Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉന്നത ഹെറോയിൻ കടത്തു സംഘവുമായി ബന്ധമുള്ള തടവുകാരന് ജയിൽ ചാടാൻ അധികൃതർ കൂട്ടുനിന്നോ? ചാടുന്നത് കണ്ടെങ്കിലും എങ്ങോട്ട് ഓടിയെന്ന് കണ്ടില്ലെന്ന് കൈമലർത്തി ജയിൽ ജീവനക്കാർ; 16 ക്യാമറകളുള്ള വടകര ജയിലിൽ പ്രതി ചാടിയ ഭാഗത്തെ ദൃശ്യം കിട്ടില്ലെന്നതിലും ദുരൂഹത

ഉന്നത ഹെറോയിൻ കടത്തു സംഘവുമായി ബന്ധമുള്ള തടവുകാരന് ജയിൽ ചാടാൻ അധികൃതർ കൂട്ടുനിന്നോ? ചാടുന്നത് കണ്ടെങ്കിലും എങ്ങോട്ട് ഓടിയെന്ന് കണ്ടില്ലെന്ന് കൈമലർത്തി ജയിൽ ജീവനക്കാർ; 16 ക്യാമറകളുള്ള വടകര ജയിലിൽ പ്രതി ചാടിയ ഭാഗത്തെ ദൃശ്യം കിട്ടില്ലെന്നതിലും ദുരൂഹത

എം പി റാഫി

കോഴിക്കോട്: ജയിൽ ജീവനക്കാരുടെ കൺമുന്നിൽ നിന്നും ജയിൽചാടിയ റിമാൻഡ് പ്രതിയെ ഒരു ദിവസമായിട്ടും പിടികൂടാനാകാതെ പൊലീസ്. കൺമുന്നിൽ നിന്നും അപ്രത്യക്ഷനായ പ്രതിയെ തേടി പൊലീസും ജയിൽ ജീവനക്കാരും തിരച്ചിൽ ഊർജിതമാക്കിയെങ്കിലും ഇതുവരെയും കണ്ടെത്താനായില്ല.

പ്രതിക്ക് രക്ഷപ്പെടാൻ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്. എന്നാൽ ജയിലിന്റെ സുരക്ഷക്കുറവും മുൻഭാഗത്ത് മതിലില്ലാത്തതുമാണ് പ്രതി ജയിൽ ചാടാൻ കാരണമെന്നാണ് ജയിൽ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. ഹെറോയിൻ മാഫിയയിലെ കണ്ണിയായ പ്രതിയുടെ ജയിൽ ചാട്ടത്തിൽ സംശയങ്ങളുണ്ടൈങ്കിലും പൊലീസ് പ്രതിക്കായി വലവിരിച്ചിട്ടുണ്ട്.

വടകര സബ്ജയിലിൽ നിന്നാണ് റിമാൻഡ് പ്രതി ജയിൽ ചാടിയത്. ഹെറോയിൻ കടത്തുകേസിലെ പ്രതിയായ കണ്ണൂർ പള്ളിമൂല സിപി ഹൗസിൽ മനാഫ് (29) ആണ് ജയിലിന്റെ കമ്പിവേലിക്കും ഓടിനും ഇടയിലുടെ രക്ഷപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം 4.15ഓടെയാണ് സംഭവം. ബാത്ത്‌റൂമിലേക്കുപോയ പ്രതി തിരിച്ചുവരാത്തത് കണ്ട് ജയിലധികൃതർ നടത്തിയ പരിശോധനയിലാണ് പ്രതി രക്ഷപ്പെട്ടതായി സ്ഥിരീകരിച്ചത്.

ഓടിന്റെ മുകളിലേക്കു വലിഞ്ഞു കയറിയ ശേഷം പ്രതി ഇവിടെനിന്നും താഴേക്ക് ചാടുകയായിരുന്നു. തൊട്ടടുത്ത താലൂക്ക് ഓഫീസ് വളപ്പിലാണ് ചാടിയത്. എടുത്ത് ചാടുന്നത് ജയിൽ ജീവനക്കാരിലൊരാൾ കണ്ടെങ്കിലും കൺമുന്നിൽ നിന്നും എങ്ങോട്ടാണ് പ്രതി ഓടിയതെന്ന് കണ്ടില്ലെന്നാണ് പറയുന്നത്. പ്രതി ചാടിപ്പോയ ഭാഗത്ത് കനംകുറഞ്ഞ ഗ്രില്ല് വളച്ചതായും കണ്ടെത്തി. ജയിൽ അധികൃതർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പരിസരങ്ങളിൽ ഉടൻതന്നെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

വടകര സി.ഐ, എസ്.ഐ എന്നിവരുടെ നേൃത്വത്തിൽ വിവിധ സ്‌ക്വാഡുകളായി ഇപ്പോൾ പ്രതിക്കുവേണ്ടി അന്വേഷണം തുടരുകയാണ്. മാഹി, തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിലും പൊലീസിനെ വിവരമറിയിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് ഉത്തരമേഖലാ ജയിൽ ഡി.ജി.പി ശിവദാസ് കെ തൈപ്പറമ്പിൽ വടകര സബ്ജയിലിൽ എത്തി പരിശോധന നടത്തി.

രാജ്യത്തെ ഉന്നത ഹെറോയിൻ കടത്ത് സംഘങ്ങളുമായി ബന്ധമുള്ളയാളാണ് ജയിൽ ചാടിയ പ്രതി മനാഫ്. ഇയാൾ സംസ്ഥാനം വിട്ടിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. ജയിൽ ചാടി രക്ഷപ്പെടാനും യാത്ര ചെയ്യാനും പുറത്തു നിന്നുള്ള ഇടപെടലും പൊലീസ് തള്ളിക്കളയുന്നില്ല.

വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് പ്രതിയെ വടകര സബ്ജയിലിൽ എത്തിച്ചത്. മുംബൈയിൽ നിന്ന് തീവണ്ടി മാർഗം ഹെറോയിൻ കടത്തുന്നതിനിടെ കണ്ണൂർ എക്‌സൈസാണ് മനാഫിനെയും മറ്റൊരു യുവാവിനെയും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയത്. വടകര നാർക്കോട്ടിക്ക് കോടതിയിൽ ഹാജരാക്കിയ ഇവരെ പതിനാല് ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. പ്രതിയിൽ നിന്നും പിടിച്ചെടുത്ത ഹെറോയിനും ഹാജരാക്കി. അന്താരാഷ്ട്ര മാർക്കറ്റിൽ രണ്ടര ലക്ഷം രൂപ വിലവരുന്ന ഹെറോയിനാണ് പിടിച്ചത്.

13 പേരെ പാർപ്പിക്കാൻ കഴിയുന്ന ജയിലിൽ 22 പേരാണ് ഇപ്പോഴുള്ളത്. രണ്ടാമത്തെ സെല്ലിലായിരുന്നു മാനാഫിനെ താമസിപ്പിച്ചത്. ജയിലിനുള്ളിൽ എല്ലായിടത്തും സിസിടിവി കാമറ ഉണ്ടെങ്കിലും ബാത്ത്‌റൂമിന്റെ ഭാഗത്ത് സൂം ചെയ്താൽ മാത്രമേ നടക്കുന്ന ദൃശ്യങ്ങൾ വ്യക്തമായി കാണാൻ പറ്റുകയുള്ളൂവെന്നാണ് ജയിലധികൃതർ പറയുന്നത്. ഇതിനാൽതന്നെ പ്രതി രക്ഷപ്പെടുന്നത് കാണാൻ പറ്റിയില്ലെന്ന് വിശദീകരണം. 16 കാമറകളാണ് ജയിലിൽ സ്ഥാപിച്ചിട്ടുള്ളത്.

എന്നാൽ ഈ കാമറകളിലുള്ള ദൃശ്യങ്ങൾ ഒരേസമയം കാണാൻ പറ്റുന്ന തരത്തിലുള്ള മോണിറ്ററിങ് സിസ്റ്റം ജയിലിൽ ഇല്ല. പ്രതിക്കു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് വടകര സി.ഐ പറഞ്ഞു. പ്രതിയുമായി ബന്ധമുള്ളവരുടെ സഹായത്തോടെ ഹെറോയിൻ മാഫിയയെ കണ്ടെത്താനാണ് പൊലീസിന്റെ പദ്ധതി. ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും സുരക്ഷാ വീഴ്ചയുണ്ടോയെന്നും പരിശോധിക്കുമെന്ന് ജയിൽ സന്ദർശിച്ച ശേഷം ജയിൽ ഡിജിപി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP