Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൊലീസ് അന്വേഷണം ഊർജിതമാകുമ്പോൾ മാത്രം ജെസ്ന എവിടെയെങ്കിലും പ്രത്യക്ഷപ്പെടുന്നത് എങ്ങനെ? ജെസ്നയെ കണ്ടുവെന്ന കഥ മെനഞ്ഞവരുടെ പിന്നിലാര്? എഴുതപ്പെട്ട തിരക്കഥ അവർ അഭിനയിച്ച് തീർക്കുമ്പോൾ എന്തുകൊണ്ട് പൊലീസ് അവരിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നില്ല; യുവതിയെ കണ്ടെന്ന കഥ പറഞ്ഞവരെ ചോദ്യം ചെയ്താൽ സത്യം പുറത്തു വന്നേക്കുമെങ്കിലും ആ വഴിക്ക് പോകാതെ അന്വേഷണ സംഘം

പൊലീസ് അന്വേഷണം ഊർജിതമാകുമ്പോൾ മാത്രം ജെസ്ന എവിടെയെങ്കിലും പ്രത്യക്ഷപ്പെടുന്നത് എങ്ങനെ? ജെസ്നയെ കണ്ടുവെന്ന കഥ മെനഞ്ഞവരുടെ പിന്നിലാര്? എഴുതപ്പെട്ട തിരക്കഥ അവർ അഭിനയിച്ച് തീർക്കുമ്പോൾ എന്തുകൊണ്ട് പൊലീസ് അവരിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നില്ല; യുവതിയെ കണ്ടെന്ന കഥ പറഞ്ഞവരെ ചോദ്യം ചെയ്താൽ സത്യം പുറത്തു വന്നേക്കുമെങ്കിലും ആ വഴിക്ക് പോകാതെ അന്വേഷണ സംഘം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജെസ്ന കേസ് ഒരു പ്രഹേളികയാവുകയാണ്. മാധ്യമങ്ങളും നാട്ടുകാരും രാഷ്ട്രീയക്കാരുമെല്ലാം ചേർന്ന് കൈയിട്ട് അളിച്ചു വാരി കേസ് ഒരു വഴിക്ക് ആക്കി കഴിഞ്ഞു. ഈ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ചിലർ തുനിഞ്ഞ് ഇറങ്ങിയും കഴിഞ്ഞു. കാട്ടിലും കുറ്റിയിലും ആറ്റിലും തോട്ടിലും ജെസ്നയ്ക്ക് വേണ്ടി തപ്പുന്ന പൊലീസ് പക്ഷേ, ചില നിർണായക വിവരങ്ങൾ അവഗണിക്കുകയാണ്. അല്ലെങ്കിൽ അവർ മനഃപൂർവം വിട്ടു കളയുന്നു. അത് ഇതാണ്. പൊലീസിന്റെ അന്വേഷണം ഓരോ പുതിയ വഴികളിലേക്ക് ചൂടു പിടിച്ചു വരുമ്പോൾ അത് വഴി തിരിച്ചു വിടാനുള്ള ശ്രമം നടക്കുന്നുണ്ട്. പൊലീസ് ഇതുവരെ അതിനെപ്പറ്റി ഗൗരവമായി ചിന്തിച്ചു കാണിച്ചില്ല. എന്നാൽ, നിരന്തരമായി ഈ കേസ് വീക്ഷിച്ചു വന്ന ഒരാൾക്ക് ഒറ്റനോട്ടത്തിൽ അത് മനസിലാക്കാൻ കഴിയും.

അന്വേഷണം ചൂടുപിടിക്കുന്ന സമയത്ത് ഒന്നുകിൽ ജെസ്നയെ ആരെങ്കിലും കാണും അല്ലെങ്കിൽ ഏതെങ്കിലും പുതിയ കഥ വരും. ജെസ്നയെ കാണാതായ ദിവസം മുതലിങ്ങോട്ടുള്ള സംഭവങ്ങൾ നോക്കിയാൽ ഇക്കാര്യം മനസിലാകും. തിരുവല്ലയിൽ ഒരു കല്യാണ സ്ഥലത്ത് ഒരു യുവാവിനൊപ്പം ജെസ്ന ഭക്ഷണം കഴിക്കുന്നുവെന്ന വാർത്തയാണ് ഏറ്റവും ആദ്യം പ്രചരിച്ചത്. അത് തെറ്റാണെന്ന് തെളിഞ്ഞപ്പോൾ തിരുവനന്തപുരം ടെക്നോ പാർക്കിന് സമീപം കണ്ടുവെന്നായിരുന്നു അടുത്ത കഥ.

മെയ്‌ എട്ടിന് രാത്രി ആന്റോ ആന്റണി എംപി മാധ്യമങ്ങൾക്ക് കൈമാറിയ വാർത്തയിൽ ജെസ്നയെ കർണാടക മടിവാളയിലുള്ള ആശ്രയ ഭവനിൽ കണ്ടുവെന്ന് സ്ഥിരീകരിച്ചു. വാഹനാപകടത്തിൽ പരുക്കേറ്റ് നിംഹാൻസ് ആശുപത്രിയിൽ ചികിൽസ തേടിയെന്നും അതിനു ശേഷം പുരുഷ സുഹൃത്തിനൊപ്പം മൈസൂരുവിലേക്ക് പോയെന്നുമാണ് വാർത്ത പരന്നത്. ആശ്രയ ഭവനിലെ അന്തേവാസിയായ 85 വയസുള്ള പാതിരി മുണ്ടക്കയം പുഞ്ചവയലിലുള്ള തന്റെ ബന്ധുവിനെ വിളിച്ചാണ് ജെസ്നയും കാമുകനും ഇവിടെ എത്തി എന്ന വിവരം അറിയിച്ചത്. ബന്ധു ഉടൻ തന്നെ അത് പത്തനംതിട്ട ഡിവൈഎസ്‌പി എസ് റഫീക്കിന് കൈമാറുകയായിരുന്നു.

പൊലീസ് സംഘം നിംഹാൻസിലും ആശ്രയഭവനിലും എത്തിയെങ്കിലും ഒരു സിസിടിവി ഫൂട്ടേജിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇവിടെയാണ് പൊലീസ് വിട്ടു പോയ തുമ്പുള്ളത്. ആരോ മെനഞ്ഞ കഥ അതേപടി തട്ടിവിടുകയാണ് ആശ്രയഭവനിലെ പാതിരി ചെയ്തതെന്ന് വേണം സംശയിക്കാൻ. ഇദ്ദേഹത്തെ കൂടുതൽ ചോദ്യം ചെയ്യുകയും കഥ വന്ന വഴി കണ്ടെത്തുകയും ചെയ്തിരുന്നെങ്കിൽ ഒരു പക്ഷേ ജെസ്നയെ കുറിച്ച് നിർണായക വിവരം ലഭിക്കുമായിരുന്നു. തന്റെ കഥയിൽ പാതിരി ഉറച്ചു നിൽക്കുകയാണ് എന്ന് പൊലീസ് പറയുന്നു. എന്നാൽ, അയാൾ പറയുന്ന കഥയ്ക്ക് ഉപോൽബലകമായ തെളിവില്ല. ആ ഒറ്റ പോയിന്റിൽ പൊലീസിന് പിടിച്ചു കയറാം.

ഈ കഥ ആര് മെനഞ്ഞതെന്ന് കണ്ടെത്താം. അതിന് പൊലീസ് ശ്രമിച്ചിട്ടില്ല. അതുപോലെ തിരുവനന്തപുരത്ത് ടെക്നോപാർക്കിന് സമീപം നിന്ന് ഒരു പെൺകുട്ടി ലിഫ്ട് ചോദിച്ച് തന്റെ ബൈക്കിന് പിന്നിൽ കയറിയെന്നും അതു ജസ്നയാണെന്നും ഒരു യുവാവ് പൊലീസ് വിവരം അറിയിച്ചിരുന്നു. അയാളെയും വിശദമായി ചോദ്യം ചെയ്തിരുന്നില്ല. ചെന്നൈയിലെ ടെലിഫോൺ ബൂത്തിൽ ജെസ്നയെ കണ്ട മലയാളി, മലപ്പുറം കോട്ടക്കുന്നിലെ പാർക്കിൽ ജെസ്നയെ കണ്ടവർ, ഇല്ലാത്തത് അടക്കം നിരവധി വിവരങ്ങൾ മാധ്യമങ്ങളെ വിളിച്ച് അറിയിക്കുന്ന ജെസ്നയുടെ ബന്ധു എന്നിവരിലൂടെ പൊലീസ് ഒരു രണ്ടാം വട്ട അന്വേഷണം നടത്തിയാൽ ഒരു പക്ഷേ, ഈ കേസ് തെളിഞ്ഞേക്കും.

ജെസ്നയുടെ സുഹൃത്ത്, ജെസ്നയുടെ ബന്ധുക്കൾ എന്നിവരിൽ നിന്ന് അന്വേഷണം മൂന്നാമതൊരാളിലേക്ക് പോകരുതെന്ന് ആരോ നിർബന്ധം പിടിക്കുന്നതു പോലെയാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ. ആരോപണങ്ങൾ ഈ രണ്ടു കൂട്ടർക്കെതിരേ മാത്രമാണുള്ളത്. ജെസ്നയുമായി യാതൊരു ബന്ധവും സുഹൃത്തിനില്ലെന്ന് പൊലീസിന് അറിയാം. ആ വഴിക്ക് കൂടുതൽ വിവരങ്ങൾ കിട്ടില്ലെന്നും അറിയാം. എങ്കിലും അയാളെ പ്രതിക്കൂട്ടിൽ നിർത്തണമെന്ന് ആർക്കോ നിർബന്ധമുണ്ട്. മറ്റൊന്ന് ബന്ധുക്കളെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്. അതിന് പിന്നിൽ സിപിഎം അജണ്ടയാണ് നടപ്പാകുന്നത്. സംസ്ഥാന സർക്കാരിനെതിരേ ജെസ്നയുടെ ബന്ധുക്കൾ രംഗത്തു വന്നതാണ് സിപിഎം നേതൃത്വത്തെയും രാജു ഏബ്രഹാം എംഎൽഎയെയും ചൊടിപ്പിച്ചത്.

ജെസ്നയുടെ ബന്ധുക്കൾ, സുഹൃത്ത് എന്നിവർ മാത്രമേ സംശയനിഴലിൽ വരാവൂ എന്ന് നിർബന്ധം പിടിക്കുന്നവരിൽ നിന്ന് പൊലീസിന് യഥാർഥ പ്രതിയെ കണ്ടെത്താൻ കഴിയും. അതിനുള്ള ശ്രമമാണ് ഇനി നടക്കേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP