Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടകിലെ പരിശോധനകൾ വിഫലമാകുമ്പോൾ ബംഗ്ലുരുവിൽ കണ്ടെന്ന് പറഞ്ഞ് പൊലീസ് വീണ്ടും അങ്ങോട്ട്; ജെസ്‌നയെ തേടി മുടിച്ച കാശിന്റെ കണക്ക് ചോദിച്ചവരുടെ താൽപ്പര്യം എന്തെന്നറിയാൻ വിവരാവകാശ പ്രവർത്തകരേയും ചോദ്യം ചെയ്യും; ജെസ്‌നയെ കണ്ടെത്താൻ എന്ന് പറഞ്ഞ് ടൂറടിക്കുന്നുവെന്ന ആരോപണവും കനക്കുമ്പോഴും കൈമലർത്തി പൊലീസ്

കുടകിലെ പരിശോധനകൾ വിഫലമാകുമ്പോൾ ബംഗ്ലുരുവിൽ കണ്ടെന്ന് പറഞ്ഞ് പൊലീസ് വീണ്ടും അങ്ങോട്ട്; ജെസ്‌നയെ തേടി മുടിച്ച കാശിന്റെ കണക്ക് ചോദിച്ചവരുടെ താൽപ്പര്യം എന്തെന്നറിയാൻ വിവരാവകാശ പ്രവർത്തകരേയും ചോദ്യം ചെയ്യും; ജെസ്‌നയെ കണ്ടെത്താൻ എന്ന് പറഞ്ഞ് ടൂറടിക്കുന്നുവെന്ന ആരോപണവും കനക്കുമ്പോഴും കൈമലർത്തി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

റാന്നി: ജെസ്‌നയോട് സാമ്യമുള്ള പെൺകുട്ടിയെ ബെംഗളൂരുവിൽ മെട്രോയിൽ കണ്ടു. അതു കേട്ട് പൊലീസ് കുടകിൽ നിന്ന് ബംഗളൂരുവിൽ എത്തി. ഇനി എവിടെയങ്കിലും കണ്ടെന്ന് പറഞ്ഞാൽ അങ്ങോട്ട് പോകും. ജെസ്‌നയെ കുറിച്ച് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് അവകാശപ്പെടുമ്പോഴും അന്വേഷണം ഇരുട്ടിൽ തപ്പുകയാണ്. ഒരു തുമ്പും പൊലീസിന് കിട്ടിയിട്ടില്ലെന്നാണ് സൂചന. ശനിയാഴ്ച സന്ധ്യയ്ക്ക് മെട്രോയിൽ ജെസ്‌നയെ പോലൊരാൾ നിന്നിറങ്ങിവരുന്നതു കണ്ടതായി ബെംഗളൂരുവിലുള്ള ഒരാൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണു മംഗളൂരുവിൽ അന്വേഷണത്തിലായിരുന്ന പൊലീസ് സംഘത്തെ ബെംഗളൂരുവിലേക്ക് അയച്ചത്. മെട്രോയിലെ സിസിടിവി ദൃശ്യത്തിൽ ജെസ്‌നയോടു സാമ്യമുള്ള പെൺകുട്ടി ഇറങ്ങിവരുന്നതു കണ്ടെത്തി. ചുരിദാറാണ് വേഷം. കണ്ണടയുമുണ്ട്. മെട്രോയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ ഇത് ജെസ്‌നയാകാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. കുടക്, മടിക്കേരി, മംഗളൂരു, കൊല്ലൂർ, കുന്താപുരം എന്നിവിടങ്ങളിലെ അന്വേഷണം പൊലീസ് പൂർത്തിയാക്കി. ഫോൺകോളുകൾ പരിശോധിച്ചപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവിടങ്ങളിൽ തിരച്ചിൽ നടത്തിയത്. സംശയകരമായൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. മാർച്ച് 22ന് ആണു ജെസ്‌നയെ കാണാതായത്.

അതിനിടെ ജെസ്‌ന കേസ് അന്വേഷണത്തിലെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു വിവരാവകാശ നിയമ പ്രകാരം പൊലീസിനെ സമീപിച്ചവരെക്കുറിച്ച് അന്വേഷണം നടത്തും. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണിത്. ജെസ്‌നയുടെ തിരോധാനത്തെപ്പറ്റി അന്വേഷിക്കുന്നതിന് ഇതുവരെ എത്ര തുക ചെലവായി. കേരളത്തിനകത്തും പുറത്തും അന്വേഷണം നടത്തുന്ന പൊലീസുകാരുടെ എണ്ണം, എവിടെയൊക്കെ അന്വേഷണം നടത്തി തുടങ്ങിയ വിവരങ്ങൾ ആരാഞ്ഞാണ് ചിലർ പൊലീസിന് അപേക്ഷകൾ നൽകിയത്. ഇവരുടെ താൽപ്പര്യം കണ്ടെത്താനാണ് അന്വേഷണം. ജെസ്‌ന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ നൽകിയ ഹർജി പരിഗണിച്ചപ്പോൾ പൊലീസ് ഇതും കോടതിയെ ധരിപ്പിച്ചിരുന്നു. ഇത്തരക്കാരുടെ താൽപര്യമെന്തെന്ന് അന്വേഷിക്കണമെന്നാണ് കോടതി നിർദ്ദേശിച്ചത്.

ജെസ്‌ന കേസ് എങ്ങുമെത്താതെ നിൽക്കെ അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്ന തിരുവല്ല ഡിവൈഎസ്‌പി ആർ.ചന്ദ്രശേഖരപിള്ള ഈ മാസം 31ന് വിരമിക്കും. നാലു മാസമായി ജെസ്‌ന കേസ് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്നതു തിരുവല്ല ഡിവൈഎസ്‌പിയാണ്. കേരളത്തിനകത്തും പുറത്തുമുള്ള അന്വേഷണം ക്രോഡീകരിക്കുന്നതും അപ്പപ്പോൾ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതും തിരുവല്ല ഡിവൈഎസ്‌പിയായിരുന്നു. ആർ.ശിവസുതൻപിള്ള തിരുവല്ല ഡിവൈഎസ്‌പിയാകുമെന്നാണു സൂചന. തുടർന്ന് എത്തുന്ന ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാകും തുടരന്വേഷണം.

ജെസ്നയെ തേടി പൊലീസ് സംഘം കഴിഞ്ഞ ദിവസമാണ് കുടകിലേക്ക് തിരിച്ചത്. പെൺകുട്ടിക്കായുള്ള അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതിനെ തുടർന്നായിരുന്നു കുടകിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ജെസ്‌നയുടെ കൈയിലുണ്ടെന്ന് സംശയിക്കുന്ന മറ്റൊരു ഫോണിലെ വിവരങ്ങളിൽ നിന്നാണ് ജെസ്‌നയ്ക്ക് കുടകിൽ നിന്ന് പലതവണയായി കോൾ വന്നിരുന്നെന്ന് പൊലീസ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം കൈമാറിയതോടെയാണ് അന്വേഷണ സംഘം കുടകിൽ എത്തി വീടുകളിൽ പരിശോധന നടത്തിയത്. ജെസ്‌നയുടെ കുടുംബം കുടകിൽ നിന്നാണ് മുക്കൂട്ടുതറയിൽ എത്തി താമസമാക്കിയത്. ജെസ്‌നയെ കാണാതാകുന്നതിന് മുൻപ് നടത്തിയ ഫോൺ കോളുകളാണ് അന്വേഷണ സംഘത്തെ കുടകിൽ എത്തിച്ചത്. അതേസമയം ആരാണ് ജെസ്‌നയെ അവിടെ നിന്ന് വിളിച്ചതെന്ന് കണ്ടെത്താൻ പൊലീസ് കഴിഞ്ഞിട്ടില്ല.

നാല് മാസത്തോളമായി ജെസ്‌നയെ കാണാതായിട്ട്. മുക്കൂട്ടുതറയിലെ വീട്ടിൽ നിന്നും ഇറങ്ങിയ ജെസ്‌ന എവിടെയെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ജെസ്‌നയെ ആരെങ്കിലും അപായപ്പെടുത്തിയോ എന്നുള്ള സംശയങ്ങൾ നിലനിൽക്കുന്നതിനിടെ ജെസ്‌ന കേരളത്തിന് പുറത്ത് ജീവനോടെ ഉണ്ടെന്ന് ഉറപ്പിച്ച് പറയുകയാണ് പൊലീസ്. ജെസ്‌നയുടെ കൈയിൽ ഉണ്ടായിരുന്ന മറ്റൊരു സ്മാർട്‌ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതെന്ന് പൊലീസ് പറയുന്നു.

ജെസ്‌നയെ തേടി കൂടുതൽ ഫോൺ കോളുകൾ വന്നത് കർണാടകത്തിൽ നിന്നാണെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ കുറച്ചു കോളുകൾ കുടകിൽ നിന്നും വന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് കുടകിലേക്ക് അന്വേഷണ സംഘം തിരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP