Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മാറാട് കേസിലെ പ്രതികളുമായുള്ള ബന്ധത്തെ തുടർന്ന് കണ്ണൂരിൽ നിന്നും പൂജപ്പുര ജയിലിലേക്ക് മാറ്റി; എന്നിട്ടും നിഷാം പൊലീസുകാർക്ക് തലവേദനയാകുന്നു; പൂജപ്പുര ജയിലിൽ കഴിയുന്ന നിഷാം ക്വട്ടേഷൻ സംഘത്തലവൻ കടവി രഞ്ജിത്തുമായി കൈകോർത്തേക്കുമെന്ന് രഹസ്യ റിപ്പോർട്ട്; നിഷാമിനുള്ള സുരക്ഷ ശക്തമാക്കി

മാറാട് കേസിലെ പ്രതികളുമായുള്ള ബന്ധത്തെ തുടർന്ന് കണ്ണൂരിൽ നിന്നും പൂജപ്പുര ജയിലിലേക്ക് മാറ്റി; എന്നിട്ടും നിഷാം പൊലീസുകാർക്ക് തലവേദനയാകുന്നു; പൂജപ്പുര ജയിലിൽ കഴിയുന്ന നിഷാം ക്വട്ടേഷൻ സംഘത്തലവൻ കടവി രഞ്ജിത്തുമായി കൈകോർത്തേക്കുമെന്ന് രഹസ്യ റിപ്പോർട്ട്; നിഷാമിനുള്ള സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ജയിലിൽ കഴിയുന്ന നിഷാമിന് പൊലീസ് സുരക്ഷ ശക്തമാക്കി. സഹതടവുകാരനും മാഫിയാ തലവനും ക്വട്ടേഷൻ സംഘക്കാരനുമായ കടവി രഞ്ജിത്തുമായി ചേർന്ന് കുറ്റ കൃത്യങ്ങൾ ആസൂത്രണം ചെയ്‌തേക്കുമെന്ന് ഇന്റലിജെൻസ് റിപ്പോർട്ടുള്ളതായി മംഗളത്തിലെ എസ് നാരായണൻ റിപ്പോർട്ട് ചെയ്യുന്നു.

ചന്ദ്രബോസ് വധക്കേസിൽ പൂജപ്പുര ജയിലിൽ കഴിയുന്ന വിവാദവ്യവസായി മുഹമ്മദ് നിഷാം സഹതടവുകാരനായ ക്വട്ടേഷൻ സംഘത്തലവൻ കടവി രഞ്ജിത്തുമായി ചേർന്ന് കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യാൻ സാധ്യതയുണ്ടെന്നു രഹസ്യ റിപ്പോർട്ട്. ഇന്റലിജൻസ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ തൃശൂർ ഐ.ജി: എം.ആർ. അജിത്കുമാറാണ് ഉന്നതോദ്യോഗസ്ഥർക്കു രഹസ്യ റിപ്പോർട്ട് സമർപ്പിച്ചത്. കടവി രഞ്ജിത്തിനു കൈപ്പത്തികളില്ലെങ്കിലും തൃശൂർ, എറണാകുളം ജില്ലകളിലെ മാഫിയാ തലവനാണ്.

മാറാട് കലാപക്കേസ് പ്രതികളുമായി അടുത്തബന്ധം പുലർത്തിയെന്നും അവരുടെ വീടുകളിലേക്കു പണം അയച്ചുകൊടുത്തെന്നും കണ്ടെത്തിയതിനേത്തുടർന്നാണു നിഷാമിനെ അടുത്തിടെ കണ്ണൂരിൽനിന്നു പൂജപ്പുര ജയിലിലേക്കു മാറ്റിയത്. അപകടകാരിയായ കടവി രഞ്ജിത്തിനെ 2016 ഓഗസ്റ്റ് നാലിനു വിയ്യൂർ ജയിലിലെത്തിച്ചു. പിന്നീട് 2017 ജനുവരി 22-നു കണ്ണൂരിലേക്കും ഓഗസ്റ്റ് 25-നു പൂജപ്പുര ജയിലിലേക്കും മാറ്റി. ജയിലിൽ നിഷാം-രഞ്ജിത്ത് അച്ചുതണ്ട് രൂപപ്പെട്ടേക്കാമെന്ന മുന്നറിയിപ്പിനേത്തുടർന്നു ജയിൽ മേധാവി ഡി.ജി.പി: ആർ. ശ്രീലേഖ സൂപ്രണ്ടിനു കർശന നിർദേശങ്ങൾ നൽകി. നിഷാം ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിനെക്കുറിച്ചു വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടു.

കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന നിഷാമിൽനിന്നു വിരമിച്ച ചില പൊലീസ് ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയെന്ന പരാതി ഇന്റലിജൻസ് അന്വേഷിച്ചിരുന്നു. ഇതിനിടെയാണു മാറാട് കേസിൽ ശിക്ഷിക്കപ്പെട്ട അനു(കോയമോൻ)വിന്റെയും ഷറഫുദീന്റെയും ബന്ധുക്കളുടെ അക്കൗണ്ടിലേക്കു നിഷാമിന്റെ ഉടമസ്ഥയിലുള്ള കിങ്സ് പെയ്സ് ആൻഡ് ബിൽഡേഴ്സ് പണം കൈമാറിയെന്നു കണ്ടെത്തിയത്. ഇതോടെ അനുവിനെയും ഷറഫുദീനെയും വിയ്യൂരിലേക്കു മാറ്റി; നിഷാമിനെ പൂജപ്പുരയിലേക്കും. നിഷാമും മാറാട് തടവുകാരുമായുള്ള ബന്ധം ദുരൂഹമാണെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതിമാസം 10,000 രൂപ വീതം തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ വഴിയാണു കൈമാറിയത്. 10-ാം ബ്ലോക്കിലെ തടവുകാർക്കു ഡ്രൈവർ മുഖേനയും പണമെത്തിച്ചു.

ഐ.ജിയുടെ റിപ്പോർട്ടിനേത്തുടർന്ന് അതീവസുരക്ഷാ ബ്ലോക്കായ യു.ടി-എയിലാണു നിഷാമിനെ പാർപ്പിച്ചിരിക്കുന്നത്. ഇവിടെ 24 മണിക്കൂറും സായുധ കാവലുണ്ട്. കുപ്രസിദ്ധമോഷ്ടാവ് ബണ്ടിച്ചോറിനെ പാർപ്പിച്ചിരിക്കുന്നതും നിഷാമിന്റെ സെല്ലിനു സമീപമാണ്. 2015 ജനുവരി 29-നു പുലർച്ചെ തൃശൂർ ശോഭാ സിറ്റിയിലെ സെകൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ജീപ്പിടിച്ചു കൊലപ്പെടുത്തിയ കേസിലാണു നിഷാം ശിക്ഷിക്കപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP