Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'പുലി മുരുകൻ' ആനവേട്ട നടത്തിയിട്ടില്ല; നിലനിൽക്കുന്നത് പൊസെഷൻ സർട്ടിഫിക്കറ്റില്ലെന്ന കുറ്റം മാത്രം; പിടിച്ചെടുത്തതുകൊച്ചി രാജവംശത്തിന്റെ പരമ്പര സ്വത്ത്; മോഹൻലാലിനെതിരെ വനംവകുപ്പ് നടത്തിയ അന്വേഷണത്തിലെ വസ്തുതകൾ ഇങ്ങനെ

'പുലി മുരുകൻ' ആനവേട്ട നടത്തിയിട്ടില്ല; നിലനിൽക്കുന്നത് പൊസെഷൻ സർട്ടിഫിക്കറ്റില്ലെന്ന കുറ്റം മാത്രം; പിടിച്ചെടുത്തതുകൊച്ചി രാജവംശത്തിന്റെ പരമ്പര സ്വത്ത്; മോഹൻലാലിനെതിരെ വനംവകുപ്പ് നടത്തിയ അന്വേഷണത്തിലെ വസ്തുതകൾ ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: പുലി വേട്ടക്കാരൻ പുലി മുരുകൻ തിയേറ്ററിൽ സൂപ്പർ ഹിറ്റാണ്. പുലി മരുകൻ ആനവേട്ട നടത്തിയോ എന്ന് ചോദിച്ചാൽ ഉത്തരം ഇല്ലെന്നാണ്. ആനകൊമ്പ് കേസിൽ മോഹൻലാലിനെതിരെ ആനവേട്ട കുറ്റം ആ്‌രോപിക്കാനാകില്ല. കേസ്സിൽ മോഹൻലാലിനെതിരെ നിലനിൽക്കാവുന്ന ഏക കുറ്റം പൊസെഷൻ സർട്ടിഫിക്കറ്റില്ലാതെ ആനക്കൊമ്പ് സൂക്ഷിച്ചു എന്നതുമാത്രമാണെന്ന് വനംവകുപ്പ് വിശദീകരിക്കുന്നു. അതീവ രഹസ്യസ്വഭാവത്തിൽ ഉന്നതരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.മലയാറ്റൂർ ഡി എഫ് ഒ ആയിരുന്ന എൻ നാഗരാജാണ് സംഭവവുമായി ബന്ധപ്പെട്ട് മോഹൻലാലിൽ നിന്നും മൊഴിയെടുത്തത്. കേസിന്റെ അന്വേഷണം തമിഴ്‌നാട്ടിലേക്കും നീണ്ടിരുന്നു. ചെന്നൈയിൽ താമസമാക്കിയിരുന്ന 90 കാരിയായ നളിനി രാധാകൃഷ്ണന്റെ മൊഴിയാണ് ഇത് വ്യക്തമാക്കുന്നത്.

കൃഷ്ണകുമാർ എന്ന തന്റെ സുഹൃത്ത് സൂക്ഷിക്കാനേൽപ്പിച്ചതാണ് കണ്ടെടുത്ത ആനക്കൊമ്പുകളെന്നാണ് മോഹൻലാൽ ഡി എഫ് ഒ ക്ക് നൽകിയിട്ടുള്ള മൊഴി. ഇതിനു തെളിവായി ഇയാളും മോഹൻലാലുമായി ഉണ്ടാക്കിയിട്ടുള്ള എഗ്രിമെന്റിന്റെ കോപ്പിയും ഹാജരാക്കിയിട്ടുണ്ട്. താൻ വിദേശത്തേക്കു പോകുകയാണെന്നും തിരിച്ചെത്തുന്ന മുറക്ക് ഇത് തിരികെ വാങ്ങിക്കൊള്ളാമെന്നുമായിരുന്നു കൃഷ്ണകുമാർ കരാറിൽ വ്യക്തമാക്കിയിരുന്നത്. മോഹൻലാൽ വെളിപ്പെടുത്തിയ അഡ്രസ്സിലുള്ള ക്യഷ്ണകുമാറുമായി വനംവകുപ്പധികൃതർ ബന്ധപ്പെട്ടപ്പോൾ ഇയാൾ മറ്റൊരു ക്യഷ്ണകുമാറിൽ നിന്നും ഇത് വിലക്കു വാങ്ങിയതാണെന്നായിരുന്നു മൊഴി.പിന്നീട് ഈ കൃഷ്ണകുമാറിനെ തപ്പിപ്പിടിച്ചന്വേഷിച്ചപ്പോഴാണ് ആനക്കൊമ്പ് കേസ്സിലെ ചെന്നൈ ബന്ധം വ്യക്തമായത്.

ചെന്നൈയിൽ സ്ഥിരതാമസമാക്കിയ നളിനി രാധാകൃഷ്ണന്റെ കൈയിൽ നിന്നും താൻ ആനക്കൊമ്പുകൾ വിലക്കുവാങ്ങുകയായിരുന്നെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ. നളിനിയിൽനിന്നും മൊഴിയെടുത്തപ്പോൾ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോദ്ധ്യപ്പെടുകയും ചെയ്തു. പിന്നെയുള്ള അന്വേഷണം നളിനിയുടെ പക്കൽ ആനക്കൊമ്പുകൾ എങ്ങനെ എത്തിയെന്നതിനെക്കുറിച്ചായി. ഈ അന്വേഷണത്തിലാണ് ആനക്കൊമ്പുകൾ കൊച്ചിരാജവംശത്തിന്റെ പരമ്പര സ്വത്താണെന്ന് സ്ഥിരീകരിച്ചത്. തന്റെ ഭർത്താവ് രാധാകൃഷ്ണൻ കൊച്ചിരാജവംശത്തിന്റെ തായ്‌വഴിയിൽപ്പെട്ട ആളായിരുന്നെന്നും തന്നെ വിവാഹം കഴിച്ച് കൊണ്ടുവരുന്ന കാലം മുതൽ ഇത് വീട്ടിലുണ്ടായിരുന്നെന്നുമായിരുന്നു നളിനിയുടെ വെളിപ്പെടുത്തൽ. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് നളിനി ഇത് കൃഷ്ണകുമാറിന് വിറ്റതാണെന്നും പിന്നീടാണ് കൈമറിഞ്ഞ് മോഹൻലാലിന്റെ കൈവശമെത്തിയതെന്നുമാണ് അന്വേഷണ റിപ്പോർട്ട് .

കൊമ്പിനായി ആനവേട്ടയോ മറ്റു നിയമലംഘനങ്ങളോ മോഹൻലാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അതിനാൽ പൊസെഷൻ സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ നടപടി മതിയെന്നുമായിരുന്നു ഡി എഫ് ഒ യുടെ അന്വേഷണ റിപ്പോർട്ട് .ഈ അന്വേഷണ റിപ്പോർട്ട് പാടേ തള്ളി നടനെ വെള്ളപൂശാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തിയെന്നാണ് ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള ആരോപണം. പാലക്കാട് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ ചെയർമാൻ ഐസക് കുര്യൻ ഈ വിഷയത്തിൽ പലതവണ ഇടപെടലുകൾ നടത്തിയിരുന്നു. ആനക്കൊമ്പ് വിഷയം വെളിച്ചത്തുവന്ന സാഹചര്യത്തിൽ നടന് നൽകിയിട്ടുള്ള കേണൽ പദവിയും മറ്റും സർക്കാർ തിരികെ വാങ്ങണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ പക്ഷം.

അനിമൽ ട്രോഫീസ് (വന്യമൃഗങ്ങളുടെ എല്ല്, തലയോട്ടി തുടങ്ങിയവ കൊണ്ടുള്ള നിർമ്മാണ വസ്തുക്കൾ)വെളിപ്പെടുത്തുന്നതിനായി നേരത്തെ കേന്ദ്ര -വനം വന്യജീവി വകുപ്പ് സമയപരിധി നിശ്ചയിച്ചിരുന്നു. ഈ സമയപരിധി തീർന്ന ഉടനെയായിരുന്നു മോഹൻലാലിന്റെ വീട്ടിൽനിന്നും ആനക്കൊമ്പ് കണ്ടെടുത്ത വിവരം പുറത്തുവന്നത്. അന്ന് വനം മന്ത്രിയായിരുന്ന കെ ബി ഗണേശ്‌കുമാർ ഇക്കാര്യത്തിൽ സമയപരിധി നീട്ടി ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ കേന്ദ്ര വനം മന്ത്രി ജയന്തി നടരാജന് കത്തെഴുതിയിരുന്നു. എന്നാൽ ഇതുപ്രകാരം കേന്ദ്രത്തിൽനിന്നും അനുകൂലനടപടികളുണ്ടായില്ലെന്നുമാണ് അറിയുന്നത്.

മോഹൻലാലിനെതിരായ ത്വരിതാന്വേഷണ ഉത്തരവ് വന്നതോടെ നാല് വർഷം മുൻപ് നടന്ന ആനക്കൊമ്പ് കേസ് വീണ്ടും സജീവമാകുകയാണ്.ആനക്കൊമ്പ് കൈവശം വച്ച കേസിൽ ത്വരിതാനേഷണം നടത്താൻ മൂവാറ്റുപുഴ വിജലൻസ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടതോടെ പന്ത് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ കോർട്ടിലെത്തുകയാണ്. ആർക്കും വഴങ്ങാത്ത ജേക്കബ് തോമസ് മോഹൻലാലിന്റെ കാര്യത്തിൽ എന്ത് നിലപാട് എടുക്കുമെന്നതാണ് ശ്രദ്ധേയമാവുക.

മോഹൻലാലിന്റെ കൈവശമുള്ള രണ്ട് അനധികൃത ആനക്കൊമ്പുകൾ നിയമവിധേയമാക്കാൻ സർക്കാർ തീരുമാനിച്ചതും ചർച്ചകൾക്ക് വഴിവച്ചിരുന്നു. രാഷ്ട്രീയഭേദമില്ലാതെ നടത്തിയ സമ്മർദത്തിനൊടുവിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സംയുക്തമായാണ് നടപടി സ്വീകരിച്ചത്.. ആനക്കൊമ്പുകൾ നിയമവിധേയമാക്കാൻ അവസരം നൽകുംവിധം, 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം പുനഃപരിശോധനക്ക് വിധേയമാക്കാനാണ് കേന്ദ്രനീക്കം. ഒപ്പം, ആനക്കൊമ്പുകൾ കൈവശം വെക്കാനുള്ള ലൈസൻസ് നൽകാൻ സംസ്ഥാനവും നടപടി എടുത്തു. ഇതോടെ തീർന്നെന്ന് കരുതിയ വിവാദമാണ് വീണ്ടും വിജിലൻസ് കോടതി ഉത്തരവിലൂടെ സജീവമാകുന്നത്. അനധികൃതമായി വന്യജീവികളോ ബന്ധപ്പെട്ട വസ്തുക്കളോ കൈവശമുള്ളവർക്ക് ഇത് സർക്കാറിനെ അറിയിക്കാൻ 1978 ലും 2002 ലും കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതിനുശേഷം ലൈസൻസില്ലാത്തതും രജിസ്റ്റർ ചെയ്യത്തതുമായ ഇത്തരം വസ്തുക്കൾ കൈവശം വെക്കുന്നത് ശിക്ഷാർഹമാണ്.

മോഹൻലാലിനും തിരുവഞ്ചൂരിനും പുറമേ മുൻ വനംവകുപ്പ് സെക്രട്ടറി മാരപാണ്ഡ്യൻ, മലയാറ്റൂർ ഡി.എഫ്.ഒ, കോടനാട് റെയ്ഞ്ച് ഓഫീസർ ഐ.പി സനൽ, സംഭവം നടക്കുമ്പോൾ സിറ്റി പൊലിസ് കമ്മിഷണറായിരുന്ന കെ പത്മകുമാർ, തൃക്കാക്കര അസി.പൊലിസ് കമ്മിഷണർ ബിജോ അലക്‌സാണ്ടർ, മോഹൻലാലിന് ആനക്കൊമ്പ് നൽകിയെന്നു പറയപ്പെടുന്ന തൃപ്പൂണിത്തുറ സ്വദേശി കെ കൃഷ്ണകുമാർ, തൃശൂർ സ്വദേശി പി.എൻ കൃഷ്ണകുമാർ, കൊച്ചി രാജകുടുംബാംഗം ചെന്നൈ സ്വദേശിനി നളിനി രാമകൃഷ്ണൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP