Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജെസ്‌ന മാറി നിൽക്കുകയോ അല്ലെങ്കിൽ ആരെങ്കിലും മാറ്റി നിർത്തിയതോ ആവാം; വീട്ടിൽ ചില നിർമ്മാണങ്ങൾ നടത്തിയത് തിരുവനന്തപുരത്തെ സ്വാമിയുടെ ഉപദേശ പ്രകാരം; വീട്ടിൽ പരിശോധന നടക്കാൻ ഇടയാക്കിയത് നിർമ്മാണ മേഖലയിലെ തന്റെ ഉയർച്ചയിൽ അസൂയപൂണ്ട ചിലരുടെ നീക്കം മൂലം; സിബിഐ അന്വേഷണത്തിനായി ശ്രമിച്ചത് പൊലീസ് അന്വേഷണം വഴിതെറ്റുന്നോ എന്ന് തോന്നിയപ്പോൾ: പഴുതടച്ച പരിശോധനകൾ തുടരണമെന്നും നുണ പരിശോധനയ്ക്കും തയ്യാറെന്നും പെൺകുട്ടിയുടെ പിതാവ് ജെയിംസ് ജോസഫ്

ജെസ്‌ന മാറി നിൽക്കുകയോ അല്ലെങ്കിൽ ആരെങ്കിലും മാറ്റി നിർത്തിയതോ ആവാം; വീട്ടിൽ ചില നിർമ്മാണങ്ങൾ നടത്തിയത് തിരുവനന്തപുരത്തെ സ്വാമിയുടെ ഉപദേശ പ്രകാരം; വീട്ടിൽ പരിശോധന നടക്കാൻ ഇടയാക്കിയത് നിർമ്മാണ മേഖലയിലെ തന്റെ ഉയർച്ചയിൽ അസൂയപൂണ്ട ചിലരുടെ നീക്കം മൂലം; സിബിഐ അന്വേഷണത്തിനായി ശ്രമിച്ചത് പൊലീസ് അന്വേഷണം വഴിതെറ്റുന്നോ എന്ന് തോന്നിയപ്പോൾ: പഴുതടച്ച പരിശോധനകൾ തുടരണമെന്നും നുണ പരിശോധനയ്ക്കും തയ്യാറെന്നും പെൺകുട്ടിയുടെ പിതാവ് ജെയിംസ് ജോസഫ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: മുക്കൂട്ടുതറയിലെ ജെസ്‌ന മരിയ ജെയിംസിനെ കാണാതായി 90 ദിവസം പിന്നിടുമ്പോഴും കാര്യമായ ഒരു സൂചനകളും ലഭിക്കാതെ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ജെസ്‌ന മാറി നിൽക്കുകയോ അല്ലെങ്കിൽ ആരെങ്കിലും മാറ്റി നിർത്തിയിരിക്കുകയോ ആകാമെന്ന് വ്യക്തമാക്കി പിതാവ് ജെയിംസ് ജോസഫ്. മകൾ തിരിച്ചുവരുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും ജെയിംസിന്റെ നിർമ്മാണസ്ഥാപനം പാതി പണിതീർത്ത വീട്ടിനുള്ളിൽ ഞായറാഴ്ച പൊലീസ് പരിശോധന നടത്തിയതിന് പിന്നാലെ അദ്ദേഹം പ്രതികരിക്കുന്നു. അതേസമയം ജസ്‌നയെ കാണാതായതിന് ശേഷം വീട്ടിൽ ചില നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് ഒരു സ്വാമിയുടെ ഉപദേശപ്രകാരം ആയിരുന്നെന്നും ജെയിംസ് ജോസഫ് പറഞ്ഞു.

കുടുംബാംഗങ്ങൾക്കെതിരേ അന്വേഷിക്കാൻ പൊലീസ് സംഘത്തിലെ കുറേപേരെ ചുമതലപ്പെടുത്തിയിരിക്കുന്നു. ഇത്തരം വഴിതിരിച്ചുവിടലുകൾ കണ്ടതോടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതെന്നും മകളെ കണ്ടുകിട്ടണം എന്ന അതിയായ ആഗ്രഹം മാത്രമാണ് തനിക്കുള്ളതെന്നുമാണ് ജെയിംസ് വ്യക്തമാക്കുന്നത്. ജെസ്‌നയെപ്പറ്റി കൂടുതൽ വിവരം ലഭിക്കാൻ പിതാവിനെ തന്നെ ചോദ്യം ചെയ്യണമെന്ന് പിസി ജോർജ് എംഎൽഎ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. മകളെ മാറ്റിനിർത്തിയിരിക്കുന്നത് ആരെന്ന് ചോദിച്ചപ്പോൾ അതാരാണെന്ന് കൃത്യമായി പറയാൻ തനിക്കാകില്ലെന്ന് ഒരു അഭിമുഖത്തിൽ ജെയിംസ് വ്യക്തമാക്കി

താൻ നിർമ്മാണം നടത്തുന്ന വീട്ടിൽ പരിശോധന നടത്താൻ പ്രേരണയായതിന് പിന്നിൽ നിർമ്മാണമേഖലയിൽ തന്റെ ഉന്നതി കണ്ട് എതിർപ്പുള്ള ആരെങ്കിലുമാണോ എന്ന് അറിയണം. ഇത് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. നിലവിൽ ശത്രുക്കളുള്ളതായി അറിവില്ലെന്നും ജയിംസ് വ്യക്തമാക്കുന്നു. അവർ എന്തും പരിശോധിക്കട്ടെ. അതിൽ തൃപ്തിയേയുള്ളൂ. മകളെ കണ്ടെത്താൻ പഴുതടച്ച പരിശോധനകൾ തുടരണം. അതിൽ തന്നെയും ജെസ്നയുടെ സഹോദരങ്ങളെയും മാറ്റിനിർത്തേണ്ട. നുണ പരിശോധനയ്ക്കുവരെ തയ്യാറാണ്. പൊലീസ് അന്വേഷണം തൃപ്തികരമാണ്. അതു വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നുണ്ട്- ജയിംസ് പറയുന്നു. അത്തരം നീക്കങ്ങൾ കണ്ടപ്പോഴാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മകളെ കണ്ടെത്തണമെന്ന അതിയായ ആഗ്രഹം മാത്രമാണ് ഇതിന് പിന്നിലെന്നും ജെയിംസ് പറയുന്നു.

കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക്സ് കോളേജ് വിദ്യാർത്ഥിനിയായിരുന്ന ജെസ്ന ജെയിംസിനെ കാണാതായിട്ട് 90 ദിവസം പിന്നിടുമ്പോഴാണ് തന്റെ ഭാഗം വിശദമാക്കി പിതാവ് രംഗത്തെത്തുന്നത്. ജെസ്നയെ കാണാതാകുന്നതിന് തലേന്ന് അവൾ മരിക്കാൻ പോകുന്നതായി ഫോണിൽ സുഹൃത്തിന് സന്ദേശം അയച്ചത് മാധ്യമങ്ങളിൽനിന്നാണ് അറിഞ്ഞതെന്നും ജയിംസ് വ്യക്തമാക്കി. അവൾക്ക് സുഹൃത്തുക്കളുണ്ട്. അവരാരും തിരോധാനത്തിനു പിന്നിലുണ്ടെന്ന് കരുതുന്നില്ല. പൊലീസ് ജെസ്നയുടെ ഫോൺ രേഖകൾ ലഭ്യമാക്കിയെന്ന് അറിയുന്നു. അതിൽനിന്ന് ഗുണപരമായ വിവരങ്ങൾ കിട്ടട്ടേ എന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, ജസ്നയെ കാണാതായതിനുശേഷം വീട് നവീകരിച്ചുവെന്ന ആരോപണത്തിനെതിരെയും അദ്ദേഹം രംഗത്തെത്തി. ഭാര്യയുടെ അകാലമരണവും മകളുടെ തിരോധാനവും കാരണം വേദനയിൽ കഴിയവേ വീടിന്റെ വാസ്തു തകരാർ തീർക്കണമെന്ന് ചില അടുപ്പക്കാർ പറഞ്ഞു.

ജെസ്നയെ കാണാതായ ശേഷം വീട്ടിൽ നിർമ്മാണ പ്രവർത്തനം നടത്തിയത് വീടിന്റെ ഇരിപ്പ് ശരിയല്ലെന്ന സ്വാമിയുടെ ഉപദേശം ലഭിച്ചതുകൊണ്ടായിരുന്നു. കക്കൂസിന്റെ ഭിത്തിയിൽ മാറ്റം വരുത്തി. അടുപ്പിന്റെ സ്ഥാനവും മാറ്റി. ഇതാണ് നവീകരണം എന്ന് പറഞ്ഞുപരത്തുന്നതെന്നും ജയിംസ് പറയുന്നു. കുടുംബത്തിൽ ദുരന്തങ്ങൾ തുടർച്ചയായപ്പോൾ തിരുവനന്തപുരം സ്വദേശിയായ ഒരു സ്വാമിയുടെ നിർദ്ദേശപ്രകാരമാണ് ചില മാറ്റങ്ങൾ നടത്തിയത്. ആ ഭാഗങ്ങളിലെല്ലാം പൊലീസ് വിശദമായ പരിശോധന നടത്തി സംശയങ്ങൾ ദുരീകരിച്ചിരുന്നു- ജെയിംസ് പറയുന്നു.

പി സി ജോർജ് ഉന്നയിച്ച ആക്ഷേപങ്ങൾ ശരിയല്ലെന്നും അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ജയിംസ് പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ ജനപക്ഷമാണ് ആദ്യം പ്രക്ഷോഭരംഗത്തേക്ക് വന്നതെന്നുള്ള കാര്യം നന്ദിയോടെ ഓർക്കുന്നെന്നും ജയിംസ് ചൂണ്ടിക്കാട്ടി. തനിക്ക് ശത്രുക്കൾ ഇല്ലെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാൽ, ചുറ്റും ശത്രുക്കളാണെന്ന് ഇപ്പോൾ മനസ്സിലാക്കുന്നുവെന്നും കാണാതായ മകൾ തിരിച്ചു വരുമെന്നു തന്നെയാണ് തന്റെ പ്രതീക്ഷയെന്നും ജെയിംസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP