Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആലപ്പുഴയ്ക്ക് സമീപം കടലിൽ നിന്നും പിടികൂടിയവരെല്ലാം പാക്കിസ്ഥാനികളും ഇറാനികളും; റോയും ഐബിയും ഇന്റലിജൻസും മാറി മാറി ചോദ്യം ചെയ്യുന്നു; കേരളം അതീവ ആശങ്കയിൽ

ആലപ്പുഴയ്ക്ക് സമീപം കടലിൽ നിന്നും പിടികൂടിയവരെല്ലാം പാക്കിസ്ഥാനികളും ഇറാനികളും; റോയും ഐബിയും ഇന്റലിജൻസും മാറി മാറി ചോദ്യം ചെയ്യുന്നു; കേരളം അതീവ ആശങ്കയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംശയാസ്പദമായ സാഹചര്യത്തിൽ ആലപ്പുഴ കടൽത്തീരത്തു നിന്ന് തീരരക്ഷാസേന പിടിച്ചെടുത്ത വിദേശ ബോട്ടിനെ കുറിച്ചുള്ള ആശങ്കകൾ തീരുന്നില്ല. യാത്രക്കാരായ 12 ഇറാൻ, പാക്കിസ്ഥാൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവരിൽനിന്നും അത്യാധുനിക സാറ്റലൈറ്റ് ഫോണും പാക്കിസ്ഥാൻ തിരിച്ചറിയൽ കാർഡും കണ്ടെടുത്തു.പിടിയിലായവർക്കെതിരെ സമുദ്രാതിർത്തി ലംഘിച്ചതിന് കേസെടുത്തു.സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. എൻഐഎയുടെ ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണത്തിനായി ഉടൻ എത്തും.

ഇന്ത്യയുടെ സമുദ്രാതിർത്തി ലംഘിച്ച വിദേശബോട്ടിനെ കുടുക്കിയത് പാക്കിസ്ഥാനിലേക്കുള്ള ഉപഗ്രഹഫോൺവിളിയാണ്. ഫോൺസിഗ്‌നൽ രഹസ്യാനേഷ്വണ ഏജൻസി റോ പിടിച്ചതോടെയാണ് തീരസംരക്ഷണ സേന ബോട്ട് കസ്റ്റഡിയിലെടുത്തത്. ബോട്ടിലുണ്ടായിരുന്നവർ ഫോണിലൂടെ പാക്കിസ്ഥാൻ, ഇറാൻ, തായ്‌ലന്റ് എന്നീ രാജ്യങ്ങളിലേക്ക് സംസാരിച്ചതായും റോ കണ്ടെത്തി. ഈ സിഗ്‌നലുകൾ പിടിച്ചെടുത്ത് ഡീകോഡ് ചെയ്തതോടെയാണ് ഇറാൻ ഭാഷയാണെന്ന് വ്യക്തമായത്. ജൂലായ് മൂന്നിനാണ് ഇന്ത്യൻ ഉൾക്കടലിലൂടെ ബറൂക്കി എന്ന വിദേശ ബോട്ട് കടന്നുപോകുന്നതായി 'റോ'യ്ക്ക് വിവരം കിട്ടിയത്. നിയമവിരുദ്ധമായ ചരക്കുമായി ഒരു ബോട്ട് സമുദ്രാതിർത്തി ലംഘിച്ച് പോകുന്നതായാണ് സേനയ്ക്ക് നൽകിയ വിവരം. ബോട്ടിന്റെ നീക്കം പ്രതിരോധ ഏജൻസികൾ നിരീക്ഷിച്ചു. കടൽവഴിയുള്ള തീവ്രവാദം ശക്തമാകുന്ന സാഹചര്യത്തിൽ വിദേശബോട്ട് സമുദ്രാതിർത്തി ലംഘിച്ചത് കേന്ദ്ര ഏജൻസികൾ ഗൗരവത്തോടെയാണ് കാണുന്നത്.

'ബറൂക്കി' എന്നു പേരുള്ള ഇറാനിയൻ ബോട്ടാണു പിടിച്ചെടുത്തത്. ബോട്ടിൽനിന്നു പാക്കിസ്ഥാൻ തിരിച്ചറിയൽ കാർഡ് ലഭിച്ചു. എന്നാൽ കാർഡിന്റെ ഉടമ ബോട്ടിലില്ല. ബോട്ടിലുള്ള ക്യാപ്റ്റനുൾപ്പെടെ 12 പേരെയും റോ, ഐബി, മിലിറ്ററിഎയർഫോഴ്‌സ് ഇന്റലിജൻസ് വിഭാഗങ്ങൾ മാറിമാറി ചോദ്യം ചെയ്തു വരികയാണ്. ഇതിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആലപ്പുഴ നങ്ങ്യാർകുളങ്ങര തീരത്തുനിന്നും 58.5 നോട്ടിക്കൽ മൈൽ ഉള്ളിലായാണ്'ബറൂക്കി' എന്നുപേരുള്ള ഇറാനിയൻ ബോട്ട് കണ്ടെത്തിയത്. കേന്ദ്ര ഇന്റലിജന്റ്‌സ് ഏജൻസികൾ നൽകിയ വിവരത്തെ തുടർന്ന് തീരസംരക്ഷണസേനയുടെ കൊച്ചിയിൽ നിന്നുള്ള കോസ്റ്റ്ഗാർഡ് കപ്പലുകളായ സമറും അഭിനവും ചേർന്ന് ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശനിയാഴ്ച അർദ്ധരാത്രി കസ്റ്റഡിയിലെടുത്ത ബോട്ട് ഇന്നലെ രാവിലെ 11 മണിയോടെ കെട്ടിവലിച്ച് വിഴിഞ്ഞം പുതിയ വാർഫിലെത്തിക്കുകയായിരുന്നു.

അബ്ദുൽ മജീദ് ബലൂച് (30) ആണു ക്യാപ്റ്റൻ. ഷഹഷാദ് ബലൂച് (32), ഹുസൈൻ ബലൂച് (48), ജംഷാദ് ബലൂച് (25), മുഹമ്മദ് ബലൂച് (26), അഹമ്മദ് ബലൂച് (40), കാസിം ബലൂച് (50), അബ്ദുൽ ഖാദർ ബലൂച് (50), പർവേശ് ബലൂച് (45), വാഹിദ് ബലൂച് (35), ഷാഹിദ് ബലൂച് (30), ഇലാഹിംബക്ഷ് ബലൂച് (40) എന്നിവരാണു ബോട്ടിലുണ്ടായിരുന്നത്. ക്യാപ്റ്റനുൾപ്പെടെ 12 പേരും തങ്ങൾ ഇറാൻ പൗരന്മാരാണെന്നാണു പറയുന്നത്. അന്വേഷണ ഏജൻസികൾ ഇക്കാര്യം പരിശോധിക്കുന്നു. അതേസമയം, ഇറാനോട് അതിർത്തി പങ്കിടുന്ന പാക്ക് പ്രവിശ്യയായ ബലൂചിസ്ഥാനിൽനിന്നുള്ളവരാണെന്നും സൂചനയുണ്ട്. അതു ശരിയെങ്കിൽ, പാക്ക് ബന്ധവും അന്വേഷിക്കേണ്ടതുണ്ട്.

മത്സ്യബന്ധനത്തിനുവന്നവരാണെന്നുമാണ് പിടിയിലായവർ ആദ്യം പറഞ്ഞത്. എന്നാൽ ബോട്ടിൽനിന്നും ഒരു പാക്കിസ്ഥാൻ തിരിച്ചറിയൽ കാർഡും അത്യാധുനിക സാറ്റലൈറ്റ് ഫോണും കണ്ടെത്തിയത് സംശയം ജനിപ്പിച്ചു. രണ്ടുപേർ പാതി മുറിഞ്ഞ ഹിന്ദിഭാഷയിലും മറ്റുള്ളവർ പേർഷ്യൻ ഭാഷയിലുമാണ് സംസാരിച്ചത്. പാക്കിസ്ഥാനോട് ചേർന്നുള്ള ബലൂചിസ്ഥാൻ ഭീകര സംഘടനകളുടെ കേന്ദ്രമാണ്. ഇത് അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ ബന്ധം സംശയിക്കുന്നതിനാൽ സംസ്ഥാന പൊലീസ് ദേശീയ അന്വേഷണ ഏജൻസിയെ വിവരമറിയിക്കുകയും എൻഐഎയുടെ പ്രാഥമിക ആന്വേഷണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തിൽ എൻഐഎ സംഘം പ്രാഥമിക അന്വേഷണത്തിനായി ഉടൻ തലസ്ഥാനത്തെത്തും.

ഒന്നരമാസം മുമ്പ് ഇറാനിൽ നിന്ന് പുറപ്പെട്ട ബോട്ട് കടലിൽവച്ച് തകരാറിലായിയെന്നാണ് പിടിയിലായവരുടെ ആദ്യമൊഴി. ഇറാനിലെ ബോട്ടിന്റെ ഉടമയെ ഇക്കാര്യം അറിയിച്ചുവെന്നും എന്നാൽ കടലിൽ ഇത്രയുംദുരം എത്താനാവില്ലെന്ന് ബോട്ടുടമ അറിയിച്ചതായും ഇവർ പറഞ്ഞു. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്തവരാണ് തങ്ങളെന്നാണ് അവർ പറയുന്നത്. മീൻ പിടിച്ചാണ് ജീവിക്കുന്നത്. തങ്ങൾക്ക് മറ്റുബന്ധങ്ങൾ ഒന്നുമില്ല. ബലൂചിസ്താനിലെ ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്. ഇറാൻ യുവതികളെ വിവാഹം കഴിച്ചതിനാലാണ് ഇറാൻ പൗരത്വം കിട്ടിയതെന്ന് പിടിയിലായവർ പറഞ്ഞു. എന്നാൽ അധികൃതർ ഇത് വിശ്വസിച്ചിട്ടില്ല.

മൽസ്യബന്ധനത്തിന്റെ മറവിൽ ലഹരിമരുന്നുകടത്ത് ഉൾപ്പെടെ വിധ്വംസക പ്രവർത്തനം നടത്തുന്നവരാണോ എന്നാണു സംശയിക്കുന്നത്. ഇവർ ഉപയോഗിച്ചിരുന്നതു നിരോധിത ഫോണാണെന്നു തീരസംരക്ഷണസേനാ വിഴിഞ്ഞം സ്റ്റേഷൻ ഡെപ്യൂട്ടി കമൻഡാന്റ് ജോർജ് ബേബി പറഞ്ഞു. പിടിച്ചെടുത്ത പാക്ക് തിരിച്ചറിയൽ കാർഡിൽ അറബിക് ലിപിയിലുള്ള അക്ഷരങ്ങളാണുള്ളതെന്നു ഡിസിപി ഗോറി സഞ്ജയ്കുമാർ ഗുരുദിൻ പറഞ്ഞു. രാവിലെ തുടങ്ങിയ ദീർഘനേര യത്‌നത്തിലൂടെയാണു തീരരക്ഷാസേനയുടെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്‌സ്‌മെന്റ് ഇവരുടെ ബോട്ട് കെട്ടിവലിച്ചു വിഴിഞ്ഞം പുതിയ വാർഫിലെത്തിച്ചത്. സമീപകാലത്തൊന്നും ഉപയോഗിച്ചിട്ടില്ലാത്ത മീൻപിടിത്ത വല, മൂന്നു ചാക്ക് മൈദമാവ്, അരി, സിഗരറ്റ് പായ്ക്കറ്റുകൾ, നൂഡിൽസ്, പാനീയങ്ങൾ, വസ്ത്രങ്ങൾ എന്നിവ കണ്ടെടുത്തു.

മെയ്‌ 25ന് ഇറാനിൽനിന്നു തിരിച്ച ഇവർ ഒരുമാസമായി ഇന്ത്യൻ സമുദ്രാതിർത്തിയിൽ ചുറ്റിയടിക്കുകയായിരുന്നുവെന്നു ബന്ധപ്പെട്ട ഏജൻസികൾക്കു വിവരം ലഭിച്ചു. ബോട്ടിലെ ബാറ്ററി കേടായതാണ് അലക്ഷ്യമായി ഒഴുകിനീങ്ങാൻ കാരണമെന്നാണ് ഇവർ പറഞ്ഞത്. പത്തുദിവസം മുമ്പ് പിടിച്ച ഒരു ടണ്ണോളം മീൻ കടലിൽ ഉപേക്ഷിച്ചതായി ഇവർ പറഞ്ഞു. എന്നാൽ പരിശോധനയിൽ മീൻപിടിച്ചതിന്റെ തെളിവില്ലാത്തത് ദുരൂഹതയുണർത്തുന്നു. പാക്കിസ്ഥാനിൽ നിന്ന് വാങ്ങിയ തേയില, ഗോതമ്പുപൊടി, എണ്ണ എന്നിവ പരിശോധനയിൽ കണ്ടെത്തി. ഇവയുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പാക്കിസ്ഥാൻ സ്വദേശി സമൻ എന്നയാളുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കണ്ടെത്തിയെങ്കിലും ഇവരുമായി ബന്ധപ്പെട്ടതല്ലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP