Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹക്കീമിനെ കരിച്ചു കൊന്നിട്ട് രണ്ട് വർഷമാകുന്നു: പയ്യന്നൂരിലെ മദ്രസാ ജീവനക്കാരന്റെ കൊലയാളിയെ സിബിഐ തിരിച്ചറിഞ്ഞെന്ന് സൂചന; പള്ളിക്കണക്ക് അവതരിപ്പിച്ചതിന്റെ പിറ്റേന്നുണ്ടായ കൊലപാതകത്തിനു പിന്നിൽ വിദേശ ഫണ്ടോ കള്ളപ്പണമോ?

ഹക്കീമിനെ കരിച്ചു കൊന്നിട്ട് രണ്ട് വർഷമാകുന്നു: പയ്യന്നൂരിലെ മദ്രസാ ജീവനക്കാരന്റെ കൊലയാളിയെ സിബിഐ തിരിച്ചറിഞ്ഞെന്ന് സൂചന; പള്ളിക്കണക്ക് അവതരിപ്പിച്ചതിന്റെ പിറ്റേന്നുണ്ടായ കൊലപാതകത്തിനു പിന്നിൽ വിദേശ ഫണ്ടോ കള്ളപ്പണമോ?

രഞ്ജിത് ബാബു

കണ്ണൂർ: പയ്യന്നൂർ കൊറ്റിയിലെ ജുമാമസ്ജിദ് മദ്രസാ ജീവനക്കാരൻ ഹക്കീം കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ.അന്വേഷണം അന്തിമഘട്ടത്തിലെത്തി. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചു തുമ്പുണ്ടാക്കാനാവാത്ത സംഭവത്തിൽ സിബിഐ.അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ മൂന്നു മാസമായി പയ്യന്നൂരും പരിസരവും സിബിഐ. അന്വേഷണത്തിന്റെ വലയിലായിരുന്നു. ഹക്കീം വധക്കേസിലെ കുറ്റവാളികൾ ഉടൻ പിടിയിലാകുമെന്നാണ് സൂചന.

2014 ഫെബ്രുവരി 10 നാണ് ഹക്കീം കൊല ചെയ്യപ്പെട്ടത്. പള്ളിയിലെ കണക്കെഴുത്തുകാരൻ എന്ന നിലയിൽ കണക്ക് അവതരിപ്പിച്ചതിന്റെ പിറ്റേ ദിവസം പുലർച്ചെയാണ് ഹക്കീമിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്. അതുകൊണ്ടുതന്നെ വിദേശ ഫണ്ടുമായും കള്ളപ്പണവുമായും ബന്ധപ്പെട്ടാണ് ഹക്കീം കൊല ചെയ്യപ്പെട്ടതെന്ന ആരോപണവും ഉയർന്നിരുന്നു.

ലോക്കൽ പൊലീസ് അന്വേഷണം നടത്തവേ തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയതും കേസന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണം ഉയർന്നിരുന്നു. ഹക്കീം വധത്തിന്റെ ചുരുളഴിക്കാൻ വേണ്ടി പയ്യന്നൂരിൽ ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചിരുന്നു. ഹക്കീമിന്റെ ഭാര്യയും മകനും സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് പയ്യന്നൂർ പൊലീസ് സ്‌റ്റേഷനു മുന്നിൽ നിരാഹാര സമരവും നടത്തിയിരുന്നു.

തെക്കെ മമ്പലത്തെ ഹക്കീം പള്ളി കമ്മിറ്റി യോഗത്തിൽ കണക്ക് അവതരിപ്പിച്ചിരുന്നു. രാത്രിയിൽ നടന്ന യോഗം പിരിഞ്ഞശേഷം ഹക്കീമിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നായിരുന്നു യോഗത്തിൽ പങ്കെടുത്തവർ നല്കിയ മൊഴി. എന്നാൽ അർദ്ധരാത്രി കഴിഞ്ഞ് 1 മണിയോടെ പള്ളിക്കടുത്ത കട വരാന്തയിൽ തലക്കടിച്ച് കൊലപ്പെടുത്തുന്നത് കണ്ടുവെന്ന് ഒരു ദൃക്‌സാക്ഷിയെന്ന പേരിൽ ഒരാൾ ക്രൈംബ്രാഞ്ചിന് മൊഴിനൽകിയിരുന്നു. കൊലപാതകം നേരിൽ കണ്ടതിനാൽ ഭയപ്പെട്ട് പയ്യന്നൂരിൽ നിന്നും ട്രെയിൻ മാർഗം സ്ഥലംവിടുകയായിരുന്നുവെന്നുമായിരുന്നു ക്രൈംബ്രാഞ്ചിനു മുമ്പാകെയുള്ള മൊഴി. കൊല നടന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ ഘട്ടത്തിലാണ് ഇങ്ങനെയൊരാൾ ബന്ധപ്പെട്ടത്. പത്രത്തിൽ ക്രൈംബ്രാഞ്ചിന്റെ ഫോൺനമ്പർ കണ്ടതിനാൽ ബന്ധപ്പെട്ടെന്നായിരുന്നു അയാളുടെ മൊഴി.

ആസൂത്രിതമായി ഹക്കീമിനെ കൊലപ്പെടുത്തുകയും തെളിവുകൾ നശിപ്പിക്കുകയുമായിരുന്നു. പള്ളിക്കമ്മിറ്റിയിലെ കണക്കുമായി ബന്ധപ്പെട്ടാണ് ഹക്കീമിന്റെ കൊലയിൽ കലാശിച്ചതെന്ന സംശയം ആദ്യമേ ഉണ്ടായിരുന്നു. സിബിഐ, എസ്‌പി. മോഹനൻ പയ്യന്നൂരിൽ എത്തുകയും കത്തിത്തീരാറായ നിലയിൽ ഹക്കീമിന്റെ മൃതദേഹം കിടന്ന സ്ഥലം പരിശോധിക്കുകയും ചെയ്തു. അന്വേഷണത്തിന് നേതൃത്വം നല്കുന്ന സിബിഐ. ഇൻസ്‌പെക്ടറും സംഘാംഗങ്ങളുമായും അദ്ദേഹം വിശദമായ ചർച്ച നടത്തിക്കഴിഞ്ഞു. ഹക്കീം കൊലചെയ്യപ്പെട്ടിട്ട് രണ്ടു വർഷം ഈ മാസം 10 ാം തീയ്യതി തികയാനിരിക്കെ സിബിഐ അന്വേഷണം നിർണ്ണായകഘട്ടത്തിലാണെന്നാണ് സൂചന.

പയ്യന്നൂർ കൊറ്റിയിലെ ജുമാമസ്ജിദ് പരിസരത്താണ് 2014 ഫെബ്രുവരി 10ന് രാവിലെ അബ്ദുൾഹക്കിമിന്റെ മൃതദേഹം കത്തിക്കൊണ്ടിരിക്കുന്ന നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസും തുടർന്ന് ക്രൈംബ്രാഞ്ച് സംഘവും കേസന്വേഷിക്കുന്നുണ്ടെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ സമരരംഗത്തുണ്ടായിരുന്ന വിവിധ സംഘടനകൾ ഒത്തുചേർന്നാണ് സംയുക്തസമരസമിതി രൂപീകരിച്ച് സമരം കൂടുതൽ ശക്തമാക്കി. ഇതോടെയാണ് സിബിഐ അന്വേഷണത്തിന് എത്തിയത്.

മതം മാറി ഇസ്‌ലാം മതം സ്വീകരിച്ച് വർഷങ്ങളായി പള്ളിയിൽ ജോലി നോക്കുന്നയാളായിരുന്നു ഹകീം. ഹകീം ചിട്ടി നടത്തിയിരുന്നു. ചിട്ടിയിൽ ചേർന്നവർക്കു പണം തിരിച്ചുകൊടുക്കേണ്ട ദിവസമാണ് ഹകീമിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുന്നത്. ഹകീമിന്റെ പക്കൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയ സംഘം ഇതു തിരിച്ചുകൊടുത്തപ്പോൾ മറ്റൊരു സംഘം വിവരമറിഞ്ഞ് പണം തട്ടിയെടുക്കാൻ എത്തിയെന്നും ഈ സംഘർഷത്തിൽ ഹകീം കൊല്ലപ്പെട്ടുവെന്നുമുള്ള വാദമാണ് പൊലീസ് മുന്നോട്ട് വച്ചത്.

ബ്ലേഡ്മാഫിയയുടെ ഗുണ്ടാസംഘമാണ് ഹകീമിനെ കൊന്നതെന്നും പിന്നീട് മറ്റുപലരും ഇടപെട്ട് ആസൂത്രിതമായ ഗൂഢാലോചനയിലൂടെ മൃതദേഹം കത്തിച്ചുകളഞ്ഞെന്നുമായിരുന്നു വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP