Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സഹോദരിക്ക് ലഭിച്ച രണ്ട് അജ്ഞാത ഫോൺ വിളികളെകുറിച്ചു തുടക്കത്തിൽ അന്വേഷിച്ചില്ല; പരാതിയിൽ അന്വേഷണം ആരംഭിച്ചത് കാണാതായതിന്റെ മൂന്നാം നാൾ മാത്രം; ജെസ്നയുടെ തിരോധാനത്തിൽ നിർണായക വിവരങ്ങൾ പൊലീസ് അവഗണിച്ചത് വീഴ്‌ച്ചയായി; ലോക്കൽ പൊലീസ് അവഗണിച്ച കണ്ണികൾ ചേർത്തുവെച്ച് റിസൽട്ടുണ്ടാക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ച് മുഖ്യമന്ത്രി; ജെസ്നയുടെ തിരോധാനത്തിന്റെ ദുരൂഹത നീങ്ങുമോ?

സഹോദരിക്ക് ലഭിച്ച രണ്ട് അജ്ഞാത ഫോൺ വിളികളെകുറിച്ചു തുടക്കത്തിൽ അന്വേഷിച്ചില്ല; പരാതിയിൽ അന്വേഷണം ആരംഭിച്ചത് കാണാതായതിന്റെ മൂന്നാം നാൾ മാത്രം; ജെസ്നയുടെ തിരോധാനത്തിൽ നിർണായക വിവരങ്ങൾ പൊലീസ് അവഗണിച്ചത് വീഴ്‌ച്ചയായി; ലോക്കൽ പൊലീസ് അവഗണിച്ച കണ്ണികൾ ചേർത്തുവെച്ച് റിസൽട്ടുണ്ടാക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ച് മുഖ്യമന്ത്രി; ജെസ്നയുടെ തിരോധാനത്തിന്റെ ദുരൂഹത നീങ്ങുമോ?

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ കോളേജ് വിദ്യാർത്ഥിനിയുടെ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ ലോക്കൽ പൊലീസിന്റെ അന്വേഷണം കാര്യമായി മുന്നോട്ടു പോകാത്ത സാഹചര്യം ചൂണ്ടിക്കാട്ടി കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തെത്തുടർന്നാണ് തീരുമാനമുണ്ടായിരിക്കുന്നത്.

എരുമേലി മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജെസ്‌നയെ കാണാതായതു കഴിഞ്ഞ മാർച്ച് 22നാണ്. ഐജിയുടെ നിർദ്ദേശത്തിൽ ലോക്കൽ പൊലീസ് രണ്ടാഴ്ച അന്വേഷണം നടത്തിയെങ്കിലും ആശാവഹമായ പുരോഗതിയൊന്നും ഉണ്ടായില്ല. പിന്നീടു മറ്റൊരു സംഘത്തെ നിയോഗിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. ജെസ്‌നയുടെ തിരോധാനത്തിൽ അന്വേഷണം വഴിമുട്ടാൻ കാരണം പൊലീസിന്റെ ഗുരുതര അനാസ്ഥയാണെന്ന ആരോപണവുമുണ്ട്. പെൺകുട്ടിയെ കാണാതായി മൂന്നാം നാൾ മാത്രം അന്വേഷണം ആരംഭിച്ച പൊലീസ് കുടുംബാംഗങ്ങൾ കൈമാറിയ നിർണായക വിവരങ്ങളും അവഗണിച്ചു. ജെസ്‌നയുടെ സഹോദരിക്ക് ലഭിച്ച രണ്ട് അജ്ഞാത ഫോൺ വിളികളെകുറിച്ചു പോലും പൊലീസ് അന്വേഷിച്ചില്ല.

കോവളത്ത് വിദേശവനിതയുടെ തിരോധാനം അന്വേഷിക്കുന്നതിൽ പൊലീസിനുണ്ടായ അതേ ജാഗ്രതകുറവ് ജെസ്‌ന കേസിലും പ്രകടം. പരാതി നൽകി മൂന്നാം നാൾ മാത്രമാണ് വെച്ചൂച്ചിറ പൊലീസ് സംഭവം അന്വേഷിച്ചത്. നാടെങ്ങും അലഞ്ഞ് എട്ടാം നാൾ കുടുംബാംഗങ്ങൾ ജെസ്‌ന സഞ്ചരിച്ച ദിശ വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ സംഘടിപ്പിച്ചു. ഇക്കാലയളവിലൊന്നും കേരള പൊലീസിന്റെ ബുദ്ധിയിൽ ഒന്നും തെളിഞ്ഞില്ല. ജെസ്‌നയെ കാണാതായി മൂന്നാംനാളാണ് ദുരൂഹത വർധിപ്പിച്ച് സഹോദരിക്ക് അജ്ഞാത കോളുകൾ വന്നത്. ഈ ഫോൺനമ്പറുകളെ പിന്തുടർന്നാൽ ജെസ്‌നയിലേക്ക് എത്താനാകുമെന്ന് കുടുംബം ഇന്നും ഉറച്ച് വിശ്വസിക്കുന്നു. പക്ഷെ തടസം കേരള പൊലീസാണ്. തിരുവല്ല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സർക്കാരിന് വൈകിവന്ന വിവേകമാണ്. എങ്കിലും ജസ്‌നയുടെ കുടുംബം പ്രതീക്ഷയിലാണ്.

കോളജിലുണ്ടായിരുന്ന കാലത്തു കൂടുതൽ സമയവും ക്ലാസ്മുറിയിലും ലൈബ്രറിയിലുമായിരുന്നു ജെസ്‌ന സമയം ചെലവഴിച്ചിരുന്നതെന്നു സെന്റ് ഡൊമിനിക്‌സ് കോളജിലെ അദ്ധ്യാപകർ പറയുന്നത്. വൈകുന്നേരം മുക്കൂട്ടുതറയിലേക്ക് ബസ് കുറവായതിനാൽ ലൈബ്രറിയിൽനിന്നു വൈകിയായിരുന്നു മിക്ക ദിവസങ്ങളിലും ഇറങ്ങിയിരുന്നത്. ജെസ്‌നയുടെ തിരോധാനം ഇപ്പോഴും കോളജിന് ഉൾക്കൊള്ളാനായിട്ടില്ല. ജെസ്‌നയെ കണ്ടെത്തുന്നതിനുള്ള നടപടി ആവശ്യപ്പെട്ടു സഹപാഠികളും കോളജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒപ്പുശേഖരണവും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചിരുന്നു. കൂടാതെ ഫേസ്‌ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ മൗനജാഥയും ഒപ്പുശേഖരണവും നടത്തി.

അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടു കോളജ് അധികാരികൾ തയാറാക്കിയ നിവേദനം ഇന്നലെ മുഖ്യമന്ത്രിക്കു ബിഷപ് മാർ മാത്യു അറയ്ക്കൽ കൈമാറി. ജെസ്‌നയെ കണ്ടെത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. ബന്ധുക്കൾ പൊലീസിനു നൽകിയ മൊഴി സംബന്ധിച്ചുള്ള അന്വേഷണം നടത്തിയില്ലെന്നും ആരോപണമുണ്ട്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കോളജ് എന്നിവിടങ്ങളിലേക്കല്ലാതെ ജെസ്‌ന തനിയെ യാത്ര നടത്തിയിട്ടില്ലെന്ന് സഹോദരൻ പറയുന്നു.

ജെസ്‌നയെ കണ്ടെത്താൻ സഹായിക്കണം എന്നും അവളെ സ്വന്തം സഹോദരിയായി കാണണം എന്നും ഫേസബുക്കിലൂടെ ആവശ്യപ്പെട്ട് സഹോദരൻ ജെയ്‌സ് ജോണും സഹോദരിയും കഴിഞ്ഞ ദിവസം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരുന്നു. മരിച്ചിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളു. ഇനി ഒരു വേർപാടു കൂടി താങ്ങാൻ കഴിയില്ല എന്ന് ഇവർ വേദനയോടെ പറയുന്നു. ജെസ്‌നയെ കുടംബത്തെയും പറ്റി മോശമായി പറയുന്നവർ സത്യാവസ്ഥ മനസിലാക്കണം എന്നും ജെയ്‌സ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

സഹോദരൻ ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞത് ഇങ്ങനെയാണ്:

'നാൽപ്പത്തിനാലു ദിവസമായിട്ടും ജെസ്‌നയുടെ കാര്യത്തിൽ ഒരു തുമ്പുമില്ല. അന്നുരാവിലെ പപ്പയും താനും ജെസ്‌നയും കൂടിയാണ് ഭക്ഷണം ഉണ്ടാക്കിയത്. മമ്മി മരിച്ചിട്ട് എട്ടുമാസമായി. ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ച് പപ്പ ഓഫീസിൽ പോയി. ശേഷം താൻ എട്ടരവരെ വീട്ടിലുണ്ടായിരുന്നു. തന്റെ ബികോം റിസൽട്ട് വന്നുവെന്നും 91 ശതമാനം മാർക്കുണ്ടെന്നും ജെസ്‌ന പറഞ്ഞിരുന്നു. വലിയ കാര്യമായിപ്പോയി എന്നു പറഞ്ഞു തമാശ പറഞ്ഞൊക്കെ ഇരിക്കുമ്പോൾ അവൾക്കൊരിക്കലും പ്ലാൻ ചെയ്തു പോവാനുള്ള മാനസികാവസ്ഥയുണ്ടെന്നൊന്നും തോന്നിയില്ല.

അവൾ ഒരിക്കും നെഗറ്റീവ് ആയി എന്തെങ്കിലും ചെയ്യുമെന്നു തോന്നുന്നില്ല. താൻ കോളജിൽ പോയി 9.15 ഒക്കെ ആയപ്പോൾ അവൾ പഠിക്കുന്നത് അടുത്തവീട്ടിലെ ചേച്ചി കണ്ടിരുന്നു. ആന്റിയുടെ വീട്ടിൽ പഠിക്കാൻ പോവുകയാണെന്നും പറഞ്ഞു. ഓട്ടോ കയറി ഒരു ബസിൽ കയറി എരുമേലിയിൽ ഇറങ്ങുന്നത് അവളുടെ ജൂനിയറായി പഠിച്ച ഒരു പയ്യൻ കണ്ടിരുന്നു. തലേദിവസം പപ്പായുടെ പെങ്ങളെ വിളിച്ച് കുറേസമയം സംസാരിച്ചിരുന്നു. ഒറ്റയ്ക്കിരുന്നു പഠിക്കാൻ പറ്റുന്നില്ല അങ്ങോട്ടു വരികയാണെന്നാണ് വിളിച്ചു പറഞ്ഞത്. തലേദിവസം അയൽപക്കത്തെ പിള്ളേരോടും പഠിക്കാൻ പോകുന്നുവെന്നാണ് പറഞ്ഞത്.

എരുമേലിയിൽ നിന്നു കയറിയ ഒരു ബസ്സിൽ ഒറ്റയ്ക്കിരുന്നു പോവുന്നതും സിസിടിവിയിൽ തിരിച്ചറിഞ്ഞതാണ്. അതുകഴിഞ്ഞിട്ട് എന്താണു സംഭവിച്ചതെന്ന് ഒരു ക്ലൂവും ഇല്ല. അവൾ എവിടെയെങ്കിലും ട്രാപ്പിലായതാവാം എന്നാണ് സൂചന. ജസ്‌നയെപ്പറ്റിയും കുടുംബത്തെക്കുറിച്ചുമൊക്ക മോശമായി പറയുന്നവരുണ്ട്. സത്യാവസ്ഥ എന്താണെന്ന് മനസിലാക്കണം. അവൾക്കെന്തെങ്കിലും നെഗറ്റീവ് ആയി സംഭവിക്കുകയാണെന്ന് അറിയുകയാണെങ്കിൽ പറഞ്ഞ പല കാര്യങ്ങളും തിരിച്ചെടുക്കാൻ പറ്റാത്തതായിരിക്കും. ഞങ്ങളുടെ അവസ്ഥയും മനസ്സിലാക്കണം. ഞങ്ങളുടെ സ്ഥാനത്തുനിന്ന് ചിന്തിച്ചു നോക്കണം.

ഒരുപാടുപേരു വിളിക്കുകയും അന്വേഷിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്നും സഹകരണമുണ്ട്. പറയുന്ന ആരോപണങ്ങളിൽ ഉറപ്പുണ്ടെങ്കിൽ അതു പൊലീസിനെ അറിയിക്കുകയാണു വേണ്ടത്. തനിക്കു പെങ്ങളെ കിട്ടണമെന്നേയുള്ളു. എല്ലാവരും സഹായിക്കണമെന്നേ പറയാനുള്ളു. മിസ്സിങ് ആയ ആദ്യ അഞ്ചു ദിവസത്തിനുള്ളിൽ തന്നെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ജസ്‌ന മിസ് ആയതിന്റെ പിറ്റേന്നു തന്നെ അവളുടെ ഫോട്ടോ വാട്‌സാപ്പിൽ കൊടുക്കാമെന്ന് അച്ഛനും സഹോദരിയും പറഞ്ഞതാണ്. എന്നാൽ അതവളുടെ ഭാവിയെ തകർക്കുമെന്നു കരുതി താനാണ് വേണ്ടെന്നു പറഞ്ഞത്. ആർക്കെങ്കിലും എന്തെങ്കിലും അറിവുണ്ടെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുകയായാണ്. - ജെയ്‌സ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP