Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആരേയും മോഹിപ്പിക്കുന്ന ഒരു കാടുകണ്ടാൽ മലചവിട്ടി ഫോട്ടോ എടുത്ത് ഫേസ്‌ബുക്കിൽ ഇട്ട് ലൈക്ക് വാങ്ങുന്നതിന് മുമ്പ് അലോചിക്കുക; അഴിയെണ്ണാൻ മറ്റൊരു കാരണവും വേണ്ട; നെല്ലിയാമ്പതിയിലെ ചെകുത്താൻ കുന്നിൽ കയറിയ ചെറുപ്പക്കാർക്ക് സംഭവിച്ചത്

ആരേയും മോഹിപ്പിക്കുന്ന ഒരു കാടുകണ്ടാൽ മലചവിട്ടി ഫോട്ടോ എടുത്ത് ഫേസ്‌ബുക്കിൽ ഇട്ട് ലൈക്ക് വാങ്ങുന്നതിന് മുമ്പ് അലോചിക്കുക; അഴിയെണ്ണാൻ മറ്റൊരു കാരണവും വേണ്ട; നെല്ലിയാമ്പതിയിലെ ചെകുത്താൻ കുന്നിൽ കയറിയ ചെറുപ്പക്കാർക്ക് സംഭവിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ഫോറസ്റ്റ് അധികൃതരെ അറിയിക്കാതെ കാട്ടിനുള്ളിൽ കയറി ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. നെല്ലിയാമ്പതിയിലെ കൊടുംവനത്തിനുള്ളിലുള്ള ചെകുത്താൻ മലയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗോവിന്ദാമലയിൽ കയറിയതിനാണ് നാലുപേരെ വനംവകുപ്പ് പിടികൂടിയത്.

ഇതിന് പിന്നാലെ അടുത്തൊരു യാത്രയ്ക്കുകൂടി പദ്ധതിയിട്ട് എത്തിയ സംഘത്തെ അതിൽ ചേരാൻ താൽപര്യമുണ്ടെന്ന് വ്യക്തമാക്കി ഇവർ കാട്ടിൽ കയറാൻ പോത്തുണ്ടിയിൽ എത്തിയപ്പോൾ പിടികൂടുകയായിരുന്നുവെന്ന് നെല്ലിയാമ്പതി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി. രഞ്ജിത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു.

കഴിഞ്ഞ ദീപാവലി ദിവസം കാട്ടിൽ കയറിയ ഇവർ ഗോവിന്ദാമലയെ ചെകുത്താൻ കുന്ന് എന്ന് വിശേഷിപ്പിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും യാത്രാക്കുറിപ്പു സഹിതം വിവരങ്ങൾ പങ്കുവയ്ക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഇവിടേക്ക് ഒരു ടൂർപ്രോഗ്രാംകൂടി ആസൂത്രണം ചെയ്ത് സോഷ്യൽ മീഡിയ വഴി ഇതിനായി താൽപര്യമുള്ളവരെ ക്ഷണിക്കുകയും ചെയ്തു. ഈ പ്രചരണം ശ്രദ്ധയിൽപ്പെട്ടതോടെ നിരീക്ഷണം നടത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇവരുടെ യാത്രയിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ചശേഷം കാത്തുനിന്ന് പിടികൂടുകയായിരുന്നു.

ഒക്ടോബർ 28ന് യാത്രയ്ക്ക് തയ്യാറായി സംഘം പോത്തുണ്ടിയിൽ എത്തിയപ്പോഴാണ് ആദ്യം കുന്നുകയറിയ നാൽവർ സംഘത്തിലെ രണ്ടുപേർ പിടിയിലായത്. കോഴിക്കോട് പന്തീരങ്കാവ് പെരുമണ്ണയിൽ ജംഷീർ, മലപ്പുറം പരപ്പനങ്ങാടി ഞാറയ്ക്കൽ വീട്ടിൽ ശ്രീജിത്ത് എന്നിവരാണ് ആദ്യം അറസ്റ്റിലായത്. ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം വിളിപ്പിച്ചതിനെ തുടർന്ന് തൃശൂർ അയ്യന്തോൾ സ്വദേശികളായ ജിഷ്ണു പി നായർ, രാഹുൽ എന്നിവരും ഇന്ന് രാവിലെ വനംവകുപ്പ് ഓഫീസിലെത്തി കീഴടങ്ങി.

കൊടുംവനത്തിനുള്ളിൽ കുന്നിൽ നിൽക്കുന്ന പടവും 'ചെകുത്താൻ കുന്നിലെ സ്വർഗക്കാഴ്ചകൾ' എന്ന തലക്കെട്ടും സഹിതം സാഹസിക യാത്രാക്കുറിപ്പും നൽകിയതാണ് യുവാക്കൾക്ക് വിനയായത്. നെല്ലിയാമ്പതി യാത്രയിൽ ഗോവിന്ദാപുരം വ്യൂപോയിന്റിൽ നിന്ന് നോക്കിയാൽ കാണുന്ന തലയുയർത്തി നിൽക്കുന്ന മലയാണ് ഗോവിന്ദമല. സഞ്ചാരികൾക്ക് എന്നും കൗതുകമായ ഈ മലയിലേക്കാണ് യുവാക്കൾ ദീപാവലി ദിവസം കയറിയത്.

തുടർന്ന് ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നൽകി. സാഹസിക യാത്രയുടെ വിവരണവും ഇതോടൊപ്പം നൽകിയതോടെ സംഗതി വൈറലായി. പറമ്പിക്കുളം കടുവാ സങ്കേതത്തിന് അടുത്തുകൂടെ ധാരാളം വന്യമൃഗങ്ങളെ കണ്ടുകൊണ്ട് കുന്നുകയറിയെന്ന സാഹസികത ഇവർ വിവരിച്ചതോടെയാണ് നിരവധിപേർ ഈ യാത്രയ്ക്ക് താൽപര്യമുണ്ടെന്ന് അറിയിച്ചത്. അങ്ങനെയാണ് അടുത്ത യാത്ര പ്‌ളാൻചെയ്തതും ഇവർ കുടുങ്ങുന്നതും.

വിവരമറിഞ്ഞ് വനംവകുപ്പ് അന്വേഷണം നടത്തിയതോടെ ഇവർ കുടുങ്ങുകയായിരുന്നു. വനംവകുപ്പിന്റെ അനുമതിയില്ലാതെ റിസർവ് വനത്തിൽ പ്രവേശിച്ചതിനാണ് കേസെടുത്തിട്ടുള്ളത്. നെല്ലിയാമ്പതിയിലെ പഴയ രവിവർമ്മ എസ്റ്റേറ്റിലുള്ള ഹിൽവാലി റിസോർട്ടിലെത്തിയ യുവാക്കൾ എസ്‌റ്റേറ്റിലൂടെയാണ് കാട്ടിൽ പ്രവേശിച്ചതെന്ന് കണ്ടെത്തി. ദൃശ്യങ്ങൾ പരിശോധിച്ചതോടെ ഇത് ഗോവിന്ദമലയാണെന്ന് മലയിൽ കയറി ഉറപ്പുവരുത്തിയ വനപാലകർ ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു.

ഫേസ്‌ബുക്കിലെ ദൃശ്യങ്ങൾ കണ്ട് അവിടെ പോകാൻ നിരവധി പേർ താൽപര്യം പ്രകടിപ്പിച്ചതോടെയാണ് ഇവർ അടുത്തൊരു യാത്രയ്ക്ക് കോപ്പുകൂട്ടിയത്. ഈ മാസം 28, 29 തീയതികളിൽ നെല്ലിയാമ്പതി ടൗണിൽ നിന്ന് മാറി കൊടും കാടിനു നടുക്ക് നെല്ലിയാംപതിയുടെ അധികമൊന്നും പുറംലോകമറിയാത്ത ഉള്ളറകളിൽ വച്ച് ദ ഗ്രേറ്റ് എസ്‌കേപ്പ് ടു നേച്ചർ എന്ന പ്രകൃതി പഠന സാഹസിക ക്യാമ്പ് നടത്തുന്നു എന്ന് വ്യക്തമാക്കിയാണ് സോഷ്യൽ മീഡിയയിൽ യാത്രികരെ ക്ഷണിച്ചത്. രണ്ടുദിവസത്തെ ടൂർപ്രോഗ്രാം ഉൾപ്പെടെയായിരുന്നു ക്ഷണം. രണ്ടാംദിവസത്തെ പ്രോഗ്രാം ആയാണ് 'ചെകുത്താൻ കുന്ന് ട്രക്കിങ്' പരിപാടിയിൽ ഉൾപ്പെടുത്തിയത്.

2100 രൂപയാണ് ഒരാൾക്ക് ഫീസ് നിശ്ചയിച്ചിരുന്നതും. ഇതിന് കൂറച്ചുസീറ്റുകൾ കൂടി ഒഴിവുണ്ടെന്നു കാട്ടി 25ന് വിണ്ടും ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. സംഘാടകരായി രണ്ടുപേരുടെ നമ്പർ സഹിതമായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെ മലകയറാൻ തയ്യാറായി സംഘമെത്തുമ്പോൾ പോത്തുണ്ടി ചെക്‌പോസ്റ്റിൽ കാത്തുനിന്ന വനംവകുപ്പ് അധികൃതർ ആദ്യം യാത്രചെയ്ത രണ്ടുപേരെ ഇക്കൂട്ടത്തിൽ നിന്ന് പിടികൂടുകയായിരുന്നു.

മറ്റുള്ളവരെ ഇതിന്റെ വരുംവരായ്കകൾ പറഞ്ഞ് ബോധ്യപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതായി വനപാലകർ പറഞ്ഞു. ഇവരിൽ നിന്ന് വിവരം ശേഖരിച്ചാണ് കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റു രണ്ടുപേരെ ഇന്ന് അറസ്റ്റ് ചെയ്തത്. കേരള വനനിയമം സെക്ഷൻ 24 പ്രകാരമാണ് അറസ്റ്റിലായ നാലുപേർക്ക് എതിരെയും കേസെടുത്തിട്ടുള്ളത്.

അനുമതിയില്ലാതെ കാട്ടിൽ കയറിയാൽ അഞ്ചുവർഷംവരെ ശിക്ഷ

മൊബൈലിൽ ചിത്രങ്ങളെടുത്ത് കൂട്ടുകാരെ കൊതിപ്പിക്കാൻ കാടുകയറുന്നവർ സൂക്ഷിക്കുക. വനംവകുപ്പ് അധികൃതരുടെ അനുമതിയില്ലാതെ കാടുകയറിയാൽ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. പരമാവധി അഞ്ചുവർഷംവരെ ശിക്ഷ ലഭിക്കുന്ന വകുപ്പാണ് വനനിയമം സെക്ഷൻ 24 എന്നും ഇതറിയാതെ പലരും വനത്തിൽ കയറി കുടുങ്ങുന്നുണ്ടെന്നും നെല്ലിയാമ്പതി വനം റേഞ്ച് ഓഫീസർ രഞ്ജിത് മറുനാടനോട് പറഞ്ഞു. കാട്ടിൽ കയറി എന്തെങ്കിലും നശിപ്പിക്കുകയോ വന്യമൃഗങ്ങളെ ശല്യപ്പെടുത്തുകയോ അപായപ്പെടുത്തുകയോ ചെയ്യുന്നതിന് അനുസരിച്ച് കൂടുതൽ കടുത്ത നിയമപ്രകാരമാകും കേസ്. സെക്ഷൻ 24 പ്രകാരം കേസുണ്ടായാൽ ഒരുവർഷം മുതൽ അഞ്ചുവർഷം വരെ ശിക്ഷ ലഭിക്കാം. കൂടാതെ ആയിരം മുതൽ അയ്യായിരം രൂപവരെ പിഴശിക്ഷയും ഉണ്ടാകും.

ഇപ്പോഴുണ്ടായ കേസിൽ വന്യമൃഗങ്ങൾ ഏറെ വിഹരിക്കുന്ന, ആനത്താര ഉൾപ്പെടെയുള്ള കുന്നിലേക്കാണ് അറസ്റ്റിലായ നാലുപേരും കയറിയത്. ആന, കടുവ, കരടി, കാട്ടുപോത്ത് തുടങ്ങിയവയുടെ സാന്നിധ്യമുള്ളതാണ് ചെകുത്താൻ മലയെന്ന് വിശേഷിപ്പിക്കപ്പെട്ട ഗോവിന്ദാമല സാധാരണഗതിയിൽ വനംവകുപ്പിന്റെ അനുമതിയോടെ കാട്ടിലെ സുരക്ഷിതമായ മേഖലകളിലേക്ക് മാത്രമേ സന്ദർശനം അനുവദിക്കാറുള്ളൂ.

വിദ്യാർത്ഥികൾക്കും മറ്റുമായി ഇത്തരം നേച്ചർക്യാമ്പുകൾ സംഘടിപ്പിക്കാറുമുണ്ട്. ഇതുതന്നെ ഡിഎഫ്ഓയുടെ അനുമതിയോടെയേ സാധ്യമാകൂ. മാത്രമല്ല, ഇത്തരം പഠന യാത്രകൾ വനംവകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെയാണ് സംഘടിപ്പിക്കുക. ഫോറസ്റ്റ് ഗാർഡുമാരും വാച്ചർമാരും ഇത്തരം യാത്രകളിൽ കൂടെ പോകുകയും ചെയ്യും. അതല്ലാതെ കാട്ടിൽ വെറുതെ കയറി വിഹരിക്കാൻ ശ്രമിച്ചാൽ കടുത്ത ശിക്ഷയുണ്ടാകുമെന്ന് ഫോറസ്റ്റ് അധികൃതർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP