Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ച 'അബു മറിയം' ഫേസ്‌ബുക്ക് അക്കൗണ്ടിനു പിന്നിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ; സംഘടനാ കാര്യങ്ങളും പോസ്റ്റുകളായി എത്തുന്നു; ആഗോള തീവ്രവാദ സംഘടനയുമായുള്ള ബന്ധം സംഘടനാ തലത്തിലും പോപ്പുലർ ഫ്രണ്ടിന് തലവേദന സൃഷ്ടിക്കുന്നു; കേന്ദ്രസർക്കാറിന്റെ നിരോധന ഭീഷണിയെ എങ്ങനെ പ്രതിരോധിക്കും എന്നറിയാതെ ആശയക്കുഴപ്പത്തിൽ നേതൃത്വം

ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ച 'അബു മറിയം' ഫേസ്‌ബുക്ക് അക്കൗണ്ടിനു പിന്നിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ; സംഘടനാ കാര്യങ്ങളും പോസ്റ്റുകളായി എത്തുന്നു; ആഗോള തീവ്രവാദ സംഘടനയുമായുള്ള ബന്ധം സംഘടനാ തലത്തിലും പോപ്പുലർ ഫ്രണ്ടിന് തലവേദന സൃഷ്ടിക്കുന്നു; കേന്ദ്രസർക്കാറിന്റെ നിരോധന ഭീഷണിയെ എങ്ങനെ പ്രതിരോധിക്കും എന്നറിയാതെ ആശയക്കുഴപ്പത്തിൽ നേതൃത്വം

എം പി റാഫി

കോഴിക്കോട്: ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ് ) ആശയങ്ങൾ പ്രചരിപ്പിക്കുന്ന 'അബു മറിയം' എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിനു പിന്നിൽ മുൻ എൻ.ഡി.എഫ്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെന്ന സംശയത്തിൽ അന്വേഷണ ഏജൻസി. അക്കൗണ്ടിലൂടെ പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത് ഐ.എസ് ആശയങ്ങൾ തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പോപ്പുലർ ഫ്രണ്ടിന്റെ സംഘടനാ കാര്യങ്ങളും താൻ പി.എഫ്.ഐ യിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന നിരന്തര പോസ്റ്റുകളുമാണ് സംശയം ബലപ്പെടുത്തിയിരിക്കുന്നത്.

എൻ.ഡി.എഫ്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരോ അനുഭാവികളോ ആയിരുന്ന ഇരുപതോളം പേർക്കെതിരെ നിലവിൽ ഐ.എസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ കുടുംബത്തോടൊപ്പം ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ഹിജ്‌റ (പലായനം) പോയവരുമുണ്ട്. പി.എഫ്.ഐ ജിഹാദി ആയത്തുകൾ ക്ലാസുകളിൽ പറഞ്ഞ് പ്രവർത്തകരെ ആവേശം കൊള്ളിക്കുക മാത്രമാണെന്നും, എന്നാൽ ജനാധിപത്യമെന്ന ശിർക്കി (ബഹുദൈവാരാധന)ന് വഴിപ്പെട്ട് കഴിയുന്നവരാണെന്നുമാണ് ഐ.എസ് ആശയം തലക്കു പിടിച്ച മുൻ എൻ.ഡി.എഫ്, പി.എഫ്.ഐ ക്കാരുടെ വാദം. ഇതേ വാദം നേരത്തെ സജീർ അബ്ദുള്ള 'സമീർ അലി ' എന്ന അക്കൗണ്ടിലൂടെയും നിരന്തരം പ്രചരിപ്പിച്ചിരുന്നു. ഇപ്പോൾ 'അബു മറിയം' സമാനമായ വാദം പറഞ്ഞാണ് പി.എഫ്.ഐയെ കടന്നാക്രമിക്കുന്നത്.

മറ്റൊരു പി എഫ് ഐ പ്രവർത്തകന്റെ കമന്റിന് അബു മറിയമിട്ട മറുപടിയിങ്ങനെ: 'നിങ്ങളുടെ ഒന്നും രണ്ടും മൂന്നും ക്ലാസുകളിൽ ഇരുന്നിട്ടുണ്ട്, അഞ്ച് വർഷത്തോളം പ്രവൃത്തിച്ചിട്ടുമുണ്ട്. അതു കൊണ്ട് പി.എഫ്.ഐ എന്താണെന്ന് എനിക്കറിയാം ഷബീർ ബ്രോ'. നിങ്ങളുടെ നേതാക്കൾക്ക് തെറ്റ് പറ്റി, 'ജിഹാദി'ന്റെ യഥാർത്ഥ പാതയിലേക്കു വരണമെന്നും നിങ്ങളുടെ ക്ലാസുകളിൽ പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നുമാണെന്നും മറ്റൊരു പോസ്റ്റിൽ 'അബു മറിയം' പറയുന്നു.

ഐ.എസിലേക്ക് ചേക്കേറുന്നവരുടെയും ഐ.എസ് ആശയങ്ങൾ പ്രചരിപ്പിക്കുന്നവരുടെയും പി.എഫ്.ഐ പശ്ചാത്തലം നേതാക്കളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നിരോധന ഭീഷണി നേരിടുന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതൃത്വം ഇത്തരം സാഹചര്യങ്ങളെ കരുതലോടെ നേരിടാനാണ് തീരുമാനം. തീവ്ര ആശയക്കാരായ നിരോധിത സംഘടന സിമിയിൽ പ്രവർത്തിച്ചിരുന്നവർ പിന്നീട് എൻ.ഡി.എഫ്, പി.എഫ്.ഐ സംഘടനയിലേക്ക് ചേക്കേറിയിരുന്നു. എന്നാൽ ഇതിനു ശേഷം പോപ്പുലർ ഫ്രണ്ട് എസ്.ഡി.പി.ഐ രൂപവൽക്കരിച്ച് രാഷ്ട്രീയത്തിലേക്ക് കടന്നു വന്നതോടെ അണികളിൽ ഏറെ പേർ അസംതൃപ്തരാവുകയായിരുന്നു. താഗൂത്തി സംവിധാനത്തോട് ഒട്ടിനിൽക്കുകയെന്നത് അംഗീകരിക്കാൻ പറ്റില്ലെന്നാണ് ഇവരുടെ വാദം. ഇതേവാദഗതിയുള്ളവരാണ് നിലവിൽ ആഗോള ഭീകര സംഘടനയായ ഐ.എസിൽ എത്തിപ്പെട്ട എൻ.ഡി.എഫ്, പി.എ.ഫ്.ഐ ബന്ധമുള്ളവരെല്ലാം. അണികളിലെ ഈ അസംതൃപ്തി പോപ്പുലർ ഫ്രണ്ടിന് സംഘടനാ തലത്തിൽ ഏറെ തലവേദന സൃഷ്ടിക്കും.

സലഫി, മുജാഹിദ് ആശയക്കാർക്കു പുറമെ സലഫി ആശയം പിൻതുടരുന്ന എൻ.ഡി.എഫ്, പോപ്പുലർ ഫ്രണ്ട് ബന്ധമുള്ള നിരവധി പേർ ഐ.എസിലെത്തിയതായി അന്വേഷണ ഏജൻസി മുമ്പ് സ്ഥിരീകരിച്ചിരുന്നു. ഐ.എസി ചേർന്ന പോപ്പുലർ ഫ്രണ്ട് , എസ്.ഡി.പി.ഐ പ്രവർത്തകൻ ഷജിൽ കൊല്ലപ്പെട്ടതായി മാസങ്ങൾക്കു മുമ്പ് സ്ഥിരീകരണം വന്നിരുന്നു. ഷജിലിനോടൊപ്പം സിറിയയിലെ ഐ.എസ് ക്യാമ്പിലുള്ള ഭാര്യയായിരുന്നു ബന്ധുക്കൾക്ക് ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള സന്ദേശം അയച്ചത്.

ഐ.എസിൽ ചേരുന്നതിന് സിറിയയിലേക്ക് പോകുന്നതിനിടെ തുർക്കിയിൽ വെച്ച് പിടിയിലായ കണ്ണൂർ കാഞ്ഞിരോട് സ്വദേശിയും പി.എഫ്.ഐ, എസ്.ഡി.പി.ഐ പ്രവർത്തകനുമായ വല്ലുക്കണ്ടി ഷാജഹാനോടൊപ്പം സിറിയയിലേക്ക് പോയവരിൽരിൽ ഒരാളാണ് കൊല്ലപ്പെട്ട ഷജിൽ. പത്തോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു സിറിയയിലേക്ക് ഇവരോടൊപ്പം മാത്രം കടക്കാൻ ശ്രമിച്ചത്. ഇതിൽ ഷജിൽ, ഖയ്യൂം,സമീർ, മനാഫ് എന്നിവരായിരുന്നു സിറിയയിൽ പ്രവേശിച്ചത്. ഷാജഹാനെ തുർക്കി അതിർത്തിയിൽ വെച്ച് പിടികൂടുകയും മറ്റുള്ളവർ തിരിച്ച് നാട്ടിലേക്ക് തിരിക്കുകയുമായിരുന്നു.

സിറിയയിലെത്തിയ മൂന്ന് പേരിൽ സമീർ നേരത്തേ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നു. കൊല്ലപ്പെട്ട ഇരുവരുടെയും ഭാര്യമാർ ഇപ്പോഴും ഐ.എസിലാണുള്ളത്. പത്തിനും 16നും മധ്യേ പ്രായമുള്ള സമീറിന്റെ രണ്ട് ആൺകുട്ടികളും സിറിയയിൽ ഐ എസ് ക്യാമ്പിലുണ്ട്.പിടിയിലായ ഷാജഹാനിൽ നിന്നും ഇവരെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. പത്തംഗ സംഘത്തിൽപ്പെട്ടവർ ഐ എസിലെത്തിയ മലയാളികളുമായും കനകമല ടീമുമായും സോഷ്യൽ മീഡിയ വഴി ബന്ധമുണ്ടായിരുന്നു.2016 ഒക്ടോബർ രണ്ടിന് കനകമലയിൽ നിന്നും എൻ.ഐ.എ അറസ്റ്റ് ചെയ്ത തിരൂർ വൈലത്തൂർ സ്വദേശി സഫുവാനുമായുള്ള പരിചയത്തിലാണ് ഷാജഹാൻ എൻ.ഡി.എഫ് , പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാകുന്നത്. ഇരുവരും തേജസ് ദിനപത്രത്തിൽ ജീവനക്കാരായിരുന്നു.

രണ്ടാം തവണയാണ് കഴിഞ്ഞ മാസം ഷാജഹാൻ തുർക്കി വഴി സിറിയയിലെ ഐസിസ് ക്യാമ്പിലേക്ക് പോകാൻ ശ്രമിച്ചത്. പോപ്പുലർഫ്രണ്ട് കാഞ്ഞിരോട് ഏരിയാ ഭാരവാഹി ആയിരുന്നു ഷാജഹാൻ. കൊല്ലപ്പെട്ട ഷമീർ, ഖയ്യൂം , ഷജിൽ അടക്കം പി.എഫ്.ഐയുടെ സജീവ പ്രവർത്തകരും പ്രദേശിക നേതാക്കളുമായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും ഇവരുമായി ബന്ധമുള്ളവരുമായ മൂന്ന് പേർക്കെതിരെ നേരത്തേ കേരളത്തിൽഐ.എസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ കണ്ണൂർ സ്വദേശി മൻസീദ്, മലപ്പുറം വൈലത്തൂർ സ്വദേശി സഫുവാൻ എന്നിവർ കനക മലയിൽ നിന്ന് എൻ.ഐ.എ അറസ്റ്റ് ചെയ്തവരാണ്. പിന്നീട് ഇരുവരെയും സംഘടനയിൽ നിന്ന് പുറത്താക്കിയതായി പോപ്പുലർ ഫ്രണ്ട് നേതൃത്വം കുറിപ്പിറക്കിയിരുന്നു.

മറ്റൊന്ന് കൊല്ലപ്പെട്ട കോഴിക്കോട് മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ളയാണ്. തീവ്ര സലഫി ആശയക്കാരനായ സജീർ പി.എഫ്.ഐ, എസ്.ഡി.പി.ഐ അനുഭാവിയായിരുന്നു. ഇതു കൂടാതെ പാലക്കാട് നിന്നും അൽ ഖാഇദയിൽ ചേർന്ന അബൂത്വാഹിർ തേജസ് ജീവനക്കാരനും എൻ.ഡി.എഫ്, പി.എഫ്.ഐ പ്രവർത്തകനുമായിരുന്നു. ഷാജഹാന്റെ നാട്ടുകാരും പി.എഫ്.ഐ പ്രവർത്തകരുമായിരുന്ന മിദ്‌ലാജ്, റാഷിദ്, അബ്ദുൽ റസാഖ്, അബ്ദുൽ ഖയ്യൂം, റിഷാൽ തുടങ്ങിയവരായിരുന്നു സിറിയൻ അതിർത്തിയിൽ നിന്നും തിരിച്ച് നാട്ടിലെത്തിയ ശേഷം അറസ്റ്റിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP