Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജാബിന് എമിഗ്രേഷൻ വിഭാഗത്തിൽ ജോലി തരപ്പെടുത്തിയ കോൺഗ്രസ് നേതാവിനെ ചോദ്യം ചെയ്യും; ഭൂമി ഇടപാടുകളുടെ പേരിലും കോടികൾ വെട്ടിച്ചു; സ്വർണം കടത്താൻ രണ്ടു വർഷത്തിനിടെ നൗഷാദും കൂട്ടരും നടത്തിയത് നൂറിലേറെ വിദേശയാത്രകൾ

ജാബിന് എമിഗ്രേഷൻ വിഭാഗത്തിൽ ജോലി തരപ്പെടുത്തിയ കോൺഗ്രസ് നേതാവിനെ ചോദ്യം ചെയ്യും; ഭൂമി ഇടപാടുകളുടെ പേരിലും കോടികൾ വെട്ടിച്ചു; സ്വർണം കടത്താൻ രണ്ടു വർഷത്തിനിടെ നൗഷാദും കൂട്ടരും നടത്തിയത് നൂറിലേറെ വിദേശയാത്രകൾ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ ഉന്നതരുടെ ഭാഗത്തു നിന്നും ജാബിനും നൗഷാദിനും സഹായം ലഭിച്ചതായി വ്യക്തമാകുന്നു. കോടികളുടെ സ്വർണക്കടത്തു നടത്തി അറസ്റ്റിലായ സിവിൽ പൊലീസ് ഓഫിസർ രണ്ടാർ കുടിയിൽ ജാബിൻ കെ. ബഷീറിനു ഇമിഗ്രേഷൻ വിഭാഗത്തിലെ സെക്യൂരിറ്റി അസിസ്റ്റന്റായി ഡപ്യൂട്ടേഷൻ ലഭിക്കാൻ സഹായിച്ചത് ഒരു കോൺഗ്രസ് നേതാവാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളെയും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണം സംഘം.

സർക്കാർ ജീവനക്കാരുടെ ഭരണപക്ഷ സംഘടനയുടെ നേതാവും സുഹൃത്തുമായ എവറസ്റ്റ് ഷബീബാണ് വിമാനത്താവളത്തിൽ ഡപ്യൂട്ടേഷൻ ലഭിക്കാൻ സഹായിച്ചതെന്നു ജാബിൻ മൊഴിനൽകി. ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിലാണ് ജാബിൻ ഇക്കാര്യം പറഞ്ഞത്. സ്ഥലംമാറ്റം ആസൂത്രിതമായിരുന്നു എന്നാണ് വ്യക്തമാകുന്നത്. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രി ആയിരുന്ന കാലത്തായിരുന്നു സംഭവം. മൂവാറ്റുപുഴയിലെ എൻ.ജി.ഒ. അസോസിയേഷൻ നേതാവിന്റെ ഒത്താശയോടെ പ്രമുഖ കോൺഗ്രസ് നേതാവാണ് ഡെപ്യൂട്ടേഷനുവേണ്ടി ശിപാർശ നടത്തിയത്. എന്നാൽ, സ്ഥലംമാറ്റത്തിനു സാധാരണ നടത്തുന്ന ഇടപെടൽ മാത്രമാണ് നടത്തിയിട്ടുള്ളതെന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന വിശദീകരണം. പ്രധാന ചുമതലയിൽ നിയമനം നടത്തുന്നതിന് മുമ്പ് ഇന്റലിജന്റ്‌സ് ബ്യൂറോയാണ് അന്വേഷണം നടത്തേണ്ടിയിരുന്നതെന്നും ഇവർ പറയുന്നു.

തൃശൂരിലെ പൊലീസ് ക്യാംപിൽ പരിശീലനം പൂർത്തിയാക്കി ആറു മാസം കഴിയും മുൻപാണ് വിമാനത്താവളത്തിൽ ജാബിൻ ജോലിക്കെത്തിയത്. കള്ളക്കടത്ത് ദൗത്യം പൂർത്തിയാക്കി കഴിഞ്ഞ ഏപ്രിലിൽ ഇയാൾ തിരിച്ചുപോവുകയും ചെയ്തു. ജാബിന്റെ ബന്ധങ്ങളെ കുറിച്ച് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും റിപ്പോർട്ട് ചെയ്തിരുന്നു. 2010ൽ ജോലിയിൽ പ്രവേശിച്ച ജാബിനു പരിശീലനം കഴിഞ്ഞ ഉടൻ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗത്തിൽ ഡപ്യൂട്ടേഷൻ ലഭിച്ചതു മേലുദ്യോഗസ്ഥരെ അദ്ഭുതപ്പെടുത്തിയിരുന്നു.

മൂവാറ്റുപുഴയിലെ പൊലീസ് സ്‌റ്റേഷനുകളുടെ ഉപയോഗത്തിനു സ്ഥിരമായി സ്വകാര്യ വാഹനങ്ങൾ സംഘടിപ്പിച്ചു കൊടുത്തിരുന്നതു ജാബിനാണ്. മലബാർ മേഖലയിലേക്കു കേസന്വേഷണത്തിനു പോകേണ്ട സാഹചര്യമുണ്ടാവുമ്പോൾ കേസിലെ മുഖ്യപ്രതി പി.എ. നൗഷാദിന്റെ കൂട്ടാളിയുടെ വാഹനങ്ങളാണു മൂവാറ്റുപുഴ പൊലീസ് ഉപയോഗിച്ചിരുന്നത്. ഇത്തരം യാത്രകളിൽ കോടികളുടെ കുഴൽപണവും കള്ളസ്വർണവും വാഹനങ്ങളിൽ ഒളിച്ചുകടത്താൻ പൊലീസുകാരുടെ സാന്നിധ്യം ഇവർ തന്ത്രപൂർവ്വം ഉപയോഗപ്പെടുത്തിയതായാണു കരുതുന്നത്.

കള്ളക്കടത്തു സ്വർണവും കുഴൽപണവും ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിക്കേണ്ട ചുമതല 'ദാവൂദ് ബ്രദർ' എന്നറിയപ്പെട്ടിരുന്ന അടുത്ത ബന്ധുവിനാണ് നൗഷാദ് നൽകിയിരുന്നത്. നൗഷാദ് അറസ്റ്റിലായതോടെ ഇയാളും കൂട്ടാളികളായ നാലുപേരും ദുബായിലേക്കു കടന്നതായി കസ്റ്റംസിനു വിവരം ലഭിച്ചു. രണ്ടു വർഷമായി നൗഷാദും കൂട്ടാളികളും നടത്തിയ നൂറിലധികം വിദേശയാത്രകൾക്കു ടിക്കറ്റെടുത്തു നൽകിയ മൂവാറ്റുപുഴയിലെ 'ക്രിയേറ്റീവ് ടൂർസ് ആൻഡ് ട്രാവൽസ്' ഏജൻസിയുടെ നടത്തിപ്പുകാരെ കസ്റ്റംസ് ചോദ്യം ചെയ്യും.

സ്വർണക്കടത്തിന് ഒരോ പ്രാവശ്യവും ആശയ വിനിമയം നടത്താൻ ജാബിനും നൗഷാദും ഉപയോഗിച്ചിരുന്നതു നാലു സിംകാർഡുകളും മൊബൈൽ ഫോണുകളുമാണ്. സ്വർണം കടത്തിയ ശേഷം ഇവർ സിംകാർഡും മൊബൈൽ ഫോണും നശിപ്പിച്ചു കളയുകയായിരുന്നു പതിവ്.

അതിനിടെ സ്വർണക്കടത്തു കേസിൽ പ്രതിയായ നെടുമ്പാശേരി വിമാനത്താവളത്തിലെ ജീവനക്കാരൻ ജാബിൻ മൂവാറ്റുപുഴയിൽ പിതാവിന്റെ പേരിൽ നടത്തിയ ഭൂമി ഇടപാടുകളിൽ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി. കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥർ മൂവാറ്റുപുഴ സബ് രജിസ്ട്രാഫീസിൽ നടത്തിയ പരിശോധനയിലാണ് സ്ഥല വില കുറച്ചുകാണിച്ചതായി കണ്ടെത്തിയത്. വൺവേ ജംഗ്ഷനിലുള്ള 20 സെന്റ് സ്ഥലം ഏതാണ്ട് രണ്ടേ മുക്കാൽ കോടി രുപയ്ക്കാണ് കച്ചവടം നടത്തിയത്. 28 കടമുറികളുള്ള ഇരു നില കെട്ടിടമാണ് ഈ സ്ഥലത്തുള്ളത്. എന്നാൽ ഇതിന് രജിസ്‌ട്രേഷനിൽ കാണിച്ചിരിക്കുന്നത് 49,16,000 രൂപയാണ്.

കൂടാതെ അടുത്തകാലത്ത് നിരവധി വസ്തു ഇടപാടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. രണ്ട് കോടിയോളം രൂപ വിലവരുന്ന രണ്ടു ഇരുനില വീടുകൾ, മാർക്കറ്റ് റോഡിൽ അടുത്തിടെ വാങ്ങിയ ഒരു കോടിയോളം വിലവരുന്ന കടമുറി, ആനിക്കാട് ചിറപ്പടിയിലുള്ള അമ്പതു സെന്റ് സ്ഥലം, എട്ടു കോടി വിലവരുന്ന ഷോപ്പിങ് കോംപ്ലക്‌സിൽ ബിനാമി നിക്ഷേപം, കോതമംഗലത്ത് സെന്റിന് മൂന്നു ലക്ഷം വിലവരുന്ന സ്ഥലത്തിന് അഡ്വാൻസ് നൽകിയത് ഉൾപ്പെടെ അടുത്തിടെ ജാബിനും കുടംബത്തിനും അത്ഭുതകരമായ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP