Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ മടിച്ച് കേരളാ പൊലീസ്; ചോദ്യം ചെയ്തത് 9 മണിക്കൂറും; മൊബൈൽ ഫോൺ പിടിച്ചെടുത്ത് ബിഷപ്പ് ഹൗസിൽ നിന്ന് അന്വേഷണ സംഘം മടങ്ങിയത് പുലർച്ചെ; ഏത് ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറെന്ന് വാദിച്ച് നിരപരാധിത്വം തെളിയിക്കാൻ ഫ്രാങ്കോ മുളയ്ക്കലും; ബിഷപ്പിനെ ഒളിച്ചു കടക്കാൻ സഹായിച്ചതും മാധ്യമ പ്രവർത്തകരെ മർദ്ദിച്ചതും പഞ്ചാബ് പൊലീസിന്റെ ഒത്താശയോടെ; ബലാത്സംഗ കേസിൽ അകപ്പെട്ടിട്ടും ജലന്ധർ മെത്രാനെ തൊടാൻ ഭയന്ന് കേരളാ പൊലീസ്

ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ മടിച്ച് കേരളാ പൊലീസ്; ചോദ്യം ചെയ്തത് 9 മണിക്കൂറും; മൊബൈൽ ഫോൺ പിടിച്ചെടുത്ത് ബിഷപ്പ് ഹൗസിൽ നിന്ന് അന്വേഷണ സംഘം മടങ്ങിയത് പുലർച്ചെ; ഏത് ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറെന്ന് വാദിച്ച് നിരപരാധിത്വം തെളിയിക്കാൻ ഫ്രാങ്കോ മുളയ്ക്കലും; ബിഷപ്പിനെ ഒളിച്ചു കടക്കാൻ സഹായിച്ചതും മാധ്യമ പ്രവർത്തകരെ മർദ്ദിച്ചതും പഞ്ചാബ് പൊലീസിന്റെ ഒത്താശയോടെ; ബലാത്സംഗ കേസിൽ അകപ്പെട്ടിട്ടും ജലന്ധർ മെത്രാനെ തൊടാൻ ഭയന്ന് കേരളാ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

വൈക്കം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്യാതെ വിട്ടു. ഒൻപത് മണിക്കൂർ ബിഷപ്പിനെ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാൽ ബിഷപ്പിന്റെ ഫോൺ മാത്രം പിടിച്ചെടുത്ത് മെത്രാനെ അറസ്റ്റ് ചെയ്യാതെ വിടുകയായിരുന്നു കേരളാ പൊലീസ്. നാടകീയ രംഗങ്ങൾക്കൊടുവിലാണ് ബിഷപ്പിനെ തിങ്കളാഴ്ച രാത്രി വൈക്കം ഡിവൈ.എസ്‌പി. കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യം ചെയ്തത്. അതിനിടെ താൻ നിരപരാധിയാണെന്നും ഏത് ശാസ്ത്രീയ പരിശോധനയക്കും തയ്യാറാണെന്നും ബിഷപ്പ് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. ഉന്നത ഇടപെടൽ കൊണ്ട് മാത്രമാണ് ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കുന്നത്.

ചോദ്യം ചെയ്യലിന് തിങ്കളാഴ്ച പകൽ 11 മണിയോടെ അന്വേഷണസംഘം ബിഷപ്പ്ഹൗസിൽ എത്തി. അറസ്റ്റുചെയ്യുമെന്ന സൂചന വന്നതോടെ ബിഷപ്പ് ചണ്ഡീഗഢിലേക്ക് പോയി. വൈകുന്നേരമായിട്ടും ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് ഹൗസിൽ തിരിച്ചെത്തിയില്ല. ഇതോടെ ബിഷപ്പിനെ ചോദ്യം ചെയ്യാതെ ബിഷപ്പ്ഹൗസിൽനിന്ന് പോകില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. തുടർന്ന് രാത്രി എട്ടുമണിയോടെ ഫ്രാങ്കോമുളയ്ക്കൽ ബിഷപ്പ് ഹൗസിലെത്തി. എട്ടരയ്ക്ക് ബിഷപ്പിനെ അന്വേഷണസംഘം ചോദ്യം ചെയ്തുതുടങ്ങി. പുലർച്ചെ വരെ ചോദ്യം ചെയ്യൽ നീണ്ടു. ഇതിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്താതെ മടങ്ങിയത്. ബലാത്സംഗക്കേസിലാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്താതെന്നതാണ് വസ്തുത. പ്രാഥമികമായ തെളിവുണ്ടെങ്കിലും ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിനെ കേരളാ പൊലീസിലെ ഉന്നതർ എതിർത്തുവെന്നാണ് സൂചന.

ആവശ്യമെങ്കിൽ ബിഷപ്പിനെ ഇനിയും ചോദ്യം ചെയ്യാനാണ് കേരളാ പൊലീസിന്റെ തീരുമാനം. അതിന് ശേഷം മാത്രമേ അറസ്റ്റിൽ തീരുമാനം എടുക്കൂ. അതിനിടെ പഞ്ചാബ് പൊലീസിന്റെ ഒത്താശയോടെയാണ് ബിഷപ്പ് ചണ്ഡീഗഢിലേക്ക് പോയതെന്നും ആരോപണമുണ്ട്. ഇതിനിടെ, സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കു നേരെ ആക്രമണമുണ്ടായി. ബിഷപ്പ് ഹൗസിനുള്ളിൽവെച്ച് ബിഷപ്പിന്റെ ചില അനുയായികളും സുരക്ഷാജീവനക്കാരുമാണ് ആക്രമിച്ചത്. മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ റെബിൻ ഗ്രാലൻ, ക്യാമറാമാൻ വൈശാഖ് ജയപാലൻ, ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ മനു സിദ്ധാർഥൻ, മലയാളമനോരമ ഫോട്ടോഗ്രാഫർ സിബി മാമ്പുഴക്കരി, മീഡിയാവൺ റിപ്പോർട്ടർ റോബിന്മാത്യു മറ്റത്തിൽ എന്നിവർക്കാണ് മർദനമേറ്റത്. ഇവരുടെ ക്യാമറകളും മറ്റും കേടുവരുത്തി.

സംഭവസ്ഥലത്തുണ്ടായിരുന്ന പഞ്ചാബ് പൊലീസ് കാഴ്ചക്കാരായിരുന്നു. ബിഷപ്പിന് പഞ്ചാബ് പൊലീസിലും ഉന്നത ബന്ധങ്ങളുണ്ട്. ഇതാണ് പഞ്ചാബ് പൊലീസിന്റെ മൗനത്തിന് കാരണം. തിങ്കളാഴ്ച രാവിലെമുതൽ ബിഷപ്പ് ഹൗസിന് മുന്നിൽ പഞ്ചാബ് പൊലീസിന്റെ സായുധസംഘം ഉണ്ടായിരുന്നു. ഇവിടേയ്ക്കുള്ള വഴികൾ ഇവർ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. കൂടുതൽ വിശ്വാസികൾ ഇവിടേക്ക് എത്തുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു ഇത്. രാവിലെ ബിഷപ്പ്ഹൗസിലെത്തിയ അന്വേഷണസംഘം ജലന്ധർ രൂപതയുടെ പി.ആർ.ഒ.യിൽനിന്നും ബിഷപ്പുമായി അടുപ്പമുള്ള ചില വൈദികരിൽനിന്നും മൊഴിയെടുത്തു. തുടർന്ന് ബിഷപ്പിന്റെ യാത്രാരേഖകളും ബിഷപ്പ് ഹൗസിലെ കംപ്യൂട്ടറുകളിലെ രേഖകളും മറ്റും പരിശോധിച്ചു.

അന്വേഷണത്തിന്റെ തുടക്കം മുതൽ പഞ്ചാബ് പൊലീസിൽനിന്ന് കേരള പൊലീസിനുവേണ്ട സഹകരണം കിട്ടുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇതോടെ കേസ് അട്ടിമറിക്കാൻ പഞ്ചാബ് പൊലീസിലേയും കേരളാ പൊലീസിലെ ചില ഉന്നതരുടേയും സഹായത്തോടെ കളികൾ സജീവമാണെന്ന് വ്യക്തമാകുകയാണ്. ബിഷപ്പിനെ അന്വേഷണ സംഘത്തിന് ആവശ്യത്തിൽ അധികം തെളിവ് കിട്ടിയിട്ടുണ്ട്. അതിനിടെ ജലന്ധർ രൂപത ഹൗസിൽ നിന്നും 11. 30 ഓടെ പുറത്തുപോയ ഫ്രാങ്കോ നോക്കിയത് ഒളിക്കാനാണെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. കോൺവെന്റിൽ കുർബാന ചൊല്ലി ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷം മാടശേരി, പോൾ കിഴക്കിനെത്തു എന്നിവർക്കൊപ്പമാണ് ചണ്ഡീഗഡ ് ഭാഗത്തേക്ക് കാറിൽ പോയത്. പോയത്. പൊലീസ് ചോദ്യം ചെയ്യാൻ നേരത്തെ നോട്ടീസ് നൽകിയില്ലെന്ന് പറയാൻ ഹൈ കോർട്ട് വക്കീലിനെ പറഞ്ഞേൽപ്പിച്ചിരുന്നു.

എന്നാൽ അമൃത്സർ. -ഡൽഹി റൂട്ടിലുള്ള ഒരു മഠത്തിൽ സംഘം അഭയം തേടുകയായിരുന്നു. കന്യാസ്ത്രീകൾക്ക് ഇഷ്ടമില്ലാഞ്ഞിട്ടും മഠത്തിൽ അഭയം കൊടുത്തു. പഞ്ചാബി പൊലീസിനെയും മറ്റും ഉപയോഗിച്ച് അരമന വളഞ്ഞതായി പ്രതീതി ഉണ്ടാക്കി ബിഷപ്പിനെ രക്ഷപെടാൻ അനുവദിക്കുക ആയിരുന്നു. അറസ്റ്റ് ഉണ്ടാകുമെന്നു ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചതിനു പിന്നാലെ ആയിരുന്നു ഇത്. മഠത്തിൽ ഉണ്ടായിരുന്ന ചിലരും ബിഷപ്പിനെ ശരിക്കും കുടുക്കി. സൂര്യൻ അസ്തമിച്ചാൽ പിന്നെ അറസ്റ്റ് ഉണ്ടാവില്ലെന്നും പൊലീസിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഉപദേശിച്ചു. ഇത് വിശ്വസിച്ചാണ് ഫ്രാങ്കോ തിരിച്ചു വന്നത്. അപ്രതീക്ഷിതമായി മാധ്യമങ്ങളെ കണ്ടതോടെ ബീഷപ്പിന് ഒപ്പമുണ്ടായിരുന്ന വൈദികർ ആക്രമണത്തിന് നിർദ്ദേശം കൊടുക്കുകയായിരുന്നു. ഫാ. ആന്റണി മാടശേരിയുടെ നേതൃത്വത്തിലുള്ള സെക്യൂരിറ്റി ആണ് ആക്രമിച്ചത്.

വൈകിട്ട് ഏഴരയോടെയാണ് ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് ഹൗസിൽ എത്തിയത്. ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നതിന് എത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. പഞ്ചാബിലേയും കേരളത്തിലേയും ഒരു വിഭാഗം മാധ്യമപ്രവർത്തകരെ പുറത്താക്കി പൊലീസ് ഗേറ്റ് അടച്ചു. മറ്റൊരു വിഭാഗം ബിഷപ്പ് ഹൗസിനുള്ളിലുമായി. കഴിഞ്ഞ ദിവസങ്ങളിൽ കന്യാസ്ത്രീകളിൽ നിന്നും വൈദികരിൽ നിന്നും മൊഴിയെടുത്തിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് പൊലീസ് സംഘം എത്തിയത്. ബിഷപ്പ് കഴിഞ്ഞ ദിവസം നൽകിയ മറുപടിയിൽ ചില വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബിഷപ്പിന്റെ വിശ്വസ്തരായ പി.ആർ.ഒ ഫാ.പീറ്റർ കാവുംപുറം, എഫ്.എം.ജെ ജനറാൾ ഫാ. ആന്റണി മാടശേരി എന്നിവരിൽ നിന്നും ഇന്ന് വിശദമായ മൊഴി എടുത്തിരുന്നു. അവസാനഘട്ടമെന്ന നിലയിലാണ് പൊലീസ് ബിഷപ്പിനെ ചോദ്യം ചെയ്തതും.

നേരത്തെ ബിഷപ്പിന്റെ അറസ്റ്റിൽ അന്വേഷണ സംഘത്തിന് ഉചിതമായ തീരുമാനം എടുക്കാമെന്ന് ഹൈക്കേടതി വ്യക്തമാക്കിയിരുന്നു. പരാതിക്കാരിക്കെതിരെ അപകീർത്തികരമായ ലഘുലേഖകൾ പ്രചരിപ്പിക്കരുത്. അറസ്റ്റു വൈകി എന്നതുകൊണ്ട് അന്വേഷണം ശരിയായ രീതിയിൽ അല്ലെന്ന് പറയാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളുകയും ചെയ്തു. കേരള കാത്തലിക് ചർച്ച് റിഫർമേഷൻ മൂവ്മെന്റ് ആണ് കോടതിയെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP