Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചോദ്യം ചെയ്തതിൽ അപാകതയില്ലെങ്കിലും നടപടി സംശയാസ്പദം; ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനെന്ന നിലയിൽ പ്രവർത്തിച്ചില്ല; നിസാമിനെ രഹസ്യമായി ചോദ്യം ചെയ്ത ജേക്കബ് ജോബിനെതിരെ നടപടി വേണമെന്ന് വിജിലൻസ്

ചോദ്യം ചെയ്തതിൽ അപാകതയില്ലെങ്കിലും നടപടി സംശയാസ്പദം; ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനെന്ന നിലയിൽ പ്രവർത്തിച്ചില്ല; നിസാമിനെ രഹസ്യമായി ചോദ്യം ചെയ്ത ജേക്കബ് ജോബിനെതിരെ നടപടി വേണമെന്ന് വിജിലൻസ്

തൃശ്ശൂർ: ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് തൃശൂരിലെ മുൻ സിറ്റി പൊലീസ് കമീഷണർ ജേക്കബ് ജോബിനെതിരെ വകുപ്പ് തലത്തില് അച്ചടക്കനടപടി ഉറപ്പായി. ജേക്കബ് ജോബിനെതിരെ സ്വീകരിക്കണമെന്ന് ശുപാർശ ചെയ്യുന്നതാണ് വിജിലൻസ് റിപ്പോർട്ട് . വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ട് ഉടൻ സർക്കാറിന് കൈമാറും.

കേസുകളുടെ മേൽനോട്ട ചുമതലയുള്ള കമീഷണർ പ്രതികളെ ചോദ്യം ചെയ്യുന്നതിൽ അപാകതയില്ലെങ്കിലും ഈ കാര്യത്തിൽ അദ്ദേഹം സ്വീകരിച്ച നടപടി സംശയാസ്പദമായിരുന്നെന്നാണ് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. കേസിലെ പ്രതിയായ നിസാമുമായി ഒരു മണിക്കൂർ അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തിയത് ശരിയായ നടപടിയല്ലെന്നും ഒട്ടേറെ സംശയങ്ങൾക്കിട നൽകുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ജേക്കബ് ജോബ് സസ്‌പെൻഷനിലാണ്. കഴിഞ്ഞ ദിവസം സസ്‌പെൻഷൻ കാലാവധി ഒരു മാസം കൂടി സർക്കാർ നീട്ടിയിരുന്നു.

തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് കേരളത്തിൽ വൻവിവാദം സൃഷിച്ച സമയത്താണ് തൃശൂർ സിറ്റി പൊലീസ് കമീഷണറായിരുന്ന ജേക്കബ് ജോബ് നിസാമുമായി രഹസ്യകൂടിക്കാഴ്ച നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരെ മുഴുവന് മാറ്റി നിർത്തി കമീഷണറുടെ ക്യാബിനിൽ ഒരു മണിക്കൂറലധികമായിരുന്നു കൂടിക്കാഴ്ച. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് പി.ഡി ജോസഫ് നൽകിയ ഹർജിയിലാണ് വിജിലൻസ് കോടതി ത്വരിത അന്വഷണത്തിന് ഉത്തരവിട്ടത്.

സാധാരണ കേസുകൾ പോലെയായിരുന്നില്ല നിസാം ഉൾപ്പെട്ട ചന്ദ്രബോസ് കൊലക്കേസ്. ഏറെ വിവാദമുണ്ടാക്കിയ ഒന്നായിരുന്നു. ഈ കേസിലെ പ്രതിയുമായി കമീഷണർ ഒരു മണിക്കൂറിലേറെ രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നത് സംശയങ്ങൾക്കിടയാക്കും. ഉത്തരവാദിത്തമുള്ള ഓഫീസറെന്ന നിലയിൽ ഇത് മനസ്സിലാക്കി പ്രവർത്തിക്കേണ്ട ബാധ്യത കമീഷണർക്കുണ്ട്. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയ സാഹചര്യത്തിൽ ജേക്കബ് ജോബിനെതിരെ വകുപ്പ് തല അച്ചടക്കനടപടി സ്വീകരിക്കണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ വിപിൻ ദാസ് വിജിലൻസ് ഡയറക്ടർക്ക് നൽകിയിരിക്കുന്ന ശുപാർശ.

നിസാമിന്റെ ആഡംബര കാറിലാണ് അന്വേഷണ ഉദ്യോഗസ്ഥർ തമിഴ്‌നാട്,കർണാകട എന്നിവിടങ്ങളി!ൽ തെളിവെടുപ്പിന് പോയതെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. സംഘം മടങ്ങിയെത്തിയപ്പോൾ ഇതേക്കുറിച്ച് സംസാരിക്കാനാണ് നിസാമിനെ കണ്ടതെന്നായിരുന്നു ജേക്കബ് ജോബ് വിജിലൻസിനോട് പറഞ്ഞത്. എന്നാൽ ഈ വാദം വിജിലൻസ് കണക്കിലെടുത്തില്ല. അന്ന് തൃശൂർ റേഞ്ച് ഐജിയായിരുന്ന ടി.ജെ ജോസ് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിനെ തുടർന്ന് ജേക്കബ് ജോബ് സസ്‌പെൻഷനിൽ ആവുകയായിരുന്നു.

വിവാദത്തത്തെുടർന്ന് തൃശൂരിൽനിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റപ്പെട്ട ജേക്കബ് ജോബ് കഴിഞ്ഞ ഫെബ്രുവരി 26നാണ് സസ്‌പെന്റ് ചെയ്യപ്പെട്ടത്. ജേക്കബ് ജോബ് നിസാമിനെ ചോദ്യം ചെയ്തത് ചട്ടലംഘനവും പ്രതിയെ സഹായിക്കാനുമാണെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP