Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജെസ്‌നയുടെ തിരോധാനം: നൂറുനാൾ തികയാറായിട്ടും തുമ്പൊന്നും കിട്ടിയില്ലെന്ന് അന്വേഷണ സംഘം; അന്വേഷണം തുടരുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ; ജെസ്‌നയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്ന് എന്തടിസ്ഥാനത്തിലാണ് സർക്കാർ കോടതിയെ അറിയിച്ചതെന്ന് സഹോദരൻ ജെയ്‌സ്; സഹോദരിയുടെ ഫോണിലേക്ക് ആയിരത്തിലേറെ തവണ വിളിച്ച സുഹൃത്തിനെ സംശയമുണ്ടെന്നും സഹോദരൻ

ജെസ്‌നയുടെ തിരോധാനം: നൂറുനാൾ തികയാറായിട്ടും തുമ്പൊന്നും കിട്ടിയില്ലെന്ന് അന്വേഷണ സംഘം; അന്വേഷണം തുടരുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ; ജെസ്‌നയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്ന് എന്തടിസ്ഥാനത്തിലാണ് സർക്കാർ കോടതിയെ അറിയിച്ചതെന്ന് സഹോദരൻ ജെയ്‌സ്; സഹോദരിയുടെ ഫോണിലേക്ക് ആയിരത്തിലേറെ തവണ വിളിച്ച സുഹൃത്തിനെ സംശയമുണ്ടെന്നും സഹോദരൻ

മറുനാടൻ മലയാളി ബ്യൂറോ


കൊച്ചി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി ജസ്‌നയെ കാണാതായിട്ട് നൂറു ദിവസം തികയാൻ പോകുന്നു. അന്വേഷണസംഘം ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ നിന്ന് ലഭിക്കുന്ന സൂചന.പെൺകുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ലെന്നും സർക്കാർ പറഞ്ഞു. അതേസമയം, ജസനയെ കണ്ടെത്താൻ സാദ്ധ്യമായ എല്ലാ മാർഗങ്ങളും സർക്കാർ ആരായുന്നുണ്ടെന്നും തിരുവല്ല ഡിവൈ.എസ്‌പി ചന്ദ്രശേഖര പിള്ള കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു

ജസ്‌യുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഉയർന്ന എല്ലാ ആരോപണങ്ങളെ കുറിച്ചും അന്വേഷിച്ചു. ജസ്‌നയെ കണ്ടെത്തുന്നതിന് സഹായകമാകുന്ന തരത്തിലുള്ള ഒരു തെളിവും അപ്പോഴൊന്നും ലഭിച്ചില്ല. ജസ്‌നയെ കണ്ടുവെന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തി. എന്നാൽ, അവിടങ്ങളിൽ കണ്ടത് ജസ്‌നയെയാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ജസ്‌നയുടെ പിതാവ് കോട്ടയം മുണ്ടക്കയത്ത് നിർമ്മിക്കുന്ന വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല. വീട്ടുകാർക്കെതിരായ ആരോപണങ്ങളിലും അന്വേഷണം നടത്തി. ഇത് വാസ്തവമാണെന്നതിനും തെളിവുകൾ കിട്ടിയില്ല. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 250 പേരെ ചോദ്യം ചെയ്തു. 120 പേരുടെ മൊഴി രേഖപ്പെടുത്തി. ഒരു ലക്ഷത്തോളം ഫോൺകോളുകൾ പരിശോധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ മാർച്ച് 22നാണ് പത്തനംതിട്ട ജില്ലയിലെ മുക്കൂട്ടുതറ കുന്നത്തുവീട്ടിൽ ജയിംസ് ജോസഫിന്റെ മകൾ ജസ്‌ന മരിയ ജയിംസിനെ കാണാതായത്. അമ്മായിയുടെ വീട്ടിലേക്കെന്നുപറഞ്ഞ് ഓട്ടോറിക്ഷയിൽ കയറി മുക്കൂട്ടുതറ ജംഗ്ഷനിലിറങ്ങി എരുമേലിക്കുള്ള ബസിൽ കയറുന്നത് കണ്ടവരുണ്ട്. പിന്നെ, ജസ്‌നയെക്കുറിച്ച് ആർക്കും ഒരറിവുമില്ല. മൊബൈൽ ഫോണും ആഭരണങ്ങളും എടുക്കാതെ പോയത് ദുരൂഹത പരത്തി. അന്ന് രാത്രി ഏഴുമണിയോടെ പിതാവ് പൊലീസിൽ പരാതി നൽകി.എന്നാൽ,ഇതുവരെ ജസ്‌നയുടെ തിരോധാനത്തിൽ ഒരുവിവരവുമില്ല.ജെസ്നയെ കാണാതായതുമായി ബന്ധപ്പെട്ട് ഷോൺ ജോർജ് നല്കിയ ഹേബിയസ്‌കോർപസ് ഹർജിയാണ് കോടതി പരിഗണിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജെസ്നയുടെ സഹോദരൻ ജെയ്‌സ് നൽകിയ ഹർജി ജൂലൈ 4ന് കോടതി പരിഗണിക്കും.

ജസ്നയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് സർക്കാർ കോടതിയെ അറിയിച്ചതെന്ന് ജെയ്സ് ചോദിച്ചു.അന്വേഷണം വഴി തിരിച്ചുവിടാൻ ബോധപൂർവമുള്ള ശ്രമം നടക്കുന്നതായും ജെയ്സ് ആരോപിച്ചു. കുട്ടിയെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, അത് സാധൂകരിക്കാൻ കഴിയുന്ന യാതൊരു തെളിവും ഇത്രയും നാൾ ആയിട്ടും പൊലീസിന് കണ്ടെത്താൻ സാധിക്കുന്നില്ല. ഇതിന്റെ ഭാഗമായി ബന്ധുകളെയെല്ലാം പല തവണ ചോദ്യം ചെയ്തതാണെന്നും ജെയ്സ് പറഞ്ഞു.

കുടുംബത്തിന് നേരെ ഉയരുന്ന ആരോപണങ്ങൾ വേദനിപ്പിക്കുന്നവയാണ്. നാല് തവണ തന്നെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അതുപോലെ തന്റെ പിതാവ് ജെയിംസിനേയും പല തവണ ചോദ്യം ചെയ്തിട്ടുണ്ട്. അതിന് പുറമെ, ജെയിംസ് നിർമ്മിക്കുന്ന കെട്ടിടങ്ങളിലടക്കം പൊലീസ് തിരിച്ചിൽ നടത്തിയിട്ടും യാതൊരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും ജെയ്സ് കുറ്റപ്പെടുത്തി.ജെസ്‌നയുടെ ഫോണിലേക്ക് ഇത്രയധികം തവണ വിളിച്ച സുഹൃത്തിനെ തനിക്ക് സംശയമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം അനിവാര്യമാണ്. അമ്മ മരിച്ചതിന്റെ വിഷമം അല്ലാതെ മറ്റ് വിഷമങ്ങളൊന്നും ജെസ്ന നേരിട്ടിരുന്നില്ലെന്നും ജെയ്സ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP