിലെ മുഖ്യ സൂത്രധാരൻ മഠത്തിൽ നാരായണൻ സംസ്ഥാനത്തിനു പുറത്തെ രഹസ്യ കേന്ദ്രത്തിൽ ഒളിവിലാണ്. ഇതിനു മുമ്പ് മതം മാറിയ യാസറിനെ കൊലപ്പെടുത്തിയ കേസിലും നാരായണൻ പ്രതിയായിരുന്നു. ഇയാളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചതായും ഉടൻ പിടികൂടാൻ സാധിക്കുമെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സികെ ബാബു മറുനാടൻ മലയാളിയോടു പറഞ്ഞു. ഫൈസലിന്റെ വയറിന് കുത്തിയത് ഇന്നലെ പിടിയിലായ ബിപിനാണ്. ഇരുവരെയും ഇന്നലെ റിമാൻഡ് ചെയ്തു. തിരിച്ചറിയൽ പരേഡിനായി പൊലീസ് കോടതിയിൽ അപേക്ഷ നൽകി. നേരത്തേ അറസ്റ്റിലായ 11 പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് തീരും.

ഫൈസലിനെ വധിക്കുന്നതിന് ഗൂഢാലോചനാ കേസിൽ അറസ്റ്റിലായ ഫൈസലിന്റെ സഹോദരീ ഭർത്താവും അമ്മാവന്റെ മകനുമായ നന്നമ്പ്ര തട്ടത്തല സ്വദേശി പുല്ലാണി വിനോദ്(39), ഫൈസലിന്റെ മാതൃ സഹോദര പുത്രനും അയൽവാസിയുമായ കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി പുല്ലാണി സജീഷ് (28), പുളക്കൽ ഹരിദാസൻ(30), ഇയാളുടെ ജേഷ്ഠൻ ഷാജി (39), ചാനത്ത് സുനിൽ (39), കളത്തിൽ പ്രദീപ്(32), തയ്യിൽ ലിജീഷ് എന്ന ലിജു(27), വിമുക്തഭടനായിരുന്ന കോട്ടയിൽ ജയപ്രകാശ്(50) എന്നിവരാണ് ഗൂഢാലോചനയിൽ മുമ്പ് പിടിയിലായവർ. തിരൂർ മംഗലം പുല്ലുണി കാരാട്ട് കടവ് സ്വദേശി കണക്കൽ പ്രജീഷ് എന്ന ബാബു(30), വള്ളിക്കുന്ന് അത്താണിക്കൽ മുണ്ടിയേങ്കാവ് പറമ്പ് സ്വദേശി പല്ലാട്ട് ശ്രീജേഷ് എന്ന അപ്പു(26), നന്നമ്പ്ര വെള്ളിയാമ്പുറം ചൂലൻകുന്ന് സ്വദേശിയും തിരൂർ പുല്ലുണി താമസക്കാരനുമായ തടത്തിൽ സുധീഷ് കുമാർ എന്ന കുട്ടാപ്പു(25) എന്നിവരാണ് ഫൈസലിന്റെ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ബിപിൻദാസിനു പുറമെയുള്ള മറ്റു മൂന്ന് പ്രതികൾ. ഇവർ അടക്കമുള്ളവരുടെ റിമാൻഡ് കാലാവധി ഇന്ന് തീരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP