Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇത്തവണ ജെസ്നയെ കണ്ടത് മസ്‌കറ്റിൽ; ഇന്നലെ വന്ന കോളിന് പിന്നാലെ പോകണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിൽ അന്വേഷണ സംഘം; മുണ്ടക്കയം ബസ് സ്റ്റാൻഡിലെ സിസി ടിവിയിൽ കണ്ട പെൺകുട്ടിയാണെന്ന് അവകാശപ്പെട്ട് ആരും വരാത്തതും കൊണ്ട് അത് ജെസ്‌നയാകില്ലെന്നും വിലയിരുത്തൽ; ആൺസുഹൃത്തുമായുള്ള ഫോൺവിളി വിവരങ്ങൾ നേരത്തേ പുറത്തു വന്നതിൽ കൂടുതലായി ഒന്നുമില്ലെന്നും വാദം

ഇത്തവണ ജെസ്നയെ കണ്ടത് മസ്‌കറ്റിൽ; ഇന്നലെ വന്ന കോളിന് പിന്നാലെ പോകണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിൽ അന്വേഷണ സംഘം; മുണ്ടക്കയം ബസ് സ്റ്റാൻഡിലെ സിസി ടിവിയിൽ കണ്ട പെൺകുട്ടിയാണെന്ന് അവകാശപ്പെട്ട് ആരും വരാത്തതും കൊണ്ട് അത് ജെസ്‌നയാകില്ലെന്നും വിലയിരുത്തൽ; ആൺസുഹൃത്തുമായുള്ള ഫോൺവിളി വിവരങ്ങൾ നേരത്തേ പുറത്തു വന്നതിൽ കൂടുതലായി ഒന്നുമില്ലെന്നും വാദം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മുക്കും മുറിയും കേട്ട് വാർത്തകൾ പടച്ചു വിടുന്ന മാധ്യമങ്ങൾ ജെസ്ന തിരോധാനക്കേസിലെ അന്വേഷണസംഘത്തെ വല്ലാതെ വലയ്ക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർ അറിയാത്തതും കേൾക്കാത്തതുമായ കഥകളാണ് ഓരോ ദിനവും പുറത്തു വരുന്നത്. ഏറ്റവും ഒടുവിലായി ഇന്നലെ മസ്‌കറ്റിൽ നിന്ന് അന്വേഷണ സംഘത്തലവൻ തിരുവല്ല ഡിവൈഎസ്‌പി ആർ ചന്ദ്രശേഖരപിള്ളയ്ക്ക് ഒരു കോൾ വന്നു. ജെസ്നയെ മസ്‌കറ്റ് എയർപോർട്ടിൽ കണ്ടുവെന്നായിരുന്നു ഇൻഫർമേഷൻ. ഇനി അങ്ങോട്ടു പോകണോ വേണ്ടയോ എന്നോർത്തു പകച്ചു നിൽക്കുകയാണ് അന്വേഷണ സംഘം.

മുണ്ടക്കയത്ത് കഴിഞ്ഞ ദിവസം സിസിടിവിയിൽ കണ്ടത് ജെസ്നയാണെന്നാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്. എന്നാൽ, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ പത്തനംതിട്ട എസ്‌പിയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രതിവാര അവലോകന യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. സിസിടിവിയിൽ കണ്ടത് ജെസ്നയാണെന്ന് പറയാൻ കഴിയില്ല. അല്ലെന്നും ഉറപ്പില്ല.

സിസിടിവി ദൃശ്യത്തിലുള്ളത് താനാണെന്ന് പറഞ്ഞ് ഒരാളും മുന്നോട്ടു വരാത്തതു കൊണ്ട് ഇത് ജെസ്നയാണെന്ന് ഉറപ്പിക്കാനും കഴിയില്ലെന്നാണ് എസ്‌പി പറഞ്ഞത്. അതാണ് ഇന്ന് സ്ഥിരീകരിച്ചുവെന്ന പേരിൽ പത്രങ്ങളിൽ വന്നിട്ടുള്ളത്. പുരുഷ സുഹൃത്ത് ജെസ്നയുമായി 10 മിനുട്ട് സംസാരിച്ചതിന് ശേഷമാണ് അവളെ കാണാതായത് എന്ന വാർത്തയും പുതിയതല്ല. ഇക്കാര്യം കണ്ടെത്തുകയും ഇതു സംബന്ധിച്ച് യുവ സുഹൃത്തിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഇതിനിടെ ജെസ്നയുടെ നാടായ വെച്ചൂച്ചിറ കൊല്ലമുളയിൽ ഇല്ലാക്കഥകൾ ആവോളം പ്രചരിക്കുകയാണ്. ജെസ്നയുടെ വിവാഹം കഴിഞ്ഞു, ഗർഭിണിയായ ജെസ്ന ചികിൽസ തേടി, മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ യൂറിനറി ഇൻഫക്ഷന് ചികിൽസ തേടി എന്നിങ്ങനെ കഥകൾ പരക്കുകയാണ്. ഇതിൽ ഗർഭക്കഥയ്ക്കാണ് കൂടുതൽ മാർക്കറ്റുള്ളത്.

മുണ്ടക്കയത്തെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് ജെസ്നയാണെന്നുള്ള തോന്നൽ പൊലീസിന് ഒരു ഊർജം സമ്മാനിച്ചിരുന്നു. എന്നാൽ ജെസ്നയുടെ പിതാവ്, സഹോദരി, സഹോദരൻ എന്നിവർ ഇത് നിഷേധിച്ചത് അന്വേഷകർക്ക് തിരിച്ചടിയായി. ഏതാനും സഹപാഠികളുടെ മൊഴിയും ജെസ്നയുടെ സുഹൃത്ത് ഇതേ ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നതുമാണ് സംശയത്തിന് ഇട നൽകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP