Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശ്രീകാര്യത്ത് ആർഎസ്എസ് നേതാവ് രാജേഷിനെ കൊലപ്പെടുത്തിയത് ഒന്നര മണിക്കൂർ മുൻപ് പൊലീസ് വിട്ടയച്ചയാൾ; പ്രതി ഓടിച്ചിരുന്ന ബൈക്ക് കുപ്രസിദ്ധ ഗുണ്ട മണികണ്ഠന്റേതാണെന്ന് മനസിലായിട്ടും കണ്ണടച്ചു; പ്രതികളെ വിട്ടയയ്ക്കാൻ സ്റ്റേഷനിലേക്കു വിളിച്ചത് ഉന്നത നേതാവ്; കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലിയെ വരെ കേരളത്തിലെത്തിച്ച കൊലപാതകത്തിൽ പൊലീസിന്റെ ഗുരുതര വീഴ്‌ച്ച ചൂണ്ടിക്കാട്ടി ഇന്റലിജൻസ്; സിപിഎമ്മിനും സർക്കാരിനും തലവേദനയായി പൊലീസിന്റെ അനാസ്ഥ

ശ്രീകാര്യത്ത് ആർഎസ്എസ് നേതാവ് രാജേഷിനെ കൊലപ്പെടുത്തിയത് ഒന്നര മണിക്കൂർ മുൻപ് പൊലീസ് വിട്ടയച്ചയാൾ; പ്രതി ഓടിച്ചിരുന്ന ബൈക്ക് കുപ്രസിദ്ധ ഗുണ്ട മണികണ്ഠന്റേതാണെന്ന് മനസിലായിട്ടും കണ്ണടച്ചു; പ്രതികളെ വിട്ടയയ്ക്കാൻ സ്റ്റേഷനിലേക്കു വിളിച്ചത് ഉന്നത നേതാവ്; കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലിയെ വരെ കേരളത്തിലെത്തിച്ച കൊലപാതകത്തിൽ പൊലീസിന്റെ ഗുരുതര വീഴ്‌ച്ച ചൂണ്ടിക്കാട്ടി ഇന്റലിജൻസ്; സിപിഎമ്മിനും സർക്കാരിനും തലവേദനയായി പൊലീസിന്റെ അനാസ്ഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാനത്ത് ആർഎസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകം പൊലീസ് ക്ഷണിച്ചുവരുത്തിയതെന്ന് ഇന്റലിജൻസ് കണ്ടെത്തൽ. പ്രധാന പ്രതികളിലൊരാളെ കൊലയ്ക്കു തൊട്ടുമുമ്പ് മറ്റൊരു കേസിൽ ശ്രീകാര്യം പൊലീസ് പിടികൂടിയെങ്കിലും ദുരൂഹമായ സാഹചര്യത്തിൽ വിട്ടയച്ചെന്നും ഇന്റലിജൻസ് കണ്ടെത്തിയെന്ന് 'മംഗളം' റിപ്പോർട്ട് ചെയ്യുന്നു.

മദ്യപിച്ച് ലൈസൻസില്ലാതെ അപകടകരമായി വാഹനമോടിച്ചതിന് കൊലക്കേസിലെ പ്രതിയായ സിബിയെ ആണ് പൊലീസ് പിടികൂടിയത്. എന്നാൽ ജാമ്യമില്ലാ കേസുകളിലെ പ്രതിയാണെന്നറിഞ്ഞിട്ടും വിട്ടയയ്ക്കുകയായിരുന്നു. സിബി ഓടിച്ചിരുന്ന ബൈക്ക് രാജേഷ് വധക്കേസിലെ ഒന്നാംപ്രതിയും കാപ്പാ ചുമത്തപ്പെട്ടതടക്കം നിരവധി കേസുകളിൽ പ്രതിയുമായ കൊടുംകുറ്റവാളി മണികണ്ഠന്റേതാണെന്ന് പൊലീസിന് അറിയാമായിരുന്നുവെന്ന് കൊലപാതകത്തെക്കുറിച്ച് ഇന്റലിജൻസ് വിഭാഗം തയാറാക്കിയ റിപ്പോർട്ടിലുണ്ട്.

മണികണ്ഠനെ വിളിച്ചുവരുത്തി അന്വേഷണം നടത്തി ബൈക്ക് ഏൽപ്പിക്കുന്നതിനുപകരം മറ്റൊരു ക്രിമിനലായ വിപിനെ സ്റ്റേഷനിൽ വിളിപ്പിച്ചാണ് ബൈക്കടക്കം എല്ലാവരെയും വിട്ടയച്ചതും. ഇവരെല്ലാം അപകടകാരികളാണെന്നറിഞ്ഞിട്ടും പൊലീസ് അലംഭാവം കാണിച്ചത് ദുരൂഹമാണ്. ഉന്നതങ്ങളിൽനിന്നുള്ള ഇടപെടൽ കാരണം ഇവരെ വിടേണ്ടിവന്നുവെന്നാണ് പൊലീസ് പറഞ്ഞത്. ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽതന്നെ അന്വേഷണത്തിലിരിക്കുന്ന കേസുകളിൽ മണികണ്ഠനെയും സിബിയെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയും കൂടുതൽ അന്വേഷണം നടത്തുകയും ചെയ്തിരുന്നെങ്കിൽ രാജ്യത്തെ മുഴുവൻ ഞെട്ടിപ്പിച്ച ഒരു അരുംകൊലപാതകവും തുടർന്നുണ്ടായ സംഘർഷാത്മകമായ അന്തരീക്ഷവും അനിഷ്ടസംഭവങ്ങളും ഒഴിവാക്കാനാവുമായിരുന്നു. നിരുത്തരവാദപരമായി പെരുമാറിയ ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

ജൂലൈ 29-ന് രാത്രി ഒൻപതുമണിക്കായിരുന്നു ശ്രീകാര്യം കല്ലമ്പള്ളി ആർഎസ്എസ് കാര്യവാഹക് ആയിരുന്ന രാജേഷിനെ (34) അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഈ സംഭവം നടക്കുന്നതിനു 90 മിനിറ്റു മുമ്പാണ് ശ്രീകാര്യം പൊലീസ് മദ്യപിച്ച് മറ്റുള്ളവർക്ക് ജീവഹാനി വരുത്തുന്ന രീതിയിൽ വണ്ടിയോടിച്ചതിന് സിബിയെ അറസ്റ്റ് ചെയ്തത്. ഈ കുറ്റത്തിനാണ് കേസെടുത്തതെങ്കിലും ബൈക്കിന്റെ ഉടമസ്ഥൻ മണികണ്ഠനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയില്ല. മണികണ്ഠനെക്കുറിച്ച് ശ്രീകാര്യം പൊലീസിന് കൃത്യമായി അറിയാമായിരുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നിട്ടും നടപടിയെടുക്കാത്തതിനുള്ള കാരണമാണ് ദുരൂഹമായി തുടരുന്നത്. പകരം ശ്രീകാര്യം സ്റ്റേഷനിൽതന്നെയുള്ള നിരവധി കേസുകളിൽ പ്രതിയായ വിപിനെ വിളിച്ചുവരുത്തി ബൈക്ക് ഏല്പിക്കുകയായിരുന്നു. ഈ ബൈക്ക് രാജേഷിന്റെ കൊലപാതകത്തിന് ഉപയോഗിച്ചിരുന്നു. പിന്നീട് ഇത് പ്രതികൾക്കൊപ്പം കണ്ടെടുക്കുകയായിരുന്നു.

സംഭവത്തിൽ കേന്ദ്ര സർക്കാർ ഇടപെടുകയും ക്രമസമാധാനതകർച്ചയുടെ പേരിൽ സംസ്ഥാനത്തോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ തലസ്ഥാനത്തേയ്ക്കും വ്യാപിപ്പിച്ചു എന്നതായിരുന്നു സിപിഎമ്മിനെതിരെ ഉയർന്ന പ്രധാന ആരോപണം. പാർട്ടിയെ പ്രതിക്കൂട്ടിൽ നിർത്തിയവരെ എന്തു വില കൊടുത്തും പിടികൂടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിർദ്ദേശം നൽകിയിരുന്നു. കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി അടക്കമുള്ള ബിജെപി നേതാക്കളും നിരവധി ആർഎസ്എസ് നേതാക്കളും രാജേഷിന്റെ വീട്ടിലെത്തിയിരുന്നു. ഇതിനെല്ലാം വഴിവച്ചത് ശ്രീകാര്യം പൊലീസിന്റെ അനാസ്ഥയാണെന്ന് തെളിയിക്കുന്ന തരത്തിലാണ് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്,

അതേസമയം മണികണ്ഠനെയും സിബിയെയും വിട്ടയയ്ക്കാൻ പൊലീസിൽ സമ്മർദ്ദം ചെലുത്തിയതാരാണെന്ന് ഇതുവരെ പൊലീസ് അന്വേഷിച്ചിട്ടില്ല. പ്രതികൾ പറഞ്ഞിട്ടുമില്ല. നടക്കാൻ പോകുന്ന കൊലപാതകത്തെക്കുറിച്ച് കൃത്യമായി അറിവുള്ളവരും അത് ആസൂത്രണം ചെയ്തവരുമാകാം എങ്ങനെയും ഇവരെ ഇറക്കിക്കൊണ്ടുപോകാൻ സമ്മർദ്ദം ചെലുത്തിയതെന്നാണ് സൂചന. ഏതായാലും സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർകത്തുന്നതാണ് ഇന്റലിജൻസിന്റെ കണ്ടെത്തൽ. ബിജെപി ഇതു രാഷ്ട്രീയ ആയുധമാക്കുമെന്നതിലും സംശയമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP