Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോഷ്യൽ മീഡിയയിൽ സജീർ അബ്ദുള്ള വിതച്ച ഐസിസ് ആശയങ്ങളെ പ്രാവർത്തികമാക്കിയത് മുഈനുദ്ദീൻ; കേരളത്തിൽ ഐസിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതിന് അറസ്റ്റിലായ മുഈനുദ്ദീനെ നാളെ കേരളത്തിലെത്തിക്കും; കനകമല അറസ്റ്റിനു കാരണമായ ടെലഗ്രാം ഗ്രൂപ്പ് നിയന്ത്രിച്ചതും ഇയാളെന്ന് എൻഐഎ

സോഷ്യൽ മീഡിയയിൽ സജീർ അബ്ദുള്ള വിതച്ച ഐസിസ് ആശയങ്ങളെ പ്രാവർത്തികമാക്കിയത് മുഈനുദ്ദീൻ; കേരളത്തിൽ ഐസിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതിന് അറസ്റ്റിലായ മുഈനുദ്ദീനെ നാളെ കേരളത്തിലെത്തിക്കും; കനകമല അറസ്റ്റിനു കാരണമായ ടെലഗ്രാം ഗ്രൂപ്പ് നിയന്ത്രിച്ചതും ഇയാളെന്ന് എൻഐഎ

എം പി റാഫി

കോഴിക്കോട്: ഐസിസ് കേസിൽ കഴിഞ്ഞ ദിവസം ഡൽഹിയിലെ വിമാനത്താവളത്തിൽ വച്ച് എൻ.ഐ.എ അറസ്റ്റു ചെയ്ത കാസർകോഡ് സ്വദേശി മുഈനുദ്ദീനെ(25)നാളെ കേരളത്തിലേക്കു കൊണ്ടുവരും. കേരളത്തിൽ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന കാസർകോഡ് കാഞ്ഞാങ്ങാട് കുന്നുമ്മൽ, ലക്ഷ്മി നഗർ സ്വദേശി തെരുവത്ത് അബ്ദുള്ളയുടെ മകൻ പാറക്കടവത്ത് മുഈനുദ്ദീനെയാണ് എൻ.ഐ.എ ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തത്.

കേരളത്തിൽ നിന്നും കൂട്ടത്തോടെ ഐസിസിലേക്കു പോയ സംഭവത്തിലും റിക്രൂട്ട്മെന്റിലും ബന്ധമുണ്ടെന്നു സംശയിക്കുന്ന ഇയാളെ വിശദമായി ചോദ്യംചെയ്യുന്നതിനായാണ് കൊച്ചിയിലെ എൻ.ഐ.എ ആസ്ഥാനത്തേക്കു കൊണ്ടുവരുന്നത്. നിലവിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത ഐസിസ് കേസിന്റെ ഭാഗമായാണ് മുഈനുദ്ദീന്റെ അറസ്റ്റ്.

ഫെബ്രുവരി ആദ്യത്തിൽ മുഈനുദ്ദീൻ, കോഴിക്കോട് സ്വദേശി സജീർ അബ്ദുള്ള മംഗലശേരി എന്നിവർക്കെതിരെ എൻ.ഐ.എ ഐസിസ് റിക്രൂട്ട്മെന്റ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മാസങ്ങളായി എൻ.ഐ.എ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സജീർ, മുഈനുദ്ദീൻ എന്നിവരുടെ ഐസിസ് ബന്ധം വ്യക്തമായത്. തുടർന്ന് ഇരുവർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കോടതിയിൽ സമർപ്പിക്കുകയായിരുന്നു. യു.എയിൽ ജോലിക്കു പോയ എഞ്ചിനീയറിങ് ബിരുദധാരിയായ കോഴിക്കോട് ചെലവൂർ മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ളയെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് കഴിഞ്ഞ ഒക്ടോബറിൽ മറുനാടൻ മലയാളി പുറത്തു വിട്ടിരുന്നു. ഐസിസ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന സമീർ അലി എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിനു പിന്നിലും അൽ മുഹാജിറൂൻ ഐസിസ് ബ്ലോഗിനു പിന്നിലും സജീറലിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതുസ്ഥിരീകരിച്ച ശേഷമായിരുന്നു ഈ മാസം ആദ്യവരം എൻ.ഐ.എ കേസെടുത്തത്.

യു.എ.ഇയിൽ തന്നെ ജോലി ചെയ്യുന്ന 25 വയസ് പ്രായമുള്ളയാളാണ് കാഞ്ഞങ്ങാട് സ്വദേശി മുഈനുദ്ദീൻ. കഴിഞ്ഞ ഒക്ടോബർ 2നു നടന്ന കനകമല ഓപ്പറേഷൻ അറസ്റ്റോടെയാണ് മുഈനുദ്ദീനെ കുറിച്ചുള്ള വിവരങ്ങൾ എൻ.ഐ.എക്കു ലഭിച്ചത്. ഇതിനു ശേഷം മുഈനുദ്ദീനെ നിരീക്ഷിച്ചു വരികയായിരുന്നു അന്വേഷണ സംഘം. കനകമല അറസ്റ്റിനു കാരണമായ ടെലഗ്രാം ഗ്രൂപ്പിലെ അംഗവും ഇതു നിയന്ത്രിച്ചിരുന്ന ആളുമായിരുന്നു മുഈനുദ്ദീൻ. കേരളത്തിൽ വിവിധ ഇടങ്ങളിൽ സ്ഫോടനങ്ങൾ നടത്താനും രാഷ്ട്രീയ നേതാക്കളെ വകവരുത്താനും ഗ്രൂപ്പിലൂടെ പദ്ധതിയിട്ടിരുന്നത് മുഈനുദ്ദീന്റെ നേതൃത്വത്തിലായിരുന്നു.

ഇതോടെ മൂഈനുദ്ദീനു മേൽ നിരീക്ഷണം ശക്തമാക്കി. സോഷ്യൽ മീഡിയകളിൽ വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ചായിരുന്നു ഐസിസ് ആശയം പ്രചരിപ്പിച്ചിരുന്നത്. ഇയാൾ ദുബായിൽ ഉണ്ടെന്ന വിവരം ലഭിച്ചതോടെ യു.എ.ഇ ഗവൺമെന്റിന് കേസ് വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. തുടർന്ന് യു.എ.ഇ പൊലീസിന്റെ പിടിയിലായ മുഈനുദ്ദീനെ 14ന് അബൂദാബിയിൽ നിന്നും കയറ്റിവിടുകയായിരുന്നു. 15ന് ഡൽഹി ഇന്ധിരാഗാന്ധി വിമാനത്താവളത്തിൽ എത്തിയ മൂഈനുദ്ദീനെ അറസ്റ്റ് രേഖപ്പെടുത്തി എൻ.ഐ.എ കോടതിയിൽ ഹാജരാക്കി.

കേരളത്തിൽ നിന്നുള്ള ഐസിസ് കേസിന്റെ നിർണായക വിവരങ്ങൾ മുഈനുദ്ദീനിൽ നിന്നും ലഭിക്കുമെന്നാണ് എൻ.ഐ.എ വൃത്തങ്ങൾ നൽകുന്ന സൂചന. ഇയാളെ കേരളത്തിലേക്കെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും നാളെ കൊച്ചിയിലെ എൻ.ഐ.എ കേന്ദ്രത്തിൽ എത്തിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ഓൺലൈനിൽ മുഈനുദ്ദീൻ പല പേരുകളിലാണ് അറിയപ്പെടുന്നത്. അബു അൽ ഇന്തോനേഷി, ഇബ്‌നു അബ്ദുല്ല എന്നീ പേരുകളിലാണ് ഇയാൾ ടെലഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയകൾ ഉപയോഗിച്ചിരുന്നത്. കേരളത്തിൽ ഐസിസിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ അബൂദാബിയിൽ നിന്ന് വെസ്റ്റേൺ യൂനിയൻ മണി ട്രാൻസ്ഫർ വഴി മുഈനുദ്ദീൻ യുവാക്കൾക്ക് പണം അയച്ചുകൊടുത്തിരുന്നുവെന്നും കനകമല കേസിൽ അറസ്റ്റിലായവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നും ഐസിസിലേക്കു പോയ 21പേരെ ലക്ഷ്യസ്ഥാനത്തെത്തിച്ചതിനു പിന്നിലും മുഈനുദ്ദീൻ പ്രവർത്തിച്ചിരുന്നു.

ഐസിസ് നേതാക്കളുടെ നിർദ്ദേശമനുസരിച്ച് യു.എ.ഇയിൽ വച്ചാണ് ഇയാൾ സോഷ്യൽ മീഡിയ വഴിയുള്ള പ്രവർത്തനങ്ങളെല്ലാം ഏകോപിപ്പിച്ചിരുന്നത്. കേരളത്തിൽ നിന്നെത്തിയ സംഘത്തെ ടെഹ്റാനിൽ എത്തിക്കുന്നതിനും മറ്റു സഹായങ്ങൾ ചെയതതും മുഈനുദ്ദീൻ വഴിയാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഐസിസിൽ ചേർന്ന മലയാളികൾ വിദേശത്തേക്കു പോകാൻ ടിക്കറ്റ് എടുത്തിരുന്നത് ഒരേ അക്കൗണ്ടിൽ നിന്നാണെന്ന് നേരത്തെ എൻ.ഐ.എ കണ്ടെത്തിയിരുന്നു.

ഈ അക്കൗണ്ടിന്റെ ആധികാരികത അടക്കമുള്ള വിഷയങ്ങൾ മൂഈനുദ്ദീനെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തമാകും. കേരളത്തിൽ നിന്നും കൂടുതൽ റിക്രൂട്ട്മെന്റ് നടന്നിട്ടുണ്ടോയെന്നും ചോദ്യം ചെയ്യലിലൂടെ അറിയാൻ സാധിക്കും. അതേ സമയം ഐസിൽ ക്യാമ്പിൽ നിന്നും തിരിച്ചെത്തിയ ആളാണ് മുഈനുദ്ദീനെന്ന സൂചനയുമുണ്ട്. ചോദ്യം ചെയ്യലിൽ ഇതേകുറിച്ചുള്ള കൂടുതൽ വ്യക്തത വരുത്താനാകുമെന്നാണ് എൻ.ഐ.എ പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP