Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പീഡക മെത്രാനെ നേരിട്ട് കാണാൻ പോലും സാധിക്കാതിരുന്നിട്ടും എല്ലാ അന്വേഷണവും പൂർത്തിയായി; ആവശ്യത്തിന് അധികം തെളിവുകളും ലഭിച്ചു; മെത്രാനെ അനുകൂലിച്ച് മൊഴി നൽകിയ മദർ സുപ്പൂരിയറിന്റെ ഉത്തരത്തിൽ പോലും ആരോപണങ്ങൾ ശരി വയ്ക്കുന്നത് കണ്ടെത്തി പൊലീസ്; സർവ്വ പിന്തുണയുമായി പഞ്ചാബ് പൊലീസും ഒപ്പം തന്നെ; ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാൻ അവസാന ഉത്തരവ് കാത്ത് അന്വേഷണ സംഘം ജലന്ധറിൽ; ബിഷപ്പിനെ ഉടൻ ചോദ്യം ചെയ്യും; ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് പിടിയിലാവുമോ?

പീഡക മെത്രാനെ നേരിട്ട് കാണാൻ പോലും സാധിക്കാതിരുന്നിട്ടും എല്ലാ അന്വേഷണവും പൂർത്തിയായി; ആവശ്യത്തിന് അധികം തെളിവുകളും ലഭിച്ചു; മെത്രാനെ അനുകൂലിച്ച് മൊഴി നൽകിയ മദർ സുപ്പൂരിയറിന്റെ ഉത്തരത്തിൽ പോലും ആരോപണങ്ങൾ ശരി വയ്ക്കുന്നത് കണ്ടെത്തി പൊലീസ്; സർവ്വ പിന്തുണയുമായി പഞ്ചാബ് പൊലീസും ഒപ്പം തന്നെ; ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാൻ അവസാന ഉത്തരവ് കാത്ത് അന്വേഷണ സംഘം ജലന്ധറിൽ; ബിഷപ്പിനെ ഉടൻ ചോദ്യം ചെയ്യും; ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് പിടിയിലാവുമോ?

മറുനാടൻ മലയാളി ബ്യൂറോ

വൈക്കം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യും. ആവശ്യമങ്കിൽ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് പൊലീസ്. അറസ്റ്റ് ചെയ്യുന്നത് മെത്രാനെ ആയതുകൊണ്ടാണ് രാഷ്ട്രീയ തീരുമാനം വേണമെന്ന നിലപാടിൽ ഡിജിപി ലോകനാഥ് ബെഹ്‌റ എത്തിത്. ഇതിനാലാണ് അറസ്റ്റിൽ തീരുമാനം വൈകുന്നത്. വൈക്കം ഡിവൈ.എസ്‌പി. കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്യുന്നതിനായി ബിഷപ്പിനെ കസ്റ്റഡിയിലെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ജലന്ധറിലെ മിഷണറീസ് ഓഫ് ജീസസ് ആസ്ഥാനത്തെ കന്യാസ്ത്രീകൾ നൽകിയ മൊഴികളും ബിഷപ്പിനെതിരാണ്. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് അന്വേഷണ സംഘം ഡിജിപിയെ അറിയിച്ചിട്ടുണ്ട്.

മിഷണറീസ് ഓഫ് ജീസസ് സന്യാസിനീ സമൂഹത്തിലെ നാലു കന്യാസ്ത്രീകളാണ് കഴിഞ്ഞദിവസം ബിഷപ്പിനെതിരേ മൊഴിനൽകിയത്. 'ഇടയനോടൊപ്പം ഒരു ദിവസം' എന്ന പേരിൽ ബിഷപ്പ് നടത്തിയിരുന്ന പ്രാർത്ഥനാ പരിപാടിയിൽ മോശം അനുഭവം ഉണ്ടായതായി കന്യാസ്ത്രീകൾ അന്വേഷണസംഘത്തോട് സൂചിപ്പിച്ചു. മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകൾക്കുവേണ്ടിയുള്ള പ്രത്യേക പ്രാഥനായജ്ഞം എന്ന രീതിയിലാണ് ബിഷപ്പ് പരിപാടി നടത്തിയിരുന്നത്. കന്യാസ്ത്രീകളുടെ ഭാഗത്തുനിന്നും എതിർപ്പ് ശക്തമായതോടെ 2014-ൽ പ്രാർത്ഥനാപരിപാടി നിർത്തി. ഇതിനിടെയിൽ പീഡനം നടന്നുവെന്നാണ് പൊലീസും കണ്ടെത്തുന്നത്. ബിഷപ്പിനെ പിന്തുണയ്ക്കുന്ന മദർ ജനറാൾ റെജീന കടംതോട്ടിന്റെ മൊഴിയിലും കന്യാസ്ത്രീകളുടെ മൊഴിയെ സാധൂകരിക്കുന്ന വിവരങ്ങളുണ്ട്. ഇതോടെ മെത്രാൻ പൂർണ്ണമായും വെട്ടിലായി. ബിഷപ്പ് ഹൗസിനടുത്തുള്ള പാസ്റ്ററൽ സെന്ററിലാണ് പ്രാർത്ഥനായജ്ഞം നടത്തിയിരുന്നത്. ഇവിടെ ഞായറാഴ്ചയാണ് അന്വേഷണസംഘം തെളിവെടുപ്പിന് എത്തിയത്.

ബിഷപ്പിനെതിരേ ലൈഗിംകപീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന മൊഴികൾ. അന്വേഷണസംഘം രേഖമൂലം നൽകിയ ചോദ്യാവലിക്ക് ബിഷപ്പ് നൽകിയ മറുപടിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും സൂചനയുണ്ട്. എന്നാൽ ബിഷപ്പിനെ നേരിട്ട് കാണാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കന്യാസ്ത്രീയുടെ സഹോദരൻ കൂടിയായ അച്ചന്റെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്. ഇനി കേസ് അന്വേഷണം മുന്നോട്ട് പോകണമെങ്കിൽ ബിഷപ്പിനെ കസ്റ്റഡിയിൽ എടുക്കണം. ജലന്ധറിലുള്ള കേരളാ പൊലീസിന് പഞ്ചാബ് പൊലീസിന്റെ പിന്തുണയും കിട്ടുന്നുണ്ട്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ എല്ലാ സഹായവും നൽകാമെന്ന് പഞ്ചാബ് പൊലീസും അറിയിച്ചിട്ടുണ്ട്. 'ഇടയനോടൊപ്പം ഒരു ദിവസം' എന്ന പേരിൽ ബിഷപ്പ് നടത്തിയിരുന്ന പ്രാർത്ഥനയ്ക്കിടെ മോശം അനുഭവങ്ങളുണ്ടായതായാണ് കന്യാസ്ത്രീകൾ മൊഴി നൽകിയിരിക്കുന്നത്. 2014ലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ, ഇടയനോടൊപ്പം ഒരു ദിവസം (എ ഡേ വിത്ത് ഷെപ്പേഡ്) എന്ന പരിപാടി ആവിഷ്‌കരിക്കുന്നത്. മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകൾക്കു വേണ്ടിയുള്ള ഒരു പ്രത്യേക പ്രാർത്ഥനായജ്ഞം എന്ന രീതിയിലായിരുന്നു പരിപാടി നടപ്പാക്കിയിരുന്നത്.

പകൽ മുഴുവൻ ബിഷപ്പിനൊടൊപ്പം കന്യാസ്ത്രീകൾ പ്രാർത്ഥനാ യജ്ഞത്തിൽ പങ്കെടുക്കുകയും സന്ധ്യയാകുന്നതോടെ കന്യാസ്ത്രീകൾ ഓരോരുത്തരായി ബിഷപ്പിനെ പ്രത്യേകമായി കാണണമെന്നും പരിപാടിയിൽ വ്യവസ്ഥയുണ്ടായിരുന്നു. അർധരാത്രിയിൽ വരെ ബിഷപ്പിന്റെ മുറിയിലേക്ക് പോകേണ്ടി വന്നിട്ടുണ്ടെന്ന് കന്യാസ്ത്രീകൾ മൊഴി നൽകിയിട്ടുണ്ട്. പലപ്പോഴും ബിഷപ്പിൽനിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും കന്യാസ്ത്രീകൾ മൊഴി നൽകിയിട്ടുണ്ട്. ഈ പാർത്ഥനാ പരിപാടി തുടങ്ങിയതോടെയാണ് 18 കന്യാസ്ത്രീകൾ തിരുവസ്ത്രം ഊരിയത്. കന്യാസ്ത്രീയക്ക് പീഡനം നേരിടേണ്ടി വന്നതും ഈ കാലഘട്ടത്തിലാണ്. ഇത്തരം മൊഴി പൊലീസിന് കിട്ടിയതോടെ മെത്രാനെ അറസ്റ്റ് ചെയ്യേണ്ട അവസ്ഥ ഉണ്ടായിരിക്കുകയാണ്. എന്നാൽ കേരളത്തിൽ നിന്ന് അനുകൂലമായ പ്രതികരണങ്ങൾ ജലന്ധറിലുള്ള അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അറസ്റ്റ് വൈകുകയാണ്. അതുകൊണ്ട് തന്നെ കന്യാസ്ത്രിയെ പീഡിപ്പിച്ച സംഭവത്തിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്്ക്കലിനെ അറസ്റ്റുചെയ്യാൻ ഇനി കേരളത്തിൽ നിന്നുള്ള അന്തിമ അനുമതി മാത്രമാണ്.

വേണ്ടത് സംസ്ഥാന പൊലീസ് നേതൃത്വത്തിന്റെ ഉത്തരവ് മാത്രം. അറസ്റ്റിന് മുന്നോടിയായുള്ള തെളിവെടുപ്പ് പൂർത്തിയായി എന്നാണ് ജലന്ധറിൽ നിന്നും ലഭിക്കുന്ന വിവരം. ജലന്ധർ രൂപതയിലെ കന്യാസ്ത്രീകളിൽ നിന്നും വൈദീകരിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷക സംഘം മൊഴിയെടുത്തിരുന്നു. നേരിട്ടുള്ള സംഭാഷണങ്ങളിൽ ബിഷപ്പിനെതിരെ നിലപാടെടുത്ത ഇവരിൽ ചിലർ ഔദ്യോഗിക മൊഴിയെടുക്കലിൽ ഇതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചത് അന്വേഷണ സംഘത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കേസൊതുക്കാൻ ബിഷപ്പ് നടത്തിവരുന്ന നീക്കങ്ങളുടെ ഭാഗമായിരിക്കാം ഇതെന്നാണ് പൊലീസിന്റെ സംശയം. ആദ്യം എല്ലാം സത്യം പറയും. മൊഴിയെടുക്കുന്നത് ക്യാമറയ്ക്ക് മുമ്പിലാണ്. ഇവിടെ എത്തുമ്പോൾ ബിഷപ്പിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ബിഷപ്പിനെ അറസ്റ്റുചെയ്യുന്ന കാര്യത്തിൽ ഇതുവരെ തൂരുമാനമായിട്ടില്ലന്നും കേരളപൊലീസിന്റെ നീക്കങ്ങളോട് പഞ്ചാബ് പൊലീസ് എല്ലാവിധത്തിലും സഹകരിക്കുന്നുണ്ടെന്നും കേസന്വേഷണച്ചുമതല വഹിക്കുന്ന വൈക്കം ഡി വൈ എസ് പി കെ സുഭാഷ് മറുനാടനോട് വ്യക്തമാക്കി.

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനപരാതിയുമായി ബന്ധപ്പെട്ട് വൈക്കം ഡി വൈ എസ് പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശനിയാഴ്ചയാണ് മിഷനറീസ് ഓഫ് ജീസസ് ആസ്ഥാനത്തെത്തി കന്യാസ്ത്രീകളുടെ മൊഴിയെടുത്തത്. മദർ ജനറാൾ സിസ്റ്റർ റെജീനയുടെയും ഉപദേശകസമിതിയിലെ കന്യാസ്ത്രീകളായ അമല, വെർജീന, മരിയ എന്നിവരുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്. മഠത്തിലെ കംപ്യൂട്ടറുകളിൽനിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളും ബിഷപ്പിനെതിരാണ്. വിവിധ കാരണങ്ങളാൽ സന്യാസിനി സമൂഹം വിട്ടുപോയ കന്യാസ്ത്രീകളുടെ മൊഴിയുമെടുക്കുന്നുണ്ട്. പാസ്റ്ററൽ കൗൺസിൽ ഓഫീസിലും അന്വേഷണ സംഘം പരിശോധന നടത്തുമെന്നാണ് സൂചന.

ഇതിനിടെ ബിഷപ്പിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം പ്രതികരിച്ചു. പൊലീസ് നൽകിയ ചോദ്യാവലിയിൽ ബിഷപ്പ് രേഖാമൂലം നൽകിയ മറുപടിയിൽ വൈരുദ്ധ്യം കണ്ടെത്തിയതായാണ് വിവരം. 50 ചോദ്യങ്ങൾ അടങ്ങുന്ന ചോദ്യാവലിയാണ് അന്വേഷണസംഘം ബിഷപ്പിന് നൽകിയത്. ഇതിലെ മറുപടിയും ബിഷപ്പിന് ഊരാക്കുടുക്കായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP