Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മയെ കൊന്ന് കത്തിച്ച അക്ഷയിനെ ഗരുഡൻ തൂക്കം നടത്തിയ പൊലീസുകാർക്കെതിരെ അന്വേഷണം വന്നാൽ മനോവീര്യം ചോരും! അന്വേഷണം തടയാൻ പൊലീസ് അസോസിയേഷനുകളുടെ ശക്തമായ സമ്മർദ്ദം; മൂന്നാം മുറയ്ക്ക് കടിഞ്ഞാണിടാൻ മുഖ്യമന്ത്രി ഉറച്ച തീരുമാനമെടുത്തിട്ടും ഡിജിപി നിർദ്ദേശം നൽകിയിട്ടും ഉത്തരവിറക്കാതെ ഒളിച്ചുകളി തുടരുന്നു

അമ്മയെ കൊന്ന് കത്തിച്ച അക്ഷയിനെ ഗരുഡൻ തൂക്കം നടത്തിയ പൊലീസുകാർക്കെതിരെ അന്വേഷണം വന്നാൽ മനോവീര്യം ചോരും! അന്വേഷണം തടയാൻ പൊലീസ് അസോസിയേഷനുകളുടെ ശക്തമായ സമ്മർദ്ദം; മൂന്നാം മുറയ്ക്ക് കടിഞ്ഞാണിടാൻ മുഖ്യമന്ത്രി ഉറച്ച തീരുമാനമെടുത്തിട്ടും ഡിജിപി നിർദ്ദേശം നൽകിയിട്ടും ഉത്തരവിറക്കാതെ ഒളിച്ചുകളി തുടരുന്നു

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം.പേരൂർക്കടയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചു കളഞ്ഞ കേസിൽ പ്രതിയായ മകൻ അക്ഷയിന് പൊലീസ് കസ്റ്റഡിയിൽ ഏൽക്കേണ്ടി വന്ന ക്രൂര പീഡനം സംബന്ധിച്ച് ജയിൽ ഡി ജിപി റിപ്പോർട്ടു നല്കിയ വിവരം മറുനാടൻ മലയാളി പുറത്തു വിട്ടതിനെ തുടർന്ന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസ് ഉന്നത തല അന്വേഷണത്തിന് നിർദ്ദേശം നൽകിയിരുന്നു. ഡിജിപി ലോക്നാഥ് ബെഹ്റയുടെ മേൽനോട്ടത്തിൽ അന്വേഷണം ഉടൻ തുടങ്ങാനും ഉത്തരവ് നൽകിയിരുന്നു. ഒപ്പം അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നവരുടെ പേരു വിവരങ്ങൾ കൂടി റിപ്പോർട്ടിൽ ഉൾപ്പെടുത്താനും ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചു.

ഇതിൻ പ്രകാരം പൊലീസ് ആസ്ഥാനത്തെ എ ഐ ജി വി. ശ്രീധരന്റെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ നിയോഗിക്കാനും ഡിജിപി തീരുമാനം എടുത്തു. എന്നാൽ ജനുവരി 19ന് കിട്ടിയ നിർദ്ദേശത്തിൽ ആറു ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തെ തീരുമാനിച്ച് ഇതുവരെ ഉത്തരവ് ഇറങ്ങിയിട്ടില്ല. അതു കൊണ്ട് തന്നെ അന്വേഷണവും തുടങ്ങിയില്ല. എ ഐ ജിക്കും അന്വേഷണ സംഘത്തിലേക്ക് പരിഗണിക്കാൻ സാധ്യതയുള്ളവർക്കും ഇപ്പോഴും കേസിനെ കുറിച്ച് ഒരു ധാരണയുമില്ല.

അന്വേഷണവുമായി ബന്ധപ്പെട്ട് വാർത്തകൾ വന്നപ്പോൾ തന്നെ പ്രതികൂട്ടിൽ നിൽക്കുന്നവർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ വഴിയും പൊലീസ് അസോസിയേഷൻ വഴിയും സമ്മർദ്ദം ശക്തമാക്കി. രാഷ്ട്രീയതലത്തിലും വിഷയത്തിൽ സമ്മർദ്ദം ഉണ്ടെന്നാണ് സൂചന. പൊലീസ് ഓഫീസർമാരുടെ മനോവീര്യം ചോരാൻ ഇപ്പോഴത്തെ അന്വേഷണം വഴിവെയ്ക്കുമെന്നും അതു കൊണ്ട് തന്നെ നീക്കം തടയണമെന്നുമാണ് പൊലീസിലെ പ്രബലവിഭാഗത്തതിന്റെ ആവശ്യം. പൊലീസ് ആസ്ഥാനത്ത് ഇവർ ചെലുത്തിയ സമ്മർദ്ദമാകാം ഉത്തരവ് വൈകുന്നതിന് പിന്നിലെന്ന് കരുതുന്നു. എന്നാൽ സ്റ്റേഷനുകളിൽ മൂന്നാം മുറ അനുവദിക്കില്ലന്ന് തന്നെയാണ ്മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിലപാട്.

പേരൂർക്കട സിഐ സ്റ്റുവർട്ട് കീലർ, എസ് ഐ വി എം ശ്രീകുമാർ, ഷാഡോ പൊലീസിലെ ചില പൊലീസുകാർ ഇവരാണ് കസ്റ്റഡി മർദ്ദനത്തിൽ പ്രതികൂട്ടിൽ നിൽക്കുന്നത്.. പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത ശേഷം കുറ്റസമ്മതം നടത്തിയ അക്ഷയിനെ ഇരുട്ടു മുറിയിൽ പാർപ്പിച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഡിസംബർ 26ന് വൈകുന്നേരം 4 മണിക്ക് ഗരുഡൻ തൂക്കം നടത്തിയ അക്ഷയിനെ താഴെ ഇറക്കിയത് അടുത്ത ദിവസം രാവിലെ എഴു മണിക്ക്.അതായത് 16 മണിക്കൂർ തലകീഴായി കെട്ടി തൂക്കി പീഡിപ്പിച്ചു. കൈകാലുകൾ തല്ലി ചതച്ചു, ജനനേന്ദ്രിയത്തിൽ ഈർക്കിൽ പ്രയോഗവും നടത്തി, ശരീരമാസകലം ചതവും മുറിവുമായപ്പോൾ അത് പുറത്തറിയാതിരിക്കാൻ പെയിൻ കില്ലറായ സ്്രേപ ഉപയോഗിച്ചു. നടക്കാൻ പോലും കഴിയാതെ വേച്ചു വേച്ചാണ് അക്ഷയിനെ തിരുവനന്തപുരം ജില്ലാ ജയിലിൽ എത്തിച്ചത്.

ഡിസംബർ മുപ്പതിന് ജയിലിൽ എത്തിച്ച അക്ഷയിനെ ഈ മാസം രണ്ടു മുതൽ ആറു വരെ പേരൂർക്കട പൊലീസ് കസ്റ്റഡിയിൽ വാങ്ങി. എഴാം തീയതി ജില്ലാ ജയിലിൽ തടവുകാരുടെ പരാതി കേൾക്കാൻ എത്തിയ ജയിൽ മേധാവി ആർ ശ്രീലേഖ സെല്ലിന്റെ മൂലയിൽ അവശ നിലയിൽ അക്ഷയിനെ കാണുകയും വിവരം തിരക്കുകയും ചെയ്തു.ജയിൽ സൂപ്രണ്ട് സത്യരാജിൽ നിന്നും അക്ഷയിന്റെ കേസിന്റെ വിവരങ്ങൾ ആരായുകയും ചെയ്തു. യൂവാവിന് മർദ്ദനമേറ്റെന്ന് ബോധ്യപ്പെട്ട ജയിൽ ഡിജിപി ജയിലുകളിൽ ഇപ്പോഴും നടയടി ഉണ്ടോ എന്ന് ചോദിച്ച് സൂപ്രണ്ടിനോടു ക്ഷുഭിതയായി. തന്റെ രണ്ടു സർക്കുലറുകൾ കണ്ടിട്ടില്ലേ എന്നും ജയിൽ ഡിജിപി ചോദിച്ചു. എന്നാൽ ജില്ലാ ജയിലിൽ നടയടി ഇല്ലന്നും പൊലീസ് കസ്റ്റ്ഡിയിൽ വെച്ച് മർദ്ദനമേറ്റാതാവാമെന്നും സൂപ്രണ്ട് ജയിൽ ഡിജിപിയെ ബോധിപ്പിച്ചു.

തൂടർന്ന് നടക്കാൻ പോലും പാടു പെടുന്ന അക്ഷയിന്റെ അടുത്ത് എത്തിയ ഡിജിപി ആർ ശ്രീലേഖ ജയിലിൽ ആരൊക്കെയാണ് മർദ്ദിച്ചതെന്ന് അക്ഷയിനോടു ചോദിച്ചു. ജയിലിൽ ആരും മർദ്ദിച്ചില്ലെന്നും പേരൂർക്കട പൊലീസാണ് മർദ്ദിച്ചതെന്നും ശരീരത്തിലെ ചതവുകളും മുറിവും കാണിച്ച് യൂവാവ് പറഞ്ഞു.കസ്റ്റഡിയിൽ ക്രൂര പീഡനമായിരുന്നുവെന്നും ഗരുഡൻ തൂക്കം നടത്തിയെന്നും ജയിൽ അധികൃതരോടു പറഞ്ഞ അക്ഷയ് തനിക്ക് പരാതി നൽകണണമെന്നും ആവശ്യപ്പെട്ടു. ജയിലിൽ എത്തിയപ്പോൾ ഈ വിവരം പുറത്തു പറയാത്തത് ഇവിടെ നിന്നും പീഡനം ഉണ്ടാകുമെന്ന് ഭയന്നാണന്നും അക്ഷയ് പറഞ്ഞു. ഉടൻ തന്നെ അക്ഷയിന് ഡിജിപി വൈദ്യസഹായം ഉറപ്പു വരുത്തി. പരാതിയുടെ അടിസ്ഥാനത്തിൽ ജയിൽ ഡോക്ടർ യുവാവിനെ ദേഹ പരിശോധനക്ക് വിധേയനാക്കി.

ഡോക്ടറുടെ റിപ്പോർട്ടും അക്ഷയിന്റെ ശരീരത്തിലെ മുറിവിന്റെ ചിത്രങ്ങളും സഹിതം ജയിൽ വകുപ്പ് സംഭവം ആഭ്യന്തര വകുപ്പിനെ അറിയിച്ചു. ഉടൻ തന്നെ വിഷയത്തിൽ ഉന്നത തല അന്വേഷണം ഉണ്ടായേക്കും. കഴിഞ്ഞ ഡിസംബർ 28നാണ് പേരൂർക്കട അമ്പലമുക്കിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ മകന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുന്നത്.സംശയത്തെത്തുടർന്നു മകൻ അക്ഷയിനെ നേരത്തേതന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. അമ്പലമുക്ക് സാന്ത്വന ആശുപത്രിക്കുസമീപം മണ്ണടി ലെയ്ൻ റെസിഡന്റ്സ് അസോസിയേഷൻ ബി 11, ടിസി 21സ 210 ദ്വാരക വീട്ടിൽ അശോകന്റെ ഭാര്യ ദീപയുടെ(50) ജഡമാണ് കത്തിക്കരിഞ്ഞ നിലയിൽ വീട്ടുവളപ്പിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP