ബലാത്സംഗ കേസിൽ അറസ്റ്റിലായ വൈദികനെതിരെ തെളിവുകൾ; വീട്ടമ്മയോട് സംസാരിച്ചതിന്റെ ഫോൺരേഖകൾ കണ്ടെത്തി; പരാതിക്കാരി ഫാദർ ജോബ് മാത്യുവിന്റെ താമസസ്ഥലത്ത് എത്തിയതിനും തെളിവുകൾ; ഇടവകാംഗമെന്ന നിലയിൽ മാത്രം പരിചയമെന്ന് പറഞ്ഞ് രക്ഷപെടാനും ശ്രമം; വൈദികന്റെ കീഴടങ്ങലും കുമ്പസാരം പോലെ രഹസ്യമായി
July 13, 2018 | 07:15 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
തിരുവല്ല: വീട്ടമ്മയെ ബലാൽസംഗം ചെയ്ത കേസിൽ അറസ്റ്റിലായ ഓർത്തഡോക്‌സ് സഭാ വൈദികനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. കേസിലെ രണ്ടാംപ്രതിയായ ഫാദർ ജോബ് മാത്യു പരാതിക്കാരിയോട് സംസാരിച്ചതിന്റെ ഫോൺ രേഖകളാണ് പൊലീസ് കണ്ടെടുത്തത്. ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കാൻ ഫാ.ജോബിന്റെ ഫോൺ കസ്റ്റഡിയിൽ എടുത്തു. പരാതിക്കാരി വൈദികന്റെ താമസസ്ഥലത്ത് എത്തിയതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. അതേസമയം യുവതിയെ അറിയില്ലെന്ന നിലപാടിലാണ് ആരോപണ വിധേയനായ വൈദികൻ. യുവതിയെ കുമ്പസരിപ്പിച്ചിട്ടുണ്ടെന്നു വിശദാംശങ്ങൾ ഓർമയില്ലെന്നും വൈദികൻ പറഞ്ഞു. ഇടവകാംഗമെന്ന നിലയിൽ യുവതിയെ പരിചയമുണ്ടെന്നാണ് അദ്ദേഹത്തിന്റെ മൊഴി. അറസ്റ്റിലായ ഫാദർ ജോബ് മാത്യുവിനെ തിരുവല്ല മജിസ്‌ട്രേട്ട് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ഫാദർ ജോബ് മാത്യു കൊല്ലത്തെത്തി ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. വളരെ നാടകീയമായാണ് വൈദികൻ കേസിൽ കീഴടങ്ങിയത്. ഫാ. ജോബ് മാത്യുവിന്റെ കീഴടങ്ങലും കുമ്പസാരം പോലെ അതീവ രഹസ്യമായിട്ടായിരുന്നു. കേസിന്റെ തുടക്കം മുതൽ വൈദികൻ എവിടെയാണെന്ന് അന്വേഷണസംഘത്തിന് അറിയാമായിരുന്നു എല്ലാം സാവകാശത്തിലാക്കി പൊലീസ് അധികൃതർ.
നാലുദിവസം അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഫാ. ജോബ് മാത്യു. ബുധനാഴ്ച വൈകീട്ട് പന്തളത്തായിരുന്ന വൈദികൻ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ കൊട്ടാരക്കരയിലെത്തി. മൊബൈൽ ഫോൺ സിഗ്‌നൽ നിരീക്ഷിച്ച് അന്വേഷണസംഘവും ഒപ്പം. മുൻധാരണ പ്രകാരം പുലർച്ചയോടെ കൊല്ലത്തെത്തിയ വൈദികൻ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പോളയത്തോട് വച്ചാണ് കീഴടങ്ങിയത്. തുടർന്ന് കൊല്ലം പൊലീസ് ക്ലബിലെത്തിച്ച് പ്രാഥമിക വിവരം ചോദിച്ചറിഞ്ഞു. 10.30ഓടെ സിറ്റി പൊലീസ് കമീഷണറുടെ ഓഫിസ് വളപ്പിലെ ഡി.സി.ആർ.ബി എ.സി.പിയുടെ ഓഫിസിലെത്തിച്ചു. 11.30ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നെ, വൈദ്യപരിശോധനക്ക് ജില്ല ആശുപത്രിയിലേക്ക്. ലൈംഗികക്ഷമത പരിശോധന ഉൾപ്പെടെ പൂർത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
കൊല്ലമാണ് നല്ലത്
തിരുവല്ലയിലോ ആലപ്പുഴയിലോ കീഴടങ്ങാമെന്നിരിക്കെ അന്വേഷണസംഘത്തിന്റെ നിർദ്ദേശപ്രകാരമാണ് കൊല്ലം തെരഞ്ഞെടുത്തത്; പ്രതിഷേധവും ആൾക്കൂട്ടവും കുറയുമെന്ന കണക്കുകൂട്ടലിൽ. സംഘത്തിന്റെ പദ്ധതി ശരിവെക്കുംവിധം കാര്യം നടന്നു.
പൊലീസ് നാടകംരാവിലെ കീഴടങ്ങുമെന്ന് വാർത്ത പരന്നെങ്കിലും എവിടെയെന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ക്രൈംബ്രാഞ്ച് ഓഫിസിൽ രാവിലെ പത്തോടെ എത്തുമെന്ന് വിവരം ലഭിച്ചതനുസരിച്ച് മാധ്യമപ്രവർത്തകർ എത്തി. പിന്നീട് പൊലീസ് ക്ലബിലാണെന്നായി സൂചന. നാടകീയത സൃഷ്ടിച്ച് രംഗം കൊഴുപ്പിക്കും മുമ്പുതന്നെ വൈദികൻ കീഴടങ്ങിയിരുന്നു. സിറ്റി പൊലീസ് കമീഷണറുടെ ഓഫിസ് വളപ്പിലെ ഡി.സി.ആർ.ബി എ.സി.പിയുടെ ഓഫിസിൽ കനത്ത സുരക്ഷയിലാണ് വൈദികനെ എത്തിച്ചത്.
മാധ്യമപ്രവർത്തകരെ തടയാൻ ഒരു ഭാഗത്തെ ഗേറ്റ് അടച്ചു. മറുഭാഗത്ത് വടംകെട്ടി ഉദ്യോഗസ്ഥരെ നിയോഗിച്ചു. മാധ്യമങ്ങളുടെ കണ്ണിൽപെടാതെ വൈദികനെ മാറ്റാനായിരുന്നു നീക്കം. എന്നാൽ, സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ കേസായതിനാൽ വൈദികനെ ഒളിപ്പിച്ചുകടത്തുന്നത് ശരിയല്ലെന്ന നിഗമനത്തിലെത്തിയ ഉദ്യോഗസ്ഥർ വൈദ്യപരിശോധനക്ക് കൊണ്ടുപോകുന്ന നേരത്ത് ദൃശ്യം പകർത്താൻ അനുമതി നൽകി.
ജോബ് മാത്യുവിനെ കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി ഓഫിസിലെത്തിച്ച് ചോദ്യം ചെയ്തതിനുശേഷം ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയും നടത്തി. തുടർന്ന് ക്രൈംബ്രാഞ്ച് എസ്‌പി സാബു മാത്യുവിന്റെ നേതൃത്വത്തിൽ നാലുമണിക്കൂറോളം ഫാ. ജോബ് മാത്യുവിനെ ചോദ്യം ചെയ്തിരുന്നു.
കുമ്പസാര വിവരങ്ങൾ പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്തുവെന്നതാണ് ഫാ.ജോബ് മാത്യുവിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്ന നാലുവൈദികരിൽ മൂന്നുപേരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. രൂക്ഷവിമർശനങ്ങളുന്നയിച്ച കോടതി പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും വ്യക്തമാക്കി.
ഈ സാഹചര്യത്തിലാണ് കൂടുതൽ നിയമനടപടികൾക്ക് മുതിരാതെ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ഫാ.ജോബ് മാത്യു തയാറായത്. എന്നാൽ കേസിലെ ഒന്നാംപ്രതി ഫാ. എബ്രഹാം വർഗീസും, നാലാം പ്രതി ഫാ.ജോയ്‌സ് കെ.ജോർജും കീഴടങ്ങാൻ തയാറായിട്ടില്ല. ഇവർ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. സുപ്രീംകോടതിയിൽ നാളെയോ തിങ്കളാഴ്ചയോ ജാമ്യഹർജി നൽകാനാണ് ഇരുവരുടെയും ശ്രമം. ഹൈക്കോടതിയിൽനിന്ന് വൈദികർ രൂക്ഷവിമർശനം നേരിട്ട പശ്ചാത്തലത്തിൽ സുപ്രീംകോടതിയിൽനിന്നും അനുകൂലമായ വിധിയുണ്ടാകില്ലായെന്ന കണക്കുകൂട്ടലിലാണ് അന്വേഷണസംഘം.
