Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാവരുടേയും മുമ്പിൽ കാണിച്ചിരുന്ന സാധാരണ ഫോൺ അല്ലാതെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി ജെസ്‌നയ്ക്കുണ്ടായിരുന്നുവെന്ന് കണ്ടെത്തി പൊലീസ്; ജെസ്‌ന സ്വയം വീട്ടിൽ നിന്നിറങ്ങി പോയതാണെന്നും ഉറപ്പാക്കി; പരപ്രേരണയിൽ ആണു പോയതെങ്കിൽ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെന്ന് തീർച്ചയാക്കി അന്വേഷണ സംഘം; ജെസ്‌നയ്ക്ക് എന്ത് പറ്റിയെന്ന് അറിയാൻ ഇനി അധിക നാളുകൾ വേണ്ട

എല്ലാവരുടേയും മുമ്പിൽ കാണിച്ചിരുന്ന സാധാരണ ഫോൺ അല്ലാതെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി ജെസ്‌നയ്ക്കുണ്ടായിരുന്നുവെന്ന് കണ്ടെത്തി പൊലീസ്; ജെസ്‌ന സ്വയം വീട്ടിൽ നിന്നിറങ്ങി പോയതാണെന്നും ഉറപ്പാക്കി; പരപ്രേരണയിൽ ആണു പോയതെങ്കിൽ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെന്ന് തീർച്ചയാക്കി അന്വേഷണ സംഘം; ജെസ്‌നയ്ക്ക് എന്ത് പറ്റിയെന്ന് അറിയാൻ ഇനി അധിക നാളുകൾ വേണ്ട

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: മുക്കൂട്ടുതറയിൽനിന്നു കാണാതായ, കാഞ്ഞിരപ്പള്ളി എസ്.ഡി. കോളജ് വിദ്യാർത്ഥിനി ജെസ്ന മരിയ ജെയിംസിനെ 10 ദിവസത്തിനുള്ളിൽ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ അന്വേഷണസംഘം. സൈബർ സെല്ലിന്റെ സഹായത്തോടെ ലഭിച്ച വിവരങ്ങൾ ഏറെ നിർണ്ണായകമാണെന്ന് പൊലീസ് അറിയിച്ചു.

ജെസ്ന ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ഫോൺ എവിടെയെന്ന നിർണായക അന്വേഷണത്തിലാണിപ്പോൾ പൊലീസ്. ഇതു സ്മാർട്ട് ഫോണാണ്. വീട്ടുകാർക്കും സഹപാഠികൾക്കും മുന്നിൽ ജെസ്ന ഉപയോഗിച്ചിരുന്നതു കീ പാഡുള്ള ബേസിക് മോഡൽ ഫോണാണ്. അതിൽനിന്നാണു സഹപാഠിയായ യുവാവിനെ ഉൾപ്പെടെ വിളിച്ചിരുന്നതും സന്ദേശങ്ങൾ അയച്ചിരുന്നതും. ഈ സാധാരണ ഫോൺ മാത്രമാണു ജെസ്നയ്ക്ക് ഉണ്ടായിരുന്നതെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ രണ്ടാമത്തെ ഫോൺ ഉണ്ടെന്ന് തിരിച്ചറിഞ്ഞതാണ് നിർണ്ണായകമായത്. ജെസ്ന പരസ്യമായി ഉപയോഗിച്ചിരുന്ന ഫോണിലെ സന്ദേശങ്ങളിൽനിന്നാണു മറ്റൊന്നുകൂടി ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. ജെസ്ന സ്വമേധയാ ഇറങ്ങിപ്പോയതാണെന്ന് അന്വേഷണസംഘം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. ജീവനോടെ ഉണ്ടെന്ന് തന്നെയാണ് പ്രതീക്ഷ.

ജെസ്‌നയുടേതെന്ന് പൊലീസിന് നേരത്തെ മനസ്സിലായ ഫോണിൽ നിന്നും പലർക്കും അർധരാത്രിയിൽവരെ സന്ദേശങ്ങൾ പോയിരുന്നു. ദുരൂഹത നീക്കാൻ ഇതിലൂടെ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ അന്വേഷണസംഘത്തിൽ സൈബർ സെല്ലിനെയും ഉൾപ്പെടുത്തി. ഇതോടെയാണ് ജെസ്ന രണ്ടാമതൊരു ഫോൺ രഹസ്യമായി ഉപയോഗിച്ചിരുന്നെന്ന് വ്യക്തമായത്. ഫോൺ ഉണ്ടെന്ന് ഉറപ്പാക്കാനായി ജെസ്നയെ കാണാതായ മാർച്ച് 22-ന് ആറുമാസം മുമ്പുമുതലുള്ള ടവർ ലൊക്കേഷനുകൾ പരിശോധിച്ചു. മുക്കൂട്ടുതറ, എരുമേലി, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, റാന്നി, മുണ്ടക്കയം, പുഞ്ചവയൽ, കുട്ടിക്കാനം മേഖലകളിലെ ടവർ സിഗ്നലുകളാണു പരിശോധിച്ചത്.

എന്നാൽ, ശബരിമല തീർത്ഥാടനകാലമായിരുന്നതിനാൽ വിളികളുടെ ആധിക്യമുണ്ടായിരുന്നതു സൈബർ സെല്ലിനെ വലച്ചു. ജെസ്ന പതിവായി സഞ്ചരിച്ചിരുന്ന വഴികളിലെ മൊബൈൽ ടവർ സിഗ്നലുകളെല്ലാം ശേഖരിച്ചു. ലക്ഷക്കണക്കിനു നമ്പരുകൾ പരിശോധിച്ച്, 6000 എണ്ണത്തിന്റെ ചുരുക്കപ്പട്ടികയുണ്ടാക്കി. ഇവയിൽനിന്നുള്ള പരസ്പരവിളികളുടെ സൂക്ഷ്മപരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. ഇതു പൂർത്തിയാകുന്നതോടെ ഫോൺ നമ്പരുകളുടെ എണ്ണം പത്തിൽ താഴെയാകും. ഇവ കേന്ദ്രീകരിച്ചാകും അന്തിമാന്വേഷണം. ഇതിൽ നിന്ന് കൂടുതൽ വ്യക്തത വരുമെന്നാണ് സൂചന.

ജെസ്ന രഹസ്യമായി ഉപയോഗിച്ച സ്മാർട്ട് ഫോണും മറ്റുള്ളവ തിരോധാനവുമായി ബന്ധമുള്ളവരുടെ നമ്പരും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുണ്ടക്കയം ബസ് സ്റ്റാൻഡിലെ സി.സി. ടിവി ദൃശ്യങ്ങളിൽ കണ്ട പെൺകുട്ടി ജെസ്നയാണെന്ന വിശ്വാസത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. 10 ദിവസത്തിനകം ജെസ്നയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ കേസ് ക്രൈംബ്രാഞ്ചിനു കൈമാറുമെന്നാണു സൂചന. ലക്ഷത്തിലധികം ഫോൺ കോളുകളിൽ നിന്ന് ഏതാനും നമ്പരുകളാണ് വീണ്ടും പരിശോധനയ്ക്കു വിധേയമാക്കുന്നത്. സംശയമുള്ള നമ്പരുകൾ കേന്ദ്രീകരിച്ചാണ് പരിശോധന.രണ്ടായിരത്തോളം നമ്പരുകൾ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ജെസ്‌ന വിളിച്ചിരുന്നവരുടെ നമ്പരുകൾ പിന്നീട് പ്രവർത്തിക്കാതായോ എന്നും നോക്കുന്നുണ്ട്. ഇത്തരത്തിലുള്ള നമ്പരുകൾ കണ്ടെത്തി അതിന്റെ ഉടമയെ കണ്ടെത്താനാണ് പൊലീസിന്റെ നീക്കം.

വെച്ചൂച്ചിറയിൽ നിന്ന് കഴിഞ്ഞ മാർച്ച് 22നാണ് ജസ്നയെ കാണാതായത്. മുണ്ടക്കയത്ത് പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ട ജസ്ന പിന്നീട് തിരിച്ചുവന്നില്ല. പൊലീസ് സംസ്ഥാനത്തും പുറത്തും വ്യാപക തിരിച്ചിൽ നടത്തിയിട്ടും തുമ്പില്ലാതെ നിൽക്കുമ്പോഴാണ് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ജസ്നയെന്ന് തോന്നിക്കുന്ന വ്യക്തിയും മറ്റുചിലരെയും ദൃശ്യത്തിൽ തെളിഞ്ഞിരുന്നു. ജെസ്ന മുണ്ടക്കയത്ത് എത്തിയോ എന്ന് സ്ഥിരീകരിക്കാൻ പൊലീസിന് സാധിച്ചിരുന്നില്ല. എരുമേലി വരെ എത്തിയ വിവരം പൊലീസിന് ലഭിച്ചിരുന്നു. മുണ്ടക്കയത്തേക്കാണ് പോയത് എന്നതിനാൽ അവിടെ എത്തിയോ എന്ന് പൊലീസ് നിരവധി തവണ അന്വേഷിച്ചിരുന്നു. തുമ്പില്ലാതെ നിൽക്കുമ്പോഴാണ് മുണ്ടക്കയത്തെ കടകളിലെ ദൃശ്യങ്ങൾ ലഭിച്ചത്. ഇടിമിന്നലിനെ തുടർന്ന് നഷ്ടപ്പെട്ട ദൃശ്യങ്ങൾ പൊലീസ് വീണ്ടെടുക്കുകയായിരുന്നു.

സിസിടിവി ക്യാമറയിൽ കണ്ട പെൺകുട്ടിയുടെ വസ്ത്രത്തിൽ മാറ്റമുണ്ട്്. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ജസ്ന ചുരിദാറാണ് ധരിച്ചിരുന്നതെന്ന് വീട്ടുകാർ പറഞ്ഞിരുന്നു. പിന്നീട് കണ്ടുവെന്ന് പറഞ്ഞവരും ഇതുതന്നെയാണ് പൊലീസിന് നൽകിയ മൊഴി. പക്ഷേ മുണ്ടക്കയത്തെ കടകളിൽ പതിഞ്ഞ ദൃശ്യങ്ങളിൽ പെൺകുട്ടി ധരിച്ചിരിക്കുന്നത് ജീൻസും ടോപ്പുമാണ്. പക്ഷേ ഇത് ജെസ്‌നയാണെന്ന് പൊലീസ് വിലയിരുത്തുന്നു. നേരത്തെ ജെസ്നയെ കുറിച്ചുള്ള സുപ്രധാന വിവരം കിട്ടയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, പൂർണ്ണ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും അൽപ്പം കൂടി സമയം വേണമെന്നും സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് കോടതി അടുത്തമാസം രണ്ടിലേയ്ക്ക് മാറ്റി. അന്വേഷണം ജെസ്നയുടെ സുഹൃത്തുക്കളിലേയ്ക്ക് കേന്ദ്രീകരിച്ചതായി റിപ്പോർട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത് ജെസ്ന തന്നെയെന്ന് സ്ഥിരീകരിച്ചതോടൊപ്പം ദൃശ്യങ്ങളിൽ ജസ്നയുടെ സുഹൃത്തിനെയും കണ്ടിരുന്നു. ഇതോടെയാണ് ജസ്നയുടെ സുഹൃത്തുക്കളിലേയ്ക്ക് അന്വേഷണം കേന്ദ്രീകരിക്കാൻ പൊലീസ് തീരുമാനിച്ചത്. മുണ്ടക്കയം ബസ് സ്റ്റാന്റിൽ നിന്നുള്ള ദൃശ്യങ്ങൾ ജസ്ന മുണ്ടക്കയത്ത് എത്തിയിരുന്നു എന്നതിന് ശക്തമായ തെളിവായിരുന്നു. കാണാതായ ദിവസം രാവിലെ 11.44 നാണ് ജസ്ന മുണ്ടക്കയം ബസ് സ്റ്റാന്റിന് സമീപത്തെ കടയ്ക്ക് മുന്നിലൂടെ നടന്നു പോയത്. മിനിട്ടുകൾക്കുള്ളിൽ ജസ്നയുടെ ആൺ സുഹൃത്തും ഇതേ ഭാഗത്തുകൂടി തിരിച്ചു നടക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

22 -ാം തിയതി രാവിലെയും ജസ്ന ഈ സുഹൃത്തുമായി പത്തുമിനിറ്റോളം സംസാരിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്ന് ജസ്നയ്ക്ക് പലരും മുന്നറിയിപ്പ് നൽകിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP