Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് മുത്തൂറ്റുകളും മണപ്പുറവും സൂക്ഷിച്ചിരിക്കുന്നത് രണ്ടരലക്ഷത്തോളം കിലോ സ്വർണം! ഈ മൂന്ന് കേരള കമ്പനികളുടെയും സ്വർണശേഖരം ഓസ്‌ട്രേലിയയുടെയും സിംഗപ്പുരിന്റെയും ബെൽജിയത്തിന്റെയും സ്വീഡന്റെയും ആകെ കരുതൽ നിക്ഷേപത്തെക്കാൾ കൂടുതൽ; കേരളത്തിന്റെ സ്വർണഭരണത്തിന്റെ ചരിത്രമറിയാം

രണ്ട് മുത്തൂറ്റുകളും മണപ്പുറവും സൂക്ഷിച്ചിരിക്കുന്നത് രണ്ടരലക്ഷത്തോളം കിലോ സ്വർണം! ഈ മൂന്ന് കേരള കമ്പനികളുടെയും സ്വർണശേഖരം ഓസ്‌ട്രേലിയയുടെയും സിംഗപ്പുരിന്റെയും ബെൽജിയത്തിന്റെയും സ്വീഡന്റെയും ആകെ കരുതൽ നിക്ഷേപത്തെക്കാൾ കൂടുതൽ; കേരളത്തിന്റെ സ്വർണഭരണത്തിന്റെ ചരിത്രമറിയാം

കൊച്ചി: സ്വർണത്തോടുള്ള മലയാളികളുടെ ഭ്രമം വളരെ പ്രസിദ്ധമാണ്. സ്വർണാഭരണം വാങ്ങിക്കൂട്ടുന്നത് ഒരു സമ്പാദ്യമായാണ് മലയാളികൾ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വിശേഷ വേളകളിലൊക്കെ സ്വർണം വാങ്ങിക്കൂട്ടും. പണത്തിന് ആവശ്യം വരുമ്പോൾ ഇത് പണയം വെക്കുന്നതും മലയാളികളുടെ പതിവ് പരിപാടിയാണ്. ഇങ്ങനെ മലയാളികൾ പണയപ്പെടുത്തിയ സ്വർണം കുമിഞ്ഞു കൂടിയിരിക്കുന്നത് ഇവിടുത്തെ സ്വകാര്യ സ്വർണപ്പണയ സ്ഥാപനങ്ങളിലാണ്. ഇവിടങ്ങളിലെ സ്വർണ്ണത്തിന്റെ കണക്ക് പരിശോധിച്ചാൽ എല്ലാവരും ഞെട്ടും.

കേരളത്തിലെ മൂന്ന് സ്വർണപ്പണയ സ്ഥാപനങ്ങളുടെ പക്കലുള്ള സ്വർണശേഖരം ലോകത്തെ പല സാമ്പത്തിക ശക്തികളുടെ സ്വർണശേഖരത്തെക്കാൾ കൂടുതലെന്ന് റിപ്പോർട്ടാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിൻകോർപ്പ് എന്നീ സ്ഥാപനങ്ങളുടെ പക്കൽ ഒട്ടാകെയുള്ളത് 263 ടൺ സ്വർണാഭരണങ്ങളാണ്. ബെൽജിയം, സിംഗപ്പുർ, സ്വീഡൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ പക്കലുള്ള സ്വർണശേഖരത്തെക്കാൾ കൂടുതലാണ് ഇതെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.

രണ്ടുവർഷം മുമ്പ് ഈ മൂന്ന് സ്ഥാപനങ്ങളുടെയുംകൂടി സ്വർണാഭരണ ശേഖരം 195 ടൺ ആയിരുന്നു. ഇക്കൊല്ലം സെപ്റ്റംബർവരെയുള്ള കണക്കനുസരിച്ച് അത് 263 ടണ്ണാണ്. ആഗോളതലത്തിലുള്ള സ്വർണാഭരണ ശേഖരത്തിന്റെ 30 ശതമാനവും ഇന്ത്യയിലാണെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയിൽ സ്വർണത്തോട് ഏറ്റവുമധികം പ്രിയം പുലർത്തുന്ന സംസ്ഥാനം കേരളവുമാണ്. സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽക്കൂടി സ്വർണത്തെ മലയാളികൾ കാണുന്നു.

മുത്തൂറ്റ് ഫിനാൻസാണ് സ്വർണപ്പണയരംഗത്തെ ഭീമന്മാർ. 150 ടൺ സ്വർണാഭരണങ്ങളാണ് അവരുടെ പക്കലുള്ളത്. പല രാജ്യങ്ങളുടെയും പക്കൽ ഇത്രയും സ്വർണശേഖരമില്ല. സിംഗപ്പുർ (127.4 ടൺ), സ്വീഡൻ (125.7), ഓസ്‌ട്രേലിയ (79.9), കുവൈത്ത് (79), ഡെന്മാർക്ക് (66.5) ഫിൻലൻഡ് (49.1) എന്നിങ്ങനെയാണ് പല രാജ്യങ്ങളുടെയും സ്വർണശേഖരത്തിന്റെ കണക്ക്. മണപ്പുറം ഫിനാൻസിന്റെ പക്കൽ 65.9 ടണ്ണും മുത്തൂറ്റ് ഫിൻകോർപ്പിന്റെ പക്കൽ 46.88 ടൺ സ്വർണവുമുണ്ട്.

അന്താരാഷ്ട്ര ഗ്ലോബൽ കൗൺസിലിന്റെ കണക്കനുസരിച്ച് ലോകത്ത് സ്വർണശേഖരത്തിന്റെ കാര്യത്തിൽ 11ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. രാജ്യത്താകെ 558 ടൺ സ്വർണമുണ്ടെന്നാണ് കണക്കാക്കുന്നത്. അമേരിക്കയാണ് സ്വർണശേഖരത്തിൽ ഏറ്റവും മുന്നിൽ. 8134 ടൺ. ജർമനി 3378 ടൺ സ്വർണവുമായി രണ്ടാമതും അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്) 2814 ടൺ സ്വർണവുമായി മൂന്നാം സ്ഥാനത്തുമുണ്ട്.

സാമൂഹ്യ ആചാരമെന്ന നിലയിലും ആഡംബരമെന്ന നിലയിലും ഒരു ആസ്തിയെന്ന നിലയിലും ഇവിടെ സ്വർണം വാങ്ങുന്ന പ്രവണത വളരെ കൂടുതലാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സ്വർണത്തോടുള്ള ഭ്രമം വളരെ കൂടുതലാണെന്ന് കാണാം. ഇവിടെ രണ്ട്‌ലക്ഷത്തോളം പേരാണ് സ്വർണവ്യവസായത്തിൽ ജോലി ചെയ്യുന്നത്. വായ്പകൾക്കുള്ള മികച്ചതും മൂല്യമാർന്നതുമായ ഈടെന്ന നിലയിൽ ഇവിടെ സ്വർണത്തിന് മുൻഗണനയുണ്ട്.

പരമ്പരാഗതമായി ഫിനാൻഷ്യൽ സർവീസുകളിൽ മലയാളികൾ മുന്തിനിൽക്കുന്ന ജനവിഭാഗമാണെന്നും കേരളത്തിലെ ഇത്തരം സാമ്പത്തിക സ്ഥാപനങ്ങളുടെ മുന്നേറ്റം മലയാളികൾക്ക് ഇക്കാര്യത്തിലുള്ള നൂതനാശയങ്ങളുടെ പ്രതിഫലനമാണ് ഇവിടുത്തെ സ്വർണ്ണപ്പണയ ബിസിനസ് എന്നാണ് വ്യക്തമാകുന്നത്. രാജ്യത്തെ ഏറ്റവും വലിയ സ്വർണപ്പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന് 21 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 4,265 ശാഖകളാണുള്ളത്.ഇതിന്റെ ഗോൾഡ്‌ലോൺ പോർട്ട്‌ഫോളിയോ 21,800 കോടിയുടെതാണ്. മണപ്പുറം ഫിനാൻസിന് രാജ്യത്തുടനീളമായി 3200 ശാഖകളും 20,000 തൊഴിലാളികളുമുണ്ട്. ഇതിന് 9000 കോടിയുടെ ഗോൾഡ് ലോൺ പോർട്ട് ഫോളിയോ ആണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP